Saturday 28 December 2013

വിസ്മൃതിയ്ക്കപ്പുറം

സ്നേഹിക്കയില്ല ഞാൻ നിന്നെയെന്നാലുമെൻ
ഓർമ്മകൾ തേടുന്നു നിന്നെ.
ബന്ധിച്ചതില്ലൊരുനാളുമദൃശ്യമാം
ശൃംഖലകൊണ്ടു നിൻ രാഗം.
ഏകനായ് നീയലയുന്ന മാർഗ്ഗങ്ങളിൽ
കാറ്റായി വന്നതുമില്ല.

പൂവുകൾ  തോറും  പുതുമകൾ തേടി നീ
പാറിപ്പറക്കുന്ന കാലം,
ഞാനെന്റെ ജാലകച്ചില്ലുകൾ കൈനീട്ടി
ചുമ്മാ തുറന്നിട്ടിരുന്നു.
ദൂരെയാത്താമരപ്പൊയ്കയിൽ ഹംസങ്ങൾ
നീന്തിത്തുടിക്കുന്ന കണ്ടു.
കുഞ്ഞിളം കാറ്റുവന്നെൻ കവിൾത്തട്ടിലൊ-
രുമ്മ വച്ചോടിയൊളിക്കെ,
എന്തേ മറന്നു ഞാൻ നിന്നെയോർമ്മിക്കുവാൻ
മന്ദസ്മിതപ്പൂവുചൂടാൻ!

നിന്മനം തേടുന്ന സഞ്ചാര മാർഗങ്ങൾ
ഞാനറിഞ്ഞില്ലപോൽ തെല്ലും.
നീയടുത്തില്ലാത്ത വേളയിലൊക്കെ ഞാൻ
ഏതോ ലതാഗൃഹം പൂകി.
 ഏറെച്ചകിതയായെന്നാൽ പ്രതീക്ഷയോ
ടേതോ പദപാതനാദം
കമ്പനം കൊള്ളുന്ന നെഞ്ചോടെ കേട്ടുഞാൻ
നേരോ കിനാവിന്റെ ചിന്തോ!

നീല നിലാവിൽ തിളങ്ങും വിജനത്തി-
ലെൻ മിഴി നട്ടു ഞാൻ നിൽക്കെ,
സ്നേഹലോലം മൃദുസംഗീതമായൊരു
നെഞ്ചിൻ മിടിപ്പിതാ കേൾപ്പൂ.
കർണ്ണികാരം പൂത്തുലഞ്ഞതുപോലെ
ഞാനേതൊ കിനാവിൽ നിറഞ്ഞു
നീലക്കടമ്പിന്റെ ചില്ലയിലൂടെത്തി-
നോക്കീ മയിൽപ്പീലിവർണ്ണം.
പീതാംബരത്തിൻ  വിലോലമാം  സ്പർശമെൻ
സ്നിഗ്ദ്ധകപോലത്തിലേൽക്കെ,
കാതുകൾക്കജ്ഞാതമായൊരു ഗീതികേ-
ട്ടാത്മാവു കോരിത്തരിച്ചു

ചെമ്പഞ്ഞിനീരിൽ ചുവക്കാത്തൊരെൻ പദം
നൂപുരമില്ലാതെയാടി
ജന്മങ്ങളെത്ര മതിമറന്നാടി ഞാൻ
ദേഹവും ദേഹിയുമൊന്നായ്!
രുധിരമായ് ചിരകാല പ്രണയമായെൻസിരാ-
വ്യൂഹത്തിലൊഴുകുന്നതാരോ,
നീഹാരബിന്ദുപോൽ ഓർമ്മതൻ പൂവിതള്‍ -
ത്തുമ്പില്‍  പൊലിഞ്ഞവനാരോ?
സ്നേഹിക്കയല്ല ഞാന്‍   അറിയാതെയെന്നനു-
രാഗം   തിരകയാം  നിന്നെ.

                                    (ഡിസംബര്‍  2013)

Thursday 26 December 2013

പിറവി

ഞാനറിയുന്നു പ്രാണവേദന മുളന്തണ്ടിൻ
പ്രാണനിൽ കാർവണ്ടുകൾ വീണമീട്ടിടും നേരം
കരൾകാമ്പുകൾ മുറിഞ്ഞമരും നോവിൻ സുഖ-
മല്ലയോ സംഗീതമായ് നിർഗ്ഗളിക്കുന്നു ചുറ്റും.

