Follow by Email

Saturday, 28 September 2013

പടുകുരുപ്പ്

പടുകുരുപ്പ്

നിന്റെ മുറ്റത്തിന്റെ ഒരു ഒഴിഞ്ഞ കോണിൽ
ആരും ശ്രദ്ധിക്കാതെ ഞാൻ
പടുമുള മുളച്ചിട്ട് 
കുറച്ചായി.

താലോലിച്ചു വഷളാക്കിയ,
വിളറിച്ചടച്ചകുഞ്ഞുങ്ങളെ
'ഉന്തുവണ്ടി'യിലുന്തുന്ന അമ്മമാർ,
കറുത്തുതുടുത്ത, എണ്ണതൊട്ടെടുക്കാവുന്ന,
തെരുവുമക്കളെ നോക്കി 
നെടുവീർപ്പിടുന്നപോലെ,
തട്ടുതട്ടായി ഉയരംവച്ചു്,
വണ്ണിച്ചു് വളരുന്ന എന്നെ
പാളി  നോക്കി
നിന്റെ  ഇറക്കുമതിപ്പച്ചകളെ
നീ ആഞ്ഞു ചുംബിക്കുന്നതുകണ്ട്
ഞാൻ കണ്ണിറുക്കിച്ചിരിച്ചു.

കാലം പോകെ ഞാൻ നിനക്കു മേൽ 
പടർന്നു.
എന്റെ ചുംബനങ്ങൾ 
എന്നും നിന്റെ മുറ്റത്തു വാടിക്കിടന്നു.
എന്റെ തണലിൽനിന്നു 
നിന്റെ കനവുകൾ 
ചിറകുവച്ചു പറന്നു.

പിന്നെ എപ്പോഴാണ് നീ 
മുറിച്ച് നിരപ്പാക്കിയ തൂവലുകളും, 
വെള്ളം തൊടാതെ അലക്കിത്തേച്ച
വാക്കുളുടെ പടപടപ്പും,
ചിലന്തിവലയിൽ ഊഞ്ഞാലുകെട്ടുന്ന 
മോഹങ്ങളുമായി   വന്നതു്!

വന്നോ എന്ന് കിളിവാതിലിലൂടെ
ഒന്നെത്തിനോക്കിയതിനാണോ
നീ എന്നെ വേരുമാന്തിമുടിച്ചത്?
                                                                          (സെപ്തംബര്‍ 2013)
Wednesday, 25 September 2013

പ്രണയപർവ്വം

പ്രണയപർവ്വം

എന്നോടു പ്രണയം എന്നു നീ പറഞ്ഞു.
എന്താണ് പ്രണയം എന്നറിയാതെ.
കുറഞ്ഞപക്ഷം എന്തല്ല പ്രണയം
എന്നെങ്കിലും അറിയാതെ.
ഞാനുമായി പ്രണയത്തിൽ അകപ്പെട്ടു
എന്നു നീ സുഹൃത്തുക്കളോട്.
അതിനു് പ്രണയമെന്താ ഒരു കെണിയോ
പെടാനും അകപ്പെടാനും!!
പ്രണയത്തിൽ വീണു എന്നും നീ
പ്രണയം അഗാധ ഗർത്തമോ!

പ്രണയത്തിലാവുകയല്ല,
പ്രണയമാവുകയാണ് വേണ്ടത്.
ഒരു നദിയാണ്  പ്രണയം
നദിപോലെയല്ല.
അതങ്ങനെ ഒഴുകിക്കൊണ്ടേയിരിക്കും.

നദികൾ കടലിനെ ലക്ഷ്യമാക്കി
ഒഴുകുന്നു എന്നു കവികൾ.
അവരെന്തറിഞ്ഞു?
ശുദ്ധനുണയാണത്.
ഒരു തുള്ളിയായി നാം
 അതിനോടു ചേരുകയാണു വേണ്ടത്.
അപ്പോൾ നാമും അതാവും.
ഒഴുകുന്ന, ഒഴുകിക്കൊണ്ടേയിരിക്കുന്ന
ഒരിക്കലും വറ്റാത്ത ഒരു നദി.
ഹൃദയമാണതിന്റെ ഉറവ.
അതിനു ലക്ഷ്യമില്ല.
ഉണ്ടായിരുന്നെങ്കിൽ കടലിലെത്തുന്ന നദി
അതോടെ തീർന്നു പോയേനെ.
എന്നെന്നേയ്ക്കുമായി നിശ്ചലമായ
 ഒരു ജലാശയമായേനെ.

