Follow by Email

Tuesday, 21 August 2012

പുരുഷന്മാർ പൊതുവെ....... (അപവാദങ്ങളുണ്ട്)        താൻ ഒരു ഭയങ്കര സംഭവമാണെന്ന പരിവേഷം സ്വയം പേറുന്നവർ.
ഒരു ശരാശരി കൂട്ടുകെട്ടിന് എന്തുകൊണ്ടും സ് ത്രീകളേക്കാൾ യോജിച്ചവർ.
വിശാലമനസ്കർ,സ്വതന്ത്ര ചിന്താഗതിക്കാർ,ഉദാരശീലർ,സേവന,സഹായസന്നദ്ധർ.
പക്ഷെ ഇതെല്ലാം അന്യ സ് ത്രീകളുടെ കാര്യത്തിലാണ്. സ്വന്തം ഭാര്യയുടെ കാര്യം വരുമ്പോൾ നേരെ തിരിയും.പറ്റുമെങ്കിൽ ഏഴുപൂട്ടിനകത്തുവച്ച് അവളെ പൂട്ടും. സ്വാർഥതയുടെ ആൾരൂപമാവും എന്നിട്ട്  പൊസ്സെസ്സീവ്നെസ്സ് എന്ന ഒരു ഓമനപ്പേരും."എന്റെ ഭാര്യയുടെ കാര്യത്തിൽ ഞാനല്പം
പൊസ്സെസ്സീവ് ആണെ"ന്ന് അല്പം ജാഡയും.....അന്യസ് ത്രീകളുടെ കഴിവും സാമർത്ഥ്യവുമെല്ലാം അംഗീകരിക്കും, വാനോളം പുകഴ്ത്തും .എല്ലാ സഹായങ്ങളും അവർക്കു ചെയ്തുകൊടുക്കും. അതും സർവാത്മനാ.അസൂയയുടെ ലവലേശം പോലുമില്ലാതെ. സ്വന്തം ഭാര്യയാണെങ്കിൽ അവളെ ചവിട്ടിത്താഴ്ത്തും.

           അടുത്തറിഞ്ഞാൽ  ഈ ഊതിവീർപ്പിച്ച കുമിളകളുടെ  വർണ്ണശബളിമകൾ ഒന്നൊന്നായി അഴിഞ്ഞുവീണ് ഇല്ലാതാവുന്നതുകാണാം.പപ്പും പൂടയും പറിച്ച ഒരു പക്ഷിക്കുഞ്ഞിനേപ്പോലെ
നിസ്സഹായതയുടെ പ്രതിരൂപമായി നമ്മുടെ മുൻപിൽ വിറയ്ക്കും.എന്നാൽ ഇത്തിരി സഹതാപം
കാണിക്കാമന്നു വച്ചാലോ, എന്നേ കൊഴിഞ്ഞില്ലാതായ സട കുടഞ്ഞ് വിറപ്പിച്ച് ഒരു പൗരുഷത്തിന്റെ ഉണർവ്വ് കാണിക്കലുണ്ടാകും. പുച്ഛമല്ല തോന്നുക ,അതു കാണുമ്പോൾ.യജമാനൻ ചമയുന്ന അടിമയുടെ അറിവില്ലായ്മയോടു തോന്നുന്ന ഭാവമാണ് : സഹതാ...പം!

       എന്നൽ അത്ര പാവങ്ങളൊന്നുമല്ല ഈ പുരുഷന്മാർ. ഏതെങ്കിലും ഒരു സ് ത്രീ അവരുടെ ബുദ്ധിവൈഭവത്തെയോ അഭിമാനത്തെയോ ചോദ്യം ചെയ്യാൻ മാത്രം വളർന്നാൽ, അവരുടെ അപ്രമാദിത്ത്വത്തിനു നേരെ ചെറുവിരൽ എങ്കിലും ഉയർത്തിയാൽ, സംഹരിച്ചുകളയും അവളെ. ചിത്രവധമോ സ്വഭാവ ഹത്യയോ എന്തുമാവാം അത്.അസൂയയും അപമാനവും കൊണ്ട് വരഞ്ഞുകീറപ്പെട്ട മനസ്സിൽ മുളകരച്ചു തേയ്ക്കുന്നതുപോലെ അവളുടെ ഓരോ നേട്ടങ്ങളും അയാളെ ഭ്രാന്തനാക്കും.ഒരു നപുംസകത്തേക്കാൾ തരം താണ  രീതിയിൽ അവളെ താഴ്ത്തിക്കെട്ടാൻ ശ്രമിക്കും.അസൂയ നിറഞ്ഞ പുരുഷൻ പക നിറഞ്ഞ പുരുഷനേക്കാൾ എത്രയോ അപകടകാരിയാണ്!ഒരു സൈക്കോപാത്തിന്റെ ചിത്തവിഭ്രമങ്ങളായിരിക്കും അയാളെ ഭരിക്കുക.

