Follow by Email

Saturday, 19 October 2013

മൗനം

നിന്റെ നിശ്ശബ്ദതയുടെ ഭാരം
എന്റെ നെഞ്ചിൽ കനക്കുന്നു.
ശവക്കല്ലറയുടെ  കരിങ്കൽ മൂടിപോലെ
എന്നിൽ തണുത്തുറയുന്നു
നിന്റെ മൗനം.

നീ പറയാതിരുന്ന ഓരോ വാക്കും
എന്റ ജലാശയത്തിന്റെ സ്വാസ്ഥ്യത്തിലേക്ക്
മലമുകളിൽനിന്നും ഉരുട്ടിയെറിഞ്ഞ
കൂറ്റൻ കരിമ്പാറകൾ.

മൂടിക്കിടന്ന മഞ്ഞുപാളികൾ
ഉടച്ചെറിഞ്ഞ്,
അവതീർത്തതോ
ആഴക്കലക്കങ്ങൾ!

                                                                     (ഒക്ടോബര്‍  2O13)

Tuesday, 15 October 2013

ഒരു പെണ്‍കിടാവിന്‍റെ ഡയറിക്കുറിപ്പ്‌

പ്രിയനേ,
 അറിയുന്നുവോ
എന്റെ അന്തർഗ്ഗതങ്ങൾ!
ഇനിയുമെത്രനാൾ  തുടരണം
ഈ അനന്തമായ കാത്തിരിപ്പ്?
ഒരു ജീവകോശമായി,
ഉരുവായനാൾ തൊട്ടു  തുടങ്ങിയതല്ലേ,
നിന്നിലേക്കുള്ള  ഒഴുക്ക്!

നിനക്കുണ്ടാവാം
അനേകം കാമുകിമാർ;
കാത്തു കാത്തു കണ്ണും മനവും
മടുത്തവർ.
എന്നാലെന്റെ പ്രണയം
അതിനെല്ലാം ഉപരി എന്നറിക.
 നീയെന്റെ പ്രാണനിൽ
അലിഞ്ഞതല്ലേ?
പലവട്ടം നാം മുഖാമുഖം കണ്ടു.
ഒന്നും മറന്നിട്ടില്ല.
ഒന്നുമ്മവയ്ക്കാൻ
മുഖമുയർത്തിയപ്പോൾ
'സമയമായില്ല' എന്ന് നീ
നിർദ്ദയം തട്ടിയകറ്റി.

നിന്റെ നിശ്ശബ്ദ പാദപതനം ഉള്ളോർത്ത്
എത്ര നിദ്രാവിഹീനരാത്രികൾ!
ഗന്ധമില്ലാത്ത നിന്നെത്തേടി
കാറ്റിനൊപ്പം എത്രപകലുകൾ!
മഞ്ഞുപോൽ തണുത്ത
നിന്റെ സ്പർശം തേടി,
ഹിമകണങ്ങൾ പാറിവീഴുന്ന
താഴ്വാരങ്ങളിൽ,
എത്ര നിറസന്ധ്യകൾ!
കാറ്റിനൊപ്പം പാറി വന്ന്
മുഖത്തു തല്ലി പരിഹസിച്ച
മഞ്ഞുപൂക്കൾ
നിന്റെ സ്നേഹമെന്ന്
സ്വയം സമാധാനിച്ച്
 ഞാൻ നടന്നകന്നു.

ശ്യാമമേഘങ്ങൾ ഉമ്മവയ്ക്കുന്ന
കുന്നിന്റെ നിറുകയിൽ
ഒറ്റയ്ക്കുനിന്നപ്പോൾ
നീ അങ്ങ് അഗാധത്തിൽനിന്ന്
എന്നെ കണ്ണിറുക്കി ക്ഷണിച്ചില്ലേ?
വിജനമായ കടൽത്തീരത്ത്
അസ്തമനസൂര്യന്റെ  ആരക്തമയൂഖങ്ങൾ
 സാക്ഷിയാക്കി.
സാഗരം തീർത്ത നീലപ്പട്ടുമെത്തയിലെ,
ചുളിവുകൾ കാട്ടിക്കൊതിപ്പിച്ചില്ലേ?
എന്നിട്ടറിയാത്ത ഭാവത്തിൽ നടന്നകന്നില്ലേ?
 നീളുന്ന സമാന്തരങ്ങളിൽ
 വച്ചെപ്പോഴോ
ഞാൻ നിന്റെ ഒഴുകിനീളുന്ന
കരിങ്കുപ്പായ വിളുമ്പിൽ
 ഒന്നു തൊട്ടു;
തട്ടിത്തെറിപ്പിച്ച് നീ മറഞ്ഞു.

