Follow by Email

Friday, 26 December 2014

ജലശയ്യ *

ജലശയ്യ  
കൊന്നുതീര്‍ക്കുമോ ശാപഗ്രസ്തമീ പടുജന്മം
തിന്നുതീര്‍ക്കുവാന്‍  വയ്യീ വേദനകളെ വീണ്ടും.
പാപമോ? പാരാവാരം പോലെയെന്‍ ചുറ്റും കാണും
കൂരിരുള്‍, കേള്‍ക്കാകുമീയിരുളിന്‍ വിലാപങ്ങള്‍
ഭൂതകാലമോ തൂങ്ങിയാടുന്നു മുടിനാരില്‍
കാലഖഡ്ഗമായ്  മാത്രയെണ്ണി ഞാന്‍ തികയ്ക്കുന്നു.
അറ്റുവീണിരുന്നെങ്കില്‍ മോക്ഷമായേനെ വെട്ടി-
ത്തിളയ്ക്കും നോവിന്‍ പാനപാത്രമൊന്നുടഞ്ഞേനെ

കണ്ണടയ്ക്കുകില്‍ മുന്നില്‍ വാപിളര്‍ക്കുന്നു നിണ-
ത്തുള്ളികളിറ്റും ദംഷ്ട്ര,  നീള്‍നഖമുനകളും
ആഴ്ന്നിറങ്ങുന്നു  പച്ചമാംസത്തിലല്ല പേടി-
പ്പനിയാല്‍ വിറയ്ക്കുമെന്‍ ചിന്തതന്‍ തായ് വേരിന്മേല്‍.

 കണ്‍തുറക്കുകില്‍  മുന്നില്‍ പല്ലിളിക്കുന്നു ക്രൂരം
നരകത്തീവാതിലൂടെത്തിനോക്കീടും  സത്യം
ആശ്രമമൃഗത്തിനെയാക്രമിച്ചീടും ചെന്നായ്
പറ്റമായ് രുധിരാര്‍ത്തി പൂണ്ടു പിന്‍തുടരുന്നു.
അവ മേഞ്ഞുപേക്ഷിച്ച ചുടുകാടല്ലീ മോഹ -
ച്ചിതകള്‍ ദഹിച്ചമര്‍ന്നവശേഷിക്കും ദേഹം

കൈവിരല്‍ത്തുമ്പൊന്നുയര്‍ത്തീടുവാന്‍  കണ്‍പോളകള്‍
ചിമ്മുവാന്‍ ചുണ്ടില്‍ നിനക്കായ്‌  ചിരി നിറയ്ക്കുവാന്‍
ഒന്നിനുമാവാതെയീ  ജലശയ്യ*യില്‍   ജഡ-
മായി ഞാന്‍ കിടക്കുന്നു പ്രജ്ഞയോ തിളയ്ക്കുന്നു.
രോമകൂപങ്ങള്‍ തോറും വേദനത്തീവിത്തുകള്‍
പാകിയെത്തുന്നു നിത്യം കൂരിരുള്‍ പ്രഭാതങ്ങള്‍
.
മാത്രകള്‍ തോറും നെഞ്ചില്‍ കനക്കും നോവിന്‍  കരിം-
പാറയില്‍ നിന്നും തുള്ളിക്കന്മദം തുളിയ്ക്കുംപോല്‍
നേരിന്‍റെയൊറ്റത്തുള്ളിമാത്രമായ് മിഴിക്കോണില്‍
ചാലുതീര്‍ക്കാതെ സ്വയം തിളച്ചേയടങ്ങുന്നു.
കൊന്നുതീര്‍ക്കുമോ ശാപഗ്രസ്തമീ പടുജന്മം
തിന്നുതീര്‍ക്കുവാന്‍  വയ്യീ വേദനകളെ വീണ്ടും.