ഞാനറിയുന്നു പൂക്കൾ കൊഴിഞ്ഞീടുമ്പോൾ ചെടി
നോവിനെ പുളകങ്ങളാക്കുവാൻ  തളിർക്കുന്നു.
ഈറ്റുനോവിനെ മറന്നീടുന്നു പെറ്റമ്മമാർ
നിത്യ നിർവൃതിപ്രദം   സ്തന്യമൂട്ടിടുന്നേരം.

കൂർമുനകളാൽ കരൾക്കാമ്പിനെയുടച്ചിടും
കല്ലുളി കാൺകെ ശ്യാമശിലയും തരിക്കുന്നു.
ചെളിയിൽ നിന്നും  പൊട്ടിവിരിയുന്നല്ലോ  ചേലിൽ
സൂര്യമണ്ഡലം നോക്കിച്ചിരിക്കും ചെന്താമര.

ജീവചൈതന്യം തുള്ളിത്തുളുമ്പും ഭാവങ്ങളായ്
ആത്മനൊമ്പരങ്ങളെ മാറ്റുമീമായാജാലം,
മരത്തിൽ, കല്ലിൽ, കാട്ടുപൂവിലും, കനിയിലും
നേരിനെ നോവിന്നൊപ്പം നടനം ചെയ്യിക്കുന്നു!

                                                        (ഡിസംബര്‍ 2013)

Friday 20 December 2013

പ്രണായാനന്തരം

പ്രണായാനന്തരം

വളരെ അപൂര്‍വ്വമായേ
അവനോടു സംസാരിച്ചിട്ടുള്ളൂ.
ഏറ്റം വിശുദ്ധമായ ,
അപ്രതിരോധ്യമായ  ചില നിമിഷങ്ങള്‍ മാത്രം.
നീലനിറമുള്ള നിശ്ശബ്ദദതയായിരുന്നു
ഞങ്ങളുടെ മാധ്യമം .
അതില്‍ വാക്കുകളോ വരകളോ
ഉണ്ടായിരുന്നില്ല.
നിറങ്ങളുടെ ലോകമായിരുന്നു  അത് ;
സംഗീതവും സുഗന്ധവുമുള്ള
നിറവിന്‍റെ  ലോകം.

ചുറ്റും മഞ്ഞുപോലെ  പെയ്തിരുന്നത്‌
പ്രണയമായിരുന്നു .
ഇണപ്രാവുകളുടെ കുറുകലിന്‍റെ
പതിഞ്ഞ താളം,
ഒറ്റ റാന്തലിന്‍റെ  കുഞ്ഞു വെളിച്ചം ,
മദിച്ചു വിടര്‍ന്ന്‍ വെയിലില്‍ വാടി വീണ
മാമ്പൂമണം,
യക്ഷിപ്പാലയും   പുത്തിലഞ്ഞിയും പൂത്ത
സമ്മിശ്രഗന്ധം.
അവിടെ വച്ച്‌
ഒരിക്കലും തമ്മില്‍ കാണാതെ
എന്‍റെ കണ്ണിലെ  നീര്‍ത്തുള്ളി
അവന്‍റെ മിഴിയിലെ നീലിമയില്‍ വീണലിഞ്ഞു.

