Saturday 17 March 2012

വിമോചനം *

വിമോചനം

ഭൗതിക സ്വര്‍ഗ്ഗ സുഖദാനുഭൂതികൾ
തീർക്കുന്ന നീലത്തടാകത്തിൽ നീന്തവേ,
ബന്ധങ്ങൾ കേവലം കീറമാറാപ്പുകൾ
സൗഹൃദങ്ങൾ നായ നക്കിയോരന്നവും.
നാറും നഗരമേ, നിന്റെ മധ്യാങ്കണ-
നാഡികൾ പേറും മഹാർബുദമാണവ.

ശുക്ലം, വിയർ,പ്പശ്രുനീ,രൊരു വേശ്യതൻ
ഋതുരക്തപാപം , കുറുകിക്കറുത്തൊരീ
ശയ്യാതലം നീ മറച്ചൂ വിലോലമാം
ദർശനസൗഖ്യദം പട്ടുവിരിപ്പിനാൽ.

ചന്ദനം ചാലിച്ച വാക്കിന്റെപൂക്കളാൽ,
ഇന്ദ്രനീലം തിളയ്ക്കുന്ന നിൻ നോക്കിനാൽ,
രാഗോത്സവം വിടർത്തുന്ന സ്പർശത്തിനാൽ,
തീവ്രാനുരാഗത്തിനാലിംഗനാഗ്നിയാൽ
എത്ര നാൾ നീയൊളിപ്പിക്കും സഖേ നിന്റെ
നെഞ്ചിൽ നുരയ്ക്കുന്ന മൃത്യുകീടങ്ങളെ!?

കൂട്ടിക്കൊടുപ്പിൻ ചതുപ്പും, കൊടും ചതി
ചായം പുരട്ടിച്ചമച്ചരക്കില്ലവും
ആഡംബരത്തിൻ തണുപ്പുമാലക്തിക
ചാരുതയോലും നരകസംഗീതവും,
എന്നേ മടുത്തു തിരിച്ചറിയുന്നു നിൻ
നീലിച്ച ചുംബനത്തിൻ മൃത്യുദംശനം.

നേരുന്നു ഞാൻ നിനക്കന്ത്യ യാത്രാമൊഴി,
ഊരുന്നു നീ തന്ന മുദ്രാംഗുലീയവും.
പാദുകമുപേക്ഷിച്ചു പാദരേണുക്കളും
തട്ടിക്കുടഞ്ഞീപ്പടി കടക്കുന്നു ഞാൻ.

                                           (മാര്‍ച്ച്‌ 2013)

ക്ഷമാപണം

ക്ഷമാപണം

സോദരീ ക്ഷമിക്കുക കെട്ടുതാലിതൻ കൊല-
ക്കയറിൽ കുടുങ്ങി നീപിടയുമ്പോഴും, പ്രാണൻ
വഴിമുട്ടിയേ തപിച്ചാർദ്രമായ് കേഴുമ്പോഴും,
ഇറ്റു സ്നേഹത്തിൻ ദാഹനീരിനായ് പൊള്ളുമ്പോഴും,

ഇന്ദ്രിയ വാതായനപ്പഴുതിൽക്കൂടി ഒച്ച
ഒട്ടുമേകേൾപ്പിക്കാതെ, പിച്ചളക്കണ്ണും കൂർത്ത
മൂക്കുമായ് മരണത്തിൻ ദുഷ്ടദേവത നിന്റെ
കരളിൻ മിടിപ്പിലേക്കെല്ലിച്ചകരം നീട്ടേ,

പ്രജ്ഞയിൽ കുപ്പിച്ചില്ലു വിതറും പോലെ, നിന്റെ
പിഞ്ഞിയ കരളിലേക്കാണികൾ തറയ്ക്കും പോൽ,
കെടുകാലത്തിൻ  വടുകെട്ടിയ വരൾകണ്ഠ-
നാളത്തിൽ വിഷം തേച്ച തെറിവാക്കിറ്റിച്ചു ഞാൻ.!

