Follow by Email

Tuesday, 27 December 2016

മഹാപ്രസ്ഥാനം

മഹാപ്രസ്ഥാനം

മഴ കഴിഞ്ഞ പൂമരച്ചുവട്ടിൽ

ആകെ തരിച്ചിരിക്കുമ്പോൾ 

അഞ്ചു പേരുടെ ഭാര്യയായിരുന്നവൾ

എഴുതാൻ തുടങ്ങി

"കാറ്റാടി മരത്തിന്റെ ഇലകൾക്കിടയിലൂടെ കാറ്റ് നൂഴുന്ന  പോലെ

മേലാകെ വീഴുന്ന നനഞ്ഞ

ഉമ്മകളുടെ പൂമഴ,

പുലരിമഴ കഴിഞ്ഞ് മാനം തെളിയുമ്പോൾ തോർന്നു തുടങ്ങുന്ന

പതിയെ തോർന്ന് 

ചൂടുപിടിക്കുന്ന പൂവുകൾ

 മലകളിലെ മഞ്ഞുരുക്കി 

ഒഴുകുന്ന  കൈവഴികൾ

താഴ്വരകളിലെ

തടാകത്തിൽ സംഭരിക്കപ്പെടുന്നു.

നിറഞ്ഞ്

കവിഞ്ഞൊഴുകുന്നു .

ആ വഴിയേ പോയാൽ

മലമടക്കുകളിൽ

മറഞ്ഞിരിക്കുന്ന നിധിശേഖരങ്ങളെ നനച്ചു കൊണ്ട് അവ

ഒഴുകി മറയുന്നത്  സ്പർശിച്ചറിയാം.

അത് കാഴ്ചയുള്ളവരുടെ ലോകമല്ല

വിരലുകളാണ് വഴിനടത്തുക

പാല പൂത്തു മദിച്ചു നിൽക്കുന്ന

 നാട്ടുവഴികളുടെ ഉന്മാദം

 ഇരുട്ടിനുണ്ടോ എന്ന്

 മൂക്കുകൾ തെറ്റാതെ പറഞ്ഞു തരും.

മഹാപ്രസ്ഥാനം മലകയറ്റമല്ല; മലയിറക്കമാണ്.

പാതാളകൂപങ്ങളിലെ

അനർഘമായ നിധി കണ്ടത്തി സ്വന്തമാക്കലാണ്.

അഗാധങ്ങളിലെ പറുദീസകളിൽ വിരുന്നുണ്ടുറങ്ങലാണ്.

കയറ്റം എളുപ്പമാണ് യുധിഷ്ഠിരാ.

വയസ്സു കൊണ്ടേ നീ മൂത്തതുള്ളൂ കാലിടറാതെ 

ഇറക്കമിറങ്ങാൻ ഇനിയും

നീ പഠിച്ചിട്ടില്ല!

Friday, 26 August 2016

പെണ്ണിനെ കൊല്ലേണ്ടതെങ്ങനെ?

ആടുമാടുകളെയെന്നപോൽ
കൈകാലുകൾ ചേർത്തു കെട്ടി
വശം ചരിച്ചു കിടത്തി
കോടാലിയുടെ മാടിന്
തിരുനെറ്റിയിലോ
നെറുകയിലോ
അടിച്ചിട്ടല്ല.

ശരീരം ജഡമാവുകയും
മൊത്തമായോ ചില്ലറയായോ
ഇറച്ചി
വിറ്റ് തീർക്കപ്പെടുകയും ചെയ്യുമെങ്കിലും
ചാകില്ലവൾ.
ജീവൻ പലതായി പിരിഞ്ഞ്
പുതിയ ജന്മങ്ങളെടുക്കും.

കാട്ടുപന്നിയെ എന്ന പോലെ
ഇഷ്ടഭക്ഷണത്തിൽ പടക്കം വച്ചിട്ടുമല്ല.
വേണ്ടപ്പെട്ടവർക്കെല്ലാം വിളമ്പി നിറച്ചിട്ട്
അവൾക്ക് തിന്നാൻ ശേഷിക്കണമെന്നില്ല.

നേർക്കുനേർ ഏറ്റുമുട്ടി വകവരുത്തിയേക്കാമെന്നാണെങ്കിൽ
ഇന്നലെ മുതൽക്കേ കഴുത്തു നീട്ടി നിൽക്കുന്നവളുടെ മുന്നിൽ
നാണിച്ചു പിന്തിരിഞ്ഞേക്കും  നിങ്ങൾ.

