Thursday 14 March 2013

വിഷം*

വിഷം 


ഗർഭപാത്രത്തിന്റെ
കടലാഴങ്ങളിലേയ്ക്ക്
അർബുദത്തിന്റെ സിരാപടലം,
വിഷമേഘത്തിലൂടെ
പടരുന്ന  കൊള്ളിയാൻ,
മറുപിള്ള ചോർന്ന
പെണ്ണിന്റെ ഗർഭത്തിൽ
പൊക്കിൾക്കൊടി കഴുത്തിൽചുറ്റിയ
ചാപിള്ള,
തലഗജമസ്തകം,
ഉടലോ നേർത്തുനേർത്ത്
ഇല്ലാതാകുന്ന വിലാപവും!

ഗർഭം കനത്ത്
നാഭി തിടം വയ്ക്കുന്നു.
പെരുവയർ താങ്ങാനരുതാത്ത
വീടിന്റെ കൊറ്റിക്കാലുകൾ
നിലം പൊത്തുന്നു.
പെണ്ണിന്റെ കണ്ണ്  ചോർന്ന്
അടുപ്പിലെത്തീയണയുന്നു.
അടിവയർ കലങ്ങിയ കണ്ണുനീരിനു്
കശുമാങ്ങയുടെ
വിളറിയ ചുവപ്പും ചവർപ്പും.

 തീ തുപ്പുന്ന കടൽനാഗമേ,
വിഷം വമിക്കുന്ന കടൽക്കഴുകനേ,
നിങ്ങളെന്റെ പെണ്ണിന്റെ
സ്വപ്നകോശങ്ങളിലും
വിഷം സ്ഖലിച്ചുവോ!

ആഭിചാരത്തിന്റെ വിഷപുരുഷാ
ഞങ്ങളുടെ കിടാങ്ങളുടെ
ഉന്നം പിഴക്കാത്ത കവണകളും
ആയിരമായിരം
തിളക്കുന്ന ഹൃദയങ്ങളും
കുലയേറ്റിയ വാക്കുകളും
നിനക്കെതിരെ....

                                                                   (മാര്‍ച്ച്‌ 2013)

2 comments:

  1. കാസര്‍കോട്ടെ എന്‍ഡോസള്‍ഫാന്‍ ബാധിത പ്രദേശങ്ങള്‍. വികൃതമായ ശരീരഘടനയുള്ള കുട്ടികളും ബുദ്ധിമാന്ദ്യം ബാധിച്ച യുവാക്കളും ശാരീരിക ശേഷികള്‍ ക്ഷയിച്ച വൃദ്ധരും പാര്‍ക്കുന്ന വീടുകള്‍. പുഴുക്കളെപോലെ ഇഴഞ്ഞു ജീവിതം
    തള്ളിനീക്കുന്ന ജന്മങ്ങള്‍. ലാഭക്കൊതിയുടെ ജീവിക്കുന്ന ബലിയാടുകള്‍.ഇതിനെതിരെ നമ്മുടെ എഴുത്തുകാര്‍ എത്രമാത്രം പ്രതികരിക്കുന്നു ?വളരെ ചുരുക്കം ആളുകള്‍ മാത്രം,, നല്ല ശക്തമായ എഴുത്ത് ടീച്ചറെ മനസില്‍ തട്ടി എഴുതിയ വരികള്‍ ....

    ReplyDelete
  2. wow
    each line is pregnant with tons of ideas

    ReplyDelete