Follow by Email

Tuesday, 25 December 2012

നിന്നെ അറിയുന്നു
എന്റെ മിഴികളിൽ ജലകണികകൾ
പെയ്യാൻ വിതുമ്പി നിൽക്കുന്നില്ല.
ഇടനെഞ്ചിലാളിപ്പടരുന്ന
രോഷാഗ്നിജ്വാലയിൽ
അതു വറ്റിവരണ്ടുപോയി.

ഭയത്തിന്റെ വള്ളിപ്പടർപ്പിൽ
കുടുങ്ങിപ്പോയ പേടമാനിനെ
കഴുതപ്പുലികൾ കൂട്ടം ചേർന്ന്
വേട്ടയാടും പോലെ,
അറവുകാരൻ വലിച്ചെറിഞ്ഞ എല്ലിൻ മുട്ടി
തെരുവു നായ്ക്കൾ ചേർന്ന്
 കടിച്ചു കീറും പോലെ,
നിണമൊലിക്കുണ ദംഷ് ട്രകളുമായി
ആ പേപിടിച്ച കാട്ടുചെന്നായ്ക്കൾ
നിന്നെ കോർത്തുവലിച്ചു.

നീയെന്റെ മകളല്ല ,നേരനുജത്തിയുമല്ല,
എങ്കിലും  എന്റെ ചേതന
നിന്നെ തൊട്ടറിയുന്നു.
നിന്റെ നോവുകൾ
എന്റെ പ്രാണനെ ദഹിപ്പിക്കുന്നു.
ഇരുളിലേയ്ക്കു വേച്ചുപോകുന്ന,
നിന്റെ ജീവന്റെ ഇടറുന്ന ചുവടുകൾ,
കർമ്മവീര്യത്തിന്റെ കരുത്തുനേടി
നിറയുന്ന ചൈതന്യത്തിലേയ്ക്ക്
തിരികയെത്തട്ടെ.

പ്രിയതമയായ കൂട്ടുകാരീ,
ഞാൻ നിന്നെ അറിയുന്നു.
നിന്നിൽ പതിഞ്ഞ മുറിപ്പാടുകൾ,
ചുരത്തുന്ന നിണമൊലിച്ചിറങ്ങുന്നത്,
എന്റെ ഹൃദയത്തിലാണ്.
നിന്നെ നെഞ്ചോടു ചേർത്തു പിടിയ്ക്കാൻ
ഇവിടെ  ശേഷിക്കുന്നുണ്ട് ഞങ്ങൾ.
 നെറിവിന്റെ അമൃതു വറ്റാത്ത പ്രജ്ഞയുള്ളവർ,
കനിവിന്റെ തേനിറ്റുന്ന കരളുള്ളവർ,
തമസ്സിന്റെ ആഴക്കയത്തിൽ
ഇനിയും  പൂർണ്ണമായും ആണ്ടുപോകാത്തവർ.

വിഹ്വലതകളെ കുടഞ്ഞെറിഞ്ഞ്,
നീ ഉദിച്ചുയർന്നു നിലാവ് പരത്തൂ  ഇനിയും.

Friday, 21 December 2012

ജന്മപുഷ്പം

ജന്മപുഷ്പം

മഞ്ഞുമ്മ വച്ചു ചൊടിചുവപ്പിച്ചൊരീ
 ചെമ്പനീർപ്പൂവിനെ നോക്കൂ.
എൻ ജന്മപുസ്തകമാണതു പൂവിത-
ളോരോന്നുമോരോ പുറങ്ങൾ.

തുടുവിരൽത്തുമ്പിനാൽ തൊട്ടു തലോടിയും
ചാരുസുഗന്ധം നുകർന്നും,
ചുണ്ടോടണച്ചും പ്രണയവർണ്ണച്ചിറ-
കോലും ശലഭമായ് വന്നും

എത്രമേലോമനിച്ചിട്ടും മതിവരാ-
തേറുന്ന നെഞ്ചിൻ മിടിപ്പിൽ,
പ്രണയാർദ്രമാകുമീ ദലമൊന്നടർത്തി നീ
ചേർക്കവേ രുധിരം കിനിഞ്ഞൂ.

