Monday 25 June 2012

അവസാനത്തെ ചിറകടി*

അവസാനത്തെ ചിറകടി 

അവസാനത്തെ പ്പകൽ പക്ഷിയും പറന്നെന്റെ
ശുഷ്കമാം നെഞ്ചിൽ നിന്നും വിടകേട്ടകലവേ,
ഹൃദയം പറിച്ചെടുക്കുന്നപോൽ, നോവിച്ചെന്നെ
പ്രണയം തിരിച്ചു നി എടുത്തിട്ടകന്നുപോയ്.

എത്രയും നിസ്സംഗനായ്, നിർവികാരനുമായി
ഒരിക്കൽ പോലും തമ്മി്ലറിയാത്തവർ പോലെ.
പ്രണയിച്ചിരുന്നുവോ എന്നെ നീ എന്നെങ്കിലും?
എന്റെ ഭാവനയാകാം അതികാമനയാകാം!

എങ്കിലും അറിഞ്ഞു നീ നെഞ്ചിലെ മിടിപ്പിനോ
ടൊപ്പമെൻ പ്രണയത്തിൻ വിയർപ്പും, വിറയലും.
ഒഴുകീ സപ്തസ്വരസുധയായ് പലപ്പൊഴും
പ്രാണനോടൊപ്പം മമ മൃണ്മയവിപഞ്ചിയിൽ.

രാഗലോലുപം ,കലാപൂരിതം വിരൽകളാൽ
തഴുകീ ,മടിത്തട്ടിൽ ചേർത്തുനീ നിൻ നെഞ്ചിലും.
ഏത്ര സത്വരം പകർന്നാടുന്നു കാലം സ്വയം
ഋതുഭേദങ്ങൾപോലെ വേഷവും, ഭാവങ്ങളും!

കണ്ണുനീരുരുൾ പൊട്ടും കർക്കിടപ്പേരാവിലും
പ്രണയം വസന്തമായ് പൂത്തുലഞ്ഞിരുന്നെന്നിൽ!

ഓണമുറ്റത്തെന്നനുരാഗവും, കിനാക്കളും
ചേർത്തുഞാൻ ചമച്ചൊരീ പൂക്കളമഴിഞ്ഞുപോയ്.
എന്തിനായ് മാഞ്ഞെൻ പ്രിയരൂപനേ, യാത്രാമൊഴി
ചൊല്ലിയില്ലുടഞ്ഞു നിൻ കാൽക്കലീ മൺ വീണയും.

അവസാനത്തെ ചിറകടിയും നിലച്ചെന്റ
നെഞ്ചിലെ പകൽ പക്ഷി വിടകേട്ടകലവേ,
കാത്തിരിക്കുന്നു ചിരം കാതോർത്തുമിരിക്കുന്നു
നിന്റെ തേരുരുൾ നാദം, ഹർഷദം, മുക്തിപ്രദം.

ഈ കളിവിളക്കിലെ എണ്ണവറ്റിടും മുൻപേ,
ചായവും ചമയവുമഴിച്ചൊന്നെറിഞ്ഞോട്ടെ.
മഞ്ഞുപോൽ തണുത്തൊരാ കൈവിരൽത്തുമ്പിൽ ചും ബി-
ച്ചാത്മഹർഷത്താൽ ഞാനിന്നെന്നെയൊന്നറിഞ്ഞോട്ടെ!

തകർന്നേകിടക്കുമീ മൃണ്മയ വിപഞ്ചിയിൽ
നിന്റെ നിശ്വാസം നാദബ്രഹ്മമയുണരട്ടെ.
കാലഭേദത്തിൻ കട്ടിക്കരിങ്കൽ ചുമരുകൾ
ക്കപ്പുറംവിഹായസ്സിൽ ചേർന്നിടാം നമുക്കിനി.


