Sunday 30 June 2013

കാളി

ചോരനൂലുകൾ തന്ത്രി പാകിയ
ഹൃദയവല്ലകി മീട്ടി ഞാൻ,
തീയുരുക്കിയൊഴിച്ച മിന്നൽ-
പിണരു  നോക്കിലയച്ചു ഞാൻ.

മുല പറിച്ചും, മുടിയഴിച്ചും,
കാൽച്ചിലമ്പു വലിച്ചെറിഞ്ഞും,
വളയുടച്ചും, ശോണ കുങ്കുമ
തിലകമുദ്രയഴിച്ചെറിഞ്ഞും,
മന്ത്രകോടിയഴിച്ചു മിന്നിൻ
ബന്ധനങ്ങളുടച്ചെറിഞ്ഞും,
നിൽക്കയാണൊരു ചോദ്യമായ്,
തീ പാറിടുന്ന ത്രിശൂലമായ്.

അഗ്നി രൂപിണിയെങ്കിലും നിണ-
മൊഴുകിടും നേരാണു ഞാൻ.
ഉയിരു പൊള്ളിയ നേരിനാൽ തീ
നാമ്പിനേയുമെരിച്ചവൾ,
ഒന്നുറക്കെ വിളിച്ചു ഭൂവിൻ
നെഞ്ചിലേയ്ക്കു മറഞ്ഞവൾ,
കണ്ണുനീരു പൊഴിച്ചിടാത്തോൾ
'കല്ലു'പോൽ മനമാക്കിയോൾ.

കനലെരിക്കും പകയുമുള്ളിൽ
വെന്തു നീറിയ കരളുമായ്,
പാതിവസ് ത്രമഴിഞ്ഞു, മുഴുവൻ
മാനഹാനി ഭവിച്ചു ഞാൻ
തലകുനിച്ചു,മുടൽ വിറച്ചും
നിൽക്കയാണു സഭാതലേ.

ചോരനൂലുകൾ തന്ത്രിപാകിയ
ഹൃദയവീണയുടച്ചു ഞാൻ;
തീകെടാത്തൊരു യജ്ഞകുണ്ഡ
മെടുത്തു നെഞ്ചിലണച്ചു ഞാൻ.

ചതിയെറിഞ്ഞു വശത്തിലാക്കിയ
സുഖദമോഹന പദവികൾ
തീർത്ത മേടയിലേറി നീ
നിലപാടു നിൽക്കുകയാണുപോൽ.

പകയുരുക്കിയടിച്ചു നീട്ടിയ
കുന്തമുനയും പരിചയും,
കയ്യിലേന്തി നിണം കൊതിച്ചു
കിതച്ചു നില്പൂ ഞാനിദം;
പൂർവ്വ കാലസ്മൃതിയുണർത്തിയ
കലിയെഴും ചാവേറുപോൽ.

പ്രണയനീലിമ നൃത്തമാടും
മിഴികൾ രണ്ടുമണച്ചുഞാൻ;
കനൽതിളയ്ക്കും ഫാലനേത്രം
നിന്റെ നേർക്കു കുലച്ചു ഞാൻ.
ദുർഗ്ഗയായ്, ശ്രീഭദ്രയായ് ,
സംഹാരരൂപിണിയായി ഞാൻ.
നടനമാടുകയാണു ചതിയുടെ
തലയറുത്തു പിടിച്ചിതാ.

ചോരനൂലുകൾ തന്ത്രിപാകിയ
ഹൃദയവീണയുടച്ചു ഞാൻ;
തീകെടാത്തൊരു യജ്ഞകുണ്ഡ
മെടുത്തു നെഞ്ചിലണച്ചു ഞാൻ.

