Thursday 21 November 2013

യജമാനപത്നി*

യജമാനപത്നി

എത്രയോ സഖീജനം  എന്റെ  ചൂഴവും ഇന്നീ-
യാട്ടുകട്ടിലിൽ തെല്ലൊന്നിരിക്കെയിളവേൽക്കാൻ
 നഗ്നപാദങ്ങൾ തെല്ലും തണുക്കാതിരിക്കുവാൻ
 വെൺശിലാഫലകത്തിൽ   ചിത്രവേലകൾ ചേരും
രത്നകമ്പളം വിരിച്ചൊരുത്തി, വെഞ്ചാമരം
വീശീയെൻ ചൂടാറ്റുവാൻ മറ്റൊരു കൃശാംഗിനി,
ജീവിതോല്ലാസം പോലെ പതയും ലഹരിതൻ
ചാറൊരു ചഷകത്തിലേന്തിമറ്റൊരുവളും,
അങ്ങറേബ്യയിൽനിന്നു കൊണ്ടുവന്നതാം ചാരു-
സുഗന്ധച്ചെപ്പേന്തിയോൾ സാലഭഞ്ജികപോലെ,
തോൾ വഴിഞ്ഞൊഴുകുമെന്നുത്തരീയത്തിൻ തുമ്പു
പേലവകരങ്ങളാൽ ചുളി നീർത്തൊരുവളും
മെല്ലെ ഞാൻ വിയർക്കവേ ചെമ്പനിനീരിൽക്കുതിർ-
ന്നായിരം കൈലേസുകൾ നീളുന്നു മുഖാന്തികേ.
ചമയിക്കുവാൻ, ചന്തം ചാർത്തുവാനസൂയാർഹ
സുന്ദരലാവണ്യത്തെ പൊലിപ്പിക്കുവാൻ വീണ്ടും,
കുറിക്കൂട്ടുകൾ, നിറച്ചാർത്തുകൾ, മദോന്മത്ത-
മംഗലേപനങ്ങളും നിരത്തുന്നെൻ തോഴിമാർ.

തെല്ലു വൈരസ്യം തോന്നി ഞാൻ മുഖം തിരിക്കിലോ
വന്നണയുകയായി വാദ്യമേളങ്ങൾ ചുറ്റും.
ലാസ്യമോഹിനീനാട്യഭംഗികൾ, പ്രഭാപൂര
നൃത്തവേദികൾ, ഗാനാലാപനമധുരങ്ങൾ!
ലളിതം, സുമോഹനം, ആഭിജാത്യത്തിൻ പ്രൗഢി
വഴിഞ്ഞേയൊഴുകിടും എത്രയോ    വൈവിധ്യങ്ങൾ!
കണ്ണുകൾ മന്ദം നിദ്ര തേടുകിൽ മൃദലമാം
ഉപധാനത്തിൽ പുഷ്പശയ്യയിൽ ഇളവേൽക്കാം.
ലോലപാദങ്ങൾ മെല്ലയുഴിഞ്ഞെൻ മുടിയിഴ
മന്ദമായ്ത്തലോടിയും നിദ്രയെ ക്ഷണിക്കുവാൻ
മത്സരിക്കയാം മമചേടിമാർ മിഴിക്കോണിൻ
നോട്ടവും ചെറുചിരിക്കനിവും ലഭിക്കുവാൻ.

ഇന്നുഞാൻ യജമാനപത്നി എന്നിടം വലം
മുന്നിലും പിറകിലും സേവകവൃന്ദം നില്പൂ.
എൻ മൃദുസ്മേരപ്രഭാപൂരിതം ചുമരുകൾ
പൊൻ മണികിലുക്കങ്ങളെൻ പൊട്ടിച്ചിരികളും.

എങ്കിലും മോഹിപ്പൂഞാൻ ചക്രവാളത്തിൽ മിന്നും
ഏകതാരകം നോക്കി മൂകയായിരിക്കുവാൻ,
ഇണയെക്കാണാതൊരു രാക്കിളി തേങ്ങും പാട്ടിൻ
ഗദ്ഗദം കരളിനെ നീറ്റിടും നോവേറ്റിടാൻ,
പിന്നെയും കൊതിപ്പൂ ഞൻ ഒരുപുൽക്കൊടിയായി
വെയിലിൽ പൊടിയണിഞ്ഞീടുവാൻ, നനയുവാൻ.
ഒരുപൂവിതൾത്തുമ്പിൽ നിന്നു മറ്റൊന്നിൽ പാറും
കുഞ്ഞുമോഹത്തിൻ പിന്നിൽ പതുങ്ങാനൊളിക്കുവാൻ.

