Follow by Email

Thursday, 21 November 2013

യജമാനപത്നി*

യജമാനപത്നി

എത്രയോ സഖീജനം  എന്റെ  ചൂഴവും ഇന്നീ-
യാട്ടുകട്ടിലിൽ തെല്ലൊന്നിരിക്കെയിളവേൽക്കാൻ
 നഗ്നപാദങ്ങൾ തെല്ലും തണുക്കാതിരിക്കുവാൻ
 വെൺശിലാഫലകത്തിൽ   ചിത്രവേലകൾ ചേരും
രത്നകമ്പളം വിരിച്ചൊരുത്തി, വെഞ്ചാമരം
വീശീയെൻ ചൂടാറ്റുവാൻ മറ്റൊരു കൃശാംഗിനി,
ജീവിതോല്ലാസം പോലെ പതയും ലഹരിതൻ
ചാറൊരു ചഷകത്തിലേന്തിമറ്റൊരുവളും,
അങ്ങറേബ്യയിൽനിന്നു കൊണ്ടുവന്നതാം ചാരു-
സുഗന്ധച്ചെപ്പേന്തിയോൾ സാലഭഞ്ജികപോലെ,
തോൾ വഴിഞ്ഞൊഴുകുമെന്നുത്തരീയത്തിൻ തുമ്പു
പേലവകരങ്ങളാൽ ചുളി നീർത്തൊരുവളും
മെല്ലെ ഞാൻ വിയർക്കവേ ചെമ്പനിനീരിൽക്കുതിർ-
ന്നായിരം കൈലേസുകൾ നീളുന്നു മുഖാന്തികേ.
ചമയിക്കുവാൻ, ചന്തം ചാർത്തുവാനസൂയാർഹ
സുന്ദരലാവണ്യത്തെ പൊലിപ്പിക്കുവാൻ വീണ്ടും,
കുറിക്കൂട്ടുകൾ, നിറച്ചാർത്തുകൾ, മദോന്മത്ത-
മംഗലേപനങ്ങളും നിരത്തുന്നെൻ തോഴിമാർ.

തെല്ലു വൈരസ്യം തോന്നി ഞാൻ മുഖം തിരിക്കിലോ
വന്നണയുകയായി വാദ്യമേളങ്ങൾ ചുറ്റും.
ലാസ്യമോഹിനീനാട്യഭംഗികൾ, പ്രഭാപൂര
നൃത്തവേദികൾ, ഗാനാലാപനമധുരങ്ങൾ!
ലളിതം, സുമോഹനം, ആഭിജാത്യത്തിൻ പ്രൗഢി
വഴിഞ്ഞേയൊഴുകിടും എത്രയോ    വൈവിധ്യങ്ങൾ!
കണ്ണുകൾ മന്ദം നിദ്ര തേടുകിൽ മൃദലമാം
ഉപധാനത്തിൽ പുഷ്പശയ്യയിൽ ഇളവേൽക്കാം.
ലോലപാദങ്ങൾ മെല്ലയുഴിഞ്ഞെൻ മുടിയിഴ
മന്ദമായ്ത്തലോടിയും നിദ്രയെ ക്ഷണിക്കുവാൻ
മത്സരിക്കയാം മമചേടിമാർ മിഴിക്കോണിൻ
നോട്ടവും ചെറുചിരിക്കനിവും ലഭിക്കുവാൻ.

ഇന്നുഞാൻ യജമാനപത്നി എന്നിടം വലം
മുന്നിലും പിറകിലും സേവകവൃന്ദം നില്പൂ.
എൻ മൃദുസ്മേരപ്രഭാപൂരിതം ചുമരുകൾ
പൊൻ മണികിലുക്കങ്ങളെൻ പൊട്ടിച്ചിരികളും.

