Friday 20 July 2012

ചില മധ്യകാല ചിന്തകൾ

എന്തു മാത്രം അറിവില്ലായ്മയാണ് നമുക്ക്!
വാസ്തവത്തിൽ എത്ര  ചെറുതാണ്
നമ്മുടെ അറിവ്.
 എത്ര  തുച്ഛമാണ് അതിന്റെ പരിധി!
മധ്യവയസ്സിലെത്തിയ ഒരു
ശരാശരി മലയാളി,
 ഉദ്യോഗസ്ഥയോ /നോ ആണെങ്കിൽ
വിശേഷിച്ചും,
ഏതാണ്ടൊക്കെ അറിഞ്ഞുകഴിഞ്ഞു എന്ന
നിഗളിപ്പിലാണ്.
ചിലപ്പോഴൊക്കെ ഒരു അതിപക്വതയുടെ
മുഖം മൂടിയോ മേലുടുപ്പോ
അണിയുകകൂടി ചെയ്യും.
എന്നിട്ട് അതിഗഹനമെന്ന രീതിയിൽ
മനുഷ്യ മനസ്സിനെക്കുറിച്ചും,
സ്നേഹബന്ധങ്ങളെക്കുറിച്ചും,
രാഷ് ട്രീയ അതിപ്രസരത്തെക്കുറിച്ചും,
അരാഷ് ട്രീയ വാദത്തെക്കുറിച്ചും,
ലൈംഗികതയെക്കുറിച്ചും,
അങ്ങനെയങ്ങനെ
സൂര്യനു് കീഴിലും മുകളിലുമുള്ള എന്തിനെക്കുറിച്ചും
ദാർശനികമായി സംസാരിച്ചുകളയും.
എന്നിട്ട്
 ഹൊ! എനിക്കിങ്ങനെയൊക്കെ
പറയാൻ കഴിയുന്നല്ലോ എന്നു്
സ്വയം അദ്ഭുതം കൂറും.

വാർധക്യത്തെക്കുറിച്ചു ് ചിന്തിക്കുമ്പോൾ,
അത് അനുഭവിക്കുന്നവരെ കാണുമ്പോൾ
ശ്രീബുദ്ധനു തോന്നിയതുപോലെയാണോ
 എന്നൊന്നും  അറിയാത്ത
 ഒരു അന്ധാളിപ്പും വ്യഥയും ഉള്ളിലുദിക്കാറുണ്ട്.
പ്രായം ചെന്ന്` തൊലി ചുളിഞ്ഞ്
നര പിടിച്ച്,
പഞ്ചേന്ദ്രിയങ്ങൾ ക്ഷയിച്ചു തുടങ്ങുന്ന
ഒരവസ്ഥ.
അത് നമ്മെ ഏറ്റവും ദുഃഖിപ്പിക്കുന്നത്
മദ്ധ്യവയസ്സിലാണ`.
ശൈശവ കൗമാരങ്ങളിൽ
നമ്മളാരും അതിനെക്കുറിച്ച്
ആകുലപ്പെടാറില്ല.
യൗവ്വനത്തിൽ നമ്മൾ വാർധക്യത്തെ
സൗകര്യപൂർവം വിസ്മരിച്ചു   കളയുന്നു.
എന്നാൽ മധ്യ വയസ്സിൽ എത്തുമ്പോൾ
എന്തിനെന്നറിയാത്ത ,പേരറിയാത്ത
വിഹ്വലതകളും ആധികളും
നാനാവശത്തുനിന്നും
മനസ്സിലേയ്ക്ക്പാഞ്ഞെത്തുന്നു.
വേണ്ടതിലും എത്രയോ അധികം! !

വർധക്യത്തെ നാം ഭയപ്പെട്ടിരുന്നു എന്ന്
പിന്നീട് പ്രായമാകുമ്പോൾ
നാം തിരിച്ചറിയും.
ഒരു ചെറുചിരി ചുണ്ടിലോളമെത്താതെ
മനസ്സിൽ മൊട്ടിട്ടു വിരിഞ്ഞു കൊഴിയും.
ഓരോ ദശകളും അതാതിന്റെ  സമയത്ത്
കൃത്യമായി വന്നു പോയിരിക്കും;
നം സ്വാഗതമരുളിയാലും ഇല്ലെങ്കിലും!

വൃദ്ധൻ മണത്തെ ഭയക്കുന്നപോലെ
മദ്ധ്യവയസ്കൻ വാർധക്യത്തെ ഭയപ്പെടുന്നു.
മരണം പെട്ടെന്നങ്ങു തീരും;
എന്നൊക്കെ ന്യായം പറഞ്ഞ്
നാം നമ്മുടെ ഭീതിയെ
ബഹുമാന്യമാക്കും.

എന്നാൽ
ശരിക്കും ചിന്തിക്കൂ.
മരണം
പെട്ടെന്ന്
വരുന്നതാണോ?
ഓരോ നിമിഷവും
നാം
നടന്നടുക്കുന്നത്
എവിടേക്കാണ്!!??


No comments:

Post a Comment