*  ജലശയ്യ - (water bed)  കോമാ അവസ്ഥയില്‍ ഉള്ളവരെയും  ചലനശേഷി കുറഞ്ഞവരെയും ഒക്കെ കിടത്താന്‍,  ശരീരത്തില്‍, വിശേഷിച്ച് പുറത്ത്  വ്രണങ്ങള്‍ (ബെഡ് സോര്‍)  ഉണ്ടാവാതിരിക്കാനായി  ഉപയോഗിക്കാറുണ്ട്

ഡിസംബര്‍ 2014

                       

Saturday, 20 December 2014

പരിച്ഛേദിത

പരിച്ഛേദിത

നാല് വയസ്സായിരുന്നു അന്നെനിക്ക്
അമ്മയും മൂത്ത ചേച്ചിയും കൂടി
ഒരു  ഗൂഢാലോചനയുടെ ബാക്കിപത്രം പോലെ
അങ്ങോട്ട്‌ കൊണ്ടുപോകുമ്പോള്‍.

അമ്മയുടെ  മുഖം
ഒട്ടകത്തിന്റേതുപോലെ  നിര്‍വ്വികാരമായിരുന്നു.
ചേച്ചി  ഇടയ്ക്കിടയ്ക്ക്
സഹതാപം പുരട്ടിയ
ചെറിയ ചെറിയ നോട്ടങ്ങള്‍
എന്‍റെനേര്‍ക്കയച്ചുകൊണ്ടിരുന്നു.

കരിങ്കല്ലില്‍ കണ്ണുകള്‍ തുളച്ചപോലെ
കടുപ്പമുള്ള മുഖവുമായി ഒരാള്‍,
സ്ത്രീയോ പുരുഷനോ എന്ന്
തിരിച്ചറിയാത്ത ഭാവവും വേഷവും,
സഹായികളായി
മദ്ധ്യവയസ്കരായ  രണ്ടു രൂപങ്ങളും.

എല്ലാവരും കുറ്റിക്കാടുകള്‍ കടന്ന്
ഒരു വെളിമ്പുറത്തെത്തി നിന്നു.
അമ്മ (?) നിലത്തിരുന്ന്
എന്‍റെരണ്ടു കൈകളും
പിന്നിലേക്ക് ചേര്‍ത്തുപിടിച്ചു
മടിയില്‍ ബലമായിക്കിടത്തി
 വലത്തേ മുട്ടുകാല്‍
 നെഞ്ചില്‍ കയറ്റിവച്ചു.
സഹായികള്‍  എന്‍റെ തുടകള്‍
ബലമായി പിടിച്ചകറ്റി.
(ചിലപ്പോള്‍ കടുത്തും ചിലപ്പോള്‍ അലിഞ്ഞും
മൂകസാക്ഷിയായി ചേച്ചി )
ഒടിച്ചെടുത്ത കൂര്‍ത്തമുള്ളുകള്‍
അകറ്റിയ തുടകള്‍ക്കിടയിലേക്ക്*.
നൂറ്റാണ്ടുകള്‍ക്കപ്പുറം,അനേകജന്മങ്ങള്‍ക്കപ്പുറം
എന്നില്‍നിന്നൊരു നിലവിളി
 വാപൊത്തിയ     കൈത്തലങ്ങള്‍ക്കും
 പഴന്തുണിത്തുണ്ടുകള്‍ക്കും
ഇടയില്‍ കുരുങ്ങിയ
പെണ്‍തലമുറകളുടെ നിലവിളി ....
ഇരുണ്ട ഗുഹാമുഖങ്ങളില്‍നിന്ന്
ചീറ്റിയൊഴുകുന്ന ചുടുചോര,
മറയുന്ന ബോധത്തിന്റെ മിന്നലുകള്‍ക്കിടയില്‍.
ഭദ്രമായി തുന്നിച്ചേര്‍ക്കപ്പെട്ട
മെരുക്കപ്പെട്ട പെണ്ണായി മാറി ഞാന്‍!