കോഴിയെ എന്ന പോലെ
ഒരുകയ്യിൽ അരിമണിയും
മറുകയ്യിൽ പിന്നിലൊളിപ്പിച്ച കത്തിയുമായി
അരുമയോടെ വിളിച്ച് അരികിൽ നിർത്തണം.
കയ്യിൽനിന്നും കൊത്തിത്തിന്നവേ
ആയുധം കണ്ണിൽപ്പെടാത്ത വിധം
തഴുകിത്തലോടി
എടുത്തുയർത്തി നെഞ്ചിൽ ചേർക്കണം.
ഒന്നുകൂടിത്തടവി
പതിയെ നിലത്തു കിടത്തി
കാലുകളിൽ ചവിട്ടിപ്പിടിക്കണം.
ഒരു തമാശക്കളിക്കെന്നവണ്ണം
അത് തല ചെരിച്ച് നോക്കുമ്പോൾ
വായ്ത്തലയുടെ തിളക്കം കണ്ണിൽപ്പെടുമാറ്
ഒന്നു വീശുകയേ വേണ്ടൂ.

കഴുത്തു മുറിക്കുമ്പോൾ
ഒന്നു പിടയുക പോലുമില്ല.
ചതിയുടെ വിഷപ്പല്ലുകൾക്ക്
ആയുധത്തേക്കാൾ
ചടുല വേഗമാണ്.

Tuesday, 16 August 2016

നോട്ടങ്ങൾ

നോട്ടങ്ങൾ

ഒരു കണ്ണേറിന്റെ മിന്നലിൽ
ഉടൽ തരിച്ച് നിന്നു പോയിട്ടുണ്ട്.

ഒരു ജോഡി ദൈന്യക്കണ്ണിൽ
മുജ്ജന്മങ്ങളിൽ പോലും തിന്നുപോയ അന്നമത്രയും ദഹിച്ചു പോയിട്ടുണ്ട്.

ഒരു യുഗത്തിന്റെ കാത്തിരിപ്പ് മുഴുവൻ
ഓളം വെട്ടുന്ന ഒരു നോട്ടത്തിൽ
ആധിപൂണ്ടിട്ടുണ്ട്.

ശരമുനകൾ പോലെ കണ്ണിൽ തറഞ്ഞ ഒരു നോട്ടത്തിന്റെ  പാതിയിൽ
എത്ര പ്രാകിയാലും തീരാത്ത ശാപങ്ങൾ ഉറഞ്ഞുകിടക്കുന്നതും കണ്ട് ഉരുകിയിട്ടുണ്ട്.

ചതിക്കപ്പെട്ടവളുടെ നോട്ടത്തിൽ
അമർന്നു പുകയുന്ന പക കുരുങ്ങി
കണ്ണ്  കലങ്ങിയിട്ടുണ്ട്.

അറവുശാലയിലേക്ക് നടക്കുന്നവളുടെ
കണ്ണിലെ ശൂന്യതയിൽ
അവൾ നടന്ന വഴിയളന്നിട്ടുണ്ട്.

കീഴടക്കിയവന്റെ,
വെട്ടിപ്പിടിച്ചവന്റെ,
ധാർഷ്ട്യംനിറഞ്ഞ കണ്ണുകൾ
ചില കൺമുനകളിൽ
ചുളിച്ചുരുങ്ങതും കണ്ടിട്ടുണ്ട്.

കെണിയൊരുക്കുന്നവനെ
ഒറ്റുന്ന കൗശലക്കണ്ണുകളും
എപ്പോഴും തുളമ്പാൻവെമ്പുന്ന
സ്നിഗ്ദ്ധമായ കരുണക്കണ്ണുകളും
നോക്കി നിന്നിട്ടുണ്ട്.

മരണപ്പെട്ടവന്റെ തണുത്ത മോഹങ്ങൾ
അവന്റെ കൺവെള്ളകളിൽ
തളംകെട്ടിനിൽക്കുന്നിടത്ത്
ഇനിയില്ലാത്ത പോലെ
നോട്ടങ്ങൾ തീർന്നുപോകുന്നു.