എന്നെവിവാഹം ചെയ്യാമെന്നു നീ.
എവിടെ വേണമെങ്കിലും ആണയിടാമെന്നും.
എത്ര ചെറുതാകുന്നു നീ!
അതാണ്പ്രണയത്തിന്റെ ലക്ഷ്യമെന്നു  കരുതിയോ!!

കടലിലെത്തിയിട്ടും എന്തിനാണ്
നദി
പിന്നെയും പിന്നെയും ഒഴുകിക്കൊണ്ടിരിക്കുന്നത്?
അതുതന്നെയാകുന്നു ഞാനും.
പ്രണയിച്ചുകൊണ്ടേയിരിക്കും.
അതിനുവേണ്ടിയാണെന്റെ ജന്മം.
എവിടെയെങ്കിലും എത്തുക എന്നതു്എന്റെ കാര്യമല്ല.

നീ നദിയിലൂടെ ഒരു നിശ്ചിതദൂരം
യാത്ര ചെയ്യുന്ന സഞ്ചാരി.
ലക്ഷ്യമെത്തിയാൽ
കരയ്ക്കിറങ്ങി നിന്റെ വഴിക്കു പോകും.
നദിയിൽ നനഞ്ഞ് നദിയാകാൻ പിന്നെ നീ വരില്ല.
ഞാനോ ചിരപ്രണയമാകുന്നു.
ഹൃദയം നിലയ്ക്കുന്നതുവരെ
ഒഴുകിക്കൊണ്ടേയിരിക്കും.
ഹൃദയത്തിൽനിന്നുദിച്ച്
തിരികെ ഹൃദയത്തിൽത്തന്നെ എത്തുന്ന നദി.
ഒരിക്കലും ഒഴുകി നിലയ്ക്കാത്ത,
എവിടെയും എത്തിച്ചേരാത്ത ഒരു നദി.

പ്രണയം ഒരു നടപ്പാതയോ
ചവിട്ടുപടിയോ അല്ല.
ഒരു കേവലാവസ്ഥയത്രേ!
ഒരിക്കൽ അതിലെത്തിയാൽ
അതിൽത്തന്നെ തുടർന്നുകൊണ്ടേയിരിക്കും.
പ്രണയം സമാധിയും മുക്തിയുമത്രേ.

(സെപ്തംബര്‍2013)

Saturday, 21 September 2013

മരുഭൂമികൾ ഉണ്ടാകുന്നത്.......


മരുഭൂമികൾ ഉണ്ടാകുന്നത്.......

എന്റെയുള്ളിൽ ഒരു മരുഭൂമിയുണ്ട്;
പഥികരെ മരീചിക കാട്ടി
വഴിതറ്റിച്ച്,
പ്രതീക്ഷകൾ ഊട്ടി വളർത്തി,
കവർന്നെടുത്ത് ചണ്ടിയാക്കി,
വലിച്ചെറിയുന്ന ഒരു മരുഭൂമി.

എന്നിലൂടെ കടന്നുപോകുന്നവർ,
സ്നേഹം വറ്റി,
നിർജ്ജലീകരിക്കപ്പെട്ട്,
ആത്മാവിൽ ഉണങ്ങിപ്പോകുന്നു.

രാത്രിയിൽ പുതയ്ക്കാൻ
ഇറ്റു സ്നേഹമില്ലാതെയല്ലെ
പകലൊക്കെ ഞാൻ ചുട്ടുപൊള്ളുന്നത്!

എന്നിലൊഴുകി മരിച്ച നദികൾ ,കടലുകൾ,
മഹാസമുദ്രങ്ങൾ.........
എല്ലാം കുടിച്ചു വറ്റിച്ചിട്ടും
ഞാൻ വരണ്ടിരിക്കുന്നു.

