Thursday 5 December 2013

ഞാൻ അയാളോട് പറഞ്ഞത്

 ഞാൻ അയാളോട് പറഞ്ഞത്......

ഞാൻ അയാളോട് പറഞ്ഞു.
പ്രണയം കാറ്റു പോലെയാണ്;
മണ്ണുപോലെയല്ല .
മരം പോലെയും ജലം പോലെയും അല്ല;
ഇവയൊക്ക പരസ്പരം
 കെട്ടുപിണഞ്ഞു കിടക്കുന്നു;
അദൃശ്യമായ ബന്ധനങ്ങളാൽ.
പ്രണയമാകട്ടെ കാറ്റുപോലെതന്നെയാണ്.

അതിനെ ആരും എങ്ങും തളച്ചിടുന്നില്ല.
ഇഷ്ടമുള്ളപ്പോൾ ഇഷ്ടമുള്ളിടത്തു വരുന്നു;
ഇഷ്ടം പോലെ പോവുകയും ചെയ്യുന്നു.
വഴി തടയുന്ന  ഗിരിശൃംഗങ്ങളിൽ  പതറാതെ,
ഉടൽ പകുത്തും മറുവഴിതിരയുന്നു.
പ്രണയം കാറ്റാകുന്നു ;
നിത്യമായ സ്വാതന്ത്ര്യവും.

അതിൽ ചിലതു കൊടുങ്കാറ്റുപോലെ;
കടന്നുപോകുന്നിടത്തുള്ളതെല്ലാം
 തകർത്തെറിയും.
മറ്റു ചിലത് ചുഴലിക്കാറ്റുപോലെ
ചുറ്റുമുള്ളതിനെയെല്ലാം
 ഉള്ളിലേയ്ക്കു വലിച്ചടുപ്പിച്ച്
ചവച്ചുതുപ്പും.
ഇളം കാറ്റുപോലെ ചിലത്,
പോകുന്ന  ഇടത്തിലെല്ലാം
ആശ്വാസവും സുഗന്ധവും നിറയ്ക്കും
 ക്ഷണികമെങ്കിലും.


എന്നാൽ ചില മരങ്ങൾക്കു ചുറ്റും
എപ്പോഴും കാറ്റ് വട്ടമിട്ടു നില്ക്കും.
നേർത്തനിശ്വാസമായി.
പിടിച്ചുലയ്ക്കാതെ,
 തല്ലിക്കൊഴിക്കാതെ,
പൊതിഞ്ഞുപിടിയ്ക്കും,
നേർത്ത ഉമ്മകളാൽ
പൂക്കളണിയിക്കും.

                                                                 (ഡിസംബര്‍ 2013)


4 comments:

  1. കൊടുങ്കാറ്റു ഒരു നേർത്ത ഉമ്മയായി മാറുന്ന പ്രണയ സുഖം അവസാന വരികൾ കൊടുങ്കാറ്റിനെക്കാൾ ശക്തമായി ഉമ്മയെക്കാൾ മൃദുലവും

    ReplyDelete
  2. ഇഷ്ടാായീീ.......ഒത്തിരി....

    ReplyDelete