നിന്റെ ഒരുകാമുകിയും
ഇത്രത്തോളം നിനക്കായി
ദാഹിച്ചിട്ടുണ്ടാവില്ല.
ഇതുപോലെ പ്രണയിച്ചിട്ടും.

നിന്റെ മഞ്ഞുമ്മകളുടെ ഓർമ്മ
എന്നിൽ കാമത്തിന്റെ കനലെരിക്കുന്നു.

പ്രിയനേ,
ഞാനിവിടെ അഭിസാരികയാവുകയാണ്.
നീ എന്നെത്തേടി വരികയല്ല,
ഞാൻ നിന്നിലേയ്ക്ക്
 ഒഴുകിയെത്തുകയാണ്
കൈത്തണ്ടയിൽ നിന്ന് ഒലിച്ചിറങ്ങുന്ന
ഈ കുങ്കുമരേഖകൾ.
വഴികാണിക്കുന്നുണ്ട്
ഇതാ സ്വയം സമർപ്പിക്കുന്നു
സീകരിക്കുക.
എന്റെ കാമം ശമിപ്പിക്കുക

                                                                            (ഒക്ടോബര്‍ 2013)

Monday, 14 October 2013

മൗനത്തിന്‍റെ പെണ്ണർത്ഥങ്ങള്‍*

മൗനത്തിന്‍റെ പെണ്ണർത്ഥങ്ങള്‍


വെറുപ്പുവിഴുങ്ങി വഴങ്ങുന്ന രതി,
സഭാമദ്ധ്യത്തിലെ
പ്രേമനാടാകം,


'വല'യൊരുക്കുന്ന പുസ്തകത്തിന്‍റെ
ആഴങ്ങളില്‍  മുഖം പൂഴ്ത്തുന്ന
മകളെ ചൂഴ്ന്നു നിൽക്കുന്ന ആധി.
കൗമാരക്കരൻ മകന്‍റെ
ചുണ്ടിലെ കനൽപ്പാട്,

അച്ഛൻ ഉറങ്ങുന്ന
 മഞ്ഞച്ചായക്കെട്ടിടത്തിൽ
തളം കെട്ടിയ തണുപ്പ്.
ദീനശയ്യയിൽ
മരണദൂതനെക്കണ്ട
അമ്മയുടെ കണ്ണിലെ മരപ്പ്.

അനാദി മുതല്‍ കുടിച്ചിറക്കുന്ന
നോവിന്‍റെ കയ്പ്.
അരമുറിയെ മുറുക്കിയുടുത്ത
സ്വാഭിമാനത്തിന്‍റെ വെളുപ്പ്‌ .

ജോലികഴിഞ്ഞു  വരുമ്പോൾ
പടിവാതിലിൽ സന്ധിക്കുന്ന
ചെറുപ്പക്കാരിയുടെ മുഖത്തെ പുച്ഛം.
കുളിമുറിക്കണ്ണാടിയിലെ
പരിചിതമല്ലാത്ത
സ്റ്റിക്കർ പൊട്ടുകൾ.

നടവഴിയിൽ കാണുന്ന
മരത്തണലിലേയ്ക്കു
ചായാനുള്ള തീക്ഷ്ണകാമന.