                                                                        (ജൂണ്‍ 2012)
















Friday 22 June 2012

എന്താണിങ്ങനെ

അന്തിമയക്കം കൂട്ടി
എന്തിനാണാവോ ഇടക്കിടയ്ക്ക്
കരളിങ്ങനെ കടയുന്നത്!
കാത്തിരിക്കാനാരുമില്ലെന്നു`
എത്ര പറഞ്ഞിട്ടും
എന്തിനാണ` ഈ കണ്ണുകൾ
ജനാലപ്പഴുതിലൂടെ
 പാളി നോക്കുന്നത്?

കുരുത്തംകെട്ട ചെവികൾ!
നേരം പാതിരാവായിട്ടും
ചരൽ മെതിക്കുന്ന കിരുകിരു ശബ്ദത്തിനായി
ഉറങ്ങാതിരിക്കുന്നു.!

അമ്മിക്കല്ലു നെഞ്ചിൽ കയറ്റി വച്ചതുപോലെ
ചങ്കു` കനം വയ്ക്കുന്നത്
എന്തെങ്കിലും അസുഖമായിരിക്കും അല്ലേ?!
ഉറങ്ങാൻ സമ്മതിക്കാതെ
എന്നിട്ടും ഇതെന്തിനാണ`
 പെരും പറ കൊട്ടുന്നത്!    

നേരം വെളുക്കുന്നതു വരെയേ ഉള്ളു
ഈ ചൊല്ലുവിളിയില്ലായ്മ.
അലാറം മുഴങ്ങിയാൽ
എന്തു ഭംഗിയായിട്ടാണ`,
ചക്രം വച്ച  കാലുകൾക്കു പിന്നാലെ
കോൺവെന്റ്സ്കൂൾ കുട്ടികളെപ്പോലെ
പഞ്ചേന്ദ്രിയങ്ങൾ
നിര പാലിച്ച്നീങ്ങുന്നത്!

Thursday 21 June 2012

പൂർണ്ണം

പൂർണ്ണം

പൂർണ്ണമാകുന്നെന്റെ പ്രണയം
അതു നിന്റെ നേർക്കാകുന്ന കാരണം മാത്രം.
സിരകളിൽ, മജ്ജയിൽ തീത്തൈലമായ്,
 എന്റെ ആത്മാവിൽ കനൽ മഞ്ഞു പോലെ.
ജന്മാന്തരങ്ങളായ് പിരിയാതെ തുടരുന്നു
പരമാണുവും തുടിക്കുന്നു.
പ്രവഹിക്കയാണു ഞാൻ നിൻ അബോധത്തിലൂ-
ടാദി മധ്യാന്തമില്ലാതെ.
അറിവീലൊരിക്കലും എന്നെ നീ
നിന്നിലൂടൊഴുകുന്ന പ്രണയവും പൊരുളും.
രാധികയല്ല ഞാൻ, നീ കണ്ണനും,
മൗനമുദ്രിതമല്ലെൻ വിചാരം.
ആർത്തലച്ചൊഴുകുന്ന ഗംഗ ഞാൻ;എത്തി  നിൻ
തിരുജടയിൽ ഇവിടെന്റ മോക്ഷം.
നിന്റെ തുടി താളമെൻ ഹൃദയതാളം,
നിന്റെ തൃക്കണ്ണിലെരിയുന്നതെന്റെ കാമം.
ചടുലതാളത്തിൽ നീ ആടൂ സദാശിവാ
പദപാതമേൽക്കട്ടെയിവളിൽ.
സർവസംഹാരകനായെന്റെ പ്രാണനിൽ
നീ പെയ്തിറങ്ങൂ സലീലം.
മൃതിലഹരി നിറയട്ടെ പരമാണുവിൽ പ്രണയ
മൂർച്ഛയിൽ പൊലിയട്ടെ ജീവൻ.
വിറകൊണ്ടു നിൽക്കുമെൻ കൈവിരൽത്തുമ്പിലൂ-
ടൊഴുകുന്നു കാലവും കലയും.
പൂർണ്ണമാകുന്നെന്റെ പ്രണയമതു നിന്നിൽ ഞാൻ
തേടുന്ന കാരണം മാത്രം.

