Sunday 26 October 2014

ഉറക്കുപാട്ട്

ഉറക്കുപാട്ട്

ഒരു പകലിന്റെ പകുതിപോലും
ഇല്ലായിരുന്നു.
എങ്കിലും എത്രയോ ജന്മങ്ങള്‍.....

ചടങ്ങുകളും സാക്ഷികളും ഒന്നും  ഇല്ലായിരുന്നു.
ആത്മാവുകള്‍ സംക്രമിച്ച
ഒരു  ചുംബനം മാത്രം.
ശരീരങ്ങള്‍ സ്വയം പിന്‍വലിഞ്ഞു.
ചുണ്ടുകള്‍ മാത്രം ഒരു നിമിഷാര്‍ദ്ധം ഒരുമിച്ചു.

ഒരു നിശ്വാസവും, ഒരു ശ്വാസവും.
അതില്‍ ജീവനുകളുടെ പകര്‍ന്നാട്ടം,
അരഞൊടിയില്‍.
പാതി നീയും പാതിഞാനും

നീ എനിക്ക്  ഈശ്വരനല്ല,
കാമുകനും.
എന്റെ ജീവന്റെ പാതിയും,
ശ്വാസത്തിന്റെ സൂക്ഷിപ്പുകാരനുമത്രേ.

കൈയ്യകലത്തും, കണ്‍വെട്ടത്തും,
വിളിപ്പുറത്തും വേണമെന്നില്ല,
എന്നാല്‍  ജപനിഷ്ഠകളുടെ ഒടുക്കം
വെളിച്ചപ്പെടാതിരിക്കരുത്.
ഒടിവിദ്യ എന്നേ കയ്യൊഴിഞ്ഞവള്‍ ഞാന്‍.
എങ്കിലും അഷ്ടദിക് നൂലുകളിലൂടെ
ആശകള്‍ നിന്നെത്തിരയുംപോള്‍
മായം തിരിയാനാവില്ല നിനക്ക്.

മന്ത്രവാദക്കളങ്ങളുടെ നിറക്കടുപ്പത്തില്‍
ആകര്‍ഷിച്ചാവാഹിച്ച്
വിരഹത്തിന്റെ കാഞ്ഞിരമരത്തില്‍
നിന്നെ തറയ്ക്കുന്നില്ല ഞാന്‍.
എന്നാല്‍
പറന്ന് ചിറകുതളരുമ്പോള്‍
എന്‍റെ ചില്ലയില്‍
ചേക്കേറാതിരിക്കാന്‍ ആവില്ല നിനക്ക്.

കണ്ണുരുകിയ ലോഹദ്രാവകത്തില്‍
പൊള്ളിത്തെളിഞ്ഞ ശുദ്ധിയാണ്
എന്‍റെ അര്‍ഘ്യം.
ഇന്ദ്രിയജ്വാലകള്‍ എരിഞ്ഞടങ്ങിയ
ചാമ്പലാല്‍
നിനക്ക്  പാദപൂജ
വികാരസര്‍പ്പങ്ങള്‍ ഇഴഞ്ഞു നടക്കാത്ത
ചന്ദനമരത്തണലില്‍   നിദ്രയും.

കാവലിന്
എന്‍റെ മിഴികളിലെ  സൂര്യചന്ദ്രന്മാര്‍
പകലിരവുകളില്ലാതെ.
ഉറങ്ങൂ..

(   നവംബര്‍  2014)

