Tuesday 30 September 2014

മൗനം

മൗനം

ഒറ്റയ്ക്കിരിപ്പതേ നല്ലു മൗനത്തിന്‍റെ
പുറ്റു വളര്‍ന്നിടാം  ചുറ്റുമെന്നാകിലും
കാലമാ മൂകവല്മീകത്തിലെത്രയോ
ചേര്‍ത്തുവച്ചീടാമമൂല്യ രത്നങ്ങളെ

തീക്കനല്‍ പോലെ  'ക്ഷണപ്രഭാചഞ്ചലം'
വാക്കുകള്‍ നക്ഷത്ര ശോഭതേടുന്നതും
കാലമാകുമ്പോഴാ പഞ്ജരം ഭേദിച്ചു
നീലവിഹായസ്സില്‍ മിന്നിനില്‍ക്കുന്നതും

കാണുവാനേറെക്കൊതിക്കുന്നു  നിന്നിലെ
ശൂന്യപാത്രങ്ങള്‍  തുളുമ്പുന്ന   വേളകള്‍
 ആദിമൗനത്തിന്‍ മഹാകല്പ കാലമേ
കാക്കുന്നു നിന്‍ ഗര്‍ഭകാലം കഴിയുവാന്‍....

Sunday 28 September 2014

കാഴ്ചകളിലൂടെ

നിനക്കും എനിക്കും
ഒന്നും പറയാനില്ലായിരുന്നു.
നാണിച്ചുപോയ നക്ഷത്രങ്ങള്‍ക്കും
ചതഞ്ഞ പുല്‍നാമ്പുകള്‍ക്കുമായിരുന്നു
ഏറെ പറയാന്‍ ഉണ്ടായിരുന്നത്,
ശംഖു പുഷ്പത്തിന്റെ കരിനീലക്കണ്ണുകളില്‍
മഞ്ഞുത്തുള്ളികള്‍ പൊടിഞ്ഞിരുന്നു .
യക്ഷിപ്പാലയുടെ പൂക്കള്‍ക്ക്
പതിവില്‍ക്കവിഞ്ഞ മദഗന്ധമായിരുന്നു.
പൊട്ടിപ്പൊളിഞ്ഞ നടക്കല്ലുകളിലൂടെ
ഇഴഞ്ഞുപോയ സര്‍പ്പത്തെ
നമ്മളിലാരാണ് ആദ്യം കണ്ടത് ?
എപ്പോഴാണ് നമ്മള്‍
കടത്തുകാരനില്ലാത്ത ഈ തോണിയില്‍
പുഴനടുവിലെത്തിയത്............... ?

Saturday 27 September 2014

കിളിക്കാഴ്ച

സംക്രമണത്തിനു തൊട്ട് മുന്‍പാണ് .
സ്വാഭാവികമായ ഇളവേല്‍ക്കലില്‍ ആയിരുന്നു.
ഇലകള്‍ക്കിടയില്‍ മറ്റൊരിലയായ്
പൂങ്കുലയ്ക്കുള്ളില്‍ ഒരു പൂവായ്,
ഒന്നും ചിന്തിച്ചില്ല,
കരുതലുമില്ലായിരുന്നു .
എഴുപേരായിരുന്നു.
ഒന്നിനു പിറകേ ഒന്നായി
അമ്പ്‌ തൊടുത്തത്.
ഏഴും വില്ലാളിവീരന്മാര്‍
അമ്പിനെക്കാള്‍ മൂര്‍ച്ച നാവിനുള്ളവര്‍ ;
കണ്ണിനേക്കാള്‍ കരളിന് ഉന്നമുള്ളവര്‍
ഒരു വെള്ളിടി വീണതേ ഓര്‍മ്മയുള്ളൂ
പിന്നൊന്നും അറിഞ്ഞതേയില്ല
ചിറകനക്കിയില്ല
പൂവിതളോളം പോന്ന കഴുത്തില്‍
അമ്പിന്‍ മുനകള്‍ തെന്നിമാറിയത്
കാറ്റിന്‍റെ മൂളലെന്നേ നിനച്ചുള്ളൂ.
പിന്നെ കണ്ടത് ചക്രവാളത്തില്‍
ഒരു ചുവന്ന മഴവില്ല്.

