Follow by Email

Tuesday, 22 May 2012

കൂട്ടുകൃഷിയുടെ ഗൃഹപാഠം

   കരുതലോടെ ഇരിക്കേണ്ട കാലമാണിത്. ഇന്നതിനെക്കുറിച്ച് എന്നൊന്നുമില്ല .അകത്തളങ്ങൾ മുതൽ അതിവിശാലമായ വിഹായസ്സു വരെ. ഒറ്റപ്പെടലിന്റെയല്ല ഒത്തൊരുമയുടേതാവണം ഇനിയുള്ള കാലം എന്ന് എന്തൊക്കെയോ നമ്മെ നിരന്തരം ഓർമ്മപ്പെടുത്തിക്കൊണ്ടിരിക്കുന്നു. ഓരോരോ ദ്വീപുകളും രാജ്യങ്ങളുമായി വ്യക്തികൾ മാറുന്നതിനെ ആശങ്കയോടെ നോക്കി കാണേണ്ടതുണ്ട്.  ഒത്തൊരുമയുടെ ബാലപാഠം അകത്തളത്തിൽനിന്നു  തുടങ്ങിക്കളയാം.

                  ആണത്തവും പെണ്ണത്തവും കൊമ്പുകോർക്കുകയും മേനിനടിക്കുകയുമല്ല വേണ്ടത്;അരങ്ങിലായാലും, അടുക്കളയിലായാലും, കിടപ്പറയിലായാലും.പങ്കാളികളാവുകയാണ് ചെയ്യേണ്ടത്.ലിംഗഭേദം തത്ക്കാലം ശാരീരികചിഹ്നമായി മാത്രം നിൽക്കട്ടെ.പെൺപിറന്നവളുടെ ഉടൽ, ചില ആൺ തീരുമാനങ്ങൾ അലക്കിത്തൂക്കാനുള്ള അഴക്കോലല്ല എന്ന്ണ്ണു് ആണും പെണ്ണും   തിരിച്ചറിഞ്ഞേ പറ്റൂ. ഇല്ലെങ്കിൽ അറിയിച്ചുകൊടുക്കണ്ടേ നമ്മളായിട്ട്?  എന്നോ അവസാനിക്കുന്ന   ഈ യാത്രാപർവ്വത്തിൽ ഒരു നല്ല കൂട്ടൊക്കെ ആകാവുന്നതാണെന്നേ.

                  അടു'ക്കള' പെണ്ണിന്റെ 'അള'യോ അടക്കിഭരണം ആവശ്യപ്പെടുന്ന സാ മ്രാജ്യമോ അല്ല.കിരീടം വച്ചൊഴിയേണ്ടവർ സമയാസമയങ്ങളിൽ അതു ചെയ്തേ പറ്റൂ. 'കടൽക്കിഴവി'കളെപ്പോലെ കടിച്ചുതൂങ്ങിയിട്ട് വരുന്നവരുടെയും പോകുന്നവരുടെയും നേരെ ചീറുകയും കാറുകയും ചെയ്ത് മോഹഭംഗങ്ങൾ മറക്കാൻ ശ്രമിക്കുന്നവർ  ജാഗ്രതൈ! "അടുക്കളേൽ എന്നാ ആണാപ്പിറന്നവനു  കാര്യം" എന്ന അശ്ലീലം ഉരിയാടാതിരിക്കുക.

                   പഴകിപ്പതിഞ്ഞുപോയ  ചില ടെർമിനോളജികൾ ഉണ്ട്.സംസ്കാരത്തിന്റെ തായ് വേരിനോളം പഴക്കമുള്ളത്. ആവർത്തിച്ച് അതിനു് ആക്കം കൂട്ടുന്നില്ല. ആവശ്യമങ്കിൽ ശസ്ത്രക്രിയ ചെയ്തുതന്നെ മാറ്റണം. 'നീ പെണ്ണാണ്' എന്ന ഇടയ്ക്കിടെയുള്ള ഓർമ്മപ്പെടുത്തൽ;കീഴ്പെടണം എന്ന നിശ്ശബ്ദ താക്കീത്,പഞ്ചേന്ദ്രിയങ്ങൾകൊണ്ടും അടിച്ചമർത്തൽ ,എല്ലാം നിർബാധം തുടരുന്നു.