ആരൊഴുകി നിറയുമെന്നിൽ!
ഒരിക്കൽ കടലായിരുന്ന കരളാണ്
മരുഭൂമിയായിരിക്കുന്നത്.
ചൂളം കുത്തുന്ന മണൽക്കാറ്റുകളിൽ
പഴയതിരമാലകൾ ഇടയ്ക്കിടയ്ക്കു
ഓർമ്മ പുതുക്കാൻ എത്താറുണ്ട്.

പ്രണയികളുടെ കണ്ണുകളിലെ
നക്ഷത്രങ്ങൾ കരിഞ്ഞൊടുങ്ങി
വലിയ ഗർത്തങ്ങളാകുന്നത്
എന്റ മാറിലാണ്.
വിരഹം നിഴൽ തീർത്ത് മോഹിപ്പിക്കുന്നതും
മറ്റെവിടെയുമല്ല.

ആരു പൂത്തുനിറയുമെന്നിൽ!
ഒരിക്കൽ പൂങ്കാവനമായിരുന്ന മനസ്സാണ്
പൊള്ളിത്തിണർത്തു കിടക്കുന്നത്.
കള്ളിച്ചെടികൾ പഴയ ഓർമ്മയിൽ
ഇടയ്ക്ക് പുഷ്പിക്കാൻ ശ്രമിക്കാറുണ്ട്.
ചാപിള്ളകൾ പോലെയുള്ള പൂക്കൾ!

എന്റെയുള്ളീൽ ഒരു മണൽക്കാട്
വാപിളർന്നിരിക്കുന്നു;
ഇരയെ കെണി വച്ച് പിടിക്കുന്ന
 ഒരു തരിശ്.
ഗാന്ധി

ഗാന്ധി

ബന്ദിയാകുന്നുവോ ഗാന്ധി, കറൻസിയിൽ
സന്ധി ചെയ്യുന്നുവോ ഗാന്ധി?
 ഡോളറിൻ ഹുക്കിൽ കൊളുത്തിയൊരൂഞ്ഞാലു
പൊട്ടി വീഴുന്നുവോ ഗാന്ധി?
ദണ്ഡി, 'ഹരി'ജനം,'ഹിന്ദു'സ്വരാജ് എന്തു
വർഗ്ഗീയവാദിയീ ഗാന്ധി!

"ഗാന്ധിയെപ്പോലെന്റെ കൊച്ചുമോനാകണം"
മുത്തശ്ശി ചൊല്ലുന്നുറക്കെ.
തീർത്തും വിനീതനായ് മേൽ വസ് ത്രമൂരുന്നു
നെഞ്ചുകാണിക്കുന്നു പേരൻ.
കൈക്കരുത്തേറ്റണം ചർക്ക നൂറ്റീടുവാൻ
ഡംബെൽസെടുക്കുന്നു ധീരൻ.

ആഴ്ചയിലൊന്നു നാം ഗാന്ധിയെയോർക്കണം
നാടിന്റെ ഖ്യാതി പരത്താൻ.
ഖാദികൊണ്ടാവണം കൗപീനധാരണം
ഗാന്ധിയന്മാർ വിധിക്കുന്നു.

ബാപ്പു മരിച്ചെങ്കിലെന്ത്? പെരുകുന്നി-
'താശ്രമം ബാപ്പു'മാർ നീളേ.
സത്യഗ്രഹാഗ്നിയിൽ കാലുവെന്തോടിയ
വൈദേശികശ്വാനവൃന്ദം,
വീണ്ടുംതിരിച്ചെത്തിയോരിയിട്ടാർക്കുന്നു
വീറോടെ 'മാളു'കൾ തോറും.

ദണ്ഡിയിൽ നീറ്റിയോരുപ്പിന്നുറപോലെ
കെട്ടുവോ ഗാന്ധിമൂല്യങ്ങൾ!
ആഗോളചണ്ഡവാതങ്ങളിൽ വേരറ്റു
വീണുപോകുന്നുവോ ഗാന്ധി!
ഇൻഡ്യതൻ പുണ്യം സ്വരൂപിച്ചഗാന്ധിയിൽ
പുണ്ണുപോൽ നീറുന്നിതിൻഡ്യ

ബന്ദിയാകുന്നുവോ ഗാന്ധി, കറൻസിയിൽ
സന്ധി ചെയ്യുന്നുവോ ഗാന്ധി?