വിവാഹരാത്രിയില്‍
തുന്നിക്കെട്ടിന്റെ ചരടുകള്‍
ഭേദിക്കുന്ന ചടങ്ങിന്
ഭര്‍ത്താവ് കാര്‍മ്മികനും
ചോരത്തുള്ളികള്‍ അഭിഷേകതീര്‍ഥവുമായി.
കിട്ടിയ ചരക്കിന്റെ
പുതുമയില്‍ അഭിമാനിക്കുന്ന
തൃപ്തിനിറഞ്ഞ അയാളുടെ കച്ചവടമുഖം
ബാധയായി എന്നെ ആവേശിച്ചു.
ഒറ്റക്കൊമ്പില്‍  ചോരപുരണ്ട  കൊലയാന
എന്റെ സ്വപ്നങ്ങളില്‍
ചിഹ്നം വിളിച്ചു.

കാലുകള്‍ അടുപ്പിച്ചുവച്ച്
മാന്യമായി നടക്കാന്‍
ഇനിയും കഴിയാത്തവിധം
'അത്' എന്‍റെ തുടകള്‍ക്കിടയില്‍
ഇപ്പോഴും ഉള്ളതുപോലെ .........


*സൊമാലിയ പോലെയുള്ള ചില ആഫ്രിക്കന്‍ രാജ്യങ്ങളില്‍  പെണ്‍കുട്ടികളുടെ ഭഗാധരങ്ങള്‍  ഛേദിച്ചുകളഞ്ഞ് യോനീമുഖം  തുന്നിച്ചേർക്കുന്ന ദുരാചാരം ഇപ്പോഴും നിലവിലുണ്ട്. കന്യകാത്വം നിലനിർത്താനാണ് ഈ പ്രാകൃത ശസ്ത്രക്രിയ . വളരെ അപരിഷ്കൃതമായ രീതിയിൽ മുള്ളുകൾ കൊണ്ടും മറ്റുമാണ് അത് ചെയ്തുവരുന്നത്. അയാൻ ഹിർസി അലിയുടെ 'ഇൻഫിഡൽ മൈ ലൈഫ്' എന്ന പുസ്തകത്തിൽ ഈ രംഗം പരാമർശിക്കപ്പെടുന്നുണ്ട്.'ഫീമെ യിൽ സർക്കംസിഷൻ'  എന്നാണ് ഇതറിയപ്പെടുന്നത്.

(ഡിസംബർ 2014)

Tuesday, 9 December 2014

അത്രമേല്‍ സ്നേഹിക്കയാല്‍.......

അത്രമേല്‍ സ്നേഹിക്കയാല്‍.......

അത്രമേല്‍ സ്നേഹിക്കയാല്‍, നിനക്കോര്‍മ്മിച്ചു
വേദനിച്ചീടാനൊരുവാക്കുരയ്ക്കാതെ,
മിഴി കവിഞ്ഞൊഴുകാതെ, യാത്രചോദിക്കാതെ 
പിന്തിരിഞ്ഞൊന്നു നോക്കാതെ പോകുന്നു ഞാന്‍.
മൂകമാണെന്നനുരാഗം സഖേ നിന്റെ
ചില്ലയില്‍ പൂവായ് വിരിഞ്ഞില്ലൊരിക്കലും
ജാലകത്തില്‍ കിളിക്കൊഞ്ചലായില്ല ഞാന്‍
കാറ്റായി വന്നതുമില്ല ചുംബിക്കുവാന്‍ .
നിന്‍ നടപ്പാതയില്‍ കാട്ടുപുല്ലായ് നീല-
നീരദച്ഛായയായ് കൂടെ നടന്നു ഞാൻ
ഗ്രീഷ്മതാപത്തിലോ പൂമരമായ് നിന്റെ
കൈക്കുമ്പിളിൽ വീണ മാരിനീർത്തുള്ളിയായ്
അത്രമേൽ സ്നേഹിക്കയാലെന്റെയോമനേ
നീയറിയാതെ നിനക്കായ് തപിക്കുവാൻ
കരളുലഞ്ഞീടിലും കണ്ണീരൊഴുക്കാതെ
പിന്തിരിഞ്ഞൊന്നു നോക്കാതെ പോകുന്നു ഞാന്‍.