        എങ്കിലും ഒരു ശരാശരി സൗഹൃദത്തിന്  ഏറ്റവും യോജിച്ചവരാണ് പുരുഷന്മാർ.കൂടതൽ അടുക്കാതിരുന്നാൽ മതി.അഥവാ കൂടുതൽ അടുത്താൽത്തന്നെ അവനു മതി എന്നു തോന്നുന്നതുവരെ ആ അടുപ്പം നിലനിർത്തിയാൽ മതി. സ് ത്രീയുടെ പക്ഷത്തുനിന്നുള്ള അകന്നുപോകൽ അവൻ   വച്ചുപൊറുപ്പിക്കില്ല. അപ്പോൾ വ്രണപ്പെടും ആത്മാഭിമാനം എന്ന വികാരം. അതൊ ദുരഭിമാനം എന്ന വ്രണം വികാരപ്പെടും എന്നണോ പറയേണ്ടത്?

          ഇതൊക്കെയാണങ്കിലും പൊതുവെ ചില നല്ല ഗുണങ്ങൾ  സൂക്ഷിക്കുന്നുണ്ട്  പുരുഷന്മാർ. സ്വന്തം സ്വാതന്ത്ര്യത്തിനു് വളരെയേറെ വില കല്പിക്കുന്നവർ . സ് ത്രീ കളേക്കാൾ മെച്ചപ്പെട്ട സാമൂഹ്യബന്ധങ്ങൾ സൂക്ഷിക്കുന്നവർ.   അസ്വാരസ്യങ്ങളും പിണക്കങ്ങളും കൊണ്ടുനടക്കാത്തവർ,ഉള്ളിലുള്ളതു വെട്ടിവിളിച്ചു പറയുന്ന ശുദ്ധാത്മാക്കൾ.തെളിനീരിനടിയിലെ വെള്ളാരങ്കല്ലുകളാണവരുടെ വികാരങ്ങൾ.സുതാര്യമായ മനസ്സിൽ അവ നമുക്കു കാണാം.അത് സ്നേഹമായാലും,കോപമായാലും, പകയായാലും, അസൂയയായാലും.എന്നാൽ സ് ത്രീയുടെ മനസ്സോ?  ഒരിക്കലും തെളിയാത്ത  കലക്കവെള്ളവും!.കൈക്കുമ്പിളിൽ കോരിയാലും അടിയിലടിയുന്ന ചെളിയുടെ ഉള്ളിൽ മറ്റെന്തെങ്കിലും കൂടി കാണും.


Thursday, 9 August 2012

മകന്*

മകന്

അറിയാവിഷാദത്തിൻ ഭാരവും പേറിയെൻ
മനമലയുന്നൊരീയന്തിനേരം,
നറുവെണ്ണിലാവിൻ കുളിർത്തൊരു സ്പർശമായ്
ഒരു പൂവിതളിൻ മൃദുലതയായ്,
ഒരു കുഞ്ഞു താരാട്ടുപാട്ടിന്റെയീണമായ്,
മുഗ്ദ്ധ മന്ദസ്മേര സ്നിഗ്ദ്ധതയായ്,
നിറയുന്ന മാറിലെ വിങ്ങുന്ന നോവിലും
ഒഴുകിപ്പരക്കും മധുരമായി,
മുന്തിരിക്കൺകളിൽ പൂക്കുന്ന സ്വപ്നമായ്
തുടുവിരൽത്തുമ്പിലെ രോമാഞ്ചമായ്,
നീയെന്റെ പുണ്യമേ ജന്മജന്മാന്തര
 സ്നേഹപ്രവാഹമേ മുന്നിൽ വന്നു.