                                                                                                                                                                                                          ( സെപ്തംബര്‍2013)

Wednesday, 11 September 2013

നാല്പതിലെ സ്ത്രീ


നാല്പതിലെ സ്ത്രീ


ചാന്തിനും ചമയങ്ങൾക്കും
ചന്തം തീരെ പോര.
മലമുകളിലേയ്ക്കു കയറുന്ന
പാതയിലെ വളവുകൾ 
നിവർന്നു തുടങ്ങി.
ഇലകൊഴിയുന്ന മരങ്ങൾ
മാത്രമേ ഇപ്പോൾ കുന്നിന്മുകളിലെ കാട്ടിൽ ഉള്ളൂ .
നദികൾ വറ്റിത്തുടങ്ങിയിരിക്കുന്നു .
എങ്കിലും രണ്ടു തെളിനീരുരവുകൾ
ചെറുചാലായി ഒലിക്കുന്നുണ്ടെപ്പോഴും .
മണ്ണിടിഞ്ഞ് നിരക്കുന്ന
മലമുകളിൽ വലിഞ്ഞുകേറി താഴേക്കു നോക്കുമ്പോൾ
പൂനിറഞ്ഞ താഴ് വരകൾ നാലുചുറ്റും.
തുറന്ന ചിരിയിൽ മറഞ്ഞിരിക്കുന്ന അസൂയയുടെ വിഷപ്പല്ല് .
വഴിമാറിയൊഴുകാൻ കൊതിക്കുന്ന പുഴ .
പൊലിപ്പിച്ചെടുത്ത ആസക്തിയുടെ ഫണം .
ഞാണിൻ മേൽക്കളിയിൽ ബാലൻസ് തെറ്റുന്ന ഹോർമോണുകൾ .
രാസവളമിട്ടു കൊഴുപ്പിച്ച കുലവാഴ !
എരിമൂത്ത ഒരു ഇളം ചുവപ്പൻ
ചീനമുളക്!


                                                                (സെപ്തംബര്‍ 2013)

സു ' രതം'*

സുരതം

ഓരോ വായനയും
ഓരോ ആവാഹിക്കലാണ്.
ഓരോ ചൊല്ലലും 
ഓരോ ലാളനയാണ്.

നിന്റെ വാക്കുകളിൽ 
വാൾത്തലയുടെ സീൽക്കാരം,
എന്റെ  ശ്വാസവേഗം കൂടുന്നു.
കോശങ്ങൾ തോറും
പുതിയ സൗരയൂഥങ്ങൾ വിരിയുന്നു
ഉള്ളുപൊട്ടിയൊലിക്കുന്ന ഉറവക്കണ്ണുകൾ
എന്നെ അടിമുടി ആർദ്രയാക്കുന്നു.
എന്റെ നാവിൻ തുമ്പ്,
നിന്റെ വാക്കുകളിൽ വിളയാടുമ്പോൾ
അവ തിടം വച്ചുദ്ധരിക്കുന്നതും,
ആത്മാവിന്റെ ലോലചർമ്മം
ഭേദിക്കപ്പെടുന്നതും,
സുഖമൂർച്ഛയുടെ പരമ്യത്തിൽ
ഞാനറിയാതെ പോകുന്നുവോ!

നിന്റെ മേച്ചിൽപ്പുറങ്ങളിൽ,
എന്റ നഖദന്തക്ഷതങ്ങൾ,
അലഞ്ഞുതിരിയുന്ന ആട്ടിൽ കുട്ടികൾ!
മുറുകുന്ന താളത്തിന്റെ ഉച്ചസ്ഥായിയിൽ
നിന്റെ വാക്കുകൾ എന്റെ ബോധത്തിലേക്ക്
രസം വമിച്ചു തളർന്നു പോകുന്നു.
അടുത്ത തലോടലിൽ
'ഉത്തുംഗഫണാഗ്ര'വുമായി വീണ്ടുമുണർന്ന്
ആത്മാവിനെ ദംശിക്കാൻ!