നിറമാർന്നൊരഴകായി നിൽക്കുമീപ്പൂവിനെ
നിറയും തുടിപ്പിന്റെ തികവിൽ,
ഇതളുകൾ വാടിക്കൊഴിയുന്നതിൻ മുൻപ്,
ചിതലരിക്കുന്നതിൻ മുൻപ്,

ഉള്ളുലഞ്ഞീടാതെ തണ്ടോടടർത്തി നീ
പ്രിയമോടെ പ്രാണനിൽ ചേർക്കൂ.
നവസൂര്യകിരണമേറ്റീമഞ്ഞുതുള്ളികൾ
ശൂന്യമായ് ത്തീരുന്നപോലെ

കർമ്മബന്ധങ്ങളഴിഞ്ഞു ഞാൻ സംശുദ്ധ-
യാകുന്നു നീതലോടുമ്പോൾ.
പ്രണയമയൂഖങ്ങളേറ്റഹം ബോധമ-
ലിഞ്ഞു  ഞാൻ ചേരുന്നു നിന്നിൽ.

Thursday, 20 December 2012

മുക്തി

പൂമൊട്ടുകൾ ഇതൾ വിടർത്തുമ്പോൾ
ഞാൻ കേൾക്കുന്നത് 
നിന്റെ ഹൃദയസ്പന്ദനം,
മഴച്ചാറ്റലിന്റെ തലോടലിൽ
നിന്റെ വിരൽത്തുമ്പുകൾ.
പിൻ വഴിത്താരയിൽ കരിയിലകൾ
ഞെരിഞ്ഞമരുമ്പോൾ,
ഞാനാകെ കോരിത്തരിക്കുന്നത്,
മൂർദ്ധാവിൽ നിന്റെ തണുത്ത ചുംബനം
കൊതിച്ചാണ്.
ജീർണ്ണിച്ചുകൊണ്ടേയിരിക്കുന്ന
ഈ മാംസത്തിന്റെ ഭാരം
എനിക്കു വല്ലാതെ മടുത്തിരിക്കുന്നു.

Sunday, 16 December 2012

ഉപമ


തിരയടിച്ചാർക്കും മഹാസമുദ്രം
ഒരു കുഞ്ഞു ശംഖിൽ നിറച്ചപോലെ,
ശതകോടി താരകൾ പൂത്ത വാനം
നിൻ നീലമിഴിയിൽ തെളിഞ്ഞപോലെ,
ആയിരം സൂര്യോദയങ്ങളൊന്നായ്
ചെറുമൺചെരാതിൽ ജ്വലിച്ചപോലെ,
കാണാത്ത കാറ്റിന്റെ വീചികളെൻ
പുല്ലാങ്കുഴലിൽ നിറഞ്ഞപോലെ,
ഉരുൾ പൊട്ടിയെത്തുന്നു പ്രണയമെന്നിൽ
ഒഴുകുന്നു നിന്നിലേയ്ക്കതു നിരന്തം

ദ്രൗപദി


ദ്രൗപദി

നേരമിരുട്ടീ പടകുടീരങ്ങളിൽ
ആകെ ശ്മശാനവിമൂകതമാത്രമായ്
മാളമുപേക്ഷിച്ചിറങ്ങീ കുറുനരി,
ഒപ്പം ശവം തേടിയെത്തീ കഴുകനും.
യുദ്ധം കഴിഞ്ഞ കുരുക്ഷേത്ര സംഗര-
ഭൂമിയിൽ മറ്റൊരു യുദ്ധം തുടങ്ങുവാൻ.
കൗരവശക്തിതന്നന്തഃപുരങ്ങളിൽ
ആർത്തനാദങ്ങൾ മുഴങ്ങുന്നു ദീനമായ്.
വൈധവ്യമാളി പ്പടര്‍ത്തും ചിതാഗ്നിയെ
കെട്ടടക്കീടുമോ കണ്ണുനീര്‍ത്തുള്ളികള്‍!

ചെന്നിണമിറ്റിറ്റുവീഴുന്ന കൈകളിൽ
കാർവേണി വാരിയെടുത്തു ഹാ ദ്രൗപദി
ഉന്മാദനൃത്തം ചവിട്ടീ ചിലമ്പൊലി
മാറ്റൊലിക്കൊണ്ടൂ ദിഗന്തങ്ങളൊക്കെയും.

