Follow by Email

Saturday, 28 December 2013

വിസ്മൃതിയ്ക്കപ്പുറം

സ്നേഹിക്കയില്ല ഞാൻ നിന്നെയെന്നാലുമെൻ
ഓർമ്മകൾ തേടുന്നു നിന്നെ.
ബന്ധിച്ചതില്ലൊരുനാളുമദൃശ്യമാം
ശൃംഖലകൊണ്ടു നിൻ രാഗം.
ഏകനായ് നീയലയുന്ന മാർഗ്ഗങ്ങളിൽ
കാറ്റായി വന്നതുമില്ല.

പൂവുകൾ  തോറും  പുതുമകൾ തേടി നീ
പാറിപ്പറക്കുന്ന കാലം,
ഞാനെന്റെ ജാലകച്ചില്ലുകൾ കൈനീട്ടി
ചുമ്മാ തുറന്നിട്ടിരുന്നു.
ദൂരെയാത്താമരപ്പൊയ്കയിൽ ഹംസങ്ങൾ
നീന്തിത്തുടിക്കുന്ന കണ്ടു.
കുഞ്ഞിളം കാറ്റുവന്നെൻ കവിൾത്തട്ടിലൊ-
രുമ്മ വച്ചോടിയൊളിക്കെ,
എന്തേ മറന്നു ഞാൻ നിന്നെയോർമ്മിക്കുവാൻ
മന്ദസ്മിതപ്പൂവുചൂടാൻ!

നിന്മനം തേടുന്ന സഞ്ചാര മാർഗങ്ങൾ
ഞാനറിഞ്ഞില്ലപോൽ തെല്ലും.
നീയടുത്തില്ലാത്ത വേളയിലൊക്കെ ഞാൻ
ഏതോ ലതാഗൃഹം പൂകി.
 ഏറെച്ചകിതയായെന്നാൽ പ്രതീക്ഷയോ
ടേതോ പദപാതനാദം
കമ്പനം കൊള്ളുന്ന നെഞ്ചോടെ കേട്ടുഞാൻ
നേരോ കിനാവിന്റെ ചിന്തോ!

നീല നിലാവിൽ തിളങ്ങും വിജനത്തി-
ലെൻ മിഴി നട്ടു ഞാൻ നിൽക്കെ,
സ്നേഹലോലം മൃദുസംഗീതമായൊരു
നെഞ്ചിൻ മിടിപ്പിതാ കേൾപ്പൂ.
കർണ്ണികാരം പൂത്തുലഞ്ഞതുപോലെ
ഞാനേതൊ കിനാവിൽ നിറഞ്ഞു
നീലക്കടമ്പിന്റെ ചില്ലയിലൂടെത്തി-
നോക്കീ മയിൽപ്പീലിവർണ്ണം.
പീതാംബരത്തിൻ  വിലോലമാം  സ്പർശമെൻ
സ്നിഗ്ദ്ധകപോലത്തിലേൽക്കെ,
കാതുകൾക്കജ്ഞാതമായൊരു ഗീതികേ-
ട്ടാത്മാവു കോരിത്തരിച്ചു

ചെമ്പഞ്ഞിനീരിൽ ചുവക്കാത്തൊരെൻ പദം
നൂപുരമില്ലാതെയാടി
ജന്മങ്ങളെത്ര മതിമറന്നാടി ഞാൻ
ദേഹവും ദേഹിയുമൊന്നായ്!
രുധിരമായ് ചിരകാല പ്രണയമായെൻസിരാ-
വ്യൂഹത്തിലൊഴുകുന്നതാരോ,
നീഹാരബിന്ദുപോൽ ഓർമ്മതൻ പൂവിതള്‍ -
ത്തുമ്പില്‍  പൊലിഞ്ഞവനാരോ?
സ്നേഹിക്കയല്ല ഞാന്‍   അറിയാതെയെന്നനു-
രാഗം   തിരകയാം  നിന്നെ.

                                    (ഡിസംബര്‍  2013)

8 comments:

  1. നല്ല കവിതയാണ് .പക്ഷേ ചിലടത്തൊക്കെ പ്രസ്താവന പോലെ ആയി.ശ്രമിച്ചിരുന്നെങ്കിൽ വളരെ കാവ്യസൌന്ദര്യം തുളുമ്പുന്ന പദങ്ങൾ നിരത്തി ഇത് ഏറെ സൌന്ദര്യാനുഭൂതി നിറഞ്ഞതാക്കാമായിരുന്നു. അതുണ്ടായില്ല. കവിത തേച്ചു മിനുക്കാൻ ശ്രമിച്ചില്ല. ചിന്തേരിടാത്ത തടിയിൽ പണിഞ്ഞ ചന്തമുള്ള ശില്പമാണീ കവിത.വെറുമൊരു ഉദാഹരണം നേരോ കിനാവിന്റെ ചിന്തോ.എന്നയിടത്ത് നേരോ കിനാവിന്റെ വേരോ എന്നപോലെ പദങ്ങൾ കണ്ടെത്തി ചേർക്കാമായിരുന്നു. അതിനൊത്തിരി സാധ്യതയുള്ളതാണീ വൃത്തം.. വിലോലമല്ലാത്ത വിഷയങ്ങൾ തെരഞ്ഞെടുത്ത് കവിതയേ ഗൌരവമായി സമീപിയ്ക്കുക .നന്മകൾ നേരുന്നു

    ReplyDelete
  2. എനിക്കിഷ്ടമായി.. നല്ല ഭംഗിയുള്ള കവിത.. ആശംസകൾ..

    ReplyDelete
  3. കവിത ആശയം വരികൾ താളം കാല്പനിക ഭംഗി അതിലൂടെ പറയുന്ന യഥാര്ത്യങ്ങൾ നോവ്‌ നോവിക്കാതെ നോവറിയാതെ എല്ലാം കൊണ്ടും വളരെ ഇഷ്ടപെട്ട കവിത

    ReplyDelete