ഒളിപ്പിച്ചടക്കിയപ്രണയം
പിടിതരാതെ വിരിയിക്കുന്ന മന്ദസ്മിതം.
ഒറ്റു കൊടുക്കപ്പെടുന്ന ഇഷ്ടം...
.
                                                                                                   (ഒക്ടോബര്‍ 2013)

Saturday, 12 October 2013

മടുപ്പ്*

മടുപ്പ്


"ഏറെ മടുത്തുവോ എന്നെ"?
ചില്ലികൾ  വില്ലാക്കി കണ്ണുകൾ കൊണ്ടൊരു
ചോദ്യം തൊടുത്തവൾ നിന്നു.
"ഇപ്പൊഴെന്തേ നിനക്കിങ്ങനെ"?
മറ്റൊരു ചോദ്യശരം ഞാൻ കുലച്ചു

തകരമേൽക്കൂരയിൽ വിണ്ണിൽനിന്നും മഴ
കല്ലെറിയുന്നതുപോലെ,
ഭ്രാന്തെടുത്തോടുന്ന കാറ്റെന്റെ ജാലക-
ച്ചില്ലുടച്ചിട്ടതുപോലെ,
ചോദ്യങ്ങളൊന്നിച്ചെറിഞ്ഞവൾ നെഞ്ചിലെ
കണ്ണാടിമേട തകർത്തു.

എന്നും ഒരേ ദിനചര്യ, ഒരേയിടം,
കണ്ടു  മടുത്ത മുഖങ്ങൾ.
കാര്യമാത്രം വർത്തമാനം, സ്വരം കൂട്ടി
നേടിയെടുക്കും ജയങ്ങൾ.
ഏറെ നടിച്ചു      മടുത്ത വിരസമാം
ശോകാന്ത്യകേളികൾ മൂകം.
ഈ ഏകതാനമാം ജീവിതം ശ്യാമശ്വേതങ്ങളിൽ
ആടി മടുത്തു.
"തെല്ലു മടുത്തു ഞാൻ നിന്നെ; നിനക്കെന്നെ
എന്നേ മടുത്തുപോയല്ലേ"?

സംവദിക്കാത്ത നിൻ കണ്ണുകൾ, ചത്ത മീൻ
പോലെയൊഴുകും പദങ്ങൾ,
ചൊല്ലാതെചൊല്ലുകയാണു നിൻ വേഷഭാവങ്ങൾ,
നടപ്പും കിടപ്പും.
ഏറെ മടുത്തു നീയല്ലേ വിലങ്ങിട്ടൊരീ
ചുവർ ചിത്രങ്ങൾ പോലെ?
ആരെങ്കിലും ഒന്നെറിഞ്ഞുടയ്ക്കൂ നിന്നു
കേഴുകയാണവ മൂകം!

                                                                             (ഒക്ടോബര്‍ 2013)

Thursday, 10 October 2013

പരസ്പരം*
പരസ്പരം

നൂലുപോൽ പൊഴിയുമീ മഴച്ചാറ്റലിൽ  നിന്റെ
തോളിലെൻ തലചായ്ച്ചു നിറയും ത്രിസന്ധ്യയിൽ
കാൺകയാണകലെയായ് രാപ്പകലുകളിണ-
ചേരുവാൻ ശയിക്കുമീ സന്ധ്യതൻ  രക്താംബരം.
എന്തൊരാവേശം രാവിന്നെത്ര വന്യമാം കരു-
ത്തിത്രമേൽസ്വയം സമർപ്പിതമോ പകൽച്ചന്തം!

വിരൽത്തുമ്പൊന്നെറ്റിയാൽ മാഞ്ചുന തെറിക്കും പോൽ
തികയും മദം തുള്ളിത്തുളുമ്പും യുവത്വത്തിൽ,
എത്രമേൽ  പരസ്പരമറിയാൻ ശ്രമിച്ചു നാം,
എത്രകാതങ്ങൾ തമ്മിലൊഴുകി നിറഞ്ഞുനാം!

പിന്നെയെത്രയോ ദൂരം വേർപിരിഞ്ഞെതിർദിശ
തേടിയെങ്കിലും, വീണ്ടും ശാന്തരായൊന്നിക്കുവാൻ .
കുത്തൊഴുക്കുകൾ, ജലപാതങ്ങൾ നിലച്ചുപോയ്,
പ്രാണനെ വലിച്ചൂറ്റും ചുഴികൾ നികന്നുപോയ്.
എത്ര  'കാല'ങ്ങൾ നമ്മിലൊഴുകിയൊടുവിലീ
സ്വച്ഛശാന്തമാം കായൽ പരപ്പിൽ   മറഞ്ഞേപോയ്!

