Follow by Email

Friday, 20 July 2012

ചില മധ്യകാല ചിന്തകൾ

എന്തു മാത്രം അറിവില്ലായ്മയാണ് നമുക്ക്!
വാസ്തവത്തിൽ എത്ര  ചെറുതാണ്
നമ്മുടെ അറിവ്.
 എത്ര  തുച്ഛമാണ് അതിന്റെ പരിധി!
മധ്യവയസ്സിലെത്തിയ ഒരു
ശരാശരി മലയാളി,
 ഉദ്യോഗസ്ഥയോ /നോ ആണെങ്കിൽ
വിശേഷിച്ചും,
ഏതാണ്ടൊക്കെ അറിഞ്ഞുകഴിഞ്ഞു എന്ന
നിഗളിപ്പിലാണ്.
ചിലപ്പോഴൊക്കെ ഒരു അതിപക്വതയുടെ
മുഖം മൂടിയോ മേലുടുപ്പോ
അണിയുകകൂടി ചെയ്യും.
എന്നിട്ട് അതിഗഹനമെന്ന രീതിയിൽ
മനുഷ്യ മനസ്സിനെക്കുറിച്ചും,
സ്നേഹബന്ധങ്ങളെക്കുറിച്ചും,
രാഷ് ട്രീയ അതിപ്രസരത്തെക്കുറിച്ചും,
അരാഷ് ട്രീയ വാദത്തെക്കുറിച്ചും,
ലൈംഗികതയെക്കുറിച്ചും,
അങ്ങനെയങ്ങനെ
സൂര്യനു് കീഴിലും മുകളിലുമുള്ള എന്തിനെക്കുറിച്ചും
ദാർശനികമായി സംസാരിച്ചുകളയും.
എന്നിട്ട്
 ഹൊ! എനിക്കിങ്ങനെയൊക്കെ
പറയാൻ കഴിയുന്നല്ലോ എന്നു്
സ്വയം അദ്ഭുതം കൂറും.

വാർധക്യത്തെക്കുറിച്ചു ് ചിന്തിക്കുമ്പോൾ,
അത് അനുഭവിക്കുന്നവരെ കാണുമ്പോൾ
ശ്രീബുദ്ധനു തോന്നിയതുപോലെയാണോ
 എന്നൊന്നും  അറിയാത്ത
 ഒരു അന്ധാളിപ്പും വ്യഥയും ഉള്ളിലുദിക്കാറുണ്ട്.
പ്രായം ചെന്ന്` തൊലി ചുളിഞ്ഞ്
നര പിടിച്ച്,
പഞ്ചേന്ദ്രിയങ്ങൾ ക്ഷയിച്ചു തുടങ്ങുന്ന
ഒരവസ്ഥ.
അത് നമ്മെ ഏറ്റവും ദുഃഖിപ്പിക്കുന്നത്
മദ്ധ്യവയസ്സിലാണ`.
ശൈശവ കൗമാരങ്ങളിൽ
നമ്മളാരും അതിനെക്കുറിച്ച്
ആകുലപ്പെടാറില്ല.
യൗവ്വനത്തിൽ നമ്മൾ വാർധക്യത്തെ
സൗകര്യപൂർവം വിസ്മരിച്ചു   കളയുന്നു.
എന്നാൽ മധ്യ വയസ്സിൽ എത്തുമ്പോൾ
എന്തിനെന്നറിയാത്ത ,പേരറിയാത്ത
വിഹ്വലതകളും ആധികളും
നാനാവശത്തുനിന്നും
മനസ്സിലേയ്ക്ക്പാഞ്ഞെത്തുന്നു.
വേണ്ടതിലും എത്രയോ അധികം! !

വർധക്യത്തെ നാം ഭയപ്പെട്ടിരുന്നു എന്ന്
പിന്നീട് പ്രായമാകുമ്പോൾ
നാം തിരിച്ചറിയും.
ഒരു ചെറുചിരി ചുണ്ടിലോളമെത്താതെ
മനസ്സിൽ മൊട്ടിട്ടു വിരിഞ്ഞു കൊഴിയും.
ഓരോ ദശകളും അതാതിന്റെ  സമയത്ത്
കൃത്യമായി വന്നു പോയിരിക്കും;
നം സ്വാഗതമരുളിയാലും ഇല്ലെങ്കിലും!

