Tuesday 24 June 2014

പറഞ്ഞിട്ടും ...........

നിന്നോട് പറയാതെ പോയ വാക്കുകളാണ്
ആ കരിമ്പാറക്കൂട്ടങ്ങള്‍
ഓരോനിമിഷവും അത് കനം വയ്ക്കുന്നത്
എന്‍റെ നെഞ്ചിലും
നിനക്കായി കാത്തുവച്ച തലോടലുകളാണ്
ആര്‍ത്തലച്ചു വരുന്ന തിരമാലകള്‍
ആ കടലിരമ്പമാണ്
എന്‍റെ ഹൃദയതാളം
നിന്നില്‍ അലിഞ്ഞു ചേരാനിരുന്ന ഞാനാണ്‌
നിലയ്ക്കാത്ത വര്‍ഷമായി പെയ്ത്
ഓരോ കോശങ്ങളിലേക്കും
കിനിഞ്ഞിറങ്ങുന്നത്....

അതൊന്നുമല്ല സങ്കടം.
പറയാതെതന്നെ നീ അറിയേണ്ടതല്ലേ
പറഞ്ഞിട്ടും പക്ഷെ .......
.......

(ജൂണ്‍ 2014)



Friday 20 June 2014

ജനനീ ജന്മഭൂമീ ....

അക്ഷരങ്ങളെയഗ്നിയാക്കീടുക
ചുറ്റുമാളിപ്പടർന്നു കത്തീടുക 
കർമ്മവീര്യം തിളയ്ക്കുന്ന  നെഞ്ചിലെ
നെയ് വിളക്കിന്റെ നാളം തെളിക്കുക.

അർബുദം പോലെയമ്മനാടിന്റെ മെയ്
കാർന്നുതിന്നുമനീതിതൻ ശക്തിയെ
ചുട്ടെരിക്കുക ചാമ്പലാക്കീടുക
പട്ടുപോകാതെ ധർമ്മം പുലർത്തുക.

നോക്കുകുത്തികളാകും വ്യവസ്ഥകൾ
കാക്കുകില്ലഭിമാനത്തെയല്പവും
വാക്കുകൾ സമരായുധമാക്കി   നാം 
നേർക്കുവാനുള്ള ശക്തിനേടീടുക.

ഏതുമാകട്ടെ വേഷഭൂഷാദികൾ
ഏതുമാകട്ടെ ഭാഷ, വിശ്വാസവും
ഏതുനാട്ടിൽ പുലരുവോരാകിലും
പ്രാണനിൽ ചേർക്ക ജന്മനാടിൻ സ്മൃതി.

ഒറ്റലക്ഷ്യത്തിലാകട്ടെ ചിന്തകൾ
തെറ്റുതീണ്ടാത്തതാകട്ടെ ചെയ്തികൾ
പെറ്റനാടിന്‍  യശസ്സുയർത്തീടുവാൻ
വെറ്റിനേടുവാൻ  ശക്തരായീടുക.

കൈക്കരുത്തിനാലല്ലാത്മശക്തിയാൽ
മെയ്ക്കരുത്തിനാലല്ല മനീഷയാൽ
അഗ്നിനാളങ്ങളായിപ്പറന്നിടും
സത്യമോലുന്ന  വാക്കിന്റെ ശക്തിയാൽ.

ദൂര വാനിൽ പറക്കട്ടെ മേൽക്കുമേൽ
ഭാരതത്തിന്റെ  പേരും പതാകയും
പ്രൗഢമക്കൊടിക്കീഴിലാകട്ടെ നാം
സത്യമാക്കുന്ന സ്വർഗ്ഗവും സ്വപ്നവും.

 സൗരയൂഥങ്ങളാകട്ടെ സീമകൾ
സാഗരം പോൽ പരക്കട്ടെ കീർത്തിയും
സർവ്വതന്ത്രസ്വതന്ത്രമാകട്ടയെൻ
ദേവഭൂവിന്റ്റെ തേരുരുൾ വീഥികൾ.