ഇന്നു നാം പരസ്പരം തണലേകുവാൻ തല-
ചായ്ച്ചു നിൽക്കവേ, ശ്രമതാന്തമാം പദങ്ങളെ,
ആദ്യമായ് കാണുന്നപോൽ കൺകളാൽ തഴുകുന്നു,
കണ്ണുനീരിനാൽ സ്നേഹലേപനം തൂകീടുന്നു.
എത്രമേൽ സ്വയംജ്വലിച്ചെരിഞ്ഞുതീർന്നീടിലും
മൺചെരാതിനെ മറന്നീടുമോ തിരിനാളം?!
ദൂരതീരങ്ങൾ തേടിയകന്നേപോയീടിലും
സുമസൗരഭം തേടി മാരുതൻ വരില്ലയോ!

                                                                                         (ഒക്ടോബര്‍ 2013)

Wednesday, 9 October 2013

ദുർഗ്ഗാർച്ചന


ഗൗരീ, മഹാദേവനർദ്ധാംഗിനീ ശ്വേത
വർണ്ണേ മധുസ്മേര മുഗ്ധാംഗിനീ,
സൗമ്യേ,  ചിദാനന്ദരൂപിണീ, സുന്ദരീ,
കാലാതിവർത്തിനീ, സൂര്യപ്രഭേ,

ഹേ, ദേവി, നിൻ മന്ദഹാസമാം കൗമുദീ
കാരുണ്യവർഷം ചൊരിഞ്ഞിടുമ്പോൾ,
ശാരദേ, ശാരദാകാശത്തിലമ്പിളി
ലജ്ജയാലത്രേ മുഖം കുനിപ്പൂ!

ഹേമാംബരേ, കാമരൂപിണീ,യീനഭോ-
മണ്ഡലം നിന്റെ ലലാടദേശം!
സൂര്യഗോളം വിളങ്ങുന്നു നിൻ ഭ്രൂമദ്ധ്യ
സിന്ദൂരമായ് സർവ്വശക്തിപ്രദേ!

മോഹനാംഗീ നിന്റെ ലാസ്യമീ ഭൂഗോള
ജീവജാലങ്ങൾക്കു ജീവതാളം.
ദുർഗ്ഗേ കരാളികേ ഭദ്രകാളീ നിന്റെ
നൃത്തം ദ്രുതതാളമായിടുമ്പോൾ,
ബ്രഹ്മാണ്ഡമണ്ഡലം നിന്നു പ്രകമ്പനം
കൊള്ളുന്നു നീ തെല്ലടങ്ങുദേവീ!

ശങ്കരീ, സർവ്വാംഗസുന്ദരീ, ശ്യാമളേ,
ഇഷ്ടപ്രദായിനീ, പേലവാംഗീ,
നിന്മുടി പാറിപ്പറക്കാതെ, നിൻ തുട
തുള്ളാതെ,നിൻ നാവു നീട്ടിടാതെ,
ഭദ്രേ, സുനേത്രേ, സുമംഗലേ, നീ ഘോര
രൂപം ത്യജിക്കൂ കലിയടക്കൂ.

കാളീ, മഹാഘോരരൂപിണീ, ഭൈരവീ
ചണ്ഡചാമുണ്ഡികേ, ശ്യാമവർണ്ണേ,
നീ ശിവകാമിനി ശക്തിയാകൂ സർവ്വ
ഭൂതജാലത്തിനും മുക്തിയാകൂ.

പർവ്വതനന്ദിനീ, ദുർമ്മദഹാരിണീ
സർവ്വാർത്ഥ സാധികേ, മോക്ഷപ്രദേ,
നിന്മുഖാംബോജം പ്രഫുല്ലമായ് സൗഭാഗ്യ
രേണുക്കളുള്ളിൽ പതിച്ചിടേണേ.

രുദ്രേ, മഹാശക്തിശാലിനീ, ത്രൈലോക്യ
ഭാവികേ,  നിത്യേ, നിനക്കഞ്ജലി,
ഹേജഗത്കാരിണീ,  സർവ്വാംഗഭൂഷിണീ,
നാദാത്മികേ, ജഗദംബ ദേവീ,

ലാസ്യസമ്മോഹനം നിൻ പദേ ഞങ്ങളി-
ന്നർച്ചനാപുഷ്പങ്ങളായിടുന്നു!
ദിവ്യപ്രഭാമയീ ഹേ ശിവാനീ നിന്റെ
തൃക്കടാക്ഷങ്ങൾ പൊഴിക്കുകമ്മേ..

