Monday 23 March 2015

തനിച്ചാകുമ്പോള്‍

തനിച്ചാകുമ്പോള്‍


തനിച്ചായിരിക്കുന്നത് നല്ലതാണ്
ഉള്ളിലേയ്ക്ക് നോക്കാന്‍
അത് നമ്മെ സഹായിക്കും, 
ചില വാതിലുകള്‍ തുറക്കാനും......
അങ്ങിനെയൊന്ന്‍ അവിടെയുണ്ടായിരുന്നോ
എന്ന് നാം അദ്ഭുതപ്പെടുകപോലും ചെയ്യും !

ഇത്രനാള്‍ കോര്‍ത്തുനടന്നിരുന്ന കൈവിരലുകള്‍
പെട്ടെന്ന് ഊര്‍ന്നു മാഞ്ഞുപോകുമ്പോള്‍
വേദനിച്ചേക്കാം.
പൊരുത്തപ്പെടാന്‍ ആകാത്തവിധം
മുറിഞ്ഞേക്കാം.
മരുഭൂമിയുടെ കനലുരുക്കത്തിലേക്ക്
നഗ്നമായ പാദങ്ങള്‍
തനിയെ പെറുക്കിവയ്ക്കുമ്പോള്‍
പൊള്ളിപ്പിടഞ്ഞേക്കാം ....
കാടിന്റെ ശാന്തമായ അശാന്തിയിലേക്ക്
രാവിന്റെ അനന്തതയിലേക്ക്
വിടരുന്ന കണ്ണുകള്‍
മറ്റൊരു ജോഡിയെ കൂട്ടുതേടിയേക്കാം..
ചില്ലകള്‍ മുറിച്ചുമാറ്റിയ തായ്ത്തടി
ശൂന്യമായ ആകാശത്തേക്ക്
നിലവിളിക്കുമ്പോലെ,
ഒരുകാര്‍മേഘത്തിന്റെ കനിവ് തേടിയേക്കാം
എങ്കിലും തനിച്ചായിരിക്കുന്നത് നല്ലതാണ്
നഷ്ടങ്ങള്‍ എത്ര പ്രിയതരങ്ങളായിരുന്നെന്ന്
അത് നമ്മെ ബോധ്യപ്പെടുത്തും.
നാം എത്ര നിസ്സഹായരെന്നും .......

(മാര്‍ച്ച്‌ 2015)

Saturday 14 March 2015

കടല്‍നീല

പെയ്തുപെയ്ത് എന്നില്‍ നിറഞ്ഞ കടല്‍,
അഥവാ
ഒഴുകിയേവന്ന്‍ എനിക്ക് നിറയാനുള്ള കടല്‍,
അതായിരുന്നു നീ.

എന്റെ നോട്ടമെത്താത്ത ഉയരങ്ങളില്‍
മേഘങ്ങളില്‍ മേഞ്ഞുനടന്നവന്‍ നീ
അവിശുദ്ധി തീണ്ടാത്തവന്‍.

ഭൂമിയുടെ മുല ചുരത്തിയ
പിറവിയുടെ പുണ്യം,
പ്രവാഹതീവ്രതയാല്‍ കെടുത്തിക്കളഞ്ഞവള്‍
എല്ലാ അശുദ്ധികളേയും ഉൾക്കൊണ്ടവൾ
അതായിരുന്നു ഞാൻ.

പ്രഭവവും പാതകളും വേറെയായിട്ടും
ചാക്രികചലനത്തിന്റെ
അനിവാര്യതയാല്‍ ദൃഢബദ്ധർ നമ്മൾ.
നിന്നിലെ നന്മയുടെ നിറവും
എന്നിലൂടെയൊഴുകി നിറയുന്ന കറകളും
കൂടിച്ചേരുന്ന കടൽനീല .
അഹംബോധം ശമിപ്പിച്ച്
നമുക്കവിടെ ശുദ്ധി തേടാം

മാര്‍ച്ച്‌  2015

കണ്ണുനീരിന്റെ നദി

കണ്ണുനീരിന്റെ നദി

നദികള്‍ ഒഴുകിയകലുന്നത് കണ്ടിട്ടില്ലേ
എത്രയോ കാലമായി
ഒരേ ചാലിലൂടെ ....
അടിത്തട്ട് തെല്ലൊന്ന്‍ നനച്ചേക്കാം
ചെളിയെല്ലാം കഴുകിക്കലക്കി
കൊണ്ടുപോയേക്കാം
എന്നാല്‍ കിനിഞ്ഞിറങ്ങി
ഭൂമിയിലേയ്ക്ക്  ചോര്‍ന്നു തീരുകയില്ല
ചുറ്റുമുള്ളതിനെ  ഊട്ടിയും നനച്ചും
പൂവണിയിക്കും

ദുരന്തങ്ങള്‍ പെയ്തുതല്ലി,
ഹൃദയം ഉറച്ച് പാറയാകുമ്പോള്‍
കണ്ണുനീരിന്റെ നദിയും  ഇതുപോലെ
നമുക്ക് മേലെ കൂടി
നിസ്സംഗമായി ഒഴുകിപ്പോകും
ഉള്ളില്‍ കിനിഞ്ഞിറങ്ങി
അവിടം ചതുപ്പാക്കുകയേയില്ല

കെട്ടി നിര്‍ത്തുമ്പോള്‍ ചുറ്റുമുള്ളിടം
പതുപതുത്ത ചതുപ്പാകും.
ആര്‍ദ്രതയുടെ നീരൊഴുക്കുകള്‍ കാട്ടി
ആകര്‍ഷിച്ച് വലിച്ചെടുക്കും.
ഇറ്റ് നീര്‍ത്തെളി കാട്ടി
ചതിച്ചുവലയ്ക്കുമത്.
ഇരുട്ടിലും തണുപ്പിലും പതിയിരിക്കുന്ന
ചതിയുടെ കുടിയിരിപ്പുകൾ
അവിടെ തഴച്ചുവളരും.

നദികളെ തടഞ്ഞുനിര്‍‍ത്തരുത്,
കണ്ണുനീരിനെയും.
ഒഴുക്കാണ് അവയുടെ ജന്മസ്വഭാവം.

ഒഴുകിയൊഴുകിപ്പോകുമ്പോള്‍
അടിത്തട്ടില്‍ ചില്ലൊളി പൂണ്ട
വെള്ളാരംകല്ലുകള്‍ തെളിയും
സങ്കടങ്ങളുടെ കൂര്‍ത്ത മുനകള്‍ തേഞ്ഞുതീര്‍ന്ന്‍
സാളഗ്രാമങ്ങളാകും ,
ആത്മസ്വരൂപം തെളിയുന്ന സാളഗ്രാമങ്ങൾ...

മാര്‍ച്ച്‌ 2015