Sunday 23 February 2014

അമ്മയാകുവാൻ ........

'ഹോളി ഹെൽ' വിവാദത്തിലൂടെ കടന്നു പോയപ്പോൾ തോന്നിയത്



അമ്മയാകുവാൻ ഗർഭം ധരിക്കണം 
അമ്മയാകുവാൻ നൊന്തു പെറ്റീടണം
അമ്മയാകുവാൻ സ്തന്യം ചുരത്തണം
അമ്മയാകുവാൻ സ്വാർഥം ത്യജിക്കണം
അമ്മയാകുവാൻ സ്നേഹമായീടണം
ത്യാഗമായ് സ്വയം കത്തിജ്ജ്വലിക്കണം

ശുഭ്രവസ്ത്രം ധരിച്ചു സുധാമയ
വാണികൾ വാരിയെങ്ങും വിതറുകിൽ,
കണ്ണുമഞ്ചിത്തിളങ്ങും പ്രദീപ്തമാം
നാസികാവജ്രധാരിണിയാകുകിൽ,
ഭൂമിയിൽ പാദസ്പർശം തടയുവാൻ
താമരപ്പൂ മെതിയടിയാക്കുകിൽ,
ചുറ്റുമെന്നും വണങ്ങിനിന്നീടുവാൻ
ലക്ഷമാളുകൾ തിക്കിത്തിരക്കുകിൽ.

അക്ഷമാലയാൽ പാടേയലംകൃതം
വക്ഷസ്സിൽ മുഖം ചേർത്തു പിടിക്കുകിൽ,
എത്ര വാരിപ്പുണർന്നു മടുക്കിലും
എത്ര ചുംബനം നൽകിയെന്നാകിലും,
'അമ്മ അമ്മ' എന്നായിരം കണ്ഠങ്ങൾ
ഉച്ചഭാഷിണിതോറും വിളിക്കിലും,
അമ്മയാകില്ല മറ്റൊരു ജീവനെ
സ്വന്തജീവനിൽ പേറാത്തൊരുത്തിയും!
അമ്മയാകില്ല കുഞ്ഞിന്റെ കണ്ണുനീർ
നെഞ്ചകത്തിൽ കടലുതീർക്കാത്തവൾ!

അമ്മയാകുവാൻ സ്നേഹമായീടണം
ത്യാഗമായ് സ്വയം കത്തിജ്ജ്വലിക്കണം......

Saturday 15 February 2014

അഥർവ്വം

അഥർവ്വം 

ഞാനൊരു തുള്ളി. 
നിറം ചോർത്തിക്കളഞ്ഞ് 
കണ്ണുനീരെന്നു വിളിക്കാം.
വിശുദ്ധി ചിഹ്നമായി 
പൂജാമുറിയോളം കയറ്റാം.

ചുവപ്പുടുപ്പിച്ചു 
അശുദ്ധ രക്തം എന്നു വിളിക്കാം. 
പതിത്വം കല്പിച്ചു
പടിക്ക് പുറത്ത് നിർത്താം.

പൂജാമുറി ഒരു
പാദപീഠത്തിന്റെ അടിമത്തം,
പൂതലിച്ച ശവഗന്ധം,

പടിക്കപ്പുറം അതിരെഴാ
സഞ്ചാരവീഥികൾ.
അന്ധകാരച്ചിറകുകൾ.

അകമേ മന്ത്രശക്തീഗരിമ ,
സുരക്ഷയുടെ ത്രികോണംദൈവികതയുടെ പട്ടാട.

എനിക്ക് ഭോഗിക്കപ്പെട്ട ഭൂമിയും
അപഥഗാമിനികളായ പുഴകളും
രജസ്വലയായ ആകാശവും മതി .

മന്ത്രജലവും
ജപനൂലുകളും
ശംഖൊലികളും വേണ്ട .


                                            (ഫെബ്രുവരി 2014)

Wednesday 12 February 2014

ഉള്ളിൽ ഉള്ളത്.....

ഉള്ളിൽ ഉള്ളത്.....

മനസ്സിന്റെ ഒരു പാതിയിൽ
ഒരു കൊടുങ്കാട് ഒളിപ്പിച്ചിരിക്കുന്നു ഞാൻ.
ആരും കണ്ടിട്ടില്ലാത്ത
വനപുഷ്പങ്ങളും,
കന്യകാത്വം നഷ്ടപ്പെടാത്ത
കാട്ടരുവികളും നിറഞ്ഞ,
വന്യമൃഗങ്ങൾ ചുരമാന്തിയലറുന്ന,
കാട്ടുതീയാളിപ്പടരുന്ന,
കൊടുങ്കാറ്റു താണ്ഡവമാടുന്ന
ഒരു കൊടുങ്കാട്.

മറുപകുതിയിൽ
ഒരു കരകാണാക്കടലും.

മത്സ്യകന്യകമാരുടെ
മാന്ത്രിക സംഗീതവും,
അനശ്വരപ്രണയങ്ങളുടെ
ഹംസഗാനവും,
രത്നഗർഭം കനത്ത
അടിവയറും,
പ്രാണൻ വലിച്ചൂറ്റുന്ന
വൻ ചുഴികളും,
വിഷം തുപ്പിനേർക്കുന്ന
കടൽനാഗങ്ങളും,
എരിഞ്ഞടങ്ങിയ സൂര്യന്റെ
കരിക്കട്ടയും,
ശതസഹസ്രം നീരാളിക്കൈകളും നിറഞ്ഞ
ഒരു കരിങ്കടൽ,
അതോ ചാവുകടലോ!!!