                                                                             (ജൂണ്‍ 2012)

Sunday 17 June 2012

കള്ളം

കള്ളം

പ്രണയമൊരു മന്ദരശൈലമായ് വന്നെന്റെ
നെഞ്ചം മഥിപ്പൂ ചിലപ്പോൾ.
അഗ്നിനൃത്തം ചെയ്തു സുഖദമാം നിദ്രയെ
 കൺകളിൽ നിന്നുമകറ്റി,
കാട്ടു കടന്നലായ് മൂളിപ്പറന്നെന്റെ
ബോധം കലക്കിക്കളഞ്ഞു.
കൊള്ളിയാനായ് വന്നുനെഞ്ചിൻ നെരിപ്പോടു
കത്തിച്ചു കാട്ടൂ തീയാക്കി.
ഉരുൾപൊട്ടി വന്നെന്റെ കരളിൻ കരുത്തിനെ
കടപറിച്ചെങ്ങോ തുലച്ചു.
പനിനീർ മലരിതൾ പോലെ വിലോലമാം
ചുണ്ടിൽ കനൽ ചേർത്തു വച്ചു.
സപ്ത വർണ്ണാഞ്ചിതം കുഞ്ഞിച്ചിറകുകൾ
പിച്ചിപ്പറിച്ചു കളഞ്ഞു.
എന്നേവരണ്ടുള്ളൊരെൻ കിനാച്ചില്ലയിൽ
വേതാള നൃത്തം ചവിട്ടി.
ഇരുളിന്റെ ശാന്തിയിൽ സ്വസ്ഥമായ് വാഴുമെൻ
കണ്ണിൽ വെളിച്ചം തറച്ചു.
എൻ മലർവാടിയിൽ  കാറ്റായി വന്നതിൽ
കാരമുള്ളിൻ വിത്തു പാകി.
 യോഗസമാധിയിൽ നവവർഷബിന്ദുവായ്
ഇമകളിൽ നിന്നു തുളുമ്പി.
ഉടലിൻ തരിപ്പിലൂടൊഴുകി പതുക്കെയെൻ
വിരലിന്റെ തുമ്പിൽ തളിർത്തു.
പ്രണയമെൻ നെഞ്ചിന്റെ പാലാഴിയിൽ നിന്നു
കാവ്യ പീയൂഷമായ്  പൊങ്ങി.
നറുനിലാവെന്നും പൊഴിക്കുന്ന തിങ്കളായ്
നീലാംബരത്തിൽ തിളങ്ങി.

                                                             (ജൂണ്‍  2012)

ഇരകൾ *

ഇരകള്‍ 

ഇരകളുടെമനശ്ശാസ് ത്രം
ചിന്തിച്ചിട്ടുണ്ടോ?!
ഇരകൾക്കെല്ലാമറിയാം
അവ വെറും ഇരകളാണെന്ന്.
ആരെങ്കിലും വച്ച കെണികളിലേയ്ക്ക്
ചുമ്മാതങ്ങ് ചെന്നു കേറുകയാണ`

കയറാൻ ഒരു കെണിയും
കിട്ടാത്തപ്പോഴാണ`
അസ്തിത്വദുഃഖത്തിന്റെ
ആഴങ്ങളിലേയ്ക്ക്,
ഉണ്മയുടെ പൊരുൾ തേടി
അവ യാത്രയാകുന്നത്.

ഇരകളെ ആരും കുറച്ചു കാണണ്ട.
അവയ്ക്ക് ബുദ്ധിജീവിനാട്യമില്ല,
സത്തയോ, സ്വത്തമോ,
കുടിയിരിപ്പുകളോ ഇല്ല.
ചരിത്രം നിശ്ചയിച്ചിട്ടുള്ള പാർപ്പ് ഇടങ്ങളിൽ
അവ സന്തുഷ്ടരാണ`.
ഏകാന്തതയിലാണവയുടെ ബോധധാര.
പിന്നെ ആർക്ക് എന്ത് ചേതം?!