Wednesday 24 September 2014

'കവിത വിചാരം'

കവിതയില്‍ 'വിത'വേണമെന്നു കുഞ്ഞുണ്ണിമാഷ്‌
വിതമാത്രമായാല്‍ കവിതയാമോ?
വിതവരും മുന്‍പൊരു 'ക'യുണ്ട് കവിതയില്‍
ക ല വിളങ്ങീടണം  എന്നതാവാം.
കാ മ്പുള്ളതാവണം കാവ്യമെന്നാവണം
പതിര് വിതച്ചാല്‍ വിളയുകില്ല.
കണ്മുന്നിലെന്നപോല്‍ ചിന്തയില്‍ തെളിവെഴും
കാ ഴ്ചകള്‍  വന്നു നിരക്കവേണം.
ക രളില്‍ വിതയ്ക്കേണ്ടാതാകയാലാകണം
കവിതയെന്നുള്ള പേര്‍ വന്നു ചേര്‍ന്നു.
ക ടലിന്റെയാഴമുണ്ടാവണം മറ്റൊരാള്‍
കൈതൊടാ ക ല്പനാ ഭംഗിവേണം.

Thursday 18 September 2014

പള്ളിക്കൂടത്തിലേയ്ക്കുള്ളവഴി


പള്ളിക്കൂടത്തിലേയ്ക്കുള്ളവഴി

പെരുവഴിയേ പോയി,
ഇടവഴി കയറി,
പലവഴി മാറി,
തിണ്ടിൽ വലിഞ്ഞ്,
നെഞ്ചുരഞ്ഞിറങ്ങി,
കൈത്തോടു നീന്തി,
വരമ്പത്തുതെന്നി,
അങ്ങനെയങ്ങനെ.....

പേരില്ലാപ്പൂവിനെ കണ്ണിറക്കി
സ്വാദില്ലാക്കായിനെ പാറ്റിത്തുപ്പി
കുഞ്ഞിക്കിളിയൊത്തു കലപിലച്ച്
കുഞ്ഞാടിൻ കുടമണി  കിലുകിലുക്കി
തുമ്പിച്ചിറകില്‍ തൊടാതെ തൊട്ട്
അങ്ങനെയേറെ  നടനടന്ന്.......

ആ പോക്കിലല്ലേ
ജാതിത്തോട്ടത്തിന്റെ ഇരുളിൽ
ആരും കാണാതെ 'അവ'നു കൊടുത്ത ഉമ്മ
കവിളിലെ കുറ്റിരോമം കൊണ്ട് വേദനിച്ച്
തത്തിപ്പറന്ന്‍
കാളിപ്പനയുടെ  മേളിലെത്തി
കാക്കനോട്ടത്തില്‍  തറഞ്ഞ്
കള്ളുമ്പാളയിൽ തുളുമ്പി
നാട്ടിലാകെ പതഞ്ഞ് പാട്ടായത്,
കാൽ വണ്ണയിൽ പതിഞ്ഞ പുളിവാറിൽ
അമ്മയുടെ ഹൃദയരക്തം  പൊടിഞ്ഞ് നീറിയത്

പക്ഷെ പിറ്റേന്ന്
ആ നീറ്റലില്‍  'അവ'ന്റെ  കണ്ണീരും ഉമിനീരും
ഒരുമിച്ചു പതിഞ്ഞത്
എന്തേ കാക്കനോട്ടത്തില്‍ പതിഞ്ഞിട്ടും
കള്ളിൻപാളയിൽ തുള്ളിത്തുളുമ്പാതെ
ആരും കാണാതെ,
മുഖം കഴുകിയ കൈത്തോട്ടിൽ
ഒഴുകിമറഞ്ഞത്!!
മടക്കവഴിയില്‍
കാക്കക്കണ്ണില്‍നിന്നും
ക്ഷമാപണത്തിന്റെ  ഒരു തുള്ളി
ഞങ്ങളുടെ  നേര്‍ക്ക്  പാറിവീണത്??