Saturday 25 October 2014

സായാഹ്നം --- കുറിപ്പുകള്‍

എണ്ണമൊന്നും അറീല്ല്യ കുട്ട്യേ ..എത്രയാന്ന് വച്ചിട്ടാ എണ്ണുക! 
മരത്തുംമേന്ന്‍ എല കൊഴിഞ്ഞു പോണത് എണ്ണാറൊണ്ടോ? അതുപോലെന്നെയാ ഇതും. കൊറേ കഴീമ്പം അങ്ങട് മടുക്കും.എത്ര കാലായീന്ന്‍ ചോയ്ച്ചാ പ്പോ നിക്ക് കണിശം ന്നും ഇല്ലേ.. ഇബ്ടെ വന്ന എടയ്ക്ക് ആദ്യൊക്കെ ദെവസോം ആഴ്ചേം മാസോം ഒക്കെ കണക്കു കൂട്ട്യേര്‍ന്നു. പിന്നെപ്പോഴോ അത് താനേ നിന്നു. അല്ല എന്തിനാപ്പോ ഇതൊക്കെ എണ്ണി തിട്ടപ്പെടുത്തീട്ട്? വരും വരും ന്ന് വഴിക്കണ്ണുമായി നോക്കിയിരിക്കാന്‍ അങ്ങനെ ആരും ഇല്ലാന്നും കൂട്ടിക്കോളൂ.
കിട്ടണ തുണ്ടുകടലാസൊക്കെ ആര്‍ത്തിയോടെ വായിച്ചിരുന്നു ആദ്യൊക്കെ. നന്നേ രാവൈകി എന്തെങ്കിലുമൊക്കെ കുത്തിക്കുറിച്ചും അതൊക്കെ സൂക്ഷിച്ചു വച്ചും പിന്നേം കൊറേ നാള്‍. ഒന്നിലും കാര്യല്ല്യാ കുട്ട്യേ....വായിച്ചാലെന്ത്, എഴുതിയാലെന്ത്‌,ഒന്നും ചെയ്തില്ലെങ്കിലെന്ത്? എല്ലാം ഒന്നുതന്നെ. ഇപ്പൊ മുറീന്ന്‍ പൊറത്ത് ഏറങ്ങാറും കൂടീല്ല്യ. ഭിത്തീമ്മേ അങ്ങനെ നോക്കിയിരിക്കും. ആകാശോം കാടും പോഴേം കടലും ഒക്കെ കാണാം. കണ്ണടച്ചിരുന്നാലും ഇതൊക്കെത്തന്നെ കാണണൊണ്ട്. പിന്നെന്തിനാ പൊറത്ത് പോണേ?
കണ്ണില് കൃഷ്ണമണി ഇപ്പൊ തീരെ അനങ്ങാറില്ല്യ. എങ്ങടും നോക്കാന്‍ തോന്നാഞ്ഞിട്ട്‌ന്ന്യാ ന്‍റെ കുട്ട്യേ. പുത്യതായിട്ട് ഇനി ഒന്നും കാണാനില്ല്യ ,എന്നല്ല നി ഒന്നും കാണുവോം വേണ്ടേനും.
ഇനീപ്പം ആകാശം ഇങ്ങട് ഭൂമീലിക്ക് എറങ്ങി വരണപോലെ കണ്ണിലെ ഈ കറപ്പും അങ്ങട് വെള്ള വന്ന് മൂടാന്‍ കാത്തിരിക്ക്യന്നെ.........ന്നാ കുട്ടി പോവ്വല്ലേ ? ങാ ഒരൂട്ടം പറയാമ്മറന്നു. മഴവില്ല് കാണാന്‍ തരാകുമ്പോഴൊക്കെ കണ്ണുനെറെ കണ്ടോളൂട്ടോ.. അല്ലാച്ചാ പിന്നെ വല്ലാണ്ടെ സങ്കടാവും ......... ങാ ന്നാ പൊക്കോളൂ .. നല്ലതേ വരൂ

Sunday 12 October 2014

പെണ്‍കുഞ്ഞ്‌

പെണ്‍കുഞ്ഞ്

ഇരയല്ല നീ വേട്ടമൃഗമല്ല നീ
ഇരുള്‍വീഥിയില്‍ സ്വയം തേജസ്വിനി.
നീ സഹയാത്രിക സ്നേഹപൂര്‍ണ്ണ
ആത്മവീര്യത്താല്‍ ജ്വലിച്ചുനില്‍പ്പോള്‍.
തേരുരുള്‍പാച്ചിലില്‍ പട്ടുപോകും
കാട്ടുപുല്ലല്ല മഹാമരം നീ.
ഇലകൊഴിഞ്ഞാലും തളിര്‍ത്തിടുന്നോള്‍
ചോടറുത്താലുമുയിര്‍ത്തിടുന്നോള്‍.
പുത്രി നീ, പെങ്ങള്‍ നീ, അമ്മയും നീ
അഗ്നിസ്ഫുടം ചെയ്ത പൊന്‍ശലാക.
പെണ്ണ് നീ മണ്ണിന്‍ ഗുണം തികഞ്ഞോള്‍
കണ്മണി പോലെ പ്രിയം തരുന്നോള്‍.
നിന്‍ ശിരസ്സെന്നുമുയര്‍ന്നുനില്‍ക്കാന്‍
നിന്‍ വിചാരങ്ങള്‍ സ്വതന്ത്രമാകാന്‍
നിന്‍ മുന്നിലല്ല നിന്‍ പിന്നിലല്ല,
നിന്‍ കൈ പിടിച്ചൊപ്പമുണ്ട് ഞങ്ങള്‍.
വ്യഥയല്ല നീയഭിമാനമത്രേ
ആത്മബോധത്താല്‍ പ്രബുദ്ധയത്രേ
സര്‍വ്വം സഹയല്ല ദേവിയല്ല
മണ്ണില്‍ പിറന്നവള്‍ തന്വിയത്രേ.