യാഗാഗ്നിജ്വാലപോൽ ജീവിത ദുഃഖങ്ങൾ
ആളിപ്പടർന്നെന്റെ ചുറ്റുമാർക്കെ,
നറുവെണ്ണപോലെ മൃദുലമായ് ചന്ദന-
ലേപനം പോലെ കുളിർമ്മയായി,
പൂർവ്വജന്മത്തിലെ സൽക്കർമ്മ സാരമായ്
നിന്മുഖം ഉള്ളിലുദിച്ചിടുന്നു.
ഈയേകതാരയിൽ സപ്തസ്വരങ്ങളും
മീട്ടുമദൃശ്യ കരാംഗുലികൾ
ഞാനറിയാതെയെൻ ഹൃദ്സ്പന്ദനങ്ങളിൽ
ജീവനസംഗീതമായിവന്നു.
'അമ്മ'യെന്നാദ്യമായ് നീ വിളിച്ചപ്പോൾ ഞാൻ
നീലക്കടമ്പുപോൽ പൂത്തുപോയി.
ആലിലക്കണ്ണനായ് ആരോമലുണ്ണിയായ്
നീയെന്റെ ജീവന്റെ താളമായി.

നിൻപാദമുദ്രകളാദ്യമായ് പൂക്കളം
തീർത്തതെന്നന്തരംഗത്തിലല്ലോ!
ചെറുകാറ്റിലിളകിടുമളകങ്ങൾ മാടി നിൻ
മൃദുല കപോലത്തിലുമ്മ വയ്ക്കെ,
ഓളങ്ങളിളകുന്ന കാളിന്ദിയാറുപോൽ
അലതല്ലിയാർക്കുന്നിതെന്റെ നെഞ്ചം.
തേൻ തുളുമ്പുന്ന നിൻ ചോരിവായ്ക്കുള്ളിലീ-
യീരേഴുലോകങ്ങളമ്മ കാണ്മൂ.
വിണ്ണിലെ നക്ഷത്രക്കുഞ്ഞുങ്ങളെല്ലാം നിൻ
കണ്ണിലിരുന്നല്ലോ പുഞ്ചിരിപ്പൂ.
അമ്പിളിമാമനെക്കണ്ടു ചിരിച്ച   നിൻ
 പൊന്മുഖം പൂർണ്ണേന്ദുബിംബമല്ലൊ.
നറുനിലാവേൽക്കവേയാർദ്രമാകും ചന്ദ്ര-
കാന്തമാണമ്മതൻ നെഞ്ചമുണ്ണീ.

നേരുന്നു നന്മകൾ  ഓമനേ നീയിനി
നേർവഴി മാത്രം നടക്കുവാനായ്.
കത്തും മെഴുതിരിനാളമായ് അമ്മ നിൻ
പാദങ്ങൾ കാക്കാം പൊലിയുവോളം


                                                      (ആഗസ്റ് 2012 )