Wednesday, 15 June 2016

വിലാപങ്ങൾ

വിലാപങ്ങൾ

മുഖമുയർത്തി ആകാശത്തിന്റെ ഉയരങ്ങളിലേക്കും
മിഴികൾ താഴ്ത്തി പാതാളത്തിന്റെ ആഴങ്ങളിലേക്കും ഞാൻ നോക്കി.

ആത്മാവിനു മേൽ വന്നു മൂടുന്ന   ചെതുമ്പലുകൾ.
അടരുകൾക്കുമേൽ അടരുകളായി
നിമിഷം തോറും കനക്കുന്ന
സങ്കടങ്ങൾ.

ഇലകൊഴിഞ്ഞ ശാഖകളും
ചിതലരിച്ച തായ്ത്തടിയും
ദാഹിച്ചു ചുണ്ടു പൊട്ടിയ വേരുകളും.

ഒരു പൂക്കാലം എന്നെങ്കിലും ഉണ്ടായിരുന്നതിന്റെ
ഇതൾബാക്കികൾ ഒന്നുമില്ല.

ശാഖോപശാഖകളിൽ പടർന്നു കയറിയ ഇത്തിൾക്കണ്ണികൾ 
യഥാകാലം
പച്ചയുടെ നീരോട്ടം തേടി
കുടിയേറി മറഞ്ഞിരിക്കുന്നു.
കാക്കക്കാലിനു തണലില്ലാത്ത
ചില്ലകളിൽ
ഒരു തൂവൽ ഇക്കിളിയാക്കിയ കാലവും മറന്നു

ഒരു മഴ പൊഴിഞ്ഞിരുന്നെങ്കിൽ!
വീണ്ടും തളിർക്കുമെന്ന് കൊതിച്ചല്ല
പൊഴിയുന്ന മഴയത്രയും
ശരീരത്തിൽ ഗർഭം ധരിച്ച്
വേദനയാൽ പുളഞ്ഞ്
തകർന്നടിഞ്ഞ്
അവസാനിക്കാനാണ്.
വേനൽ വരട്ടിയുണക്കുന്നതിനെ നിലംപരിശാക്കാൻ
മഴ തന്നെ കനിയണം.

ഈർച്ചവാളിനറുക്കുന്ന പോലെ
മെലിഞ്ഞ ചുള്ളിക്കെകൾക്കിടയിലൂടെ  അങ്ങോട്ടുമിങ്ങോട്ടും കടന്ന് 
കാറ്റ് മടുക്കുമ്പോൾ
അതിനൊളിച്ചിരിക്കാൻ
ഒറ്റയിലയുടെ നിഴൽ പോലുമില്ലല്ലോ

പഴയ സങ്കേതം തേടിവന്ന ദേശാടനക്കിളികൾ
വഴിപിഴച്ചോ എന്ന് തമ്മിൽ നോക്കി
ദിശ മാറ്റി.

എല്ലാ അപമാനങ്ങളുടെയും
ആധികളുടെയും
സൂക്ഷിപ്പുകാരാ
നിർബന്ധമായും
സൂക്ഷിക്കാൻ 
കെട്ടിയേല്പിച്ച മുതൽ
പലിശയക്കം
എത്രയോ മടങ്ങ് തിരികെ നൽകിയിരിക്കുന്നു.
സ്വീകരിക്കാൻ കൂട്ടാക്കാതെ 
അത്യാഗ്രഹിയായ
പലിശക്കാരനെപ്പോലെ
നീ പെരുമാറുന്നതെന്ത്?
പെരുകുന്ന മൂലധനം താങ്ങാനാവാതെ
എന്റെ നിലവറകൾ
തിങ്ങിനിറയുന്നു.
അതിമർദ്ദം മൂലം
ഖജനാവിന്റെ ഭിത്തികൾ തകരുന്നു
ഇത് മടക്കി വാങ്ങിയാലും.