(  ഒക്ടോബര്‍        2014)

Tuesday 9 September 2014

തുടക്കം

ആരാണതിനെ ശിക്ഷ എന്നു വിളിച്ചത്!!
ആത്യന്തികമായ സ്വാതന്ത്ര്യമാണത്.
പഞ്ചേന്ദ്രിയങ്ങളുടെ പരിമിതിയിൽനിന്ന്,
എല്ലിൻകൂടും ഇറച്ചിയും
തീർക്കുന്ന ഈ തടവറയിൽനിന്ന്,
സമയദൂരങ്ങളുടെ ബന്ധനത്തിൽനിന്ന്,
ഭാഷയുടെ, രുചിഭേദങ്ങളുടെ,
രാജ്യാതിർത്തികളുടെ,
സൂചിമുനകളിൽനിന്ന്,
ഒരിക്കലും നിലയ്ക്കാത്ത 
ഭ്രമണപഥങ്ങളുടെ കൃത്യതയിൽനിന്ന്.
നുണപറച്ചിലുകളുടെ
അവസാനിക്കാത്ത
ഘോഷയാത്രകളിൽനിന്ന്.
വശ്യമാരണങ്ങളുടെ വരിഞ്ഞുമുറുക്കലിൽനിന്ന്.
എല്ലാ വലയങ്ങളിൽനിന്നും
കുതറിത്തെറിച്ച്,
അനന്തമായ ഊർജ്ജപ്രവാഹത്തിലെത്തിയ
ഒരു കേവലകണത്തോളം
വലുതാകാനുള്ള 
യാത്രയുടെ തുടക്കം.

Tuesday 2 September 2014

മൂന്നാമതൊരാൾ അറിയാതെ

മൂന്നാമതൊരാൾ അറിയാതെ

പറഞ്ഞുറപ്പിച്ച വ്യവസ്ഥകൾ
ഒന്നുമില്ലായിരുന്നു.
പക്ഷെ മൂന്നാമതൊരാൾ അറിയരുതെന്ന്‍
നിനക്കും അറിയുമായിരുന്നു.

ഒരിക്കൽ... ഒരിക്കൽ മാത്രം
നീ എന്നോടൊരുമ്മ ചോദിച്ചു.
ചോദിച്ചുവാങ്ങാൻ മാത്രം
അതിനെ വിലകുറയ്ക്കരുതെന്നു
നിന്നോടു ഞാൻ കലമ്പി.
എനിക്കറിയുമായിരുന്നു,
നിനക്കു വേണ്ടവയൊക്കെ.
നീ ചോദിക്കാതെയിരിക്കുമ്പോൾ
തീരെ അവിചാരിതമായി
ഉമ്മകൾ പെയ്ത്
നിന്നെ നനയ്ക്കണമെന്നു ഞാൻ കൊതിച്ചു.

ഇപ്പോൾ
ചോദിക്കാതെ നിനക്കു കിട്ടിക്കൊണ്ടിരിക്കുന്ന
ഈ ഉമ്മകൾ....
അവയോരോന്നും
എന്റെ നെഞ്ചിൽ തറഞ്ഞുകയറുന്നു.
ചോദിക്കാതെ തരാൻ
ഞാൻ കൂട്ടി വച്ചിരുന്ന ഉമ്മകൾ
കവിളിലൂടെ ഉരുകിയിറങ്ങുന്നു.
പക്ഷെ.... മൂന്നാമതൊരാൾ അറിയരുതെന്ന്
എനിക്കും അറിയുമായിരുന്നല്ലോ.
ആരുടെയും പുരികങ്ങൾ
ചോദ്യചിഹ്നങ്ങളാവരുതല്ലോ.

എനിക്കു തിരക്കില്ല.
അന്നത്തെപ്പോലെ ഇന്നും
നീയല്ലെ തിരക്കിട്ടത്?
ആളൊഴിയുമല്ലൊ.
മണ്ണീന്റെ തണുപ്പിൽ നിന്നെ തനിയെ വിട്ട്
അവരൊക്കെ പോകുമ്പോൾ
ഞാൻ വരും.
മൂന്നാമതൊരാൾ അറിയാതെ
ഈ നീണ്ട ശൈത്യത്തിൽനിന്ന്
നിന്നെ ഉണർത്തുന്ന
 പൊള്ളുന്ന ഉമ്മകളുമായി.

(സെപ്തംബര്‍ 2014 )