Sunday 16 December 2012

ദ്രൗപദി


ദ്രൗപദി

നേരമിരുട്ടീ പടകുടീരങ്ങളിൽ
ആകെ ശ്മശാനവിമൂകതമാത്രമായ്
മാളമുപേക്ഷിച്ചിറങ്ങീ കുറുനരി,
ഒപ്പം ശവം തേടിയെത്തീ കഴുകനും.
യുദ്ധം കഴിഞ്ഞ കുരുക്ഷേത്ര സംഗര-
ഭൂമിയിൽ മറ്റൊരു യുദ്ധം തുടങ്ങുവാൻ.
കൗരവശക്തിതന്നന്തഃപുരങ്ങളിൽ
ആർത്തനാദങ്ങൾ മുഴങ്ങുന്നു ദീനമായ്.
വൈധവ്യമാളി പ്പടര്‍ത്തും ചിതാഗ്നിയെ
കെട്ടടക്കീടുമോ കണ്ണുനീര്‍ത്തുള്ളികള്‍!

ചെന്നിണമിറ്റിറ്റുവീഴുന്ന കൈകളിൽ
കാർവേണി വാരിയെടുത്തു ഹാ ദ്രൗപദി
ഉന്മാദനൃത്തം ചവിട്ടീ ചിലമ്പൊലി
മാറ്റൊലിക്കൊണ്ടൂ ദിഗന്തങ്ങളൊക്കെയും.

ദാസിയാം കൃഷ്ണയെ പണ്ടു ദുശ്ശാസനൻ
തിങ്ങിനിറഞ്ഞസഭയിൽ ഗുരുവരർ
 കാൺകെ,മരപ്പാവ പോലെ നിൽക്കും പഞ്ച-
പാണ്ഡവർ കാൺകെ,  അധിരഥപുത്രന്റെ
നീറിപ്പുകയും പകയിലുദിച്ചതാം
അട്ടഹാസത്തിൻ പ്രതിധ്വനിയിൽ നീണ്ട
വേണിയിൽ ചുറ്റിപ്പിടിച്ചു വലിച്ചിഴ-
ച്ചാകെയുള്ളൊറ്റവസ്ത്രത്തിലും കൈവച്ചു
 നിൽക്കവേ രക്തസാക്ഷിത്വം വരിച്ചു തൻ
സ്വത്വവും സ് ത്രീത്വവും ശോണബിന്ദുക്കളാൽ.
വീണ്ടുമതോർക്കെ പ്രതികാരദുർഗ്ഗപോൽ
ദ്രൗപദി വീണ്ടും നിണാങ്കിതഹസ്തയായ്.

പാണ്ഡവപത്നി ,ദ്രുപദന്റെ യോമനപ്പുത്രി
പണയച്ചരക്കായി മാറവേ,
അന്നു സുയോധനൻ ലക്ഷണമൊത്ത തൻ
ഊരുവിൽതട്ടിയിളിച്ചുകാണിക്കവേ,
സൂതപുത്രൻ 'ദാസി' എന്നു വിളിക്കവേ,
അശ്ലീലഭാഷണം കോരിച്ചൊരിയവേ,
തന്നഭിമാനവും ഉണ്മയും ആയിരം
കാരമുള്ളേറ്റു പിടഞ്ഞതാണോർത്തവൾ.