Sunday 10 June 2012

നിനക്ക്

നിനക്ക്

എന്തു ചെയ്യണം നിന്റെ പ്രണയം നേടാൻ സഖേ
 ദാഹനീര്‍ തേടുന്നുള്ളം, വിരഹം  തിളയ്ക്കുന്നു!?
എണ്ണിയാലൊടുങ്ങാത്ത ജന്മങ്ങൾ പിന്നിട്ടു നിൻ
നിഴലായലഞ്ഞു ഞാൻ; എത്തിയതൊടുവിലീ
തപ്തഭൂമിയി,ൽ ചുറ്റും മണലിൻ പാരാവാരം,
കൈവിരൽ പഴുതിലൂടൂർന്നു പോകുന്നൂ ജന്മം.

നേടുവാനരുതാത്ത കാമന തേടുന്നു ഞാൻ
മരുഭൂമിയിൽ നിധി തേടുന്ന പഥികൻ പോൽ.
എത്രയോ മരീചിക കണ്ടു മോഹിച്ചൂ നിന്റെ
മൊഴിയിൽ മരുപ്പച്ച, കൺകളിൽ ചിറ്റോളവും.
എൻ മതിഭ്രമത്തിന്റെ ശ്യാമനീലിമയോലും
കാടകങ്ങളിൽ പെയ്യും മഞ്ഞിളം നിലാവിലൂ-
ടെത്രയോ നടന്നു നാം; എൻ വലംകൈയ്യിൽ നിന്നും
മാഞ്ഞതില്ലിതേവരെ നിൻ കരസ്പർശം ,ഗന്ധം.

എന്തു ചെയ്യണം നിന്റെ പ്രണയം നേടാൻ, തപം
ചെയ് വു ഞാൻ ജന്മങ്ങളായ് ജപവും നിരന്തരം.
ശ്വാസവേഗത്തിൽ, നെഞ്ചിൻ മിടിപ്പിൽ, മസ്തിഷ്കത്തിൽ,
കനവിൽ,കണ്ണീരിലും നിൻ മുഖം വിരിയുന്നു.

പെയ്തു ഞാൻ നിന്നിൽ നിറഞ്ഞൊഴുകീ വർഷർത്തുവായ്,
പൂത്ത താഴ്വര പോലെ നിറന്നൂ വസന്തത്തിൽ,
തെളിഞ്ഞേ നിന്നൂ ശരദ്കാലകൗമുദി പോലെ
ഗ്രീഷ്മശാഖിയിൽ കൊടും വേനലായ് തപിച്ചു ഞാൻ,
നിന്റെ ചൂഴവുമില പൊഴിക്കും ശിശിരമായ്,
മാറി ഞാൻ ഹേമന്തത്തിൽ തളിർത്തേ നിന്നൂ വീണ്ടും.

അന്ധയായ് സഖേ നിന്റെ  ദർശനം ലഭിക്കാതെ;
കർണ്ണപീയൂഷംമൊഴി കേൾക്കാതെ ബധിരയായ്.
ഗന്ധവും. കാമങ്ങളും, സ്നിഗ്ദ്ധമാം തലോടലും
അന്യമാകുന്നൂ, നമുക്കിടയിൽ കണ്ണീർക്കടൽ.
ജീവകോശങ്ങൾ മൃതി തേടിയേ പൊയ്പ്പോകുന്നു;
നിൻ കരൾവെളിച്ചത്തിൻ വീചികൾ മറഞ്ഞുവോ!?
എന്തു ചെയ്യണം നിന്റെ പ്രണയം നേടാൻ
എന്റെ ജീവനും സംഗീതവും സത്യവും നീയാകുന്നു.

