Friday 20 June 2014

ജനനീ ജന്മഭൂമീ ....

അക്ഷരങ്ങളെയഗ്നിയാക്കീടുക
ചുറ്റുമാളിപ്പടർന്നു കത്തീടുക 
കർമ്മവീര്യം തിളയ്ക്കുന്ന  നെഞ്ചിലെ
നെയ് വിളക്കിന്റെ നാളം തെളിക്കുക.

അർബുദം പോലെയമ്മനാടിന്റെ മെയ്
കാർന്നുതിന്നുമനീതിതൻ ശക്തിയെ
ചുട്ടെരിക്കുക ചാമ്പലാക്കീടുക
പട്ടുപോകാതെ ധർമ്മം പുലർത്തുക.

നോക്കുകുത്തികളാകും വ്യവസ്ഥകൾ
കാക്കുകില്ലഭിമാനത്തെയല്പവും
വാക്കുകൾ സമരായുധമാക്കി   നാം 
നേർക്കുവാനുള്ള ശക്തിനേടീടുക.

ഏതുമാകട്ടെ വേഷഭൂഷാദികൾ
ഏതുമാകട്ടെ ഭാഷ, വിശ്വാസവും
ഏതുനാട്ടിൽ പുലരുവോരാകിലും
പ്രാണനിൽ ചേർക്ക ജന്മനാടിൻ സ്മൃതി.

ഒറ്റലക്ഷ്യത്തിലാകട്ടെ ചിന്തകൾ
തെറ്റുതീണ്ടാത്തതാകട്ടെ ചെയ്തികൾ
പെറ്റനാടിന്‍  യശസ്സുയർത്തീടുവാൻ
വെറ്റിനേടുവാൻ  ശക്തരായീടുക.

കൈക്കരുത്തിനാലല്ലാത്മശക്തിയാൽ
മെയ്ക്കരുത്തിനാലല്ല മനീഷയാൽ
അഗ്നിനാളങ്ങളായിപ്പറന്നിടും
സത്യമോലുന്ന  വാക്കിന്റെ ശക്തിയാൽ.

ദൂര വാനിൽ പറക്കട്ടെ മേൽക്കുമേൽ
ഭാരതത്തിന്റെ  പേരും പതാകയും
പ്രൗഢമക്കൊടിക്കീഴിലാകട്ടെ നാം
സത്യമാക്കുന്ന സ്വർഗ്ഗവും സ്വപ്നവും.

 സൗരയൂഥങ്ങളാകട്ടെ സീമകൾ
സാഗരം പോൽ പരക്കട്ടെ കീർത്തിയും
സർവ്വതന്ത്രസ്വതന്ത്രമാകട്ടയെൻ
ദേവഭൂവിന്റ്റെ തേരുരുൾ വീഥികൾ.

                                                               (ജൂണ്‍ 2014)

4 comments:

  1. ഇഷ്ടം.. നല്ല കവിത....ഗീതാ..

    ReplyDelete
  2. ആവേശമുണര്‍ത്തുന്ന ഒരു ദേശഭക്തിഗീതം പോലെയുണ്ട്. നന്നായി.

    ReplyDelete
  3. നല്ലൊരു ദേശഭക്തി ഗാനം....

    ReplyDelete