Sunday 16 September 2012

പ്രകൃതിയും പുരുഷനും

പ്രകൃതിയും പുരുഷനും

വേനൽമഴ പോലെയാർത്തലച്ച്,
കൊള്ളിയാൻ മിന്നി നീ പെയ്തൊഴിഞ്ഞു.
മേടക്കണിക്കൊന്ന പോലെ താഴെ
ഭൂമിയിൽ ഞാൻ പൂത്തുലഞ്ഞു നിന്നു.

ഒരു കുളിർ തെന്നലായ് വന്നു നീയെൻ
അളകങ്ങൾ  കോതിക്കടന്നുപോയി.
രോമഹർഷത്തോടെ നിന്നുപോയ് ഞാൻ
തൈമുല്ല പൂത്തുവിടർന്നപോലെ.
കരിമേഘമായി നീ പെയ്തുവീണ്ടും,
കടലായിമാറി ഞാനേറ്റു വാങ്ങി.

താണ്ഡവമാടുന്നു  ശങ്കരാ നീ,
പാതിമെയ്യാണു ഞാൻ ലാസ്യമല്ലോ.
ദ്രുതതാളമായി നീ, ചടുലപാദം
ക്ഷമയായി  മാറിഞാൻ നെഞ്ചിലേറ്റു.
നീ ജടാധാരി പിനാകപാണി,
വിൺഗംഗയായ് ഞാനൊഴുകി നിന്നിൽ.
സർപ്പകാമത്തോടെ നീയണഞ്ഞു,
ചന്ദനം പെയ്തു ഞാൻ ചന്ദ്രചൂഡാ.

തൃക്കണ്ണിലഗ്നി ജ്വലിച്ചുനിൽക്കേ,
നീലനിലാവലയായി ഞാനും.
നടനം തുടർന്നു നീ വേർപ്പണിഞ്ഞു,
തിരുമാറിൽ ഭസ്മമായ് ഞാനലിഞ്ഞു.

വാക്കാണു നീശബ്ദസാഗരം നീ,
അർത്ഥമായ് മാറി ഞാൻ ജീവിതേശാ,.
പുരുഷനായ് നിത്യവും നീയുണരാൻ
 പ്രകൃതിയായ് പെണ്ണായി മാറുന്നു ഞാൻ.

Sunday 9 September 2012

'ബലാൽക്കാരം'

'ബലാൽക്കാരം'

ലൈംഗികതയോടുള്ള 
പുരുഷന്റെ ആസക്തി
മാതൃത്വത്തെ തേടലായി,
സ്വത്വത്തിൽനിന്നുള്ള ഒളിച്ചോട്ടമായി,
പത്തും പലതുമായി
മനോവിജ്ഞാനീയം പെരുപ്പിക്കുന്നു.

പെണ്ണിന്റെ ഹൃദയത്തിൽ
വെറുപ്പിന്റെ ബീജം
നിക്ഷേപിക്കപ്പെടുമ്പോഴാണ്
യഥാർത്ഥത്തിൽ ബലാൽക്കാരം നടക്കുന്നത്.

അത് മരുന്നുകൾക്കൊണ്ടോ,
മന്ത്രമാരണങ്ങൾ കൊണ്ടോ,
മറുക്രിയകൾ കൊണ്ടോ
കലക്കിക്കളയാവുന്നതല്ല.
അതിന്റെ വളർച്ച,
ഒരിക്കലും നിലയ്ക്കാത്തതിനാൽ,
പ്രസവിച്ചൊഴിവാക്കാനുമാവില്ല.

ഒരു നിത്യത്തുടർച്ചയായി,
കനത്ത ഭാരമായി,
ക്ഷണം തോറും തിടം വയ്ക്കുന്ന,
മുഴുത്ത തെറിയായി
അവൾക്കതിനെ ചുമക്കേണ്ടി വരുന്നു.!

പെണ്ണിനെ പെരുമാറൂമ്പോൾ സൂക്ഷിക്കുക!!!!
വിതയ്ക്കപ്പെടൂന്ന വിത്തിന്
വളക്കൂറൂള്ള മണ്ണാണ്
അവളുടെ നെഞ്ച്.....