കാണുവാനായീല നിൻ കണ്ണിലേക്കിരമ്പിയ
കരൾഭിത്തികൾപൊട്ടിയാർത്തലച്ചീടും നോവിൻ
തിരമാലകൾ, കൊടുംചതിയിൽ കെണിപെട്ട
നിസ്സഹായതയുടെ മൂകമാം പിടച്ചിലും!.

ഉള്ളിലെ നേർക്കാഴ്ചയെ മറച്ചേ നിന്നൂ പാപ-
ശയ്യയിൽ നേടിക്കുന്നുകൂട്ടിയ മഹാസുഖം.
കേൾക്കുവാൻ കഴിഞ്ഞീല വേട്ടനായ് പല്ലിൽ കോർത്തു
വലിക്കും  മൃഗത്തിന്റെ മൂകരോദനം തെല്ലും.

എതിർക്കാനരുതാത്ത നിന്നെയാണല്ലോ മദം
പൂണ്ടൊരെൻ വാക്കിൻ വിഷം തേച്ചു ഞാനമ്പെയ്തതും!
മനസ്സും ശരീരവും പണയം വച്ചും വിറ്റും
നേടിയ പൊന്നും നിധികുംഭവും കിലുങ്ങവേ,
കേൾപ്പതെങ്ങനെ സഖീ സോദരീ നെഞ്ചിൻ കൂടു
തകർന്നേ ചിതറിടും വ്യർത്ഥമാം വിലാപങ്ങൾ!.

ചെകുത്താൻ പണിപ്പുര തീർക്കുമീ മസ്തിഷ്കത്തിൽ
മൃത കോശങ്ങൾ മത്രം ബാക്കിയാകവേ തെല്ലും
കഴിഞ്ഞീലറിയുവാൻ നീയലഞ്ഞകലുമീ
കനൽപ്പാതകൾ നീണ്ടേകിടക്കും വീഷക്കടൽ.

കുഷ്ഠരോഗത്തിൻ വ്രണം വിങ്ങുമെന്നാത്മാവിന്നു
തൊടുവാനറിയുവാൻ കഴിഞ്ഞീലല്ലോ നിന്നെ
കാലവും വിധിയും ചേർന്നെത്രയോ മുന്നം നിന്നെ
കുരിശിൽ പേർത്തും പേർത്തും  തറച്ചൂ മുറിവേറ്റി!

ക്ഷമിക്കൂ സഖീ എന്നേ മരിച്ചു കഴിഞ്ഞ നിൻ
ജഡമാണല്ലോ തുണ്ടംകീറി ഞാൻ രസിച്ചതും!
ഒന്നുമേപോരാഞ്ഞിരുതലനാവിനാൽ  കുത്തി-
പ്പിളർന്നൂ പിടയും  നിൻ താന്തമാമാത്മാവിനെ.
നിൻ മിഴിക്കോണിൽ ഹിമബിന്ദുപോൽതിളങ്ങുമീ
തീർത്ഥമെന്നാത്മാവിനെ ശുദ്ധമാക്കട്ടെ നിത്യം.

                                                                     (മാര്‍ച്ച്‌ 2013)

Friday 9 March 2012

മിഥ്യ


ഇതു പൊറുതിയല്ല

എന്നറുതിയാണ്

വാഴ്വല്ല ,പാഴായ ജന്മമാണ്

രതിയല്ല ചതിയാണു

നിത്യവൃത്തി

കനവല്ല കണ്ണുനീരാണു കണ്ണിൽ.

           ഇവിടെ ഞാൻ ജീവിക്കയല്ല ഹോമിക്കയാ-

           ണെന്റെസ്വപ്നങ്ങളും, പൂത്ത പാടങ്ങളും,

നീരരുവി പോലെയുറവാർന്ന ദാഹങ്ങളും,

നീലക്കടമ്പിന്റെ കൊമ്പിലെ വേണുവും.


