Thursday 28 February 2013

ഒരു നീർക്കണം

ഒരു നീർക്കണം

എത്രയോ ജലകണങ്ങളുണ്ട്
മേഘങ്ങളുടെ കൈക്കുമ്പിളിൽ!
പളുങ്കു മണികൾ പോലെ
താഴെ വീണു ചിതറുന്നവ,
ചെളിയിലും പൊടിയിലും വീണ്
കറ കലരുന്നവ,
ഭൂമിയുടെ വരണ്ട മാറിൽ
വിലയം പ്രാപിക്കുന്നവ,
കരിങ്കല്ലിൽ തലതല്ലി
കരഞ്ഞൊടുങ്ങുന്നവ,
ആഴങ്ങളിലേയ്ക്ക് കിനിഞ്ഞിറങ്ങി
തെളിനീരുറവയായി
മറ്റെവിടെയോ
പൊട്ടിമുളയ്ക്കുന്നവ,
നേർത്ത കണികകളായിച്ചിതറി
ചക്രവാളത്തിൽ
മഴവില്ലുതീർക്കുന്നവ,
ജന്മാന്തരങ്ങളിലേയ്ക്കു കുളിരായി
മൃത്യുവക്ത്രത്തിൽ
അന്ത്യോദകമാകുന്നവ,
ഒരു ചേമ്പിലവട്ടത്തിന്റെ നെറുകയിൽ
സുതര്യമായ പൊട്ടുകുത്തുന്നവ,
ചിപ്പിയുടെ ഹൃദയത്തിൽ വീണ്
മുത്തായിത്തിളങ്ങുന്നവ.
ഏതാവണം നിനക്ക്?
അതോ  നിന്റെ മുഖം തിളങ്ങുന്ന
എന്റെ  കണ്ണീലെ നീർമണിയോ?!!!


Saturday 16 February 2013

പെണ്‍പിറപ്പ്‌*

പെണ്‍പിറപ്പ്‌

എന്തു കൊണ്ടാണ്
പെണ്ണിനെ ഉണ്ടാക്കുക?????
കരിങ്കല്ലുകൊണ്ടായാലോ?
വേണ്ട .
കഠിനഹൃദയയായിപ്പോകും!
കള്ളക്കണ്ണീരിലും കപടനാട്യത്തിലും
അലിയില്ല.

മരം കൊണ്ടാവട്ടെ?
വേണ്ടേ വേണ്ട.
വേരുകളും ചില്ലകളും വളർന്ന്,
മറ്റുള്ളവർക്കു തണലാകും.
അതൊട്ടും വേണ്ട.

മഴവില്ലുകൊണ്ടോ
മഴത്തുള്ളികൊണ്ടോ വേണ്ട;
ക്ഷണികവും, ചഞ്ചലവും ആണ്.
കാരിരുമ്പുകൊണ്ടും വേണ്ട,
തുരുമ്പിച്ചാലോ!

കളിമണ്ണുകൊണ്ടാവട്ടെ;
ചവിട്ടിത്തേച്ചു പതം വരുത്താം,
ഇഷ്ടം പോലെ അടിച്ചു പരത്താം,
തോന്നും പോലെ വലിച്ചുനീട്ടാം
സ്ഥായീഭാവം ഇല്ലേയില്ല;

ആവശ്യം കഴിഞ്ഞ് വലിച്ചെറിയാം
.വേനലിൽ  ഉണങ്ങിപ്പൊടിഞ്ഞോളും;
മഴയിലോ ,അലിഞ്ഞുപോകും.
തെളിവുകൾ അവശേഷിപ്പിക്കുകയേയില്ല.
അതല്ലേ നമുക്കും  വേണ്ടത്?!

Tuesday 5 February 2013

സൂര്യനീതി*

സൂര്യനീതി


മീനമാസത്തിലെ സൂര്യൻ തിളക്കുന്ന-
തോർമ്മകൾ  പൊള്ളുമെൻ നെഞ്ചിലത്രേ!
ഒരു പച്ച നാമ്പില്ല തലനീട്ടുവാൻ ചാവ്
പേനാവു നീട്ടുന്ന ചുട്ട കാറ്റിൽ.

കനിവിൻ തണുപ്പിനെ കനവു കണ്ടാധിയിൽ
ജ്വരമൂർച്ഛ പൊള്ളുന്ന മാംസമോടെ,
ഇഴയുന്നു മുന്നോട്ട് കനൽ വിരിച്ചുള്ളൊരീ
പാതയോ നീളുന്നനന്തമായി.

ഇലകരിഞ്ഞുള്ളൊരീ വഴിമരച്ചില്ലയിൽ
ചാട്ടൂളിക്കണ്ണുമായ് കാത്തിരിപ്പൂ,
എത്രമേൽ കൊത്തിപ്പറിച്ചിട്ടുമുള്ളിലെ
വെറിയടങ്ങീടാത്ത കഴുകരെല്ലാം.

ഉമിനീരു വറ്റിയെൻ ,മിഴിനീരു ബാഷ്പമായ്
വരളുന്ന തൊണ്ടയിൽ നാക്കുപറ്റി
പൊടിതിന്നു തിന്നു ഞാനിഴയുന്നു  നീളവേ
ഒരു തണൽ വട്ടമാം കനവുമായി.

കുരിശേറി നിൽക്കുമെൻ  നെഞ്ചിലെ വിള്ളലിൻ
നോവിൽ ത്രിശൂലം തറച്ചിറക്കി,
കൈത്തുലാസ്സിൽ നീതി തൻ തട്ടു പൊങ്ങിയ
കൺകെട്ടഴിഞ്ഞൊരാ നീതിദൈവം!
കട്ടിക്കരിങ്കല്ലിൻ കൂർത്ത ചീളാലെന്റെ
നെറ്റിതകർത്തിതാ ന്യായപീഠം!

ഹേ സർവ്വസാക്ഷിയാം സൂര്യ, തിളയ്ക്കുന്ന
നെഞ്ചിലെ നോവിലെൻ വേവു ചേർക്കൂ.
'ഗാന്ധി'ചിത്രങ്ങൾ, കൊടിനിറങ്ങൾ കൊണ്ടു
മൂടിയിരിക്കുന്ന നേരിനെ നീ
അഗ്നിസ്ഫുടം ചെയ്തു നിർത്തുകീ വേദിയിൽ
സത്യം  ജ്വലിക്കട്ടെ  നിത്യമായി.


*,നീതി നിഷേധിക്കപ്പെട്ട സൂര്യനെല്ലി പെണ്‍കുട്ടിക്കും, അപമാനിതരായ മറ്റെല്ലാ പെണ്‍കുട്ടികള്‍ക്കും വേണ്ടി.

                                                                                (ഫെബ്രുവരി  2013)