                                                                   (ജൂണ്‍ 2013)

Thursday 27 June 2013

കാഴ്ചകൾ




കാഴ്ചകൾ

നേർത്ത് നേർത്ത് ഇല്ലാതാകുന്ന
വിലാപം,
ചുട്ട നെഞ്ചിൽനിന്നുറന്ന
പൊള്ളുന്ന കണ്ണൂനീർ,
മരുഭൂമിയുടെ  വേവിൽ വീണ
മഴത്തുള്ളി,
കൊടുങ്കാറ്റിൽ  യാത്ര തിരിച്ച
മിന്നാമിന്നി,
പെരുമഴയിൽ പാറിവീണ
അപ്പൂപ്പൻ താടി,
നിന്റെ ധൂർത്തുകളുടെ പ്രളയത്തിൽ
തണ്ടുലഞ്ഞ വെള്ളാമ്പൽ,
സംഘഭോഗത്തിൽ മാനമുരിഞ്ഞ പെണ്ണിന്റെ
നെഞ്ചിൽ കുരുങ്ങിയ നിലവിളി,
ഒരുപിടിയന്നം കിനാക്കാണുന്ന
കുഴിഞ്ഞ കൺകളിലെ
വന്യമായ തിളക്കം.
വാരിയെല്ലു തെളിഞ്ഞ നെഞ്ചിലെ
വിണ്ടുകീറിയ മുലഞെട്ടുകൾ,
കാഴ്ചകൾക്കു മുന്നിൽ
ഇവ തിക്കിത്തിരക്കുമ്പോൾ
നമുക്കെന്തു പ്രണയം!!!



Sunday 23 June 2013

തുള്ളികൾ


അതിലോലമൊരു കുഞ്ഞു താമരയിലയിൽ
വീണുരുളുന്ന ജലബിന്ദു പോലെ,
ചിതറിത്തെറിച്ചു നാമകലേയ്ക്കു പോയിടാം
ഇനിയൊന്നു ചേരാതെ വീണ്ടും.

ഇരുതുള്ളിയായ് വന്നു വീണതിൻ മധ്യത്തിൽ
ചില്ലൊളിതീർത്തൊന്നു ചേരാം.
രണ്ടായിരുന്നെന്നതോരാതെ തങ്ങളിൽ
ദേഹവും ദേഹിയും ചേർക്കാം.

മിഴിചിമ്മി നിൽക്കുന്നു സപ്തവർണ്ണങ്ങളും
ചിരിയും കരച്ചിലും നമ്മിൽ!
നീയില്ലിനിമേലില്ലഞാൻ, എന്റെയോ
 നിന്റെയോ മുഖമില്ല തെല്ലും.

ആരാണു ചേർന്ന,താരോടൊന്നു മോരാതെ
കേവലാനന്ദമായ്ത്തീരാം.
ഒരുകുഞ്ഞു കാറ്റിന്റെ കൈത്തല്ലലേറ്റു നാം
മണ്ണിന്റെ മാറിൽ പതിക്കാം..

ഒഴുകിയേ പോകുന്നു ജന്മങ്ങൾ പൂക്കളായ്
കാലപ്രവാഹത്തിലൂടെ.
എങ്കിലും പൊഴിയാതെ ക്ഷണികമീ ജീവിത 
നടനം നടിക്കാതെ വയ്യ.

അല്പം മനശ്ശാസ് ത്രം

ഒരു ചെറിയ നൂൽക്കമ്പിയിൽ നമ്മൾ 50 ഗ്രാം ഭാരം തൂക്കുന്നു;
കുഴപ്പമില്ല : കമ്പി വലിഞ്ഞു നിൽക്കും.
പിന്നെ ഒരു 20 ഗ്രാം ,
ഒരു 10,
5
2
കമ്പി നന്നായി വലിഞ്ഞു നിൽക്കുന്നു അല്ലെ?
ശരി.
1 ഗ്രാം കൂടി.
വെറും സിമ്പിൾ ല്ലേ?
തലമുടിനാരിനു പോലും താങ്ങാവുന്നത്.
ഠപ്!!  നൂൽക്കമ്പി ശടേന്ന് പൊട്ടിച്ചിതറിപ്പോകുന്നു.
ങ്ഹും വെറും ഒരു ഗ്രാം!!!
50, 20, 10 ,5 ഒക്കെ നിസ്സാരമായി
താങ്ങിയതല്ലെ?
എന്നിട്ടെന്താ ഇപ്പൊ?!