എങ്കിലും മോഹിപ്പൂഞാൻ ചക്രവാളത്തിൽ മിന്നും
ഏകതാരകം നോക്കി മൂകയായിരിക്കുവാൻ,
ഇണയെക്കാണാതൊരു രാക്കിളി തേങ്ങും പാട്ടിൻ
ഗദ്ഗദം കരളിനെ നീറ്റിടും നോവേറ്റിടാൻ,
പിന്നെയും കൊതിപ്പൂ ഞൻ ഒരുപുൽക്കൊടിയായി
വെയിലിൽ പൊടിയണിഞ്ഞീടുവാൻ, നനയുവാൻ.
ഒരുപൂവിതൾത്തുമ്പിൽ നിന്നു മറ്റൊന്നിൽ പാറും
കുഞ്ഞുമോഹത്തിൻ പിന്നിൽ പതുങ്ങാനൊളിക്കുവാൻ.

അങ്ങുദൂരത്തിൽ സ്വന്തം കൂരതൻ മൺഭിത്തിയിൽ
ചുടുനിശ്വാസം ചേർക്കും വൃദ്ധജന്മങ്ങൾ കാണ്മൂ.
എത്രമേൽ നിരാലംബം കണ്ണുനീർച്ചാലോ കവിൾ
ചുളുക്കങ്ങളിൽകൂടി മന്ദമായൊഴുകുന്നു.
ഒന്നുചെന്നാനെഞ്ചിലെ  കനലാറ്റുവാൻ, മുടി-
യിഴകൾ തലോടുവാൻ കയ്യുകൾ തരിക്കുന്നു

ദൂരകാന്താരത്തിൽ കടന്നേറുവാൻ, വിജനത്തിൽ
ചങ്കുപൊട്ടിടും പോലെയലറിക്കരയുവാൻ,
ലോലമീനെഞ്ചിൻ കൂടിൻ മൂടിതന്നുള്ളിൽ തിള-
ച്ചുയരും നോവിൻലാവയൊഴുക്കിക്കളയുവാൻ,
പുഷ്പപാദുകങ്ങളെ, രത്നകമ്പളങ്ങളെ
വെടിഞ്ഞീ മുള്ളിൽ  കല്ലിൽ ചവിട്ടി നടക്കുവാൻ,
കണ്ണുനീരുപ്പും വേർപ്പുനീരിന്റെ പശിമയും
ചേരുമീത്തനിമണ്ണിൽ മാറുചേർത്തമർത്തുവാൻ,
ആർത്തുപെയ്യുമീവേനൽ മഴയിൽ നനഞ്ഞു ഞാൻ
വെണ്മപൂശിടും പാപം കഴുകിക്കറുക്കട്ടെ.

തെരുവിൽ നായ്ക്കുട്ടിയോടൊപ്പമെന്നൗത്സുക്യത്തിൻ
ചെളിയിൽ പുരണ്ടുഞാൻ എന്നെ വീണ്ടെടുക്കട്ടെ
പിന്നെയുമൊരുതുലാവർഷത്തിലലിഞ്ഞുഞാൻ
സ്വച്ഛമീമണ്ണിൽത്തന്നെ പച്ചയായ് കിളിർക്കട്ടെ
ആയിരം ജന്മങ്ങളിൽ തണലാകട്ടെ പിന്നെ
ആയിരം ജൻമങ്ങളിൽ മധുവായൊഴുകട്ടെ

                                                              (നവംബര്‍ 2013)

3 comments:

 1. ഏകതാരകം മുതൽ ഇങ്ങു പച്ചയായി കിളിക്കട്ടെ വരെയുള്ള വരികൾ ഹൃദ്യമായി

  ReplyDelete
 2. സമ്പന്നസമൃദ്ധമാം ജീവിതാരാമത്തിലെ
  പൂവിതൾ വിരിച്ചുള്ള മെത്തമേൽ ശയിയ്ക്കിലും
  പേരിട്ടു വിളിയ്ക്കുവാനാവാത്തൊരസ്വസ്ഥത
  ചൂഴവും നിന്നിട്ടെന്നെ ചുട്ടുപൊള്ളിയ്ക്കുന്നല്ലൊ .

  കവിത നന്നായിരിയ്ക്കുന്നു .കവിയുടെ വ്യഥ അനുവാചകനിലെത്തുമ്പോൾ വറ്റാതിരിയ്ക്കുവാൻ കുറച്ചുകൂടി കനത്ത ഒഴുക്ക് ആവശ്യമല്ലേ എന്നൊരു തോന്നൽ.


  ReplyDelete