Saturday 1 September 2012

പുനർജന്മം*

പുനർജന്മം

ക്രൂരനാമേപ്രിലെ*ത്തുന്നതിൻ മുൻപ്,
വേനലഗ്നിയായ് പെയ്തിറങ്ങും മുൻപ്,
എന്റെ തെക്കിനി മുറ്റത്തുനിന്നൊരു
പാരിജാതം കരിഞ്ഞുപോയിന്നലെ.

എൻ കിനാവുകൾ പൂത്തൊരാച്ചില്ലയും
പൊൻ നിറമുള്ളപൂക്കളിൽ തേനുണ്ടു
പ്രേമകേളികളാടിയ പൈങ്കിളീ-
ജാലവും എന്റെ മായൂര പിഞ്ഛികാ-
വർണ്ണവും മുളന്തണ്ടും മറഞ്ഞുപോയ്
വിണ്ടുകീറിയ മുറ്റമേകാണ്മു ഞാൻ.....

എൻ മനസ്സിന്റെ നേർവരതന്നെയീ
പൊട്ടിയാർക്കാത്ത ശുഷ്കിച്ച കുറ്റികൾ.
തീക്കനൽ പെയ്തിറങ്ങുമീയൂഷര-
ഭൂമിയിൽ പാദമൂന്നി നിൽക്കുന്നു ഞാൻ.
അന്തിവാനത്തിലെങ്ങാനുമെത്തുമോ
എന്റെ കണ്ണീരടങ്ങുന്ന കാർമുകിൽ!

അക്ഷരം തെന്നിമാറുമീ തൂലിക ,
ഭിക്ഷ തെണ്ടുന്ന സങ്കല്പസീമകൾ,
പുല്ലുപോലും മുളക്കാത്തൊരെൻ മനോ-
സർഗ്ഗ ഭൂമിയിൽ കാത്തിരിക്കുന്നു ഞാൻ.
സ്വപ്നമെന്നേ മരിച്ചൊരീ കൺകളും
മന്ദഹാസം മറന്ന മുഖവുമായ്,
എണ്ണ വറ്റിപ്പുകയും കരിന്തിരി
ഉറ്റുനോക്കിയിരിക്കുകയയാണു ഞാൻ.
എൻ കരൾ കടയുന്നൊരീ നൊമ്പരം
കാവ്യഭാവനയ്ക്കീറ്റു നോവാകുമോ?!


 ആഴി കൂട്ടി ഞാൻ ഹോമിക്കയാണവ-
ശിഷ്ടമായെന്നിലുള്ളവയൊക്കെയും
എണ്ണമില്ലാത്ത ഭ്രാന്തൻ കിനാവുകൾ
കുന്നുകൂടിത്തുരുമ്പിച്ചൊരെൻ മനം,
ചുംബനം പോലുമേൽക്കുവാനാകാതെ
വിണ്ടുകീറി വരണ്ടൊരെൻ ചുണ്ടുകൾ,
ഗന്ധകം പുകയൊന്നൊരീത്തീമല-
യ്ക്കുള്ളിലാണ്ടു പിടയുന്ന മാനസം,
പൊട്ടിയ വളത്തുണ്ടുകൾ, സീമന്ത-
രേഖയിൽനിന്നു മായ്ച്ചൊരീ കുങ്കുമം,
മുദ്രമോതിരം, മിന്നും പുടവയും,
കുഞ്ഞുതാരാട്ടുറങ്ങുമീ മാറിടം.
ആഴികൂട്ടി ഞാൻ ഹോമിക്കയാണിവ
പ്രാണനൊപ്പമീ ദുഃഖ യാഗാഗ്നിയിൽ.
എന്റെയാത്മാവെരിഞ്ഞടങ്ങുന്നൊരീ
ഹോമകുണ്ഠത്തിൽ നിന്നുയിർക്കൊള്ളുമോ,
അലയൊടുങ്ങാത്ത കണ്ണുനീരാഴികൾ,
അലകടലിനും മീതെയൊരാലില?!!!

*  കടപ്പാട്   ടി. എസ് എലിയട്ട് - വേസ്റ്റ് ലാന്റ്

                                                                                            (സെപ്തംബര്‍ 2012)