Wednesday, 8 August 2012

എല്ലാവർക്കും അറിയാവുന്ന കാര്യങ്ങൾ

നാം നമ്മുടെ കുട്ടികളെ എങ്ങനെയാണ്  വളർത്തുന്നത്?
പല മാതാപിതാക്കളും അവരുടെ   മക്കളോട് പറയുന്നത് കേട്ടിട്ടുണ്ട്,
"നിനക്കൊക്കെ ആവശ്യത്തിലേറെ സുഖവും സൗകര്യവും ഉണ്ടായതാണ് കുഴപ്പം"
 എന്ന്.എന്നിട്ട് കുറച്ചുകൂടി സൗകര്യങ്ങൾ ചെയ്തു കൊടുക്കുകയും ചെയ്യുന്നു.
നമ്മുടെ പുതിയ തലമുറ ആവശ്യത്തിലേറെ secure   ആണ്.അതിസുരക്ഷിതത്വം അവരെ കൂടുതൽ അരക്ഷിതരാക്കുകയും ചെയ്യുന്നു.
     ഒരു കൗമാരക്കാരന്റെ എല്ലാ ആഗ്രഹങ്ങളും യഥാർത്ഥത്തിൽ ആവശ്യങ്ങളാകണമന്നില്ല.
അവയെല്ലാം സാധിച്ചു കിട്ടപ്പെടേണ്ടതുമല്ല.ആവശ്യങ്ങൾ സാധിക്കാതെ പോകുന്നതും പ്രകൃതിയിലെ ഒരു സാധാരണ പ്രതിഭാസമാണന്ന് തിരിച്ചറിയാനുള്ള അവസരങ്ങൾ ചിലപ്പോഴെങ്കിലും അവനോ അവൾക്കോ ഉണ്ടാകട്ടെ.
       കൂട്ടിലടച്ച കിളിക്ക് വന്യമൃഗങ്ങളിൽ നിന്നുള്ള സംരക്ഷണവുംസുഭിക്ഷമായ ഭക്ഷണവും ഉറപ്പാണ്.എന്നാൽ തികച്ചും സ്വകാര്യമായ സഞ്ചാര സ്വാതന്ത്ര്യം അതിനു നിഷേധിക്കപ്പെടുകയാണ്.പറക്കൽ എന്ന സ്വാഭാവികപ്രക്രിയ നഷ്ടമാക്കിക്കൊണ്ട് നേടേണ്ട ഒന്നാണോ  കൂടിന്റെഅരക്ഷിതമായ കപട   സുരക്ഷിതത്വം?! മറ്റൊരുവന്റെ ഇഷ്ടത്തിനുള്ള സമൃദ്ധമായ ആഹാരമെന്നത് ഒരു പ്രലോഭനം ആണോ? സംരക്ഷകന്റെ വേഷം എപ്പോഴാണ് ഇരപിടിയന്റേതാവുക എന്നത് പ്രവചനാതീതമായിരിക്കെ വിശേഷിച്ചും.
     കുട്ടികളിലേക്ക് മടങ്ങിവരാം. എന്തിനാണ് മാതാപിതാക്കൾ അനാവശ്യമായി കുട്ടികളുടെ സ്വാതന്ത്ര്യത്തിൽ കൈകടത്തുന്നത്? പലപ്പോഴും കേൾക്കാറുണ്ട് "നിനക്ക് സ്വാതന്ത്ര്യത്തോടെ നടക്കാനുള്ള പ്രായ മൊന്നും ആയില്ല" എന്ന്.സ്വാതന്ത്ര്യത്തിനു് പ്രായഭേദമില്ല.   കുട്ടികളുടെ സ്വാതന്ത്ര്യം   പക്ഷെ മുതിർന്നവർ ചെയ്യുന്നതെല്ലാം അതേപടി ചെയ്യുക എന്നതല്ല.പ്രകൃതിക്ക് അതിന്റേതായ ചില നിയമങ്ങൾ ഉണ്ട്.അവ മനുഷ്യൻ ഉണ്ടാക്കി വച്ചിട്ടുള്ള കപടനിയമങ്ങളേക്കാൾ (നിയമനിർമ്മാതാവ് അവന്റെ / അവളുടെ സൗകര്യത്തിനു് വളച്ചൊടിച്ചതാവും അവ) എത്രയോ മഹത്തരമാണ്!  പ്രായത്തിനനുസരിച്ചല്ല പ്രാപ്തിക്കനുസരിച്ചാണ് സ്വാതന്ത്ര്യം. അതിനെ ശാരീരിക , മനസിക, ബൗദ്ധിക, വൈകാരിക പ്രാപ്തി എന്ന് വേണമങ്കിൽ തരം തിരിക്കാം.

അതിസുരക്ഷിതത്വം നൽകി ഷണ്ഡീകരിച്ച / വന്ധ്യംകരിച്ച ഒരു യുവതയെയാണ് ഈ തലമുറയിലെ മാതാപിതാക്കൾ അടുത്ത തലമുറയ്ക്ക് സംഭാവന  നൽകിയിരിക്കുന്നത്.സ്വാഭാവികമായ എല്ലാ സാധ്യതകളിൽ നിന്നും അകറ്റി എല്ലാം കൃത്രിമമായി നൽകി(ക്ലീഷേ ആണെങ്കിലും മറ്റൊന്നും കിട്ടാത്തതിനാൽ ക്ഷമാപണത്തോടെ പറയട്ടെ) ബ്രോയ് ലർ ഫാമിൽ ജീവികളെ വളർത്തുന്നപോലെ 'ഉണ്ടാക്കി' വയ്ക്കപ്പെട്ട / നിർമ്മിക്കപ്പെട്ട ഒരു തലമുറ!
അതിനു് സ്വാഭാവികമായ ഒന്നുമറിയില്ല. പ്രതിരോധങ്ങളോ, ആക്രമണങ്ങളോ. എന്തിനു് പ്രതികരണങ്ങളോ പോലുമില്ല! പ്രണയിക്കാനൊ ,കലഹിക്കാനൊ, രക്ഷപ്പെടാനൊ, കീഴടക്കാനൊ, ബുദ്ധി പ്രയോഗിച്ച് അതിജീവിക്കാനൊ അറിയില്ല: അനുസരിക്കാൻ മാത്രം അതും അന്ധമായി അറിയും അവറ്റയ്ക്ക്. 'മനുഷ്യൻ'എന്ന മഹത്തയ പദം കൊണ്ട് വ്യവഹരിക്കപ്പെടാൻ അർഹതയുള്ള എത്രയെണ്ണം കാണും അതിനകത്ത്?

