Saturday 2 June 2012

താത്രി *


താത്രി

താത്രീ, ഭഗവതീ,
പുലയാടി ദേവതേ,
ഇനി  നിനക്കായൊന്നു പാടട്ടെ ഞാൻ
.
നീയൊരുമ്പെട്ടു കുലം മുടിച്ചു,
തറവാടി സ്മാർത്തന്റെ മതി ഭ്രമിച്ചു.
'സാധന'ത്തിന്റെ പോർ മുലകളിൽ, നാഭിയിൽ,
തുടകളിൽ, ഇടകളിൽ കണ്ണുടക്കി,
കാമം കടവായിലൂടൊഴുകി,
മൂരിശൃംഗാരത്തിൻ മുക്ര കേട്ടു.
കുലയേറ്റ പൗരുഷം പത്തി താഴ്ത്തി,
ചാവാലി നായപോൽ വാലു താഴ്ത്തി.

നിറമാറു തുള്ളുന്ന കാഴ്ച കണ്ടു
നാഭിയിൽ നാഗം പിണഞ്ഞ കണ്ടു
സ്മാർത്തൻ വിയർത്തു വെറുങ്ങലിച്ചു
കൗപീനമല്പം നനഞ്ഞുപോയി.

"സ്വൈരിണീ, പുംശ്ചലീ, കാമഭ്രാന്തീ,
വ്യഭിചാരിണീ നീ കുലം കെടുത്തി"


തുപ്പലോടൊപ്പം തെറിച്ചു വീണ
ജല്പനം കേട്ടു ചിരിച്ചു താത്രി.

കാമന്റെ വില്ലു കുലച്ചപോലാം
ചില്ലികൾ തെല്ലൊന്നിളക്കി പിന്നെ
സ്മാർത്തനെ നോക്കി ചൊടി കടിച്ചു
കൂട്ടൂകാരേറെയുണ്ടെന്നുരച്ചു.
അടയാളം ചൊല്ലണമെന്നു സ്മാർത്തൻ,
അടി തൊട്ടു  ചൊല്ലിടാമെന്നു താത്രി.

കാരിരുമ്പിൻ കരുത്തുള്ളൊരുത്തൻ,
കരിവീട്ടി പോലുള്ളിനിയൊരുത്തൻ,
പുലയനോ, പറയനോ ചോദ്യമില്ല,
വർണ്ണവും വർഗ്ഗവും ഭേദമില്ല.

തുടയിൽ മറുകുള്ള തമ്പുരാനും,
തൊട്ടാൽ സ്ഖലിക്കുന്ന  മേനവനും,
അടിയാത്തി മുതുകിൽ കടിക്കമൂലം
കടിവായ വിങ്ങും തിരുമേനിയും,
പേരുകൾ ഒന്നായ് പറഞ്ഞു താത്രി,
പോരുമെന്നോതുന്നു രാജവർമ്മൻ.

വിധിവാക്കുരക്കുവാനായിടാതെ
അധികാരഗർവ്വം പടം മടക്കി.

കലികാലവൈഭവമെന്നുചൊല്ലി
തലയിൽ കരം വച്ചു നിൽക്കുവോരേ,
പൊടിതട്ടിയോടുവാൻ വെമ്പിടേണ്ട,
ചില ചോദ്യമിപ്പഴും ബാക്കിയുണ്ടേ!

ജന്മ നക്ഷത്രം പിഴച്ചതാണോ,
പാപഗ്രഹങ്ങൾ ചതിച്ചതാണോ,
മുജ്ജന്മപാപം കനത്തതാണോ,
ഈശ്വരൻ  കൈവിട്ടൊഴിഞ്ഞതാണോ,
ആൺകോയ്മയെന്നൊരിരുമ്പുകൂടം
മൂർദ്ധാവിലാഞ്ഞു  പതിച്ചതാണോ?

അടികൊണ്ടൂ  ചത്തില്ല താത്രി ;പാതി
ഉയിരോടെ, പകയോടിഴഞ്ഞുപോയി.
പിഞ്ഞിയ മാനം പകയടുപ്പിൽ
ചുട്ടെരിച്ചക്ഷിയിലഗ്നിയാക്കി
ഊക്കുകാട്ടുന്നൊരു പൗരുഷത്തിൻ
മൂർദ്ധാവിൽ പത്തി വിടർത്തി നില്പൂ.

മുലപറിച്ചുള്ളവൾ ദേവിയായി,
പാതിവ്രത്യത്തിന്റെ ചിഹ്നമായി.
മുലകൊണ്ടു പൊരുതവൾ വേശ്യയായി,
പെണ്മ കെടുത്തും കുലടയായി!

ഉശിരുള്ള  പെണ്ണു നീ താത്രി , നിന്നെ
ഉയിരാലറിഞ്ഞവരുണ്ടു ഞങ്ങൾ.
ഇനി നിനക്കായൊന്നു  പാടിടട്ടെ,
നേരിന്റെ ചൂരുള്ള വീരഗാനം.

വേശ്യയെ പ്രാപിച്ച പൂരുഷരിൽ,
'പുല്ലിംഗ'മുള്ളവർ ആരുമില്ലേ!?

                                                       (ഫെബ്രുവരി 2012)

3 comments:

  1. കേട്ടറിഞ്ഞത്‌ വെച്ചു നോക്കുമ്പോൾ നീതി പൂർണ്ണമായ എഴുത്ത്‌. താത്രിയുടെ ഭാവം നിറഞ്ഞു നിൽക്കുന്നു വരികളിലുട നീളം. അഭിനന്ദനങ്ങൾ..

    ReplyDelete
  2. നീതി നടപ്പാക്കല്‍ അധികാരം ഉള്ളവനും ഇല്ലാത്തവനും താത്രി ഉദരപൂരണത്തിനും മറ്റുളോര്‍ കാമപൂരണത്തിനും
    വരികള്‍ സൗന്ദരൃത്തേക്കാള്‍ സംഹാരം രൗ്രദം പരിപുര്‍ണ്ണം

    ReplyDelete
  3. Kuriyedath Thathri is an history, legend and after all a myth. There are few poems on her. There are some novels on her life including "Brust" by Madambu Kunhkuttan. I remember 2 films based on her life including Parinayam by M.T.Vasudevan Nair. This poem is special one and so vibrant with she-power. An unmatched piece of writing. Giving Thathri the status of goddess is so refreshing and unique.

    ReplyDelete