Follow by Email

Sunday, 1 January 2017

അതിജീവനം

അതിജീവനം

മുല മുറിച്ച് വലിച്ചെറിഞ്ഞും

കാൽച്ചിലമ്പു പറിച്ചെറിഞ്ഞും

താലിചാർത്തിയവന്റെ മാനം

കാത്തിരുന്നവരാണു ഞങ്ങൾ.

കനൽ ചവിട്ടി നടന്നുമല്ലിൻ

കനലു നെഞ്ചിൽ നീറിയും

കൈ പിടിച്ചവനൊപ്പമെന്നും

തലയുയർത്തി നടന്നവർ.

അന്നു ഞങ്ങളവന്റെയൊപ്പം

പണിയെടുത്തും കളി പറഞ്ഞും

വെച്ച ചോറു പകുത്തു തിന്നും സ്വച്ഛമായി നടന്നവർ.

അവനെനിക്കു തണൽ വിരിച്ചും

തിരികെ ദാഹജലം പകർന്നും

തുച്ഛമാം ചെറുജീവിതങ്ങൾ

മെച്ചമായി നയിച്ചവർ.

ഇന്നു കാലം മാറിയപ്പോൾ 

അവനു ലോകം മാറിയപ്പോൾ

കൊച്ചു കൂടു വെടിഞ്ഞു മെച്ച

പ്പെട്ടതൊന്നു തിരഞ്ഞവൻ .

പ്രിയതരം പല കാഴ്ച കേൾവികൾ 

കുളിരു കോരും വാക്കുകൾ

ഗോപ്യ സന്ദേശങ്ങൾ ചതിയുടെ

വലവിരിച്ച സമാഗമം.

പുതിയ കൂട്ടുകൾ പുതിയ രീതികൾ

പുതുമ ഞങ്ങൾക്കില്ല പോൽ.

അവിടെയോ ബഹു ശബളമധുരിത

വേഷഭൂഷകൾ കേളികൾ.

ഇളകിയാടുന്നുടവുപറ്റാ

ചടുല യൗവ്വനമുടയവർ.

മിനു മിനുപ്പും തൊലി വെളുപ്പും

തുടുതുടുപ്പും ചേർന്നവർ.

ഇവിടെ ഞങ്ങൾ തൊലി കറുത്തോർ 

കാത്തിരിപ്പൂ രാവിലും.

ഇലയനക്കം കേട്ടു നിങ്ങൾ

വരികയാണെന്നോർത്തവർ.

അര മുറുക്കിയുടുത്തു മിച്ചം

വച്ചവറ്റും കരുതിയോർ

മൊഞ്ചു ചോർന്നവരാകുമെന്നാൽ

നെഞ്ചിൽ നേരു തികഞ്ഞവർ.

കൂരിരുട്ടിൽ വെട്ടുവാളു തലയ്ക്കൽ വച്ചു കിടന്നവർ.

കെട്ടുതാലിച്ചരടുതാനേ

രക്ഷയെന്നു നിനച്ചവർ.

നേർത്തു വന്ന വിടപ്രഭുക്കൾ

വച്ചു നീട്ടിയ പൊൻപണം

ഒറ്റ വാക്കുമുരച്ചിടാതൊരു

നോക്കു കൊണ്ടു ചെറുത്തവർ

നെഞ്ചിലേറ്റിയണിഞ്ഞ മിന്നിൻ

നേരുകാക്കാനായിവർ

ഉയിരുപോയാൽപ്പോലുമതു താൻ

മാനമെന്നു നിനച്ചവർ

തലയറഞ്ഞു ശപിക്കവേണ്ട

നെഞ്ചു പൊട്ടി വിളിക്കയും

ചുട്ട കണ്ണീർത്തുള്ളിയൊന്നു

പതിച്ചുവെങ്കിലസംശയം

ദുര പെരുത്തു ചതിച്ചു നിങ്ങൾ

വശഗമാക്കിയ പദവികൾ

നിന്നു കത്തി ദഹിച്ചു പോമൊരു

കല്ലു ബാക്കി വരാത്തപോൽ.

ഇന്നു ഞങ്ങളറിഞ്ഞിടുന്നാ

മിന്നു കാക്കപ്പൊന്നു തന്നെ

വിലയെഴാത്തതു കാത്തു വയ്ക്കാൻ

വിവരദോഷികളല്ലിവർ

മിന്നുവിറ്റിട്ടന്നമുണ്ടരവയർ

നിറയ്ക്കാനാവുമെങ്കിൽ

 തർക്കമില്ലതു ചെയ്യുമെങ്ങൾ

എല്ലുറപ്പു തികഞ്ഞവർ.

പുരമെരിക്കുകയില്ല ഞങ്ങൾ

കുരുതി ചോദിച്ചലറുകില്ല.

മരണ കാഹളമൂതുകില്ലതി

ജീവനത്തിൻ ഗീതികൾ

ഒത്തുചേർന്നു ചമച്ചിടും രണ

ഭേരി പോലെ മുഴക്കിടും തുടി

താളമോടാപ്പാട്ടു പാടി

ചടുല നർത്തനമാടിടും.

തള്ളുവാനെളുതല്ല ഞങ്ങൾ

ക്കെത്ര ചെറുതീ ജീവിതം

ഉളളിലൂറി വരുന്ന മോദം

പെരുകി വൻകടലാകണം.

No comments:

Post a Comment