അങ്ങുദൂരത്തിൽ സ്വന്തം കൂരതൻ മൺഭിത്തിയിൽ
ചുടുനിശ്വാസം ചേർക്കും വൃദ്ധജന്മങ്ങൾ കാണ്മൂ.
എത്രമേൽ നിരാലംബം കണ്ണുനീർച്ചാലോ കവിൾ
ചുളുക്കങ്ങളിൽകൂടി മന്ദമായൊഴുകുന്നു.
ഒന്നുചെന്നാനെഞ്ചിലെ  കനലാറ്റുവാൻ, മുടി-
യിഴകൾ തലോടുവാൻ കയ്യുകൾ തരിക്കുന്നു

ദൂരകാന്താരത്തിൽ കടന്നേറുവാൻ, വിജനത്തിൽ
ചങ്കുപൊട്ടിടും പോലെയലറിക്കരയുവാൻ,
ലോലമീനെഞ്ചിൻ കൂടിൻ മൂടിതന്നുള്ളിൽ തിള-
ച്ചുയരും നോവിൻലാവയൊഴുക്കിക്കളയുവാൻ,
പുഷ്പപാദുകങ്ങളെ, രത്നകമ്പളങ്ങളെ
വെടിഞ്ഞീ മുള്ളിൽ  കല്ലിൽ ചവിട്ടി നടക്കുവാൻ,
കണ്ണുനീരുപ്പും വേർപ്പുനീരിന്റെ പശിമയും
ചേരുമീത്തനിമണ്ണിൽ മാറുചേർത്തമർത്തുവാൻ,
ആർത്തുപെയ്യുമീവേനൽ മഴയിൽ നനഞ്ഞു ഞാൻ
വെണ്മപൂശിടും പാപം കഴുകിക്കറുക്കട്ടെ.

തെരുവിൽ നായ്ക്കുട്ടിയോടൊപ്പമെന്നൗത്സുക്യത്തിൻ
ചെളിയിൽ പുരണ്ടുഞാൻ എന്നെ വീണ്ടെടുക്കട്ടെ
പിന്നെയുമൊരുതുലാവർഷത്തിലലിഞ്ഞുഞാൻ
സ്വച്ഛമീമണ്ണിൽത്തന്നെ പച്ചയായ് കിളിർക്കട്ടെ
ആയിരം ജന്മങ്ങളിൽ തണലാകട്ടെ പിന്നെ
ആയിരം ജൻമങ്ങളിൽ മധുവായൊഴുകട്ടെ

                                                              (നവംബര്‍ 2013)





Tuesday 5 November 2013

എനിക്കു് നിന്നോടു പറയാനുള്ളത്

ഒരു കുഞ്ഞു സൂര്യനുണ്ടെന്റെയുള്ളിൽ ശ്യാമ-
മേഘമായ് നീ മറയ്ക്കായ്ക.
പുഷ്പസുഗന്ധിയാം കാറ്റു ഞാൻ വന്മല-
യായി നീ മാറാതിരിക്കൂ.

പൊട്ടിവിരിയുവാൻ വെമ്പുന്ന  മൊട്ടു ഞാൻ
തല്ലിക്കൊഴിക്കാതിരിക്കൂ.
മാരിവില്ലിൽ പൂത്ത വർണ്ണമാകുന്നു ഞാൻ
ഇരുളായ് വിഴുങ്ങാതിരിക്കൂ.

തേനുണ്ടുപൂക്കളിൽ പാറും ചിറകോലു-
മഴകെന്നു നീയെന്നെയറിയൂ.
കൗതുകം തെല്ലൊന്നു മങ്ങിയാൽ പത്രങ്ങൾ
പിച്ചിപ്പറിക്കാതിരിക്കൂ.

നിന്നെ നോക്കിപ്പുഞ്ചിരിക്കുന്ന പൂവു ഞാൻ
നുള്ളാതിരിക്കൂ ദലങ്ങൾ.
നിൻന്മനം തേടുന്ന സംഗീതമാണു  ഞാൻ
 വാതിൽ വലിച്ചടയ്ക്കായ്ക.

ജന്മങ്ങളായി ഞാനൊഴുകുന്നു പുഴയായി
നിൻ പ്രേമസാഗരം തേടി.
നീ തിരസ്കാരത്തിൻ കന്മതിൽ കൊണ്ടതു
വഴിതിരിച്ചീടായ്ക  ദൂരെ

നിൻ വഴി കാക്കും വെളിച്ചമാകുന്നു ഞാൻ
ഊതിക്കെടുത്താതിരിക്കൂ.
ഒരു കനലായ് നിന്നിലെരിയുന്നു ഞാൻന്നിന്നിൽ
 കണ്ണീർ നിറയ്ക്കായ്കയെന്നിൽ.




Monday 4 November 2013

ചിരി

നക്ഷത്രങ്ങൾ 
ചിരിക്കുകയാണെന്ന് 
ആര് പറഞ്ഞു !!