                                                               (ജൂണ്‍ 2014)

Monday 16 June 2014

പനി

പനി

പനി തിളയ്ക്കുമീ കിടക്കയിൽ തനി-
ച്ചിരിക്കയാണ് ഞാൻ പ്രിയസഖെ.
അതിവി ദൂരത്തിലെവിടെയോ നിന്റെ
മൃദുപദസ്വനം കൊതിച്ചുവൊ!
തളർന്നുറങ്ങുമെൻ തിളച്ച നെറ്റിയിൽ
പതിച്ചുവോ തുടുമലരിതള്‍!
തനിച്ചു പോകുമീ നിശ്ശബ്ദയാത്രയിൽ
ഗ്രഹിച്ചുവോ വലം കരത്തെ നീ
ക്ഷണിക്കയാണ് നിൻ പ്രണയം മൂകമായ്
മതിവരാ വാഴ്വിൻ കരകളിൽ.
വിരിഞ്ഞ പൂക്കളിൽ ക്ഷണിക ഭംഗികൾ
വിലസിടും ഇന്ദ്രധനുസ്സിലും.
നിറുത്തിടാം പാതി വഴിയിലെൻ യാത്ര
തനിച്ചു പോകുവാനരുതിനി.
തിരിച്ചുപോകിലും മരിച്ചുപോകിലും
ത്യജിച്ചു പോകുവാനരുതിനി.....

                                         (ജൂണ്‍ 2014)

Wednesday 11 June 2014

കാത്തിരിപ്പൂ.....

 കാത്തിരിപ്പൂ.....

പാതിചുംബനത്തിൻ കൊതിയോലുമെൻ
ചുണ്ടിൽനിന്നകന്നെങ്ങുപോയ് മാഞ്ഞു നീ
എത്രമേൽ പ്രണയാതുരയെന്നു ഞാൻ
ക്രൂരകാമുകാ നീയറിയാത്തതോ!!?

പൂത്ത ചെമ്പനീര്‍ക്കാടുപോലെന്നിലെ
 പ്രണയമോ കാത്തിരിപ്പൂ വിചിത്രമാം
വര്‍ണ്ണപത്രങ്ങള്‍ പാറിച്ചുകൊണ്ടുനീ
എന്നുവന്നെത്തിയെന്നെ നുകര്‍ന്നിടും !!!

മെല്ലെയുമ്മവച്ചോരോദലങ്ങളായ്
തെല്ലുവേദനിച്ചീടാതെ നീർത്തിയെൻ
കുഞ്ഞുപൂമൊട്ടു പാടേ വിടർത്തിനീ
ഉള്ളുലയ്ക്കാതെ മുള്ളേറ്റിടാതെയും

കാത്തിരിപ്പൂ വിശാലമീവീഥിയിൽ
നിന്റെ കാലൊച്ച കാതോർത്തിരിപ്പുഞാൻ
ഉള്ളിലെ രാഗചന്ദ്രൻപൊഴിച്ചിടും
തേൻ നിലാക്കണം മിന്നുന്ന കൺകളിൽ
താരകങ്ങളോ പൂത്തിറങ്ങീടുന്നു
ദൂരെ നിൻ നിഴൽ കാണുന്ന മാത്രയിൽ

ഞാൻ മരിക്കാം സഖേ നിനക്കെന്റെ മേൽ 
പൂത്തുനിൽക്കും പ്രണയം പൊലിക്കുവാൻ
ഞാൻ ജനിക്കാം അനേകജന്മങ്ങള്‍ നിന്‍ 
രാഗരേണുക്കളെന്നില്‍ പതിക്കുകില്‍