( രതി എന്നാല്‍ താല്പര്യം .സുരതം സുഷ്ടുവായ രതിയോടു കൂടിയത്,ഏറ്റവും താല്പര്യത്തോടെ അനുഷ്ഠിക്കപ്പെടേണ്ട പ്രക്രിയ.ശരിയായ,   ഏറ്റം ഉയർന്ന, ഒരു താല്പര്യത്തിന്റെ തലം വായനക്കാരനിൽനിന്നു് ആവശ്യപ്പെടുന്നു.കാവ്യവും സഹൃദയനും ചേരുന്ന ഒരു സുരതക്രിയ)

(ഒക്ടോബര്‍  2013)

Tuesday, 10 September 2013

രാധാമാധവം*


രാധാമാധവം

മലയിറങ്ങിച്ചുരമിറങ്ങി-
ച്ചാരുചന്ദനഗന്ധമോടെ,
അലസകേളീനടനമാടും
അളകനിരകൾ തഴുകി മെല്ലെ,
ചന്ദനക്കുറിചേർന്ന തിങ്കൾ
ക്കലവിരിഞ്ഞൊരു നെറ്റിമേലെ,
പ്രഥമചുംബനമുദ്രചാർത്തി
മറഞ്ഞുപോയി വികാരലോലൻ,
രാഗതീവ്രതയാർന്ന മന്ദസ-
മീരണൻ മൃദുഹാസമോടെ.

ശ്യാമഹരിതവനത്തിലെ മദ-
ഗന്ധമാർന്ന സുമങ്ങളാൽ
അതിനിഗൂഢലതാനികുഞ്ജ
രഹസ്സമാഗമവേദിക
ഹൃദയഹാരിതയോടെ ചമയി-
ച്ചാരിലേ മിഴിനട്ടുനീ!
****************************
പദമളന്നനുരാഗ വേപഥു
ഗാത്രിയായ് മുഖപടമണിഞ്ഞും,
നിടിലസ്വേദപരാഗവും ജല
കണികമിന്നിയ മിഴികളുമായ്,
നീലനിഭൃതരജനിയിൽ
മഞ്ഞലകളൂർന്നു നിലാവണിഞ്ഞും,
ഇരുളുതിങ്ങും മുടിയഴിഞ്ഞുട-
യാട തെല്ലൊന്നൂർന്നുലഞ്ഞും,
വന്നു നിൽക്കുകയാണു പർണ്ണ
നികുഞ്ജമെത്തി മനോഹരാംഗാ!

തുടുവിരൽത്തുമ്പൊന്നുയർത്തി
തിലകമൊന്നു പതിച്ചിടു നീ,
ചിരസുമംഗലിയായിമഞ്ഞിൻ
മന്ത്രകോടി പുതച്ചു നിൽക്കാൻ.
സുമസുഗന്ധമണിഞ്ഞ കാറ്റായ്
നിന്നിലൊഴുകിനിറഞ്ഞുതൂകാൻ.
ജന്മമെത്ര കഴിഞ്ഞിടേണം
ഇനിയുമെത്രകിനാവു ദൂരം!!

ഒക്ടോബര്‍2013)

Wednesday, 4 September 2013

അവസ്ഥാന്തരം

ആരൊഴുകി നിറയുമെന്നിൽ !
ഒരിക്കൽ കടലായിരുന്ന 
കരളാണ് 
ഇന്ന്
മരുഭൂമിയായിരിക്കുന്നത്.

'പെണ്‍കുട്ടി'

എന്നെ ഭംഗിയിൽ കോർത്ത്
കഴുത്തിലണിയാതെ
അമ്മ ചെപ്പിലടച്ച് കാത്തു.
പിന്നീട് ആർക്കൊക്കെയോ
പൊട്ടിച്ച് വഴിവാണിഭത്തിനു
നിരത്താൻ...


                                                   (സെപ്തംബര്‍ 2013)