                                                                                 (ജൂണ്‍ 2013)

നിഴല്‍ക്കൂത്ത്*

നിഴല്‍ക്കൂത്ത്

ആത്മാവു നിന്നിലേയ്ക്കൊഴുകുമ്പൊഴും,
പ്രണവമായി നീ പ്രാണനിൽ നിറയുമ്പൊഴും,
ഏതോ നിഴൽ നാടകത്തിലാടുന്നപോൽ
ഉടലന്യനായി  വഴങ്ങുന്നു നിത്യവും.
നീയറിയുന്നീല യാഗാഗ്നിയിൽ നീറി
ജ്വാലാമുഖങ്ങാളായ് മാറും  ഹവിസ്സുഞാൻ.
അൾത്താരയി,ൽ ബലിപീഠക്കിടക്കയിൽ
പങ്കുവയ്ക്കുന്ന ശരീരമാകുന്നു ഞാൻ.

ശീതീകരിച്ചൊരീ മേടയിൽ സംഗീത
സീൽക്കരവും,  കാമപാനപാത്രങ്ങളും,
അച്ഛസ്ഫടിക സുതാര്യമീയങ്കിയും
ഉള്ളിൽ തുളുമ്പുന്ന സർപ്പസൗന്ദര്യവും;
ജീവിതത്തിൻ തിരശ്ശീലയ്ക്കു പിന്നിൽ ഞാൻ
ആടുന്നതാരുടെയംഗുലീമുദ്രകൾ?
ആത്മാവു നിന്നിലേയ്ക്കൊഴുകുമ്പൊഴന്യന്റെ
ആലിംഗനത്തിലമർന്നു കിടക്കവേ
തീനരകത്തിൽ  പഴുപ്പിച്ച ലോഹമായ്
പൊള്ളിപ്പിടയുകയാം സപ്തനാഡികൾ.

ഒരുവനെ സ്നേഹിച്ചു കാമിച്ചു മൂർച്ഛിച്ചു
സ്വയമുരുകി നിൽക്കവേയന്യന്നു സ്വന്തമെയ്
വിളയാടുവാനായി നൽകുമൊരുപെണ്ണിന്റെ
ഉയിർപൊട്ടിയൊഴുകിത്തുളുമ്പുവാനാവതെ
നെഞ്ചിൽ  തിളച്ചടങ്ങുന്ന നോവിൻ കടൽ
തിരയിളക്കാത്ത മഹാശാന്തസാഗരം.

അനുമാത്രയെന്റെ തന്മാത്രാ മുഖങ്ങളിൽ
വിരിയുന്ന നോവിന്റെയഗ്നിപുഷ്പങ്ങളിൽ
നിറയുന്ന ദ്രവരൂപമാർന്ന സൗഗന്ധിക-
പ്രണയാമൃതം നിനക്കെന്റെ നൈവേദ്യവും.

                                                                         (ജൂണ്‍ 2013)

Saturday 2 June 2012

താത്രി *


താത്രി

താത്രീ, ഭഗവതീ,
പുലയാടി ദേവതേ,
ഇനി  നിനക്കായൊന്നു പാടട്ടെ ഞാൻ
.
നീയൊരുമ്പെട്ടു കുലം മുടിച്ചു,
തറവാടി സ്മാർത്തന്റെ മതി ഭ്രമിച്ചു.
'സാധന'ത്തിന്റെ പോർ മുലകളിൽ, നാഭിയിൽ,
തുടകളിൽ, ഇടകളിൽ കണ്ണുടക്കി,
കാമം കടവായിലൂടൊഴുകി,
മൂരിശൃംഗാരത്തിൻ മുക്ര കേട്ടു.
കുലയേറ്റ പൗരുഷം പത്തി താഴ്ത്തി,
ചാവാലി നായപോൽ വാലു താഴ്ത്തി.

നിറമാറു തുള്ളുന്ന കാഴ്ച കണ്ടു
നാഭിയിൽ നാഗം പിണഞ്ഞ കണ്ടു
സ്മാർത്തൻ വിയർത്തു വെറുങ്ങലിച്ചു
കൗപീനമല്പം നനഞ്ഞുപോയി.

