Monday 20 February 2012

രുദ്രവീണ*

രുദ്രവീണ

കാൽച്ചിലമ്പിൻ മണികളൊന്നായ് ഉതിരുവോളം,
പദയുഗം നിണകണങ്ങളിൽ  കുതിരുവോളം,    
തിരുവരങ്ങിൽ നടനമാടാം ശങ്കരാ ഞാനീ     
കളിവിളക്കിൻ തിരികളൊന്നായ് അണയുവോളം
ലോലമാമെൻ പ്രാണതന്ത്രികൾ മീട്ടി ഞാൻ പാടും
രുദ്രവീണാലാപമെന്നിൽ നിലയ്ക്കുവോളം,

നടനമാടാം തിരുവരങ്ങിൽ ശങ്കരാ ഞാനെൻ
ഹൃദയതാളം നിന്റെ നെഞ്ചിലലിയുവോളം.
ചന്ദ്രചൂഡാ, നീലകണ്ഠാ നീ തുടി കൊട്ടി
തുയിലുണർത്തൂ പ്രകൃതി താളം ലാസ്യലയനൃത്തം.

നെഞ്ചകത്തിൽ ദ്രുതതരം നിൻ തുടിതാളം പടരവേ,
പദമിതിൽ നിൻ താണ്ഡവത്തിൻ ചടുലതാളം പകരവേ,        
നടനമെങ്ങനെ നിർത്തിടും ഞാൻ എൻ ഞരമ്പുകളിൽ
കാളകൂടവുമമൃതുമൊപ്പം തിരയിളക്കുമ്പോൾ!

ഗഗനനീലിമനേർത്ത പട്ടിൻ കാന്തിയാൽ നിന്റെ,
ഗൗരവം കവരാനെനിക്കൊരു ഭാവമില്ലറിക.
ഹേ! കപാലിൻ, രാസലീലകളാടി മോഹിനിയായ്,
ചപലയായ് നിൻ കരളിളക്കംകാണുവാൻ വയ്യ.!

നാമപഞ്ചാക്ഷരിയെന്റ്റെ കരളിലലിയുമ്പോൾ,
കഠിന വൽക്കല വ്രത തപങ്ങളെ നെഞ്ചിലേറ്റട്ടെ –ചുറ്റും
ഹിമകണങ്ങൾ പെയ്തുപെയ്തെൻ തൃഷ്ണയകലട്ടേ – 
ഉള്ളിൽ ചുര മാന്തും കുതിരകൾക്കു ശമനമാകട്ടെ. 

തിരുജടയിലമരുമൊരുജല കണികയാകട്ടെ 
ഞാൻ ശ്യാമമേഘനഭസ്സിലെച്ചെറു താരമാകട്ടെ.
വിശ്വ നർത്തക, നിൻ പദങ്ങൾ ദ്രുതതാളം ചവിട്ടുമ്പോൾ,
മാമകാത്മ ബന്ധനങ്ങൾ മുക്തി നേടട്ടേ.

പ്രണവമന്ത്രസാരമേ നിൻ തിരു മിഴിയിൽ കനലായി-
ട്ടെരിയുന്നതെന്റ്റെ ദേഹദാഹമാണല്ലോ!
നിന്റെ ഹസ്തകപാലത്തിൽ ഭിക്ഷയായിത്തുളുമ്പുന്ന-
തെൻ കദനമലതല്ലും കണ്ണുനീരാഴി.

തിരുമാറിൽ തൂവിയർപ്പിലലിയുന്ന ഭസ്മമെന്റെ
ലോകമോഹമെരിഞ്ഞുള്ള ചാമ്പലെന്നറിക.
കലിയുഗത്തിൻ കറയെല്ലാം കരളിനുള്ളിൽ കുമിയുമ്പോൾ
ഹേ, സദാശിവ തിരുജടയിൽ ഗംഗയുണരട്ടെ.

ചുടലഭസ്മം ചൂടി മാറിൽ കപാലങ്ങളിളകുമ്പോൽ,
താണ്ഡവത്താൽ ലോകമാകെയൊടുക്കുമ്പോഴും,
അർദ്ധനാരീശ്വരാ നിന്റെ സ്ത്രൈണ ചേതനയയിടും ഞാൻ
വാക്കുമർത്ഥവുമെന്നപോലെ അലിഞ്ഞുചേരും.

ഹേ കലാധര, പാർവതീശ്വര നടനമാടിത്തളർന്നു നിൻ
പാദതാരിൽ മധുവായെൻ പ്രാണനർപ്പിപ്പൂ.
തിരുവരങ്ങിൽ നടനമാടാം ശങ്കരാ ഞാനീ
കളിവിളക്കിൻ തിരികളൊന്നായ് അണയുവോളം,
രുദ്രവീണാലോലതന്ത്രികൾ മീട്ടി ഞാൻ പാടും             
നിന്റെ നാദധാരയെന്നിൽ നിലയ്ക്കുവോളം.

(ഫെബ്രുവരി 2012)

3 comments:

  1. നടനമെങ്ങനെ നിർത്തിടും ഞാൻ എൻ ഞരമ്പുകളിൽ
    കാളകൂടവുമമൃതുമൊപ്പം തിരയിളക്കുമ്പോൾ!

    ഗംഭീരം!

    കാണാം വിശ്വനര്‍ത്തനം, കണ്ണിലൊന്നില്‍മഹാകാല-
    കൂടവും, വലതിലായമൃതമഥനമാടുന്ന പാദവും...

    ReplyDelete