മധ്യമപാണ്ഡവൻ ലക്ഷ്യം തകർത്തതി-
വീര്യവാനായ് സാഭിമാനം ഹസിക്കവേ,
മാരൻ മലർശരപഞ്ചകമെയ്തപോൽ
ആകെയുലഞ്ഞതാണന്നു തന്നുൾത്തടം.
മന്ദം നടന്നൂ സലജ്ജം, സഹർഷമീ
ക്കയ്യിൽ സ്വയംവരമാല്യവുമായിതാൻ.
അന്നു താൻ പാണ്ഡവപത്നിയായ് വിശ്വൈക-
വീരരാം കാന്തർക്കു ജന്മസാഫല്യമായ്.
പിന്നെ ശകുനിതൻ ക്രൂരഹസ്തങ്ങളിൽ
എങ്ങോ മറഞ്ഞു കിടന്ന കൊടും വിധി
ധർമ്മാനുസാരിയായ് ധർമ്മജൻ കൈനീട്ടീ
വാങ്ങുമെന്നോരുമോ പാണ്ഡവാർദ്ധാംഗിനി?
വിരാടന്റെയന്തഃപുരത്തിലെ ദാസിയായ്
സൈരന്ധ്രിയായ് അപമാനിതയായ് ചിരം
നീറവേ കീചകന്‍ കാമമദാന്ധനായ്
 കാട്ടിയ വിക്രമം വിസ്മരിച്ചീടുമോ!

അന്നു സ്വയംവരം  ചെയ്തതു ഗാണ്ഡീവ-
ധാരിയെയല്ലവമാനത്തെയാണവൾ
കത്തിപ്പടരുമരക്കില്ലമന്നപോൽ
നീറിപ്പുകയും പകയുമായ് ദ്രൗപദി
മന്ദം നടന്നു കുരുക്ഷേത്രഭൂമിയിൽ
ചെന്നു നിന്നൂ ക്രൂരസംതൃപ്തി നേടുവാന്‍
വൈരീകബന്ധങ്ങൾ കണ്ടുമിത്തീപോലെ
ഉള്ളു നീറ്റും പുത്രശോകം  മറക്കുവാൻ.


കോടി സൂര്യപ്രഭയോടെ മിന്നും  പട-
ച്ചട്ടയിൽ ചെന്നു തറച്ചൂ മിഴിയിണ.
പാദം തൊഴുതു ദൃഢചിത്തനായ് സ്വയം
മൃത്യുവക്ത്രത്തിലേയ്ക്കേകനായ്പ്പോകും
അനാഗതശ്മശൃവാമുണ്ണിതന്നോർമ്മകൾ
പദ്മവ്യൂഹം ചമയ്ക്കുന്നുവോ ചുറ്റിലും?
വൈധവ്യമുൾത്തടം നീറ്റുന്ന സ്വാധ്വിയാം
ഉത്തര പേറുന്നൊരുണ്ണിയെയോർത്തവൾ
ശോകം കുടിച്ചു വറ്റിച്ച കണ്ണീര്‍ക്കടല്‍
നെഞ്ചില്‍ ചുമക്കും  സുഭാദ്രയായ് മാറിയോ !
വീണുകിടന്നുമ്മവച്ചൂതെരുതെരെ
വീരനഭിമന്യുവിൻ പടച്ചട്ടമേൽ
നിശ്ചയദാർഢ്യം സ്ഫുരിക്കുമാക്കൺകളിൽ
അന്നാദ്യമായ് ചുടുബാഷ്പമുറന്നു പോയ്
കൃഷ്ണേ പ്രതികാരദുർഗ്ഗയല്ല,വീര
പാണ്ഡവപത്നിയുമല്ല നീ കേവലം
സ് ത്രീയാണു തെറ്റുകളൊക്കെപ്പൊറുക്കുന്ന
പുത്രസ്നേഹാർദ്രമാം മതൃത്വമാർന്നവൾ.


(മഹാഭാരതത്തിലെ ദ്രൗപദിയുടെ ചേതോവികാരങ്ങളെ ഒരു സ്ത്രീയുടെ വീക്ഷണകോണിൽ  നോക്കിക്കാണുന്നു. പുരാണത്തിൽ ഇല്ലാത്ത ചില കൂട്ടിച്ചേർക്കലുകൾ ഉണ്ട്.)

1 comment:

  1. ഇനി ഞാനുറങ്ങട്ടെയെന്നതില്‍ നിന്നുമേറെ മുന്നോട്ടുപോയ കൃഷ്ണ.

    ReplyDelete