Friday 20 February 2015

ഗൗളിവാൽ

ഗൗളിവാൽ

അറയും നിരയും പൊളിച്ചിറക്കി,
ഭഗവതി വാഴുന്ന മച്ചിറക്കി,
ഭൂമിയില്‍ ലംബമായ് വീടുകെട്ടി,
മേന്മേല്‍ നിലകള്‍ പണിതുയര്‍ത്തി.
ആധുനികോത്തരസംവിധാനം,
അപ്രതിരോധ്യമാമാഡംബരം,
ഒന്നു വിരല്‍ത്തുമ്പമർത്തിയാലോ
വര്‍ണ്ണം, വെളിച്ചം, തണുപ്പുമെത്തും.

ചിട്ടയായ് നീ വീടലങ്കരിച്ചു,
മാറാല കേറാതെ തൂത്തുവച്ചു,
പൊടിയില്ല തലമുടിനാരുമില്ല,
പാഴ്കടലാസുകളൊന്നുമില്ല.
ചാവിന്റെ സ്മാരകം പേറിനില്‍ക്കും
കാഴ്ചബംഗ്ലാവിന്റെ നിശ്ചലത്വം!
തെല്ലും തുറക്കാത്ത ജാലകങ്ങള്‍
കൊട്ടിയടച്ചുള്ള വാതിലുകള്‍
വഴിതെറ്റിവന്നില്ലെറുമ്പു പോലും
മൂളിപ്പറന്നില്ലൊരു കൊതുകും.

എങ്കിലും നിന്റെ കിനാക്കള്‍ പൂക്കും
വര്‍ണ്ണപ്പ കിട്ടിന്‍ ചുവരുകളില്‍,
നീയിളവേല്‍ക്കെ നിന്‍ കണ്‍കള്‍ മേയും
ആഡംബരത്തിന്‍പുതിയ മച്ചില്‍,
പൂവിതള്‍ കാലടി വച്ചുനീളേ
സ്വൈരം നടന്നു ഞാനിച്ഛപോലെ.
തറയിലിരുകാലിൽ നീ നടക്കെ
ഭിത്തിയില്‍ മച്ചില്‍ നടന്നു ഞാനും
വീക്ഷണകോണുകള്‍ മാറിയിട്ടോ
ഞാന്‍ കണ്ട കാഴ്ച നീ കണ്ടതില്ല.
ഉണ്മയെന്നോര്‍ത്തു നീ കണ്ടതെല്ലാം
ഞാനോ തലതിരിവോടെ കണ്ടു.
നീ കണ്ടതാവാം നിനക്ക് പഥ്യം
ഞാന്‍ കണ്ട കാഴ്ചയെനിക്കു  സത്യം.
കാണുന്നതല്ലേ പറഞ്ഞിടാവൂ
കാണുന്നതെല്ലാം പറഞ്ഞു ഞാനും.
അപ്രിയമോതരുതെന്ന തത്വം
ജന്തുലോകത്തില്‍ പഠിച്ചതില്ല.

നീയസഹിഷ്ണു മനുഷ്യനത്രേ
വാളും വടിയുമായ് നേര്‍ത്തു വന്നു
എന്തു ഞാന്‍ കൈവിടും കാഴ്ചകളോ,
സത്യം വദിക്കും ചിലപ്പുകളോ,
ഉത്തരത്തിന്മേല്‍ നടപ്പുതാനോ,
ഉത്തരമില്ലാത്ത ചോദ്യമല്ലോ!

 വാല്‍മുറിച്ചിട്ടു ഞാന്‍ പോയിടുന്നു
വാലിനേക്കാള്‍ വില ജീവനല്ലോ.
നോവുമെന്നാലും മരിക്കുകില്ല
വേവുമെന്നാലും കരിയുകില്ല.
തുള്ളിപ്പിടയ്ക്കുമതിനെ നോക്കി
തൃപ്തമായ്‌ മാര്‍ജ്ജാരദൃഷ്ടി നിന്നില്‍
നേട്ടത്തിന്‍ നാള്‍വഴിപ്പുസ്തകത്തില്‍
താള്‍ മറിക്കുന്നു നീ, ഞാന്‍ ചിരിപ്പൂ !!!






Thursday 19 February 2015

ഒരു തൂവല്‍ പോലെ ........

ഒരു തൂവല്‍ പോലെ ........

പ്രളയമായിരുളു വന്നെത്തിയുള്ളില്‍
ഹരിതമില്ലനുരാഗതരുവുമില്ല
ശൂന്യതമോഗര്‍ത്തമേകനേത്രം
മോഹഭംഗത്തിന്‍ ചുഴിക്കറക്കം
കാറ്റിലകപ്പെട്ട  തൂവല്‍പോലെ
ഭാരമില്ലാത്തോരിലയനക്കം
എത്രയഹങ്കാരശൂന്യമായി
കൊണ്ടുപോകുംവഴി  പോയിടുന്നു !!