എത്ര നനുത്ത ഉമ്മകള്‍
തിരുനെറ്റിയില്‍ വീണ്,
അടഞ്ഞ കണ്പോളകളില്‍ വീണ്
താഴെയ്ക്കൂര്‍ന്നു.
മലമുകളില്‍ നിന്ന്
താഴേയ്ക്കൊഴുകിയ പ്രണയത്തില്‍
മിന്നാമിനുങ്ങുകള്‍ ഉമ്മവച്ചു.
അവന്‍റെ ചുംബനങ്ങലുടെ  തണുപ്പില്‍
എന്‍റെ ചുണ്ടുകള്‍ നീലിച്ചു കനത്തു.
ആത്മാവുതിര്‍ത്ത വിചിത്ര സംഗീതത്തിന്
ഞാന്‍ പുല്‍ത്തകിടിയില്‍ കിടന്ന്‍ കാതോര്‍ത്തു .
ഒരു മഴ പാറിവന്നു എന്നെ പൊതിഞ്ഞു.
കാറ്റ്  ഒരു പനിനീര്‍പ്പൂവ്
എന്‍റെ നെഞ്ചില്‍ ചേര്‍ത്തുവച്ചു .
ഹംസഗാനം മുഴങ്ങി.
അവന്‍ മാഞ്ഞുപോയി.
തീര്‍ത്തും നിശ്ശബ്ദമായ നിമിഷങ്ങള്‍ മാത്രം
അവശേഷിച്ചു......

                                                                                        (ഡിസംബര്‍ 2013)

Tuesday 17 December 2013

അമ്മയെ സ്നേഹിക്കയാൽ

അമ്മയെ സ്നേഹിക്കയാൽ

ഏറ്റം വിലപിടിച്ച പ്രാർഥന
ഇതായിരുന്നു.
"അമ്മ മരിക്കണേ
വേഗം  മരിക്കണേ"
അത്രമേലമ്മയെ സ്നേഹിക്കയാൽ
 താങ്ങുവാൻ വയ്യ
ചില കാഴ്ചകൾ
അത്രമേൽ കരുതുകയാൽ
ചില കേള്‍വികള്‍ കേൾക്കുവാനും.

ശയ്യാവലംബിനിയായി,
ചിരപുരാതനമാലിന്യങ്ങളിൽ കുഴഞ്ഞ്,
പിച്ചും പേയും മൊഴിഞ്ഞ്,
ഇരവുപകലറിയാതെ,
ദ്വന്ദ്വങ്ങളൊന്നുമറിയാതെ,
ശരണവും നിലവിളിയുമില്ലാതെ,
ഒച്ചകളെ കളിപ്പാട്ടങ്ങളാക്കി,
കാഴ്ചകളെ പ്രസാദമാക്കി,
അഹങ്കാരം ശമിച്ച്,
നിസ്സഹായത തിരിച്ചറിയാത്ത
നിഷ്കളങ്കയായി,
അമ്മ ചിരിക്കുമ്പോൾ ......
"ഈശ്വരാ മരിക്കണേ
വേഗം മരിക്കണേ
കനത്ത കേൾവികൾ
മറയ്ക്കണേ"

പ്രാപ്പിടിയന്‍റെ
നഖമുനകളില്‍ നിന്ന്
പറന്നുപിടിച്ച്,
ചൊറിയിലും ചിരങ്ങിലും പുരണ്ട
ചെളിക്കിടാങ്ങള്‍ ഞങ്ങളെ
വാരിയെല്ലോടു ചേർത്തമർത്തി,
വരണ്ട   മുലഞെട്ടുകൾ ചുരത്തി,
ഉമ്മ കൊണ്ട് തുടച്ച്,
സ്നേഹം പുതപ്പിച്ച്
തിളങ്ങുന്ന  മുത്താക്കി,
പുഞ്ചിരിക്കുന്ന പൂവാക്കി,
ഒരിക്കലും  തെറ്റാത്ത  സമയത്തിന്‍റെ തീവണ്ടികളില്‍
കൃത്യമായ ലക്ഷ്യസ്ഥാനങ്ങളിൽ ഇറക്കി,
ചിലപ്പോൾ മൂർച്ചയുള്ള ഒരു കണ്മുനയാൽ,
അപൂർവ്വം  ചിലപ്പോൾ
ഒരു മൊഴിയമ്പിനാൽ രക്ഷിച്ച്,
സ്വയം കമ്പിളിയും വിശറിയുമായി,
ഒരു മൂളിപ്പാട്ടിൽ കൃതാർത്ഥതയൊതുക്കി
നടവഴിയോരം ചേർന്ന്
അങ്ങനെയങ്ങനെ
നടന്നുനീങ്ങുന്ന  അമ്മ.

