Monday 18 March 2013

ഞാൻ

ഒന്നു പെയ്യേണ്ടെ എനിക്കും!
മഞ്ഞുകാലമായാൽ
ഇലപൊഴിക്കുകയും വേണം.
നിറയെ പൂത്താൽ മാത്രം മതിയെന്നു്
ഇങനെ പേർത്തും പേർത്തും
പറയാതിരിക്കൂ.

കണ്ണീരിന്റെ കനിവിനായി
 കാത്തിരിക്കുന്ന വിത്തുകൾ
എന്റെയീ പാറപ്പുറത്തുമുണ്ട്.

 ഹേ  ഗിരിധരാ,
ഒന്നു താഴെ വയ്ക്കൂ
നിന്റെ ഗോവർദ്ധനം.
ഞാൻ നന്നായി ഒന്നു
നനയുകയെങ്കിലും ചെയ്യട്ടെ!

പുതുമണ്ണിന്റെ മദഗന്ധം
എന്റെ കാമനകൾക്ക്
ഉണർത്തുപാട്ടാകുന്നു.
കപടവേഷങ്ങൾ അഴിച്ചെറിഞ്ഞ്
ഞാനെന്റെ ചിലങ്കയണിയട്ടെ!
കരംഗുലികൾ മൈലാഞ്ചിനീരിൽ
ചുവന്നു തുടുക്കട്ടെ.

പരിരക്ഷയുടെ കവചകുണ്ഡലങ്ങൾ
മടുത്തിരിക്കുന്നു,
ഒരു വേടന്റെ  ശരമൂർച്ച
നെഞ്ചു തുളച്ചേക്കാം,
ചോരത്തുള്ളികൾ
നീലാകാശത്തിനു തിലകക്കുറിയാകാം,
എങ്കിലും,
കണ്ണാടിക്കൂട്ടിലെ വജ്രത്തേക്കാൾ
ഒരു കുഞ്ഞുനക്ഷത്രം തിളങ്ങില്ലേ!!

6 comments:

  1. കണ്ണാടിക്കൂട്ടിലെ വജ്രത്തേക്കാൾ തിളങ്ങുന്ന വരികൾ

    ReplyDelete
  2. പെയ്യാൻ കൊതിക്കുന്ന മനസ്സ് .. നല്ല വരികൾ .. അഭിനന്ദനങ്ങൾ ..

    ReplyDelete
  3. പെയ്തൊഴിയട്ടെ , പുതു നാമ്പുകൾ വിരിയട്ടെ .

    ReplyDelete
  4. അവസാന പാരഗ്രാഫ് ആദ്യം എഴുതിയതാണെന്ന് തോന്നുന്നു. അതിനെ പൂരിപ്പിച്ചതാകും ആദ്യ ഭാഗങ്ങൾ.. എന്തായാലും നല്ല വരികൾ.. നല്ല ഭാഷയും.. ആശംസകൾ..

    ReplyDelete
  5. Though your words are sharp and dominant, the theme has mellowed down :P

    ReplyDelete
  6. നന്ദി സഫീർ, റാണി, മാധവൻ,ജെഫു,ദീപു

    ReplyDelete