ദാസിയാം കൃഷ്ണയെ പണ്ടു ദുശ്ശാസനൻ
തിങ്ങിനിറഞ്ഞസഭയിൽ ഗുരുവരർ
 കാൺകെ,മരപ്പാവ പോലെ നിൽക്കും പഞ്ച-
പാണ്ഡവർ കാൺകെ,  അധിരഥപുത്രന്റെ
നീറിപ്പുകയും പകയിലുദിച്ചതാം
അട്ടഹാസത്തിൻ പ്രതിധ്വനിയിൽ നീണ്ട
വേണിയിൽ ചുറ്റിപ്പിടിച്ചു വലിച്ചിഴ-
ച്ചാകെയുള്ളൊറ്റവസ്ത്രത്തിലും കൈവച്ചു
 നിൽക്കവേ രക്തസാക്ഷിത്വം വരിച്ചു തൻ
സ്വത്വവും സ് ത്രീത്വവും ശോണബിന്ദുക്കളാൽ.
വീണ്ടുമതോർക്കെ പ്രതികാരദുർഗ്ഗപോൽ
ദ്രൗപദി വീണ്ടും നിണാങ്കിതഹസ്തയായ്.

പാണ്ഡവപത്നി ,ദ്രുപദന്റെ യോമനപ്പുത്രി
പണയച്ചരക്കായി മാറവേ,
അന്നു സുയോധനൻ ലക്ഷണമൊത്ത തൻ
ഊരുവിൽതട്ടിയിളിച്ചുകാണിക്കവേ,
സൂതപുത്രൻ 'ദാസി' എന്നു വിളിക്കവേ,
അശ്ലീലഭാഷണം കോരിച്ചൊരിയവേ,
തന്നഭിമാനവും ഉണ്മയും ആയിരം
കാരമുള്ളേറ്റു പിടഞ്ഞതാണോർത്തവൾ.

മധ്യമപാണ്ഡവൻ ലക്ഷ്യം തകർത്തതി-
വീര്യവാനായ് സാഭിമാനം ഹസിക്കവേ,
മാരൻ മലർശരപഞ്ചകമെയ്തപോൽ
ആകെയുലഞ്ഞതാണന്നു തന്നുൾത്തടം.
മന്ദം നടന്നൂ സലജ്ജം, സഹർഷമീ
ക്കയ്യിൽ സ്വയംവരമാല്യവുമായിതാൻ.
അന്നു താൻ പാണ്ഡവപത്നിയായ് വിശ്വൈക-
വീരരാം കാന്തർക്കു ജന്മസാഫല്യമായ്.
പിന്നെ ശകുനിതൻ ക്രൂരഹസ്തങ്ങളിൽ
എങ്ങോ മറഞ്ഞു കിടന്ന കൊടും വിധി
ധർമ്മാനുസാരിയായ് ധർമ്മജൻ കൈനീട്ടീ
വാങ്ങുമെന്നോരുമോ പാണ്ഡവാർദ്ധാംഗിനി?
വിരാടന്റെയന്തഃപുരത്തിലെ ദാസിയായ്
സൈരന്ധ്രിയായ് അപമാനിതയായ് ചിരം
നീറവേ കീചകന്‍ കാമമദാന്ധനായ്
 കാട്ടിയ വിക്രമം വിസ്മരിച്ചീടുമോ!

അന്നു സ്വയംവരം  ചെയ്തതു ഗാണ്ഡീവ-
ധാരിയെയല്ലവമാനത്തെയാണവൾ
കത്തിപ്പടരുമരക്കില്ലമന്നപോൽ
നീറിപ്പുകയും പകയുമായ് ദ്രൗപദി
മന്ദം നടന്നു കുരുക്ഷേത്രഭൂമിയിൽ
ചെന്നു നിന്നൂ ക്രൂരസംതൃപ്തി നേടുവാന്‍
വൈരീകബന്ധങ്ങൾ കണ്ടുമിത്തീപോലെ
ഉള്ളു നീറ്റും പുത്രശോകം  മറക്കുവാൻ.


