Saturday 26 April 2014

ശിവം സുന്ദരം.......

കരിമുകിൽജടയൂർന്നുലഞ്ഞും,
ചാരുചന്ദ്രക്കലയഴിഞ്ഞും,
നടനവേഗതചേരുമുടലിൽ
നാഗമിന്നൽപ്പിണർ പുളഞ്ഞും,
ഗഗനകേളീവേദിയിൽ
രുദ്രാക്ഷമണികൾ ചിതറിവീണും,
അർക്കകാന്തികലർന്ന മിഴിയിൽ
നിന്നു ജീവനുദിച്ചുയർന്നും,
പൂർണ്ണചന്ദ്രനുദിച്ച കണ്ണിൽ
പ്രേമകൗമുദി കരകവിഞ്ഞും,
സൗരമണ്ഡലശതസഹസ്രം
മിന്നിമറയും ഫാലനേത്രേ
ദുഷ്ടനിഗ്രഹവ്യഗ്രകോപാൽ
തിരയിളക്കും തീ നിറച്ചും,
ചടുലതാണ്ഡവനടനവേഗാൽ
നയനവിസ്മയവർഷമാകൂ.

കെട്ടഴിഞ്ഞ പ്രചണ്ഡവാത-
ത്തേരിലേറി വരുന്ന നിന്നെ
നിർന്നിമേഷം നിത്യവിസ്മിത
നേത്രമോടെ നമിച്ചിടുന്നു

നീലകണ്ഠവിരാജിതം മണി
നാഗസീൽക്കാരങ്ങൾ തീർക്കും
ശബ്ദവിന്യാസോത്സവത്താൽ
അഷ്ടദിക്കുകൾ  മുഖരിതം.

നിന്റെ സ്വേദകണങ്ങൾ ചിന്നി-
ച്ചിതറി മഴനീർത്തുള്ളിയായി
വക്ഷദേശമണിഞ്ഞഭസ്മം
പാറി വെള്ളിമുകില്പരപ്പായ്
നിന്റെ ശ്വാസോച്ഛാസവേഗാൽ
സാഗരത്തിര താണുയർന്നു
നിൻ ത്രിശൂലത്തിന്റെ മുനയിൽ
നൃത്തമാടി നിരന്നു കാലം
ഭൂതമായ് സ്ഥിതികാലമായും
ഭാവിയായും സംക്രമിച്ചു.
മേഘഗർജ്ജന ഡമരുതാളം
ചക്രവാളപ്രകമ്പിതം,    പദ-
പാതതാളതരംഗമാലകള്‍
ഗിരികളായ്  താഴ്വരകളായി.

ഹേ,ജടാധര, നൃത്തലോലുപ,
നില്പു ഞാനവനമ്രശീർഷ
പരമപാദം ചേർക്കുകിവളുടെ
ശാപമുദ്രിത മൗലിയിൽ നീ.
രാഗനിര്‍ഭര   വ്യഥിതഹൃദയം
നടനവേദികയാക്കിമാറ്റൂ.

(ഏപ്രില്‍ 2014)



Saturday 19 April 2014

പ്രണയത്തിനായി ............

തേനൂറുമോർമ്മതൻ പൂക്കളെല്ലാം
പകലിനോടൊപ്പം കൊഴിഞ്ഞുപോയി
കടുകാഞ്ഞിരത്തിന്റെ കയ്പുമാത്രം
കരളിന്റെ ചില്ലയിൽ ബാക്കിയായി.

ജീവനിൽ നീ പെയ്ത സൗരഭ്യവും
കാറ്റടിച്ചമ്പേ പൊലിഞ്ഞുപോയി
മജ്ജ തുളയ്ക്കുന്ന നൊമ്പരത്തിന്‍
നീറും വ്രണങ്ങളോ വിങ്ങിനിന്നു.

അല്ലിന്റെ കട്ടിക്കരിമ്പടത്താൽ
ചില്ലുജനാലകൾ മൂടിഞാനും
നേരിൻ മയൂഖങ്ങളൊന്നുപോലും
പോരുകില്ലെൻ കിളിവാതിലൂടെ.

കൂരിരുൾകോട്ടയായ് തീർന്ന നെഞ്ചിൽ
പ്രണയം കിടന്നു പിടയ്ക്കയാവാം
നെറിവെഴാനീതിതൻ ക്രൂരഹസ്തം
നിണമുദ്രചേർക്കെയതിൻ ഗളത്തിൽ.

ഞാനെന്റെ കൺകൾ തുറന്നുവയ്ക്കാം
ആദിത്യമന്ത്രം ജപിച്ചുനിൽക്കാം
ഈവഴിപോകുന്ന കാറ്റിലെന്റെ
ആത്മാനുരാഗം പരക്കുമെങ്കിൽ

ഞാനെന്റെ നെഞ്ചം തുറന്നു വയ്ക്കാം
ചോരച്ച ചങ്കും പറിച്ചുവയ്ക്കാം
ഈവഴിത്താരയിലെൻ പ്രണയം
എന്നങ്കിലും പൂത്തു നിൽക്കുമെങ്കിൽ.

               (ഏപ്രില്‍ 2014)