Friday 29 August 2014

ശമനം

ശമനം

ഒന്നു കേട്ടതേയുള്ളു നാദവീചികൾ, മിന്നൽ
പാഞ്ഞപോൽ പരമാണുവൊക്കെയും തരിച്ചുപോയ്.
ഒന്നു കണ്ടതോ ദൂരെ നീലവാനത്തിൽ മിന്നും
താരകത്തിനെ കുഞ്ഞു പുൽക്കൊടി കാണുമ്പോലെ.
എങ്കിലും തിളങ്ങിയെന്നുള്ളിലെയനുരാഗ-
മഞ്ഞുതുള്ളികൾ വൈരക്കല്ലുചിന്നിയപോലെ.
ഒന്നടുത്തിരുന്നതേയുള്ളു സ്നിഗ്ദ്ധമാം വിരൽ-
ത്തുമ്പിലെൻ കൺകൾകൊണ്ടൊന്നുമ്മവച്ചതേയുള്ളു.
നിന്റെ നിശ്വാസം, നിന്നെത്തഴുകും കാറ്റിൻ നേർത്ത
സുഗന്ധം, നിറഞ്ഞെന്നിൽ ജന്മസാഫല്യം പോലെ.
അറിഞ്ഞേൻ ജന്മാന്തരങ്ങളിലും വിടാതെന്നെ
പിൻ തുടർന്നിടും മൃഗതൃഷ്ണകൾ ശമിച്ചതായ്.

കന്മതിൽക്കെട്ടിൽ നമ്മളിരിക്കെ കായൽ മാറി-
ലമ്പിളിക്കിടാവിനെത്താരാട്ടിയുറക്കുന്നു.
ഒന്നു പാഞ്ഞുവോ നിന്റെകൺകളെൻ മുഖത്തൊരു
മാത്ര നിന്നുവോ ചുണ്ടിൽ വിരിഞ്ഞോ ചെറുചിരി!
ഈ മുടിയിഴകളിൽ കാറ്റു ചാഞ്ചാടുമ്പോഴെന്‍
കൈവിരൽച്ചലനങ്ങളെന്നു നീ നിനക്കുമോ!
പാദയുഗ്മങ്ങളുമ്മവയ്ക്കുമീയോളങ്ങളിൽ
എൻ ചൊടിയിലെ പ്രണയാർദ്രത തിരയുമോ!
 വേണ്ടവേണ്ടതിമോഹമൊന്നുമേ താലോലിക്കാൻ
വയ്യിനി ത്രിസന്ധ്യയും യാത്രചൊല്ലുകയായി.
നന്ദിവാക്കില്ല, യാത്രാമൊഴിയും, ഇടംകണ്ണിൽ
മിന്നുമീബാഷ്പം നെഞ്ചിലേറ്റുനീ ശമിക്കുക.

(അഗസ്റ് 2014)

Tuesday 19 August 2014

;ആരും ശല്യപ്പെടുത്തരുത്*

"ആരും ശല്യപ്പെടുത്തരുത്"

1

 ഇന്ന് വരികയാണവന്‍ .
തനിച്ചേയുള്ളൂ എന്നാണ് പറഞ്ഞത് .

എനിക്കൊരുങ്ങാനുണ്ടേറെ.
പനിനീര് ചേര്‍ത്ത വെള്ളത്തില്‍
വിസ്തരിച്ചു കുളിക്കണം .
അറേബ്യന്‍സുഗന്ധ തൈലങ്ങള്‍
മേനിയാകെ  തേച്ചു പിടിപ്പിക്കണം.
ചുളി നീര്‍ത്തു മടക്കിവച്ച പട്ടുചേല
അലസമായി ധരിക്കണം.
ചമയങ്ങള്‍ ഒന്നൊന്നായി അണിഞ്ഞ്‌
 അഴക്‌ ചേര്‍ക്കണം.
നേരിയ നനവുള്ള മുടിയിഴകളില്‍
അകിലും കുന്തിരിക്കവും പുകയേല്‍പ്പിക്കണം.
മണിയറ സജ്ജമാക്കി
പുഷ്പശയ്യ ഒരുക്കിവയ്ക്കണം.
ഏഴു വെള്ളക്കുതിരകളെ പൂട്ടിയ
ആഡംബരത്തേരയയ്ക്കണം.


ഒരുക്കങ്ങളില്‍, എന്റെ മേനിയഴകില്‍
അവന്‍ മതിമറക്കണം.
ശിരസ്സിലെ വെള്ളിനൂലുകള്‍ ശ്രദ്ധാപൂര്‍വ്വം
പിഴുതുമാറ്റിയോ പ്രിയസഖീ ?
കാല്‍വെള്ളയിലെ മാര്‍ദ്ദവവും
വിരലുകളുടെ സ്നിഗ്ധതയും ഇപ്പോഴുമില്ലേ?
തിരുമ്മിച്ചുവപ്പിച്ച കവിള്‍ച്ചന്തം
മാഞ്ഞില്ലല്ലോ അല്ലേ?
സുഗന്ധതാംബൂലം മുറുക്കിയ ചുണ്ടുകള്‍ക്ക്
ചുവപ്പ് പോരാതെയുണ്ടോ!
 കുങ്കുമപ്പൂവ് ചേര്‍ത്ത് കാച്ചിക്കുറുക്കിയ പാലില്‍
കന്മദം ചലിക്കാന്‍ മറന്നില്ലല്ലോ,
 സ്വര്‍ണ്ണ ചഷകത്തില്‍ മേല്‍ത്തരം വീഞ്ഞും
നിറച്ചു  വച്ചില്ലേ
ഏതാണാവോ  അവന്‍ രുചിച്ചു നോക്കുക !!

