Wednesday 10 October 2012

അകളങ്കനക്ഷത്രം

അകളങ്കനക്ഷത്രം

കിനാവിന്റെ  ഈ മഴച്ചാർത്തിനിടയിലൂടെ,
നിന്റെ കൈ പിടിച്ച്,
എങ്ങോട്ടെന്നില്ലാതെ നടക്കാൻ,
ഞാനേറെ കൊതിച്ചിരുന്നു.
 എനിക്കു നീ
നിറവസന്തമായിരുന്നു എന്നും.
പൂത്തവാകപോലെ  ജ്വലിച്ചുനിൽക്കുന്ന നിന്നെ,
കണ്ണിമയ്ക്കാതെ ഞാൻ
നോക്കി നിന്നതെത്രയോ വട്ടം!

നിന്റെ ഭൂമികയിൽ താരകങ്ങൾ പൂക്കുകയും,
മാരിവില്ലുകൾ വിരിയുകയും ചെയ്തു.
നിന്റെ വാനത്തിലോ ,
മലകളും പുഴകളും തമ്മിൽ പുണർന്നു കിടന്നു.

നിറതിങ്കളെക്കാൾ തെളിഞ്ഞുനിന്ന നീ
കാർമേഘപാളികൾക്കിടയിൽ
സ്വയം കടന്നു കയറിയതെന്തിന്!
നീ പൊഴിച്ച പ്രണയം
ഇപ്പൊഴും പ്രകൃതിയെ പട്ടുടുപ്പിക്കുന്നു:
നിലാവു പോലെ.

 എന്റെ ചിരപ്രണയിനീ,
നിന്റെ ഹൃദയരക്തം,
തൂലികത്തുമ്പിലൂടെ ഉറന്നുവന്ന്,
നീർമാതളമണികളായി മാറി.
സുതാര്യമായ ആ പളുങ്കുമണികൾ
തുടിച്ചു തിടം വയ്ക്കുന്ന
നിന്റെ ഹൃദയം തന്നെയായിരുന്നില്ലെ?
ലോകത്തോട് ചിരം കലഹിച്ചുകൊണ്ട്
നിന്റെ മനസ്സ് പറന്നുകൊണ്ടേയിരുന്നത്
ഏതു നിറപ്പൊലിമ തേടിയായിരുന്നു?


നെറ്റിയിലെ കുങ്കുമം മായിച്ച്,
താമരത്താരു പോലെയുള്ള പാദങ്ങൾ കൊണ്ട്
അടിയളന്ന്,
ഒച്ചയുണ്ടാക്കാതെ ,
നീ നടന്നു മറഞ്ഞതെങ്ങ്?

 ചെന്നുകയറിയ തമോഗൃഹം
നിന്റെ ആത്മാവിന്റെ വലിപ്പത്തിനു്
എത്രയോ ചെറുതായിരുന്നു!
സഞ്ചരിക്കുന്ന ആ കാരാഗാരം
നിന്റെ പുഞ്ചിരി  ചീന്തിയെറിഞ്ഞു:
പ്രണയഗീതങ്ങളുടെ ഈണം കുടഞ്ഞെറിഞ്ഞു.

പാദസരക്കിലുക്കത്തിലൂടെ,
കാതലുക്കുകളുടെ കലമ്പലിലൂടെ,
കൈവളപ്പിണക്കത്തിലൂടെ
നിന്റെ പ്രാണന്റെ പിടച്ചിൽ
കാറ്റിലലിഞ്ഞു ചേർന്നു.
 ആ തകർന്ന ഹൃദയത്തിൽനിന്നു്
മധുരനാദ വീചികളായി ഒഴുകിപ്പരന്നു,
 മാനം കാണാത്ത നിന്റെ മയിൽപ്പീലിവർണ്ണങ്ങൾ
മാരിവില്ലിനു നിറം പകർന്നു,
മിഴിനീർത്തുള്ളികൾ വാനിലുയർന്ന്,
താരങ്ങളായി
ഭൂമിയെ നോക്കി മന്ദഹസിച്ചു.

പ്രണയം തുടിക്കുന്ന നിന്റെ ഹൃദയത്തെ
വിലയ്ക്കുവാങ്ങാൻ,
പ്രണയം ഒഴുകുന്ന സിരാവ്യൂഹങ്ങളെ
ചങ്ങലയ്ക്കിടാൻ,
പ്രണയം പൂക്കുന്ന  സുതാര്യനയനങ്ങളെ
തമോമയങ്ങളാക്കാൻ
ഒരു  ഇരുൾഗർത്തങ്ങൾക്കുമാവില്ല.
നീതന്നെയാണ് പ്രണയം,
നീതന്നെയാണ് സത്യം,
നീതന്നെയാണ് സൗന്ദര്യവും.!