Sunday 30 June 2013

കാളി

ചോരനൂലുകൾ തന്ത്രി പാകിയ
ഹൃദയവല്ലകി മീട്ടി ഞാൻ,
തീയുരുക്കിയൊഴിച്ച മിന്നൽ-
പിണരു  നോക്കിലയച്ചു ഞാൻ.

മുല പറിച്ചും, മുടിയഴിച്ചും,
കാൽച്ചിലമ്പു വലിച്ചെറിഞ്ഞും,
വളയുടച്ചും, ശോണ കുങ്കുമ
തിലകമുദ്രയഴിച്ചെറിഞ്ഞും,
മന്ത്രകോടിയഴിച്ചു മിന്നിൻ
ബന്ധനങ്ങളുടച്ചെറിഞ്ഞും,
നിൽക്കയാണൊരു ചോദ്യമായ്,
തീ പാറിടുന്ന ത്രിശൂലമായ്.

അഗ്നി രൂപിണിയെങ്കിലും നിണ-
മൊഴുകിടും നേരാണു ഞാൻ.
ഉയിരു പൊള്ളിയ നേരിനാൽ തീ
നാമ്പിനേയുമെരിച്ചവൾ,
ഒന്നുറക്കെ വിളിച്ചു ഭൂവിൻ
നെഞ്ചിലേയ്ക്കു മറഞ്ഞവൾ,
കണ്ണുനീരു പൊഴിച്ചിടാത്തോൾ
'കല്ലു'പോൽ മനമാക്കിയോൾ.

കനലെരിക്കും പകയുമുള്ളിൽ
വെന്തു നീറിയ കരളുമായ്,
പാതിവസ് ത്രമഴിഞ്ഞു, മുഴുവൻ
മാനഹാനി ഭവിച്ചു ഞാൻ
തലകുനിച്ചു,മുടൽ വിറച്ചും
നിൽക്കയാണു സഭാതലേ.

ചോരനൂലുകൾ തന്ത്രിപാകിയ
ഹൃദയവീണയുടച്ചു ഞാൻ;
തീകെടാത്തൊരു യജ്ഞകുണ്ഡ
മെടുത്തു നെഞ്ചിലണച്ചു ഞാൻ.

ചതിയെറിഞ്ഞു വശത്തിലാക്കിയ
സുഖദമോഹന പദവികൾ
തീർത്ത മേടയിലേറി നീ
നിലപാടു നിൽക്കുകയാണുപോൽ.

പകയുരുക്കിയടിച്ചു നീട്ടിയ
കുന്തമുനയും പരിചയും,
കയ്യിലേന്തി നിണം കൊതിച്ചു
കിതച്ചു നില്പൂ ഞാനിദം;
പൂർവ്വ കാലസ്മൃതിയുണർത്തിയ
കലിയെഴും ചാവേറുപോൽ.

പ്രണയനീലിമ നൃത്തമാടും
മിഴികൾ രണ്ടുമണച്ചുഞാൻ;
കനൽതിളയ്ക്കും ഫാലനേത്രം
നിന്റെ നേർക്കു കുലച്ചു ഞാൻ.
ദുർഗ്ഗയായ്, ശ്രീഭദ്രയായ് ,
സംഹാരരൂപിണിയായി ഞാൻ.
നടനമാടുകയാണു ചതിയുടെ
തലയറുത്തു പിടിച്ചിതാ.

ചോരനൂലുകൾ തന്ത്രിപാകിയ
ഹൃദയവീണയുടച്ചു ഞാൻ;
തീകെടാത്തൊരു യജ്ഞകുണ്ഡ
മെടുത്തു നെഞ്ചിലണച്ചു ഞാൻ.

                                                                   (ജൂണ്‍ 2013)

1 comment:

  1. കമന്റില്ല .
    കമന്റിനു ശക്തിയില്ല .
    കവിത ഒരു ചൊൽക്കാഴ്ചയായി അവതരിപ്പിച്ചു നോക്കൂ ...

    ReplyDelete