2.

കുതിരക്കുളമ്പടി നാദം അടുത്തടുത്ത് വരുന്നു
കുടമണികളുടെ ശബ്ദം കാതില്‍ മുഴങ്ങുന്നു
ഹാ സഖീ
എന്റെ പ്രിയന്‍ ഇതാ എത്തുന്നു.............

അഴിച്ചെറിയൂ  ഈ ചമയങ്ങളൊക്കെ.
ചായങ്ങള്‍ തുടച്ചു മാറ്റൂ..
ഭംഗിയില്‍ കെട്ടിയൊരുക്കി
മുല്ലമാലയണിഞ്ഞ കാര്‍കൂന്തല്‍
സ്വതന്ത്രമാക്കൂ
എവിടെ എന്‍റെ  വീട്ടുടയാടകള്‍ ?
പുഷ്പപാദുകങ്ങള്‍ കൂടി ഊരി മാറ്റൂ.
 അവന്‍ എന്നെ ഞാനായിക്കാണട്ടെ.
ഹൃദയമിടിപ്പുകളുടെ പോലും
ആഴമളക്കുന്നവന്‍
എന്നെ അറിയട്ടെ.
 വള്ളിക്കുടിലിലെ  പര്‍ണ്ണശയ്യയില്‍
ഞാനിതാ ആത്മാവില്‍ നഗ്നയായി
കാത്തിരിക്കുന്നു.

വാനമേ നീലയവനിക താഴ്ത്തൂ
ഞങ്ങള്‍ മണിയറ പൂകട്ടെ
മണ്‍ചെരാതിന്‍റെ അരണ്ടവെളിച്ചം മതിയിനി.
സ്വസ്ഥമായി വിശ്രമിക്കട്ടെ
ആരും ശല്യപ്പെടുത്തരുത്.

(ആഗസ്റ്റ്‌2014)

Sunday 10 August 2014

ആഷാഢം

ആഷാഢം

പെയ്തുതീരാ ശ്യാമദുഃഖങ്ങൾ നെഞ്ചിലെ
കാർമുകിൽക്കൂട്ടിലടക്കി
ആടിമാസം മെല്ലെ മെല്ലെ പടിപ്പുര -
വാതിൽ കടന്നു നടന്നു.
കാറ്റിൽപ്പറക്കും മുടിയിഴതെല്ലൊന്നൊ-
തുക്കിവയ്ക്കാതെയുലഞ്ഞും
ആകെ നനഞ്ഞുമേലൊട്ടുമുടുതുണി-
ക്കുള്ളിൽ വിറച്ചും പനിച്ചും
പഞ്ഞം കിടക്കുന്ന പട്ടിണിക്കൂരകൾ
ക്കുള്ളിലെ പ്രാക്കേറ്റുവാങ്ങി
പേമഴക്കൂത്തിൽ നിറയുന്ന കർഷക-
ക്കണ്ണീരിൽ മുങ്ങിക്കുളിച്ചും
നൊമ്പരം വിങ്ങും തലകുനിച്ചും ദൃഷ്ടി
തൻ കാൽച്ചുവട്ടിൽ തളച്ചും
മൗനം കുടിച്ചും പടികടക്കുന്നോരു
ഭ്രാന്തിയെപ്പോലാടിമാസം.

മാലോകർ കള്ളത്തിയെന്നു പഴിക്കിലും
മൂശേട്ടയെന്നു ചൊന്നാലും
എത്രപെരുമഴക്കലമെന്നാകിലും
വിത്തുവിളമ്പിയെന്നാലും
കാത്തിരിപ്പൂ നിന്നെ കർക്കിടമേ നെഞ്ചിൽ
പ്രണയം വിതച്ചവർ ഞങ്ങൾ
ഈരില മൂവില പൊട്ടിമുളപ്പതും
പൂവണിയുന്നതും നോക്കി
അന്തിവാനത്തിൽ മഴക്കാറു പൊങ്ങവേ
പീലിനീർത്തുന്നനുരാഗം
തുള്ളിതോരാമഴ  പെയ്തുനിറഞ്ഞിട്ടു-
നെഞ്ചിൽ തളം കെട്ടിനിൽക്കും
പ്രണയത്തിലൂടെക്കിനാവിന്റെ വഞ്ചിനാ-
മെത്രയോവട്ടം തുഴഞ്ഞു!
കാറ്റിൽ പറന്നുവന്നെത്തും  കുളിരിലോ
 തമ്മിൽ  പുതപ്പായി  നമ്മൾ
തീയെരിയാത്തോരടുപ്പുമറന്നു നീ
യാളിപ്പടർന്നെന്റെ നെഞ്ചിൽ

കണ്ണീരടക്കിപ്പടികടക്കുന്നു നീ
ശ്രാവണം പുഞ്ചിരിക്കുന്നു
പൂവിളിപ്പാട്ടിന്റെയീണമെൻ ചുണ്ടിലും
ആനന്ദധാരയാകുന്നു
എങ്കിലും കാതോർത്തിരിക്കുന്നു പ്രേമികൾ
ആഷാഢമേഘാരവങ്ങൾ

(ആഗസ്റ്റ് 2014)