അന്ധകാരാവൃതവീഥികളില്‍
എകാന്തസഞ്ചാരിയാണുപോലും
ഉള്‍വലിഞ്ഞുള്ളിലേയ്ക്കിറ്റുവീഴും
കണ്ണുനീരൊച്ചയേ കേള്‍പ്പതുള്ളൂ
ആരുടെ കയ്യിലീ ചണ്ഡവാത -
ക്കാമക്കരുത്തിന്‍ കടിഞ്ഞാണുകള്‍
കെട്ടറുത്താരാണയച്ചതിനെ
കട്ടിക്കരിമ്പാറയല്ലയുള്ളം

പൂവിതള്‍ത്തുമ്പില്‍ തുളുമ്പിനില്‍ക്കാന്‍
പേമാരി വേണ്ടൊരു മഞ്ഞുതുള്ളി
തൂവലാല്‍ തൊട്ടപോലുമ്മനല്കാന്‍
തീകത്തിയാളിപ്പടര്‍ന്നിടേണ്ട
കാറ്റിന്‍കരുത്തിലേയ്ക്കെത്ര പണ്ടേ
മേഘമായെന്നെക്കൊടുത്തുപോയ് ഞാന്‍  
ചക്രവാളത്തില്‍ പൊലിഞ്ഞുതീരാന്‍
പോരുമോ കൂടെ നീ  മാരിവില്ലായ് !!

(ഫെബ്രുവരി   2015)





Tuesday 17 February 2015

സഹയാത്ര

സഹയാത്ര

ഒരുമിച്ചായിരുന്നു നടന്നു തുടങ്ങിയത്
കാട്ടുപാതകള്‍ തിരഞ്ഞെടുത്തതും
ഒരേയിഷ്ടം.
പാതിവഴിപോലും പിന്നിട്ടില്ല
കിതപ്പാറ്റാന്‍ ഒന്നിരുന്നതേയുള്ളൂ
കിനാക്കണ്ടതുകൂടി ഒരുമിച്ചായിരുന്നു
എപ്പോഴോ കിനാവുകള്‍    വഴിപിരിഞ്ഞു

വഴിയെല്ലാം കുഴിയെന്നും
ഇരുപുറവും ചതുപ്പെന്നും  ചൊല്ലി
നീ പിന്തിരിഞ്ഞു
വിരിച്ച ചിറക്‌ പൂട്ടാനല്ലെന്നും
തീയില്‍ മുളച്ചത് വെയിലില്‍ വാടാനല്ലെന്നും
ഞാന്‍ മുന്നോട്ടും

പിന്‍ നടപ്പിന്‍ സാധ്യതകള്‍  കണ്ടറിഞ്ഞു
പഠിച്ചവന്‍ നീ
തോട്ടിയില്‍ കൃത്യമായി കൊളുത്താം
ഉന്നം തെറ്റാതെ  കുരുക്കെറിയാം
കൂര്‍ത്തുവരുന്ന സംശയമുന
പിന്‍കഴുത്തില്‍ അമര്‍ത്താം.

നിശ്ശബ്ദപാതപതനങ്ങള്‍
കനത്ത ഒച്ചകളാക്കി
നീ ഓടിക്കാനും
ഞാന്‍ ഓടാനും തുടങ്ങിയതെപ്പോള്‍ !
കോമ്പല്ലുകള്‍ കൂര്‍ത്തും
നഖങ്ങള്‍ നീണ്ടും വന്നത്
ചുംബനത്തില്‍ ചോര മണത്തത്
(അത് എന്റെ തന്നെ ചോരമണം )
എപ്പോള്‍

കാര്‍മേഘത്തിന്റെ കരിമ്പടം പുതച്ചും
പാറുന്ന മുടിയിഴകളില്‍ 
മഞ്ഞിന്‍റെ പൂമ്പൊടി പുരണ്ടും
മലമുകളില്‍നിന്ന് ഇറങ്ങിവരുന്നവനേ
ഒരു വലപ്പാടകലം, ഒരു തുഴയകലം
ഒടുവില്‍ ഒരു കൈപ്പാടകലവും!
അതും വേണ്ട 
ഒരു ചുംബനത്തിന്റെ കുഞ്ഞുദൂരമേ ഉണ്ടായിരുന്നുള്ളൂ
നിന്റെ തണുത്ത ചുണ്ടുകള്‍ക്കും 
എന്‍റെ കഴുത്തിലെ പിടയ്ക്കുന്ന ഞരമ്പിനും ഇടയില്‍ ..........


പിറവിമുതല്‍ കൂട്ടുനടന്നത്
വേട്ടയാടുവാന്‍ എന്നറിഞ്ഞിരുന്നെങ്കില്‍
ജപമാലയും തകിടുകളും
പൊട്ടിച്ചെറിഞ്ഞ്
എപ്പഴേ  ഞാനത് ഒരുക്കിവയ്ക്കുമായിരുന്നു !!!
കൊല്ലുന്നതിനേക്കാള്‍ നിനക്കിഷ്ടം
പ്രാണന്‍ കൊണ്ട്  കളിക്കുന്നതായിരുന്നല്ലോ !!!