കോടി സൂര്യപ്രഭയോടെ മിന്നും  പട-
ച്ചട്ടയിൽ ചെന്നു തറച്ചൂ മിഴിയിണ.
പാദം തൊഴുതു ദൃഢചിത്തനായ് സ്വയം
മൃത്യുവക്ത്രത്തിലേയ്ക്കേകനായ്പ്പോകും
അനാഗതശ്മശൃവാമുണ്ണിതന്നോർമ്മകൾ
പദ്മവ്യൂഹം ചമയ്ക്കുന്നുവോ ചുറ്റിലും?
വൈധവ്യമുൾത്തടം നീറ്റുന്ന സ്വാധ്വിയാം
ഉത്തര പേറുന്നൊരുണ്ണിയെയോർത്തവൾ
ശോകം കുടിച്ചു വറ്റിച്ച കണ്ണീര്‍ക്കടല്‍
നെഞ്ചില്‍ ചുമക്കും  സുഭാദ്രയായ് മാറിയോ !
വീണുകിടന്നുമ്മവച്ചൂതെരുതെരെ
വീരനഭിമന്യുവിൻ പടച്ചട്ടമേൽ
നിശ്ചയദാർഢ്യം സ്ഫുരിക്കുമാക്കൺകളിൽ
അന്നാദ്യമായ് ചുടുബാഷ്പമുറന്നു പോയ്
കൃഷ്ണേ പ്രതികാരദുർഗ്ഗയല്ല,വീര
പാണ്ഡവപത്നിയുമല്ല നീ കേവലം
സ് ത്രീയാണു തെറ്റുകളൊക്കെപ്പൊറുക്കുന്ന
പുത്രസ്നേഹാർദ്രമാം മതൃത്വമാർന്നവൾ.


(മഹാഭാരതത്തിലെ ദ്രൗപദിയുടെ ചേതോവികാരങ്ങളെ ഒരു സ്ത്രീയുടെ വീക്ഷണകോണിൽ  നോക്കിക്കാണുന്നു. പുരാണത്തിൽ ഇല്ലാത്ത ചില കൂട്ടിച്ചേർക്കലുകൾ ഉണ്ട്.)

Friday, 7 December 2012

ദൂരം

ദൂരം

ചിരമോഹനിദ്രയിൽ മുഴുകുമെൻ പ്രജ്ഞയ്ക്കു
കരയൊന്നു കയറുവാനെത്രകാലം!
ചിതറുമെന്നോർമ്മകൾക്കുണർവ്വിന്റെ നറുനിലാ-
ത്തെളിയിലേയ്ക്കെത്തുവാനെത്ര കാതം!

ശരിതെറ്റു ചേറിത്തിരിക്കാതെ ഞാനെന്റെ
കൺ വെളിച്ചത്തിന്റെ കുഞ്ഞുവട്ടം
വഴികാട്ടൂമോരടിപ്പാതയിൽ  നിൻ നിഴൽ
പിൻ ചെന്നു പിന്നിട്ടതെത്രദൂരം!

ചെറുവിരൽ ത്തുമ്പിന്റെ പിടി വിടാതെത്രയോ
ജന്മങ്ങൾ നിന്നു ഞാൻ നിന്റെ ചാരെ!
കനവെന്നറിഞ്ഞപ്പൊളിമചിമ്മിയുണരാതെ,
 മിഴിനിറഞ്ഞൊഴുകാതെ കാത്തുവച്ചു.

നിന്റെ ചൈതന്യമാം നിറതിങ്കളിൽ നിന്നു-
മൊഴുകിപ്പരന്നു ഞാൻ ഭൂമിയാകെ.
നീഹാരമായി ഞാൻ പെയ്തിറങ്ങീ നിന്റെ
പ്രണയം തുടിക്കും നിശാഗന്ധിയിൽ.

കാറ്റായലഞ്ഞതും,മുകിലായലിഞ്ഞതും
 മഴയായ് പൊഴിഞ്ഞതും നിന്നിലെത്താൻ.
ഇനിയെത്ര കാലമുണ്ടിളവേൽക്കുവാൻ നിന്റെ
പ്രണയമാം തണലിലേയ്ക്കെത്ര കാതം?,