ഒരുമയിൽപ്പീലിപോലാത്മാവിൻ  താളുകൾ-

ക്കിടയിൽഞാൻ നെയ്തൊരാ വർണ്ണപ്രപഞ്ചവും,

കാമനകൾ തൻ കീറമാറാപ്പിൽ  കാത്തൊരാ

ഭാവനാലോലമാം മഞ്ചാടിമണികളും

ചിതറിത്തെറിച്ചുപോയ്, ശൂന്യമീ നെഞ്ചകം,

നിറയുന്നു പേക്കിനാവിൻ കാട്ടുതീയിനാൽ


ഭ്രാന്തിൻ പുഴുക്കൾനുരയ്ക്കും ഞരമ്പിലൂ-

ടുരുൾപൊട്ടിയൊഴുകുമോ കവിതതൻ വിപ്ലവം?

വരൾമണ്ണുപോലുള്ള  വിണ്ട പാദങ്ങളാൽ

ഒരു കാതമെങ്കിലും താണ്ടുമോ ഞാനിനി?

നിണപാദമുദ്രകൾ നിറയുമീവേദിയിൽ

മിഴിനീരു പുഴപോലെ ഒഴുകുമീ ഭൂമിയിൽ

വർണ്ണങ്ങളിനിയും പൊലിയ്ക്കുമോ ജീവനിൽ

വീണ്ടുമെൻ വേണു തുടിക്കുമോ തെന്നലിൽ?


                      (മാര്‍ച്ച്‌ 2012)



Saturday 3 March 2012

സോഷ്യലിസം *

സോഷ്യലിസം

വാക്കത്തി വായ്ത്തല പോലെന്റെ വാക്കുകൾ,
വിഷമുള്ളു കുത്തിയ പോലെന്റെ നോക്കുകൾ,
ചൊറുതണവള്ളിപോലെന്റെയാലിംഗനം,
കാട്ടുകടന്നലിൻ കുത്തുപോൽ വേഴ്ചയും.

വിൽക്കുവാൻ വച്ചിരിക്കുന്നു ഞാനെന്നെയീ
മൂവന്തി നേരത്തു നാട്ടൂനാൽക്കവലയിൽ.
ഇടനിലക്കാരന്റെ പേച്ചിന്റെ മന്ത്രമി-
ല്ലാദ്ധ്യാത്മികത്തിൻ മറയില്ല തെല്ലുമേ!

പശയിട്ട ഖദറിന്റെ വടിവുടയ്ക്കാതെ,
വേർപ്പറിയാതെ കാറിൽ പറക്കുന്ന കൂട്ടരും,
മന്ത്രതന്ത്രങ്ങൾ ജപിക്കുന്ന കാവിയും,
സ്വന്ത ബന്ധങ്ങൾ വെടിഞ്ഞവർ വേറെയും,
കുർബാന ചൊല്ലുന്ന ളോഹയും, നെറ്റിയിൽ
നിസ്കാര വടുവുള്ള നല്ല ചങ്ങായിയും,

തെറിവാക്കുരയ്ക്കുന്ന പുലയാടിയും,
പാതിരാവിൽ പതുങ്ങുന്ന തറവാടിമക്കളും,
മത്തിയും കള്ളും മണക്കും പുലയനും,
യജ്ഞം നടത്തുന്ന പൂണൂലുധാരിയും

നോവിനെ കാവ്യങ്ങളാക്കും കവിയു,മാ-
വാക്കിനെ വസ് ത്രമുരിക്കുന്ന കൂട്ടരും,
മാനത്തു പൂക്കുന്ന `താര`ങ്ങളും, ചെളി-
ക്കുണ്ടിലെത്താമരക്കുഞ്ഞുങ്ങളും വന്നു
വാങ്ങുവിൻ, അല്ലെങ്കിൽ വാടക നൽകുവിൻ
വില്പന, വാടക തമ്മിലെന്തന്തരം!?

മാവേലിനാട്ടിൽ സ്ഥിതിസമത്വം കാത്തു-
പോറ്റുമിവൾ ഈ വിശ്വസ്തയാം സ്ഥാപനം.

                                                          (ഫെബ്രുവരി 2013)