Saturday 17 March 2012

ക്ഷമാപണം

ക്ഷമാപണം

സോദരീ ക്ഷമിക്കുക കെട്ടുതാലിതൻ കൊല-
ക്കയറിൽ കുടുങ്ങി നീപിടയുമ്പോഴും, പ്രാണൻ
വഴിമുട്ടിയേ തപിച്ചാർദ്രമായ് കേഴുമ്പോഴും,
ഇറ്റു സ്നേഹത്തിൻ ദാഹനീരിനായ് പൊള്ളുമ്പോഴും,

ഇന്ദ്രിയ വാതായനപ്പഴുതിൽക്കൂടി ഒച്ച
ഒട്ടുമേകേൾപ്പിക്കാതെ, പിച്ചളക്കണ്ണും കൂർത്ത
മൂക്കുമായ് മരണത്തിൻ ദുഷ്ടദേവത നിന്റെ
കരളിൻ മിടിപ്പിലേക്കെല്ലിച്ചകരം നീട്ടേ,

പ്രജ്ഞയിൽ കുപ്പിച്ചില്ലു വിതറും പോലെ, നിന്റെ
പിഞ്ഞിയ കരളിലേക്കാണികൾ തറയ്ക്കും പോൽ,
കെടുകാലത്തിൻ  വടുകെട്ടിയ വരൾകണ്ഠ-
നാളത്തിൽ വിഷം തേച്ച തെറിവാക്കിറ്റിച്ചു ഞാൻ.!

കാണുവാനായീല നിൻ കണ്ണിലേക്കിരമ്പിയ
കരൾഭിത്തികൾപൊട്ടിയാർത്തലച്ചീടും നോവിൻ
തിരമാലകൾ, കൊടുംചതിയിൽ കെണിപെട്ട
നിസ്സഹായതയുടെ മൂകമാം പിടച്ചിലും!.

ഉള്ളിലെ നേർക്കാഴ്ചയെ മറച്ചേ നിന്നൂ പാപ-
ശയ്യയിൽ നേടിക്കുന്നുകൂട്ടിയ മഹാസുഖം.
കേൾക്കുവാൻ കഴിഞ്ഞീല വേട്ടനായ് പല്ലിൽ കോർത്തു
വലിക്കും  മൃഗത്തിന്റെ മൂകരോദനം തെല്ലും.

എതിർക്കാനരുതാത്ത നിന്നെയാണല്ലോ മദം
പൂണ്ടൊരെൻ വാക്കിൻ വിഷം തേച്ചു ഞാനമ്പെയ്തതും!
മനസ്സും ശരീരവും പണയം വച്ചും വിറ്റും
നേടിയ പൊന്നും നിധികുംഭവും കിലുങ്ങവേ,
കേൾപ്പതെങ്ങനെ സഖീ സോദരീ നെഞ്ചിൻ കൂടു
തകർന്നേ ചിതറിടും വ്യർത്ഥമാം വിലാപങ്ങൾ!.

ചെകുത്താൻ പണിപ്പുര തീർക്കുമീ മസ്തിഷ്കത്തിൽ
മൃത കോശങ്ങൾ മത്രം ബാക്കിയാകവേ തെല്ലും
കഴിഞ്ഞീലറിയുവാൻ നീയലഞ്ഞകലുമീ
കനൽപ്പാതകൾ നീണ്ടേകിടക്കും വീഷക്കടൽ.

കുഷ്ഠരോഗത്തിൻ വ്രണം വിങ്ങുമെന്നാത്മാവിന്നു
തൊടുവാനറിയുവാൻ കഴിഞ്ഞീലല്ലോ നിന്നെ
കാലവും വിധിയും ചേർന്നെത്രയോ മുന്നം നിന്നെ
കുരിശിൽ പേർത്തും പേർത്തും  തറച്ചൂ മുറിവേറ്റി!

ക്ഷമിക്കൂ സഖീ എന്നേ മരിച്ചു കഴിഞ്ഞ നിൻ
ജഡമാണല്ലോ തുണ്ടംകീറി ഞാൻ രസിച്ചതും!
ഒന്നുമേപോരാഞ്ഞിരുതലനാവിനാൽ  കുത്തി-
പ്പിളർന്നൂ പിടയും  നിൻ താന്തമാമാത്മാവിനെ.
നിൻ മിഴിക്കോണിൽ ഹിമബിന്ദുപോൽതിളങ്ങുമീ
തീർത്ഥമെന്നാത്മാവിനെ ശുദ്ധമാക്കട്ടെ നിത്യം.

                                                                     (മാര്‍ച്ച്‌ 2013)

No comments:

Post a Comment