Wednesday 15 January 2014

പുഴപോലൊരു പെണ്ണ്


പുഴപോലൊരു പെണ്ണ് 

ഒഴുകുന്ന പുഴ പോലെ പെണ്ണ്‍.
 ആപ്പുഴമാറില്‍
അലിയുന്ന വെയില്‍പോലെ പ്രണയം .
ചില്ലുചിന്നും പുഴയാഴത്തിലെ പരല്‍ -
കല്ലൊളി പെണ്ണിന്‍റെ  കണ്ണില്‍.
പുഴയില്‍ തുളുമ്പുന്നു പെണ്ണിന്‍റെ നെഞ്ചിലും
കല്ലോലമോ പൊന്‍കിനാവോ!

മലയിറങ്ങിച്ചുരപ്പാത താണ്ടിക്കാട്ടു-
പൂവിന്റെ തേനില്‍ കുതിര്‍ന്ന്‍,
കന്മദപ്പൊട്ടിട്ടു കസ്തൂരി ഗന്ധത്തി-
ലാറാടിയാകെ മദിച്ച്,
ആയിരം കിങ്ങിണിച്ചാര്‍ത്തുള്ള നൂപുര -
ജാലങ്ങളൊന്നായ്‌ കിലുക്കി ,
പോകും വഴിക്കൊരു കാട്ടുപുല്ലിന്‍ തണ്ടു
മെല്ലെയൊടിച്ചു  കറക്കി,
പാവാട  ഞൊറികള്‍ ചരിച്ചൊതുക്കിക്കാറ്റി-
ലളകങ്ങള്‍ പാറിപ്പറന്നേ,
ഒരു കരിമ്പാറയില്‍ നിന്നു മറ്റൊന്നിലേ
യ്ക്കാത്തകൌതൂഹലം  ചാടി ,
പൊട്ടിച്ചിരിയായ് പതഞ്ഞു പാഞ്ഞെത്രയോ
സ്വപ്‌നങ്ങള്‍ മാറിലൊതുക്കി,
സ്വച്ഛയായ് പച്ചയായ്ഭൂമിയില്‍ സ്വന്തമായ്
സഞ്ചാര വീഥികള്‍ തേടി,
തെല്ലു വേഗത്തില്‍ ചിലപ്പോള്‍   പതുക്കെയും
ഒഴുകുന്നു മറയുന്നു  പുഴയും ,
 ആര്‍ക്കും പിടിതരാതാരെയോ മോഹിച്ചു
മായുന്നു മറയുന്നു ദൂരെ.

കട്ടിക്കരിങ്കല്‍    മതിലുകള്‍  തീര്‍ത്തു നാം
കെട്ടിയൊതുക്കാതിരിക്കൂ.
ഓമനിച്ചൊന്നു തലോടി  നിന്നാല്‍ നിന്റെ
പാദം നനച്ചവള്‍  നില്‍ക്കും .
പിന്നാലെ കാലടിപ്പാടളന്നെത്തിടും
പണ്ടു ഭാഗീരഥി പോലെ .
നിറയുന്ന  പെ ണ്ണാണ്  പ്രണയമാണിപ്പുഴ
നെഞ്ചിലൊളിപ്പിച്ചു  കാക്കൂ.    

                                                       (ജനുവരി 2014)

6 comments:

  1. there are many fisher men around :P

    ReplyDelete
  2. ആദ്യത്തെ ഏഴ് വരിയിൽ പുഴ വിരിയുന്നത് കാണാൻ എന്തൊരു ചേല് വെയിലും വെള്ളാരം കല്ലും എന്ത് തെളിഞ്ഞ പുഴ എല്ലാം അതിൽ അടങ്ങി പിന്നെ ഉള്ള ഒഴുക്കിന് ആ ഭംഗി ഒരു തോഴിപോലെ വെറും കൂട്ട് മാത്രം വരികളിലെ ഓരോ ഒഴുക്കും ഹൃദ്യം "പോകും വഴിക്കൊരു കാട്ടുപുല്ലിന്‍ തണ്ടു
    മെല്ലെയൊടിച്ചു കറക്കി" അനുപമം

    ReplyDelete
    Replies
    1. നല്ല വാക്കുകള്‍ക്ക് നന്ദി ബൈജു

      Delete
  3. മനോഹരമായിരിയ്ക്കുന്നു
    കവിതയെന്നതിനെക്കാള്‍ ലളിതഗാനം എന്ന് വിളിയ്ക്കാനെനിക്കിഷ്ടം

    ReplyDelete
    Replies
    1. വളരെ സന്തോഷം അജിത്‌

      Delete