അവ യുഗങ്ങളായി 
പ്രാണൻ പിടഞ്ഞ് 
കരയുകയാണെന്ന്
എനിക്കറിയാമല്ലൊ,

മിഴികളിൽ കണ്ണുനീർ 
തിങ്ങിനിറയുമ്പോളാണു 
ചിമ്മുന്നത് !!!

ഉന്മാദം

പൂക്കൾ ഭൂമിയുടെ 
മന്ദഹാസങ്ങൾ 
ആണെന്നു പറഞ്ഞത് ആര് ?

ഇന്നത്തെ 
നക്ഷത്രങ്ങൾ 
എന്റെ ഹർഷോന്മാദത്തിന്റെ
ചിതറിവീണ തരികൾ.

ചക്രവാളത്തിൽ കാണുന്ന
തുടുത്ത ചെമപ്പ്
എന്റെ കവിളുകളുടെ
നിറപ്പകർച്ച തന്നെ ..

രാപ്പാടികളേ വിരഹഗാനം
നിർത്തുവിൻ,
വെണ്‍മേഘങ്ങളേ
തിരശ്ശീല ഞൊറിയുവിൻ

നിലാവുപോലെ നിറഞ്ഞൊഴുകുന്ന
എന്റെയീ ഉന്മാദം
മുത്തു ചിതറുന്ന ചിലമ്പുകളോടെ

 ചുവടുവച്ചു തുടങ്ങിയിരിക്കുന്നു!!!!

ഹൈക്കുകൾ

തെളിമയുടെ ചന്തം ,
മുത്തണിഞ്ഞ മരങ്ങൾ ,
ഭൂമിയ്ക്ക് രോമാഞ്ചം.

പച്ച പുൽത്തകിടി , 
മഞ്ഞ പൂമ്പാറ്റ ,
തുളുമ്പിത്തുടിക്കുന്ന ജീവൻ .

കാട്ടരുവിയുടെ കിലുക്കം,
പെണ്മൊഴിയൊഴുക്ക്,
അഴകിൻ പെരുക്കങ്ങൾ .

ഒരു പാട്ട്

തീരാത്ത നോവുകള്‍ പ്രാണനില്‍ ചേര്‍ത്തു ഞാന്‍
ഒരു പാട്ട്  പാടുന്നു വീണ്ടും.
ഇല്ല പുല്ലാങ്കുഴല്‍ നാദവും കിടയറ്റ
വാദ്യമേളത്തിന്‍ കൊഴുപ്പും.
ദ്രുതതാളമാടിത്തിമിര്‍ക്കും ചിലമ്പൊലി-
ക്കൂത്തിന്‍റെയാട്ടത്തകര്‍പ്പും.

നിണമിറ്റുവീഴുന്ന വിപ്ലവപ്പെരുമതന്‍
വീരേതിഹാസങ്ങളല്ല
പെണ്ണിന്‍റെ കണ്ണുനീര്‍ കൈക്കുമ്പിളില്‍ വാങ്ങി
വിപണിമുല്യം ചേര്‍ത്തതല്ല,

ജന്മാന്തരങ്ങളില്‍  പിന്‍തുടര്‍ന്നെത്തുന്ന
ശോകങ്ങളെല്ലാമുറഞ്ഞോ,
ഹിമശൈലമെന്നപോലുയിരിന്‍റെ കടലാഴ-
മറിയും പ്രവാഹത്തിലൂടെ
ഒഴുകിയേ പോകുന്നു വിധിയാം പ്രവാഹത്തി-
നവസാനമെന്താരറിഞ്ഞു!

ശാന്തഗംഭീരമായ് കാണുമീ സാഗര
ഹൃദയം മഥിക്കും ഹ്രദങ്ങള്‍ ,
ചുഴികള്‍ മലരികള്‍  ഉള്ളിലൊളിപ്പിച്ച
പുഞ്ചിരിതൂകും മുഖങ്ങള്‍,

മുന കൂര്‍ത്ത വാക്കിന്‍റെ വിഷമേറ്റു പിടയുന്ന
കരളിന്‍ വിമൂകമാം തേങ്ങല്‍,
പ്രേമമാം പീയൂഷമൊരുകണം കിട്ടാതെ
പൊള്ളുന്ന പ്രാണന്റെ വിങ്ങൽ,

ഭ്രാന്തമാം വേലിയേറ്റങ്ങൾ നിറയുമീ
ജീവിതസാഗരതീരം,
ഇടനെഞ്ചിലിവചേർത്തുവച്ചുഞാനുച്ചത്തി-
ലൊരുപാട്ടുപാടട്ടെ വീണ്ടും

                                                      (നവംബര്‍  2014)