Thursday 26 December 2013

പിറവി

ഞാനറിയുന്നു പ്രാണവേദന മുളന്തണ്ടിൻ
പ്രാണനിൽ കാർവണ്ടുകൾ വീണമീട്ടിടും നേരം
കരൾകാമ്പുകൾ മുറിഞ്ഞമരും നോവിൻ സുഖ-
മല്ലയോ സംഗീതമായ് നിർഗ്ഗളിക്കുന്നു ചുറ്റും.

ഞാനറിയുന്നു പൂക്കൾ കൊഴിഞ്ഞീടുമ്പോൾ ചെടി
നോവിനെ പുളകങ്ങളാക്കുവാൻ  തളിർക്കുന്നു.
ഈറ്റുനോവിനെ മറന്നീടുന്നു പെറ്റമ്മമാർ
നിത്യ നിർവൃതിപ്രദം   സ്തന്യമൂട്ടിടുന്നേരം.

കൂർമുനകളാൽ കരൾക്കാമ്പിനെയുടച്ചിടും
കല്ലുളി കാൺകെ ശ്യാമശിലയും തരിക്കുന്നു.
ചെളിയിൽ നിന്നും  പൊട്ടിവിരിയുന്നല്ലോ  ചേലിൽ
സൂര്യമണ്ഡലം നോക്കിച്ചിരിക്കും ചെന്താമര.

ജീവചൈതന്യം തുള്ളിത്തുളുമ്പും ഭാവങ്ങളായ്
ആത്മനൊമ്പരങ്ങളെ മാറ്റുമീമായാജാലം,
മരത്തിൽ, കല്ലിൽ, കാട്ടുപൂവിലും, കനിയിലും
നേരിനെ നോവിന്നൊപ്പം നടനം ചെയ്യിക്കുന്നു!

                                                        (ഡിസംബര്‍ 2013)

5 comments:

  1. പ്രാണവേദന മുളന്തണ്ടിൻ
    പ്രാണനിൽ കാർവണ്ടുകൾ വീണമീട്ടിടും നേരം
    കൂർത്ത മുനകളാൽ കരൾക്കാമ്പിനെയുടച്ചിടും
    കല്ലുളി കാൺകെ ശ്യാമശിലയും തരിക്കുന്നു.
    നേരിനെ നോവിന്നൊപ്പം നടനം ചെയ്യിക്കുന്നു
    ഇത്രമാത്രം പക്ഷെ എത്ര കാതം ഒരു വാക്കിൽ എഴുതിയാൽ അമ്മ എന്നെഴുതാം

    ReplyDelete
  2. Val are Nalla lines.....keeep going on...

    ReplyDelete