കണ്ണിൽ പ്രണയത്തിന്റെ കുസൃതിയുമായി
വാത്സല്യത്തിന്റെ സാരിത്തുമ്പിനാൽ
അച്ഛന്റെ പുറത്തെ വിയർപ്പാറ്റുന്ന
പൊട്ടണിഞ്ഞ കുളിർക്കാറ്റ്,

നിലാവുപോലെ ചിരിച്ചുകൊണ്ട്
അന്നം വിളമ്പുന്ന,
കൈവണ്ണയിലെ കരി
 മറച്ചു പിടിക്കുന്ന വെണ്മ.
ആയമ്മ  ഉള്ളിൽ പീലിവിരിക്കയാൽ
കണ്ണ് മറ്റൊന്നും രേഖപ്പെടുത്തുന്നില്ല.
 മനമറിയാതെ ചുണ്ടു ജപിച്ചുപോകുന്നു.
'മരിക്കണേ
വേഗം  മരിക്കണേ
 ഇരുണ്ട കാഴ്ചകൾ മറയ്ക്കണേ"

തൂങ്ങിക്കിടക്കുന്ന ഇലത്തുമ്പ്
ഭാരമെന്നു കരുതും മുൻപ്,
നീരുവറ്റിചുരുണ്ട
ഈ കൊക്കൂണിൽനിന്ന്
അമ്മ ഒരു ചിത്രശലഭമായി പറന്ന്,
നിത്യഹരിതവനസ്ഥലിയിൽ എത്തി
പാറിക്കളിക്കട്ടെ,
"വിളിക്കണേ
വേഗം വിളിക്കണേ"

(ഡിസംബര്‍ 2013)

Thursday 5 December 2013

ഞാൻ അയാളോട് പറഞ്ഞത്

 ഞാൻ അയാളോട് പറഞ്ഞത്......

ഞാൻ അയാളോട് പറഞ്ഞു.
പ്രണയം കാറ്റു പോലെയാണ്;
മണ്ണുപോലെയല്ല .
മരം പോലെയും ജലം പോലെയും അല്ല;
ഇവയൊക്ക പരസ്പരം
 കെട്ടുപിണഞ്ഞു കിടക്കുന്നു;
അദൃശ്യമായ ബന്ധനങ്ങളാൽ.
പ്രണയമാകട്ടെ കാറ്റുപോലെതന്നെയാണ്.

അതിനെ ആരും എങ്ങും തളച്ചിടുന്നില്ല.
ഇഷ്ടമുള്ളപ്പോൾ ഇഷ്ടമുള്ളിടത്തു വരുന്നു;
ഇഷ്ടം പോലെ പോവുകയും ചെയ്യുന്നു.
വഴി തടയുന്ന  ഗിരിശൃംഗങ്ങളിൽ  പതറാതെ,
ഉടൽ പകുത്തും മറുവഴിതിരയുന്നു.
പ്രണയം കാറ്റാകുന്നു ;
നിത്യമായ സ്വാതന്ത്ര്യവും.

അതിൽ ചിലതു കൊടുങ്കാറ്റുപോലെ;
കടന്നുപോകുന്നിടത്തുള്ളതെല്ലാം
 തകർത്തെറിയും.
മറ്റു ചിലത് ചുഴലിക്കാറ്റുപോലെ
ചുറ്റുമുള്ളതിനെയെല്ലാം
 ഉള്ളിലേയ്ക്കു വലിച്ചടുപ്പിച്ച്
ചവച്ചുതുപ്പും.
ഇളം കാറ്റുപോലെ ചിലത്,
പോകുന്ന  ഇടത്തിലെല്ലാം
ആശ്വാസവും സുഗന്ധവും നിറയ്ക്കും
 ക്ഷണികമെങ്കിലും.


എന്നാൽ ചില മരങ്ങൾക്കു ചുറ്റും
എപ്പോഴും കാറ്റ് വട്ടമിട്ടു നില്ക്കും.
നേർത്തനിശ്വാസമായി.
പിടിച്ചുലയ്ക്കാതെ,
 തല്ലിക്കൊഴിക്കാതെ,
പൊതിഞ്ഞുപിടിയ്ക്കും,
നേർത്ത ഉമ്മകളാൽ
പൂക്കളണിയിക്കും.

                                                                 (ഡിസംബര്‍ 2013)