അടയിരുന്നിട്ടും
പൊട്ടി വിരിയാതെ
ചീഞ്ഞുപോയ മോഹങ്ങളുടെ
ശിശു പ്രേതങ്ങളാണ് ചുറ്റും.
ചാപിളളകളുടെ വിലാപങ്ങൾ!
ഇഴഞ്ഞു നടക്കുകയും
ഉയർന്നുപറക്കുകയും ചെയ്യുന്ന കരച്ചിലുകൾ,
മുൻകാലുകൾ വായുവിലുയർത്തി
തല കുടഞ്ഞു ചീറുന്ന
സാഹസക്കനവുകൾ,
ജരബാധിച്ചു കടപുഴകിയ മരച്ചില്ലകളിൽ
വസന്തം വിടർത്തിയ
പ്രണയസ്വപ്നങ്ങൾ,
മഞ്ഞുമലകൾക്കും മുകളിൽ
കൊടുങ്കാറ്റും തിരമാലകളുമുയർത്തിയ
കാമത്തിന്റെ ജ്വാലകൾ,

ഗർഭത്തിൽ ചത്തൊടുങ്ങിയവ,
കാലം തികയാതെ പെറ്റു കൂട്ടിയവ,
ശിശുമാരണങ്ങളാൽ ഒഴിപ്പിച്ചെടുത്തവ.

പ്രേതങ്ങളുടെ ബാലശാപങ്ങൾ !!

വിരലുറയ്ക്കാതെ ഒഴുകുന്ന
കുഞ്ഞുകൈകളിൽ
തൂങ്ങിയാടുന്ന പൊക്കിൾക്കൊടിയിൽ തീർത്ത കൊലക്കുടുക്കുമായി
നീന്തിയും നടന്നുമല്ലാതെ
ഒഴുകുന്ന സൈന്യമായി അവ.

വെളിച്ചത്തിന്റ മുഖപടമണിഞ്ഞ
ഇരുട്ടിന്റെ കാവൽക്കാരാ
ഉയിർത്തെഴുന്നേൽപ്പിന്റെ
ശാപം തീണ്ടാത്ത
ഒരു കുരിശുമരണത്തിന്റെ മുക്തിയെങ്കിലും
എനിക്കുവിധിക്കൂ....

(മലയാളം വാരികയിൽ പ്രസിദ്ധീകരിച്ചത് )

Sunday, 1 May 2016

ഏകാകി (നി ) യുടെ ഗീതം

ഏകാകി (നി ) യുടെ ഗീതം

തീരെത്തനിയെയാകുന്നു ഞാൻ
മിത്രങ്ങളില്ല സരസ സംഭാഷണ വിസ്ഫോടനങ്ങൾ
ക്ഷുഭിതമാം വാക്കുകൾ
മൗനത്തിൻ  ഹ്രസ്വമാമിടവേള
കുറ്റബോധത്തിൻ ചെറു കൺ ചുവപ്പുകൾ
നമ്രശിരസ്ക്കരായ് ചെയ്യുന്ന ഹസ്തദാനങ്ങൾ
പിന്നെയൊരൂഷ്മളാലിംഗനം
ഇല്ലില്ലവയൊന്നും.

തീരെത്തനിയെയാകുന്നു ഞാൻ
വാക്കിന്റെ മുൾമുന കോർത്ത തൂവാലയിൽ
രക്തം പൊടിച്ചു നീറുന്നതൊന്നൊപ്പുവാൻ
നീളുന്നതില്ലൊരു കൈയ്യും
ചകിതയായ് ചിറകുകൾ പൂട്ടിയിരിക്കും കപോതിയെ
തെല്ലു തലോടുന്നതില്ലൊരു നോട്ടവും

തീരെത്തനിയെയാകുന്നു ഞാൻ
തെല്ലകലെ കുലയേറ്റിയ വില്ലുമായ്
നിൽക്കൊന്നൊരു നിഴൽ
വേടനോ തോഴനോ
ഞാൺതഴമ്പില്ലാത്ത തോളുകൾ
പൂന്തിങ്കൾ പോലെ പ്രസാദാത്മകം മുഖം
ചിമ്മിച്ചെറുതായ കൺകളിൽ നിന്നും
നിശ്ശബ്ദമെത്തി നോക്കുന്നോ
പകയുടെ പാമ്പുകൾ!'

എന്നും തനിച്ചായിരുന്നുവല്ലോ
നിഴൽ വീണേ കിടക്കുന്ന രഥ്യകളിൽ
യാത്ര പാടേ നിലയ്ക്കുന്ന തീരങ്ങളിൽ
കത്തിനില്പാണെനിക്കായൊരു ചുടല.
കൂട്ടു വന്നവരൊക്കെ
തിരിഞ്ഞു നടക്കായാ
ണെത്രയാശ്വാസം തിരിച്ചു പോകൽ
കൂട്ടിന്റെ നാട്യങ്ങളെല്ലാമകലവേ
പഥ്യമാകുന്നു തനിച്ചിരിപ്പും ...