(സെപ്തംബര്‍ 2013)


Tuesday, 1 October 2013

മുഖം*

മുഖം 

1.

കാണാൻ തരക്കേടില്ലാത്ത ഒരു  മുഖം
എനിക്കുണ്ടായിരുന്നു.
പൊട്ടണിയിച്ചും, മഷിയെഴുതിയും,
ചായം പുരട്ടിയും,
ഞാനതിനെ
 കൂടുതൽ സുന്ദരമാക്കി വച്ചിരുന്നു.

വിവാഹം കഴിഞ്ഞ് പിറ്റേന്ന്
എന്റെ കാന്തൻ
തേനിൽകുഴച്ചു മൊഴിഞ്ഞു.
"പ്രിയേ, നിനക്കിനി എന്തിന്
സ്വന്തമായൊരുമുഖം!
നമുക്കു രണ്ടാൾക്കും കൂടി ഒന്നു പോരേ?
വേണ്ടപ്പോഴൊക്കെ എന്റേതെടുക്കാമല്ലൊ"
എന്റെ ഉള്ളൊന്നു കാളി.
എങ്കിലും നല്ലൊരു ഭാര്യയാവേണ്ടേ?
കുടുംബിനിയും........

പിന്നീട് മുഖമില്ലാത്ത എനിക്കു
എപ്പഴോ
ഒരു മകൾ പിറന്നു.
.പൊട്ടണിയിച്ചും, മഷിയെഴുതിയും,
ചായം പുരട്ടിയും
 ഞാനവളെ കൂടുതൽ  സുന്ദരിയാക്കി
അവൾ വളർന്നു........
"അമ്മയ്ക്കെന്തിനാ വേറിട്ടൊരു ശബ്ദം?
ഞാനില്ലേ, അച്ഛനില്ലേ"!!
വേണ്ടപ്പോഴൊക്കെ ഞങ്ങൾ പറയുന്നുണ്ടല്ലൊ!!
 പൊള്ളിപ്പോയി എനിക്ക്.
എങ്കിലും നല്ല അമ്മയാകണ്ടേ?..............

കാലം പോകെ,
ഒരു തുലാവർഷത്തിന്റെ ഇടികുടുക്കത്തിൽ,
മിന്നലിന്റെ ജാലവിദ്യയിൽ,
മുരിക്കുമരത്തിന്റെ ചുവട്ടിൽ
ആടുതീറ്റി നിന്ന എനിക്കു
ബോധോദയമുണ്ടായി.
സങ്കടത്തിന്റെ സുതാര്യമായ
പോളിത്തീൻ കവറിൽ പൊതിഞ്ഞ്,
കുഴിച്ചുമൂടിയ മുഖവും സ്വരപേടകവും
ഒഴുകിമാറിയ മണ്ണിൽക്കിടന്ന്
എന്നെനോക്കിച്ചിരിച്ചു

2.

ഇറയത്തോടിക്കയറിയ എന്നെക്കണ്ട്
ഭർത്താവ്  ചോദിച്ചു
'ആരാണു നീ"?
ഞാൻ മുഖമുയർത്തിനോക്കി.
മിണ്ടാതെ നിന്ന എന്നോടു
മകൾ അലറി.
"ആരാണു നിങ്ങൾ"?
ഞാൻ നെഞ്ചുപൊട്ടിവിളിച്ചു
കണ്ണുപൊത്തി,ചെവിപൊത്തി
അവർ അകത്തേയ്ക്കോടി.
വാതിലുകളും ജനാലകളും
കൊട്ടിയടഞ്ഞു.

കോരിച്ചൊരിയുന്നമഴയത്ത്,
മുഖം ഉയർത്തിപ്പിടിച്ച്,
ഉറക്കെ സംസാരിച്ച്,
 ഞാൻ നടന്നുകൊണ്ടേയിരുന്നു.....

(നവംബര്‍ 2013)