വൃദ്ധൻ മണത്തെ ഭയക്കുന്നപോലെ
മദ്ധ്യവയസ്കൻ വാർധക്യത്തെ ഭയപ്പെടുന്നു.
മരണം പെട്ടെന്നങ്ങു തീരും;
എന്നൊക്കെ ന്യായം പറഞ്ഞ്
നാം നമ്മുടെ ഭീതിയെ
ബഹുമാന്യമാക്കും.

എന്നാൽ
ശരിക്കും ചിന്തിക്കൂ.
മരണം
പെട്ടെന്ന്
വരുന്നതാണോ?
ഓരോ നിമിഷവും
നാം
നടന്നടുക്കുന്നത്
എവിടേക്കാണ്!!??


Monday, 9 July 2012

സുമംഗലി

സുമംഗലി

ഇതു വറുതികാലം, എൻ പാടത്തു ഞാൻ വിത-
യേറ്റിയ കിനാക്കൾ കരിഞ്ഞകാലം.
ചിലകാലമൊക്കെ ഞാനിളവേൽക്കുമെൻപ്രണയ
 ശാഖിതൻ തണലും  കൊഴിഞ്ഞകാലം.
ഒരു മരുപ്പച്ച തൻ  നിഴൽ പോലുമില്ലാതെ
പാദങ്ങൾ വേവുന്ന  കെടുതികാലം.
ഹൃദയം പറിക്കുവാനലറും മരുക്കാറ്റി-
ലൊരു ചില്ല തേടിയെൻ ജന്തുസത്വം.
വരളുന്ന കൺകളിൽ പൊടിമണൽ തൂവിയി-
ട്ടോടുന്നു ചിരിയോടെ കർമ്മകാണ്ഡം.
കൺതുറക്കാതെ ഞാൻ കൈകളാൽ പരതവേ
വിധി നേർക്കു നീട്ടുന്നു തപ്ത ലോഹം.
കർമ്മദോഷങ്ങളോ കാളസർപ്പങ്ങളായ്
തീചീറ്റീ നേർക്കുന്നു കഷ്ടകാലം.
ഒരു സാന്ത്വനത്തിന്റെ ചെറു വിരൽ തേടുമെൻ
മനമാകെ മൂടുന്നു ശരമാരിയാൽ.
നിലതെറ്റിയോടവേ പുതയുന്നു പാദങ്ങൾ
ചതിയാം ചതുപ്പിൻ പതുപതുപ്പിൽ.
മരണമേ നിൻ നാമ ജപമാണു തെളിയുന്നു
ചുണ്ടിലും നെഞ്ചിൻ നെരിപ്പോടിലും.
ചിര ചുംബനത്തിന്റെ മുദ്രയെൻ നെറുകയിൽ
ചേർക്കൂ സുമംഗലിയാക്കുകെന്നെ.

                                                                (ആഗസ്റ്റ്‌ 2012)

Tuesday, 3 July 2012

സംശയത്തെപ്പറ്റി ചില സംശയങ്ങൾ


ആശങ്കകൾ ആണല്ലേ മനസ്സിനെ വല്ലാതെ അസ്വസ്ഥമാക്കുന്നത്?
ഒന്നുകിൽ അങ്ങനെ ആണ് അല്ലെങ്കിൽ അല്ല ; ഇതു രണ്ടും നമ്മെ 
ഒരു പരിധിയിൽ കൂടുതൽ മഥിക്കില്ല. പക്ഷെ  രണ്ടിനും ഇടയ്ക്കുള്ള
അവസ്ഥ ഒരുതരം ശ്വാസം മുട്ടലാണ്. സശയം കൊണ്ട് നീറുന്നതിലും 
 എളുപ്പമാണ് ക്ഷമിക്കാനും മറക്കാനും. ഒരു സുഹൃത്ത് നമ്മെ വഞ്ചിച്ചോ
എന്നു്  സംശയം തോന്നിയാൽ നമ്മുടെ സമാധാനം നഷ്ടപ്പെടും .
എന്നാൽ നാം ചതിക്കപ്പെട്ടു എന്നു വ്യക്തമായി അറിഞ്ഞാൽ
  കുറച്ചു നേരത്തെ വേദനയേ കാണൂ. പിന്നെ മനസ്സ് അതുമായി
 പൊരുത്തപ്പെടും.എന്നാൽ അങ്ങനെ ഒരു സംശയം തോന്നുകയും
അതിന്റെ നിജസ്ഥിതി അറിയാനുള്ള ഒരു മാർഗ്ഗവും നമുക്കില്ലാതിരിക്കുകയും
 ചെയ്താലോ! ഉമിത്തീ നീറുന്നതുപോലെ മനസ്സു് നീറിപ്പുകഞ്ഞുകൊണ്ടിരിക്കും.