ജീവനിൽ നിന്നുപെയ്തിടും വർഷമേ
വർണ്ണമേഴും പൊലിക്കും വസന്തമേ
വേനലേ മഞ്ഞുകാലമേ ഭൂമിതൻ
മുഗ്ദ്ധലാലസലാസ്യഭാവങ്ങളേ
മാമഴയിൽ കുതിർന്ന മരങ്ങളേ   
മഞ്ഞണിച്ചന്തമോലും  മലകളേ
കാറ്റിനെക്കരവല്ലിയാൽ സ്വീകരി-
ച്ചുമ്മനൽകിയുറക്കും ലതകളേ
ആത്മഹർഷം പൊറാഞ്ഞിച്ചെടികളിൽ
മെല്ലെമെല്ലെ വിരിയുന്ന പൂക്കളേ
പ്രേമലോലുപഗാനം പൊഴിക്കുവാൻ 
പാറിയെത്തുന്ന പൈങ്കിളീജാലമേ
എന്റെ ജാലകചക്രവാളങ്ങളിൽ
മിന്നിമായുന്ന മാരിവിൽചന്തമേ

കണ്ടുവോനിങ്ങളെന്റെ കാർവർണ്ണനെ 
കൊണ്ടൽ വേണിമാർ ചേരുമിടങ്ങളിൽ?
പണ്ടുദ്വാപരസന്ധ്യയിൽ മാഞ്ഞതാ-
ണെന്റെ ജീവനിൽ പാതിയുംകൊണ്ടവൻ
പാതിചുംബനത്തിൻ കൊതിയോലുമെൻ
ചുണ്ടിൽനിന്നകന്നെങ്ങുപോയ് മാഞ്ഞു നീ
എത്രമേൽ പ്രണയാതുരയെന്നു ഞാൻ
പ്രാണനായകാ   മറ്റാരറിഞ്ഞിടും !!?

                                                              (ജൂണ്‍ 2014)

Tuesday 3 June 2014

പാതി ...........*

പാതി

പാതിവിരിഞ്ഞൊരു രാത്രിപുഷ്പത്തിന്‍റെ
നീല നിലാവില്‍  തെളിഞ്ഞ ചിത്രം
പാതിയേ പാടി നിലച്ചൊരു പാതിരാ
ശോകഗാനത്തിന്‍  പതിഞ്ഞ താളം
പാതിവഴിയില്‍ തളര്‍ന്നിരിക്കും  താന്ത-
പാദങ്ങളോലുമജ്ഞാത പാന്ഥന്‍
പാതി പെയ്തിട്ടു നിലച്ച വര്‍ഷം പാതി -
ദൂരത്തില്‍ വീശി മരിച്ചകാറ്റ്
പാതി മുളച്ച വയല്‍പച്ച പാതിയില്‍
പാടെയൊഴുകി നിലച്ച നീര്‍ച്ചാല്‍
പാതിയടഞ്ഞ കണ്‍പോളകള്‍   ചുണ്ടിലെ
പാതി വിരിഞ്ഞതാം മന്ദസ്മിതം
പാതി ചുരന്ന നിറഞ്ഞ നെഞ്ചം,  മറു -
പാതിയില്‍ നീറുന്ന മാതൃഭാവം
പാതി കുറിച്ച പ്രണയപത്രം,  കിനാ-
ക്കാണുന്ന പാതിയടഞ്ഞ കണ്‍കള്‍
പാതിയില്‍ നീ കൈവെടിഞ്ഞ   പ്രേമം,  പാതി
മാത്രം നിറഞ്ഞൊരെന്‍  കണ്‍കോണുകള്‍
പാതിയെഴുതി മറന്ന കാവ്യം പാതി
മൂളാന്‍ മറന്ന പഴയൊരീണം
പാതി നിശൂന്യമാം ശയ്യാതലം  പാതി
ദൂരം കടന്നു തളര്‍ന്ന കാമം
ഒരുപാതിമാത്രം മിടിക്കുന്ന നെഞ്ചോടു-
മറുപാതി ചേരും നിറവു തേടല്‍
താനേനടക്കുന്നു പാതി ദൂരം  വന്നു
ചേരുന്നു പാതിയില്‍ കൂടെയാരോ
ഈശ്വരനാകാമിണയുമാകാം  സ്വന്ത-
മിഷ്ടങ്ങള്‍ തേടല്‍ ത്യജിക്കലാകാം
കേവലം പാതിയീ മര്‍ത്ത്യജന്മം  മറു -
പാതിതേടുന്നതതിന്‍റെയര്‍ത്ഥം

                                                              (ജൂണ്‍ 2014)