Friday, 15 April 2016

ഭിക്ഷാംദേഹികൾ

ഭിക്ഷാംദേഹികൾ

സ്നേഹിക്കയാണു ഞാൻ നിന്നെ ഒടുങ്ങാത്ത ദാഹമാകുന്നു 
നിൻ നെഞ്ചിൽ പൊലിയുവാൻ
കാത്തിരിപ്പിന്റെയനിശ്ചിതത്വങ്ങളിൽ അന്തമില്ലാത്തമഹാ ഹവിർജ്ജ്വാലയിൽ
അഗ്നിയേക്കാളേറെയാളി യഹംബോധ
മെന്നേയുരുകിത്തെളിഞ്ഞ സംശുദ്ധിയായ്
ഊതിത്തെളിഞ്ഞു മാറ്റേറിയ പൊന്നായി
കണ്ണീരിൽ മുങ്ങിത്തെളിഞ്ഞ വെൺശംഖായി
നിൻ നിറവിൽ നിന്നുമൊന്നുമെടുക്കുവാനല്ലതിൽ പിന്നെയും എന്തോ നിറയ്ക്കുവാൻ
വന്നു നിൽക്കുന്നു  നിറഞ്ഞു തൂകുന്ന കൈ
ക്കുമ്പിളിൽ സ്നേഹപുഷ്പങ്ങളുമായി ഞാൻ 
എങ്കിലും ഭിക്ഷുകിയാകുന്നു ഞാനെത്ര
നേടിയാലും പൂർണമാകുമോ കാമന !

എത്ര കൊടുക്കിലുമെത്ര ലഭിക്കിലും
എന്നെങ്കിലും തൃപ്തരാമോ പ്രണയികൾ
കൂട്ടുകാരാ നിത്യഭിക്ഷുക്കളാണ് നാം 
നൽകലും നേടലുമെല്ലാം പരസ്പരം...

Sunday, 31 January 2016

ജാരനെക്കാത്ത്

ഇല്ലാത്ത കാരണങ്ങളുണ്ടാക്കി
എല്ലാവരെയും പറഞ്ഞയച്ചുകഴിഞ്ഞു.

തനിച്ചാണ് ഞാൻ.
വാതിൽപ്പാളികൾ
ചേർത്തടച്ച്,
ജനാല വിരികൾ നീർത്തി,
വെളിച്ചം  മറച്ച്,
രഹസ്യമായി വിരിച്ചൊരുക്കിയ
ശയ്യയിൽ
മദഗന്ധമുണർത്തുന്ന പൂക്കൾ വിതറി,

സ്റ്റാതശുദ്ധമായ ഉടലിൽ
ഈറൻ മാറാത്ത
ഒറ്റത്തുകിൽ ചുറ്റി,
നനഞ്ഞ പെണ്ണായി
കണ്ണിൽ കാമക്കരി ചാലിച്ചെഴുതി
നെഞ്ചിൽ
അഭിനിവേശത്തിന്റെ
പൂർണ്ണ കുംഭങ്ങളേറ്റി,
നിനക്ക് നൽകാനായി
മേച്ചിൽപ്പുറങ്ങൾ
ഒരുക്കിവച്ചു കൊണ്ട്
രഹസ്സന്മാഗമത്തിനായിക്കാത്ത്
തുളുമ്പിയിരിപ്പാണ് ഞാൻ.

പെരുവിരലിൽ ഉമ്മവച്ച്,
ഞെരിയാണിയിൽ ദംശിച്ച്,
നിന്നെത്തന്നെ
പകർന്നു നൽകൂ ..
തണുപ്പായിഴഞ്ഞെത്തി
നെറുകയിൽ
അന്ത്യചുംബനം കൂടി നൽകിയിട്ടേ
നീ അടുത്തവളുടെ
ഉറക്കറയിലേക്കു പോകാവൂ..
രതിമൂർച്ഛയിൽ തന്നെ
തളർന്നുറങ്ങട്ടെ ഞാൻ
ഇനി ഉണരുകയേ വേണ്ടാതെ.

ജനുവരി  31         2016

'