          നമ്മുടെ ചിന്തകളുടെയും പ്രവൃത്തികളുടെയും സുതാര്യതയെ അത്
 പ്രതികൂലമായിബാധിക്കും.കാഴ്ചയും കേൾവിയും മങ്ങിപ്പോകും.
 സസാരം കൃത്രിമമാകും.നമ്മുടെ വ്യക്തിത്വംവികലമായിത്തീരും.
 ആശങ്ക തരുന്ന വ്യക്തി എത്രമാത്രം നമുക്കു പ്രിയപ്പെട്ടതാണോ
 അത്രയധികം വർദ്ധമാനമായിത്തീരും നമ്മുടെ അസ്വസ്ഥതകൾ.

   ധ്യാനവും തപസ്സും പ്രാർഥനയും ഒന്നും മനസ്സിനെ സ്വസ്ഥമാക്കാത്ത
സന്ദർഭമാണത്.കാരണം എല്ലാ മതങ്ങളും അനുശാസിക്കുന്നതു്
വൈരം ഉള്ളിൽ സൂക്ഷിച്ചുകൊണ്ട് ജപമോ തപമോ ധ്യാനമോ
 അനുഷ്ഠിച്ചാൽ അതു ഫലവത്താവില്ല എന്നാണ്. കാരണം
നമ്മുടെ ചിന്തകളുടെ ഏകാഗ്രത നഷ്ടപ്പെടും.അഥവാ നമ്മുടെ
 ഏകാഗ്രത പകയൊ വിരോധമോ തോന്നുന്ന വ്യക്തിയായി മാറും.
ഈശ്വരനോ ഇഷ്ടമൂർത്തിയോ ചിന്താകേന്ദ്രമാകേണ്ടതിനു പകരം
പ്രസ്തുത വ്യക്തിയോ വ്യക്തികളോ ആ സ്ഥാനം കൈയ്യടക്കും.
ചുരുക്കിപ്പറഞ്ഞാൽ ശത്രുവിനെയാകും നാം ദൈവമാക്കുക;!
 എങ്കിലും ശത്രുത മറക്കാൻ പരിശീലിക്കാവുന്നതേയുള്ളൂ.
ആധുനിക മനശ്ശാസ് ത്ര, മനോവിജ്ഞാനീയ
സിദ്ധാന്തങ്ങൾ പലതും നമ്മെ തുണയ്ക്കും.

       പക്ഷെ എത്ര ശ്രമിച്ചാലും ശരിയോ തെറ്റോ എന്നറിയാത്ത,
 ഉണ്ടോ ഇല്ലയോ എന്നറിയാത്ത ഒന്ന് എപ്രകാരമാണ് നാം മറക്കുക?
 പൊറുക്കുക? മറക്കുക എന്നത് സ്വാഭാവികമായ ഒരു പ്രവൃത്തിയാണ്.
എന്നാൽ മറക്കാൻ ശ്രമിക്കുക എന്നതു് ബോധപൂർവമായ ഒന്നും.
ബലമായി ഒഴിവാക്കാൻ നോക്കുന്നത് സ്ഥിരപ്രതിഷ്ഠ നേടും.
 (whatever we resist will persist) മാന്തി മാന്തി വലുതാവുന്ന വ്രണം പോലെ
 അതു മനസ്സിനെ കാർന്നു തിന്നുകൊണ്ടേയിരിക്കും.