Tuesday 6 August 2013

ബംഗാളിലെ നക്ഷത്രം



വംഗദേശസീമയിൽ തെളിഞ്ഞുവന്ന താരമേ
ആത്മജ്യോതിയിൽ സ്വയം വിളങ്ങിടുന്ന ദീപമേ
ശതപ്രണാമ പുഷ്പരാജി തൂകിടാം പദങ്ങളിൽ
ചൊരിഞ്ഞിടൂ വരം കവേ പ്രഭാർക്ക രശ്മി തൂകിടാൻ

മാനസങ്ങളിൽ തമസ്സു മാറ്റി സൂര്യജ്യോതിയാൽ
ജ്വലിച്ചിടാൻ വിവേകപൂർണ്ണമുക്തികൾ പൊഴിച്ചിടാൻ
സമത്വവും സമൃദ്ധിയും തുടിക്കുമെന്റെ നാടിതിൻ
യശസ്സുണർത്തി വിശ്വമാകെ കൂപ്പുകൈ ചമയ്ക്കുവാൻ

ദീപ്തമാം മനീഷിയും വിവേകപൂർണ്ണമുക്തിയും
ചരാചരപ്രപഞ്ചസ്നേഹ മഷിനിറഞ്ഞ പേനയും
അനർഗ്ഗളം സ്വതന്ത്രമായ് ചലിച്ചിടുന്നു, ധന്യനാം
മഹർഷിതുല്യസൂര്യനേ പൊലിഞ്ഞുപോയതെന്തു നീ!!

എങ്കിലും മഹാനുഭാവ നീ പൊഴിച്ച ഗീതികൾ
മഹോന്നതം മനുഷ്യജന്മ മഹിമ പാടുമുക്തികൾ
ഈശ്വരൻ മനുഷ്യനൊപ്പമിന്നിറങ്ങി വന്നതും
കർമ്മ ഭൂമിയിൽ നിതാന്ത സത്യമായ് വിരിഞ്ഞതും

കണ്ണുനീരിലും വിയർപ്പുനീരിലും അഴുക്കിലും
മുഴുകിടുന്ന മർത്യ മാനസങ്ങളിൽ നിറഞ്ഞതും
നന്മപൂർണ്ണനാം കവേ നിതാന്ത സൂര്യജ്യോതിസ്സേ
ഗീതകങ്ങളാക്കി ശ്രേഷ്ഠമഞ്ജലി ചമച്ചു നീ .

 എവിടെയാണു ശിരശുയർത്തി നില്‍പ്പതിന്നു മാനുഷർ
ഭയമെഴാത്ത ധിഷണയാൽ ജ്വലിപ്പതെങ്ങു മാനസം
സമസ്തവും ഗ്രഹിച്ചിടുന്നജ്ഞാനമെങ്ങു പൂർണ്ണ മായ്
വിളങ്ങിടുന്നു സത്യദൈവസന്നിധാനമവിടെയാം
മർത്യജന്മ മഹിമപാടി കർമ്മ മാർഗ്ഗ വീഥിയിൽ
വിപ്ലവം ചമയ്ക്കുവാൻ ക്ഷണിച്ചിടുന്ന വാക്കുകൾ
ഹേ കവേ മഹാനുഭാവ സ്വർഗമെന്ന സ്വപ്നവും
സത്യമായ് ഭവിച്ചു നിന്റെ കൂപ്പുകൈക്കുടന്നയിൽ

കനകരത്നദീപ്തിയിൽ ജ്വലിച്ചിടുന്ന വിഗ്രഹം
വിലപിടിച്ചകല്ലിനാൽ ചമച്ച ദേവ മന്ദിരം
പൊന്നിനാൽ പൊതിഞ്ഞുയർന്നു പൊങ്ങിടും ധ്വജങ്ങളും
വർജ്യമാണു തമ്പുരാനു തുല്യരാണു സർവ്വരും

വേർപ്പണിഞ്ഞു സോദരത്വമോടെ സ്നേഹശീലരാം
കർഷകർ സമത്വമോടെ പുണ്യമീ ധരിത്രിയിൽ
കൊയ്തു കൊയ്തു വിളവെടുത്തു നാടിനെ നിറച്ചിടും
ഇടങ്ങളിൽ വസിച്ചിടുന്നു നന്മപൂർണ്ണ നീശ്വരൻ

സ്നേഹിതന്റെ കണ്ണുനീർ തുടച്ചിടുന്ന കൈകളിൽ
നിസ്വനെ തുണച്ചിടുന്ന ധീര കർമ്മ വീഥിയിൽ
പൊന്‍വെളിച്ചമായി നിന്റെ ശ്രേഷ്ഠമായ തൂലിക
തൂകിനിന്നു ഗാനമോഹനങ്ങളായ ഗീതികൾ

വിശ്വമൊന്നു തന്നെയെന്ന ധർമ്മ മാർഗമാർന്നു നീ
പടുത്തുയർത്തി ശാന്തിതൻ നികേതനം മഹാകവേ
ഭാഷവേഷഭൂഷകൾ വിഭിന്നമാകുമെങ്കിലും
ചിന്തകൊണ്ടുഭാരതീയരാണു ഞങ്ങളേവരും

ധന്യമാകുമാർഷപൈതൃകം തെളിച്ച ദീപ്തിയിൽ
നീപൊഴിച്ച ഗീതികൾ മനോജ്ഞ കാവ്യമാലകൾ
ദിവ്യമന്ത്രമായ് ജപിച്ചു ഭാരതീയർ ഞങ്ങളോ
ചിരം സ്മരിച്ചിടുന്നു  നിന്നെ ബാഷ്പപൂര്‍ണ്ണ മിഴികളാല്‍ 

No comments:

Post a Comment