 ഇതുപോലെയല്ലേ നമ്മുടെ മനസ്സും?
ആദ്യമാദ്യം എല്ലാം സഹിക്കും
എത്ര വലിയ ആഘാതങ്ങളും
സംഘർഷങ്ങളും താങ്ങും.
വലിഞ്ഞു മുറുകിക്കൊണ്ടായാലും
വേദനകൾ കടിച്ചമർത്തും;
കണ്ണുചോരാതെ, മനം പതറാതെ.
ഒടുവിൽ,
ഒടുവിൽ,
വെറും ഒരു നിസ്സാര കാര്യം,
മനസ്സു ചിതറിത്തെറിച്ചു പോകും;
വാരിപ്പിടിച്ചാൽ കിട്ടാത്തപോലെ,
തകർന്നുപോകും.
എത്ര ഒട്ടിച്ചുചേർത്താലും,
ചില വിടവുകളുംവടുക്കളും
 അവശേഷിക്കും.
ആ വിടവുകളിൽക്കൂടി
 നിണം ഒലിച്ചുകൊണ്ടേയിരിക്കും;
ഒരിക്കലും ഒരിക്കലും ഉണങ്ങാതെ.

Monday 10 June 2013

ഒരു കാല്പനിക പ്രണയകാവ്യം

അതിവിദൂരമാം ചക്രവാളങ്ങളിൽ,
അലയുമോർമ്മതൻ ശ്യാമമേഘങ്ങളിൽ,
ഒരു തടില്ലത പോലതി ദീപ്തമായ്
മിന്നിനിൽക്കുന്നു നിന്മുഖം സുന്ദരം.

ശോണകുങ്കുമചന്ദ്രനോ നെറ്റിയിൽ!
താരകങ്ങളോ മിന്നുന്നിരുവശം!
നിന്റെ കൺകളിൽ പൂത്ത വിദ്യുല്ലതാ-
ജാലമെൻ നെഞ്ചു ചുട്ടുപൊള്ളിക്കവേ,
കാമുകനും കവിയുമാമെന്മനം
ഭിക്ഷ തേടുന്നു ഭ്രാന്തതീരങ്ങളിൽ.

പ്രണയമെത്രയോ സാന്ദ്രമായ് ലോലമായ്
പെയ്തു  വീണെന്റെ ചുറ്റും നിലാവു പോൽ.
തോളു ചേർന്നു നാം പോകവേ നിൻ പദം
ചേർന്ന വീഥിയിൽ സൗഗന്ധികങ്ങളാൽ
മൃദുലശയ്യ വിരിക്കുവാൻ  പൂമര-
ച്ചില്ലകൾ ചാഞ്ഞൂ നിൽക്കുന്നുവോ സഖീ!

നിൻ വിരൽത്തുമ്പിൽ നിന്നു വെൺപ്രാവുകൾ
മന്ദമായ് പറന്നേറുന്നു ശാഖിയിൽ!
നിൻ ചിരിയോടു മത്സരിച്ചെന്നപോൽ
നീന്തിടുന്നു മരാളങ്ങൾ പൊയ്കയിൽ!
കാറ്റിനൊപ്പം കളിപറഞ്ഞെത്തിനിൻ
മേനിയിൽ രോമഹർഷം വിതയ്ക്കുമീ
കുഞ്ഞുമാരിനീർത്തുള്ളികൾക്കൊപ്പമെൻ
ചുംബനങ്ങളും സ്വീകരിച്ചീടുക.

പ്രാണനെക്കാൾ പ്രിയതരേ, പെയ്തു ഞാൻ
തോർന്നു നിൽക്കട്ടെ നിന്റെ തീരങ്ങളീൽ.
സാന്ദ്രനിർഭര സ്നേഹപ്രവാഹമായ്
ശാദ്വലങ്ങളെപ്പുൽകാം നമുക്കിനി.

                                                                               (ജൂണ്‍ 2013)

Story of a Butterfly



I broke my cocoon 
In wrong time .
I was ready to fly around ,
was ready to feast on flowers ,
was ready to celebrate life ;
And when my cover was burst opened,
I flew with all my energy ,
Waving my rainbow coloured wings .

Trapped in a spider web ,
Fluttered and lost my colours .
I'm an ugly worm now.
The spider was no worshiper of beauty .
He came measuring the length
Inch by inch,
with his hairy feet .
Ate me up .

While being swallowed ,
I remember,
His face was familiar to me
And I was dead at soul .!!!