                     തന്റേതായ ഒരു 'ഇടം' കണ്ടെത്തുക,എവിടെയും ഏതൊരു വ്യക്തിയുടെയും അവകാശമാണ്. അതു കണ്ടെത്തുന്നവളെ 'തന്റേടി' എന്ന ചെല്ലപ്പേരു വിളിക്കണോ?  പാരമ്പര്യത്തിന്റെ നിഘണ്ടുവിൽ 'സ്വൈരിണി',' അഭിസാരിക' എന്നൊക്കെയാണ് ആ വാക്കിന്റെ  അലിഖിതമായ അർത്ഥം!എന്തു കഴിക്കണം, എന്തുടുക്കണം, എങ്ങനെയുടുക്കണം,എങ്ങനെ നടക്കണം,  എങ്ങനെ കിടക്കണം എന്നിങ്ങനെയുള്ള സ്വകാര്യതകളെല്ലാം 'ആണും അങ്ങാടി'യും കൂടി 'എങ്ങനെ അടക്കണം' എന്നാക്കി വച്ചിരിക്കുകയാണല്ലോ!

                   അങ്ങാടിയും, അടുക്കള,യും അരങ്ങും ഒന്നും ആരുടെയും കുത്തകയല്ല;തറവാട്ടു സ്വത്തോ അയിത്തപ്പുരയോ അല്ല. വാക്കുകൊണ്ട് വ്യഭിചരിച്ച് ആണും പെണ്ണും അതിനെ അശുദ്ധമാക്കിക്കൂടാ. അങ്ങാടിക്കു പോകുന്ന പെണ്ണ് 'ആണൊരുത്തി'യും തുണി അലക്കുകയും മുറ്റം തൂക്കുകയും ചെയ്യുന്ന ആണ് 'പെൺകോന്ത'നും ആകാതിരുന്നാൽ മതി.

                    സഭയിൽ വസ് ത്രം ഉരിയപ്പെടാനുള്ളവളല്ല സ് ത്രീ അറിവുള്ള ശാസ് ത്രം പറയുന്നവളാവട്ടെ അവൾ. വിത്തും വിളഭൂമിയും എന്ന പഴയ സങ്കല്പത്തിൽ നിന്ന് ,ഒരുമിച്ച് വിതച്ച്,ഒരുമിച്ച് കൊയ്ത്, ഒരുമിച്ച് വച്ച്, ഒരുമിച്ചുണ്ട്, ഒരുമിച്ചുറങ്ങിയുണരുന്ന ഒരു പുതിയ സഹവർത്തിത്ത്വത്തിന്റെ 'നാളെ' നമുക്കൊരുമിച്ചേ തീർക്കാനാവൂ. ' ഒരുമിച്ച്'- അതൊരു സുഖമുള്ള വാക്കല്ലെ.!?

Sunday, 20 May 2012

എന്നെ മറക്കുകിൽ (മൊഴിമാറ്റം) *


എന്നെ മറക്കുകിൽ


ഒന്നുണ്ടു നിന്നോടു ചൊല്ലുവാനോമനേ,
ഇങ്ങനെയാവാമിതെന്നുടെ കാഴ്ചയിൽ.

ജാലകത്തിൻ ചാരെ മല്ലെക്കടന്നുപോം
ശാരദകന്യതൻ ആരക്തശാഖിയിൽ
തൊട്ടുനിൽക്കുന്ന സ്ഫടിക രാഗേന്ദുപോൽ.

മരവിച്ച ചാമ്പലോ, വേനൽ വരട്ടിയുണക്കിയ
ചുള്ളിയോ പോലെ,  തൊട്ടീടുകിൽ.

എല്ലാമടുപ്പിക്കയാണെന്നെ നിന്നിലേയ്ക്ക്
ഉണ്മയിലുള്ളവയെല്ലാം.
സുഗന്ധങ്ങൾ,
വെള്ളിവെളിച്ചവും ,ലോഹാരവങ്ങളും.
ഏറെ പ്രതീക്ഷയോടെന്നെ വരവേൽക്കുവാൻ
കാത്തുനിൽക്കും നിന്റെ ദ്വീപതീരങ്ങളിൽ
എന്നെയടുപ്പിക്കുമിക്കൊച്ചു നൗകകൾ.

കാലം കുതിച്ചൊഴുകുമ്പോൾ അലിഞ്ഞുപോം
നിൻപ്രണയമെങ്കിലോ ഞാനും മറന്നിടും.
ഒരുദിനം നീയെന്നെ ആകെ മറക്കുകിൽ,
കാക്കേണ്ടെനിക്കായി പ്രേമമാർഗ്ഗങ്ങളിൽ,
നിന്നെ മറന്നു കഴിഞ്ഞിരുന്നെന്നേഞാൻ.