"സ്വൈരിണീ, പുംശ്ചലീ, കാമഭ്രാന്തീ,
വ്യഭിചാരിണീ നീ കുലം കെടുത്തി"


തുപ്പലോടൊപ്പം തെറിച്ചു വീണ
ജല്പനം കേട്ടു ചിരിച്ചു താത്രി.

കാമന്റെ വില്ലു കുലച്ചപോലാം
ചില്ലികൾ തെല്ലൊന്നിളക്കി പിന്നെ
സ്മാർത്തനെ നോക്കി ചൊടി കടിച്ചു
കൂട്ടൂകാരേറെയുണ്ടെന്നുരച്ചു.
അടയാളം ചൊല്ലണമെന്നു സ്മാർത്തൻ,
അടി തൊട്ടു  ചൊല്ലിടാമെന്നു താത്രി.

കാരിരുമ്പിൻ കരുത്തുള്ളൊരുത്തൻ,
കരിവീട്ടി പോലുള്ളിനിയൊരുത്തൻ,
പുലയനോ, പറയനോ ചോദ്യമില്ല,
വർണ്ണവും വർഗ്ഗവും ഭേദമില്ല.

തുടയിൽ മറുകുള്ള തമ്പുരാനും,
തൊട്ടാൽ സ്ഖലിക്കുന്ന  മേനവനും,
അടിയാത്തി മുതുകിൽ കടിക്കമൂലം
കടിവായ വിങ്ങും തിരുമേനിയും,
പേരുകൾ ഒന്നായ് പറഞ്ഞു താത്രി,
പോരുമെന്നോതുന്നു രാജവർമ്മൻ.

വിധിവാക്കുരക്കുവാനായിടാതെ
അധികാരഗർവ്വം പടം മടക്കി.

കലികാലവൈഭവമെന്നുചൊല്ലി
തലയിൽ കരം വച്ചു നിൽക്കുവോരേ,
പൊടിതട്ടിയോടുവാൻ വെമ്പിടേണ്ട,
ചില ചോദ്യമിപ്പഴും ബാക്കിയുണ്ടേ!

ജന്മ നക്ഷത്രം പിഴച്ചതാണോ,
പാപഗ്രഹങ്ങൾ ചതിച്ചതാണോ,
മുജ്ജന്മപാപം കനത്തതാണോ,
ഈശ്വരൻ  കൈവിട്ടൊഴിഞ്ഞതാണോ,
ആൺകോയ്മയെന്നൊരിരുമ്പുകൂടം
മൂർദ്ധാവിലാഞ്ഞു  പതിച്ചതാണോ?

അടികൊണ്ടൂ  ചത്തില്ല താത്രി ;പാതി
ഉയിരോടെ, പകയോടിഴഞ്ഞുപോയി.
പിഞ്ഞിയ മാനം പകയടുപ്പിൽ
ചുട്ടെരിച്ചക്ഷിയിലഗ്നിയാക്കി
ഊക്കുകാട്ടുന്നൊരു പൗരുഷത്തിൻ
മൂർദ്ധാവിൽ പത്തി വിടർത്തി നില്പൂ.

മുലപറിച്ചുള്ളവൾ ദേവിയായി,
പാതിവ്രത്യത്തിന്റെ ചിഹ്നമായി.
മുലകൊണ്ടു പൊരുതവൾ വേശ്യയായി,
പെണ്മ കെടുത്തും കുലടയായി!

ഉശിരുള്ള  പെണ്ണു നീ താത്രി , നിന്നെ
ഉയിരാലറിഞ്ഞവരുണ്ടു ഞങ്ങൾ.
ഇനി നിനക്കായൊന്നു  പാടിടട്ടെ,
നേരിന്റെ ചൂരുള്ള വീരഗാനം.

വേശ്യയെ പ്രാപിച്ച പൂരുഷരിൽ,
'പുല്ലിംഗ'മുള്ളവർ ആരുമില്ലേ!?

                                                       (ഫെബ്രുവരി 2012)