Friday 26 December 2014

ജലശയ്യ *

ജലശയ്യ  
കൊന്നുതീര്‍ക്കുമോ ശാപഗ്രസ്തമീ പടുജന്മം
തിന്നുതീര്‍ക്കുവാന്‍  വയ്യീ വേദനകളെ വീണ്ടും.
പാപമോ? പാരാവാരം പോലെയെന്‍ ചുറ്റും കാണും
കൂരിരുള്‍, കേള്‍ക്കാകുമീയിരുളിന്‍ വിലാപങ്ങള്‍
ഭൂതകാലമോ തൂങ്ങിയാടുന്നു മുടിനാരില്‍
കാലഖഡ്ഗമായ്  മാത്രയെണ്ണി ഞാന്‍ തികയ്ക്കുന്നു.
അറ്റുവീണിരുന്നെങ്കില്‍ മോക്ഷമായേനെ വെട്ടി-
ത്തിളയ്ക്കും നോവിന്‍ പാനപാത്രമൊന്നുടഞ്ഞേനെ

കണ്ണടയ്ക്കുകില്‍ മുന്നില്‍ വാപിളര്‍ക്കുന്നു നിണ-
ത്തുള്ളികളിറ്റും ദംഷ്ട്ര,  നീള്‍നഖമുനകളും
ആഴ്ന്നിറങ്ങുന്നു  പച്ചമാംസത്തിലല്ല പേടി-
പ്പനിയാല്‍ വിറയ്ക്കുമെന്‍ ചിന്തതന്‍ തായ് വേരിന്മേല്‍.

 കണ്‍തുറക്കുകില്‍  മുന്നില്‍ പല്ലിളിക്കുന്നു ക്രൂരം
നരകത്തീവാതിലൂടെത്തിനോക്കീടും  സത്യം
ആശ്രമമൃഗത്തിനെയാക്രമിച്ചീടും ചെന്നായ്
പറ്റമായ് രുധിരാര്‍ത്തി പൂണ്ടു പിന്‍തുടരുന്നു.
അവ മേഞ്ഞുപേക്ഷിച്ച ചുടുകാടല്ലീ മോഹ -
ച്ചിതകള്‍ ദഹിച്ചമര്‍ന്നവശേഷിക്കും ദേഹം

കൈവിരല്‍ത്തുമ്പൊന്നുയര്‍ത്തീടുവാന്‍  കണ്‍പോളകള്‍
ചിമ്മുവാന്‍ ചുണ്ടില്‍ നിനക്കായ്‌  ചിരി നിറയ്ക്കുവാന്‍
ഒന്നിനുമാവാതെയീ  ജലശയ്യ*യില്‍   ജഡ-
മായി ഞാന്‍ കിടക്കുന്നു പ്രജ്ഞയോ തിളയ്ക്കുന്നു.
രോമകൂപങ്ങള്‍ തോറും വേദനത്തീവിത്തുകള്‍
പാകിയെത്തുന്നു നിത്യം കൂരിരുള്‍ പ്രഭാതങ്ങള്‍
.
മാത്രകള്‍ തോറും നെഞ്ചില്‍ കനക്കും നോവിന്‍  കരിം-
പാറയില്‍ നിന്നും തുള്ളിക്കന്മദം തുളിയ്ക്കുംപോല്‍
നേരിന്‍റെയൊറ്റത്തുള്ളിമാത്രമായ് മിഴിക്കോണില്‍
ചാലുതീര്‍ക്കാതെ സ്വയം തിളച്ചേയടങ്ങുന്നു.
കൊന്നുതീര്‍ക്കുമോ ശാപഗ്രസ്തമീ പടുജന്മം
തിന്നുതീര്‍ക്കുവാന്‍  വയ്യീ വേദനകളെ വീണ്ടും.


*  ജലശയ്യ - (water bed)  കോമാ അവസ്ഥയില്‍ ഉള്ളവരെയും  ചലനശേഷി കുറഞ്ഞവരെയും ഒക്കെ കിടത്താന്‍,  ശരീരത്തില്‍, വിശേഷിച്ച് പുറത്ത്  വ്രണങ്ങള്‍ (ബെഡ് സോര്‍)  ഉണ്ടാവാതിരിക്കാനായി  ഉപയോഗിക്കാറുണ്ട്

ഡിസംബര്‍ 2014

                       

6 comments:

  1. Good Poem. Not fit for Christmas season

    ReplyDelete
  2. ഓണ്‍ ലൈനിൽ വായിക്കുന്ന ബോറൻ കവിതകളില നിന്ന് വ്യത്യസ്തമായ ഒന്ന്. വാക്ക്കുകൾ ഘടിപ്പിച്ച വിധം നിങ്ങുടെ ആഴം കാണിക്കുന്നു.
    കവിതയെ കുറിച്ച് അധികം പറയാൻ ഞാനാളല്ല- എങ്കിലും
    വളരെ നന്നായിരിക്കുന്നു രീതി.
    ഒരെഴുത്ത് ഒരു നേര്ചിത്രം

    ReplyDelete
  3. രോമകൂപങ്ങള്‍ തോറും വേദനത്തീവിത്തുകള്‍
    പാകിയെത്തുന്നു നിത്യം കൂരിരുള്‍ പ്രഭാതങ്ങള്‍
    - മസോക്കിസത്തിൻറെ പാരമ്യം

    ReplyDelete
  4. നന്ദി പ്രിയപ്പെട്ട ചെറിഷ്,ശിഹാബ്,അജിത്‌, ഉമ്മര്‍ മാഷ്

    ReplyDelete