    എന്റെ കുട്ടി ഇന്ന് ഒരു ഗ്ലാസ് വെള്ളം കൂടുതൽ കുടിച്ചിരിക്കുന്നു,ഒരു മണിക്കൂർ കുറച്ച് ഉറങ്ങിയിരിക്കുന്നു, കുളിമിറിയിൽ പതിനഞ്ച് മിനിറ്റ് കൂടുതൽ ചെലവഴിച്ചിരിക്കുന്നു എന്ന് മനശ്ശാസ്  ത്രജ്ഞനെ തേടി ഓടാത്ത  എത്ര  മാതാപിതാക്കൾ ഉണ്ട് നമ്മുടെ ഇടയിൽ?വാസ്തവത്തിൽ ആർക്കാണ് ചികിത്സ വേണ്ടത്!

 കുട്ടികളെ   അവരുടെ പാട്ടിനു വിടൂ. ചിലപ്പോഴൊക്കെ. അവർ കലഹിക്കെട്ടെ,അപമാനിതരാകട്ടെ,
പ്രണയിച്ച് പൂത്തുലയട്ടെ, അഭിമാനം കൊണ്ട് നിറയട്ടെ, ഇടയ്ക്കൊക്കെ പരാജിതരായി  ശിരസ്സു കുനിക്കട്ടേ ഗർവ്വം കൊള്ളട്ടെ,ലജ്ജിക്കട്ടെ.അവർ എല്ലാം അനുഭവിക്കട്ടെ. നല്ലതും ചീത്തയും എല്ലാം.  എന്നിട്ട് സ്വാഭാവികമായ ചിത്തശുദ്ധിയോടെ  അനുയോജ്യമായതു് സ്വാംശീകരിക്കട്ടെ.

     നിങ്ങൾ വിടർന്ന കണ്ണുകളോടെ അഭിമാനം തുളുമ്പുന്ന മനസ്സോടെ കാണുക അവർ പുഴുവിൽനിന്ന് പൂമ്പാറ്റയാകുന്ന ജാലവിദ്യ!  

Monday, 6 August 2012

കാവ്യം അഥവാ പ്രണയം എന്താണ് ചെയ്യുന്നത്?!അന്തഃസ്ഥലികളിൽ ഉറഞ്ഞു കിടക്കുന്ന
ഹിമശൈലങ്ങളെ അലിയിക്കുകയാണോ,
തിളക്കുന്ന ലാവാപ്രവാഹങ്ങളെ
സുതാര്യമായ മഞ്ഞുനീർത്തുള്ളികളാക്കുകയാണോ,
വിഷം തുപ്പുന്ന സർപ്പവചനങ്ങളിൽ
അമൃതം തളിക്കുകയാണോ,
അമരത്വത്തിന്റ അനശ്വരതയിൽനിന്ന്,
മർത്യതയുടെ കേവലനശ്വരതയിലേക്ക്
ശാപമോക്ഷം തരികയാണോ,
അതിവിശുദ്ധിയുടെ ഗഹനമായ
പാരതന്ത്ര്യത്തിൽനിന്ന്,
ആദിപാപത്തിന്റെ ലഘുത്വത്തിലേക്കും,
സരളമായ മധുരത്തിലേക്കും
കൈപിടിച്ചു നടത്തുകയാണോ,
അലസതയുടെ ഉഷ്ണിക്കുന്ന മരവിപ്പിൽ നിന്നും
പൊള്ളുന്ന പനിയുടെ കുളിരിലേക്ക്
തെന്നിയൊഴുകുകയാണോ,
ഒരിക്കലുമൊരിക്കലും
പിടി തരാതെ???!!!!