ദീർഘമായ് ഭ്രാന്തമായ് ചിന്തിച്ചുനീയെന്റെ
പ്രാണനിൽ പാറുന്ന കാറ്റിൻ കൊടിമരം,
എന്റെ വേരോടും ഹൃദയതീരങ്ങളിൽ
എങ്ങോ മറന്നിട്ടു പോകാൻ ശ്രമിക്കുകിൽ,
ഓർമ്മിച്ചു വ്യ്ക്ക നീ, അന്നു തന്നെ
ആനിമിഷത്തിൽ തന്നെ ഞാൻ
കൈകളുയർത്തി യാത്രാമൊഴി ചൊല്ലിടും.
മറ്റൊരു തീരത്തു വേരുറപ്പിച്ചിടും.

എങ്കിലും, എന്നും, എല്ലാനിമിഷത്തിലും,
എങ്ങുമൊടുങ്ങാത്ത മാധുര്യമോടു നീ
എന്നോടു ചേരേണ്ടവൾ എന്നറിയുകിൽ,
ഒരു ചുമ്പനപ്പൂവു ചേരുന്ന ചുണ്ടുമായ്
എന്നെന്നുമെന്നെ തിരയുന്നുവെങ്കിലും,
ഓ ,എന്റെ സ്വന്തമേ, എൻപ്രേമസാരമെ,
നീയെന്നിലഗ്നിയായ് വീണ്ടും ജ്വലിച്ചിടും.

കെട്ടൊടുങ്ങുന്നില്ല ഒന്നുമെന്നുള്ളിൽ, നീ
വിസ്മൃതിയിൽ പെട്ടു പോകില്ല തെല്ലുമേ.
നീയറിഞ്ഞാലും പ്രിയേ നിൻ പ്രണയമാ
ണെന്റെ പ്രേമത്തിന്റെ ജീവാമൃതം സഖീ
നിന്റെ നിശ്വാസം നിലയ്ക്കും വരെ നിന്റെ
കൈകളിൽ എൻ കരം ചേർന്നിരിക്കും വരെ
ഭദ്രമാണോമനേ പ്രണയമാക്കൈകളിൽ.

                                                           (മെയ് 2012)

If You Forget Me

I want you to know
one thing.

You know how this is:
if I look
at the crystal moon, at the red branch
of the slow autumn at my window,
if I touch
near the fire
the impalpable ash
or the wrinkled body of the log,
everything carries me to you,
as if everything that exists,
aromas, light, metals,
were little boats
that sail
toward those isles of yours that wait for me.

Well, now,
if little by little you stop loving me
I shall stop loving you little by little.

If suddenly
you forget me
do not look for me,
for I shall already have forgotten you.

If you think it long and mad,
the wind of banners
that passes through my life,
and you decide
to leave me at the shore
of the heart where I have roots,
remember
that on that day,
at that hour,
I shall lift my arms
and my roots will set off
to seek another land.

But
if each day,
each hour,
you feel that you are destined for me
with implacable sweetness,
if each day a flower
climbs up to your lips to seek me,
ah my love, ah my own,
in me all that fire is repeated,
in me nothing is extinguished or forgotten,
my love feeds on your love, beloved,
and as long as you live it will be in your arms
without leaving mine.

By Pablo Neruda

Friday, 18 May 2012

പെണ്മരം *

പെണ്മരം

ഓരോ പെണ്ണും ഓരോ മരമാണ്.
കായ്കനികളും തണലുമാണ്.
ഇടവേളകളിൽ
ചാരിനിന്നും  ചാഞ്ഞിരുന്നും
സൊറപറഞ്ഞ്
 നേരം കളയാൻ
ഒരു തണൽ വട്ടവും.

കെട്ടതും ചീഞ്ഞതും
അട്ടുനാറിയതും
എല്ലാമേറ്റെടുക്കുന്നേയുള്ളൂ!
പുറം തിരിയുന്നില്ല ഒന്നിനോടും,
പകരം തരുന്നതോ
വസന്തവും വർഷവും
രുചിയും കനിവും.

ആഴങ്ങളിൽ വേരോട്ടമുള്ളവൾ,
തേടുന്നതോ നനവിന്റെ ഗന്ധം.
തായ്ത്തടി മുറിച്ചാലും,
തായ് വേരറുത്താലും
പേർത്തും പേർത്തും
പൊട്ടിമുളയ്ക്കുന്നവൾ.!

എല്ലാം വലിച്ചെടുക്കും,
ഏറെയെല്ലാം ഉള്ളിലമർത്തും,
ഒടുക്കം,
ആരാന്റെയടുപ്പിൽ എരിഞ്ഞമരും.

                                               (മെയ് 2012)