Sunday 23 November 2014

പേടിദീനം*

പേടിദീനം 

കുട്ടിക്കാലത്തെ സാറ്റുകളിയില്‍
ഉടുമുണ്ടിനടിയില്‍
ആരും കാണാതെ
ഏറെ നേരം ഒളിപ്പിച്ചു നിര്‍ത്തിയ
നേരമ്മാവന്‍

വൈകുന്നേരത്തെ കണക്കു ക്ലാസ്സില്‍
പട്ടികകള്‍  പെരുക്കിപ്പെരുക്കി
ജീവശാസ്ത്രത്തിലേയ്ക്ക് ചുവടുമാറ്റി
'ജനിതക ഗോവണി'വച്ച്
കാല്‍മുട്ടിലേയ്ക്കും
അവിടെനിന്നു മുകളിലേയ്ക്കും
വലിഞ്ഞുകയറിയ ട്യൂഷന്‍ മാഷ്

പനിക്കുളിരിന്റെ  ത്രിസന്ധ്യയില്‍
ഇടം നെഞ്ചില്‍ കുഴലുവച്ചും
വലം നെഞ്ചില്‍
തണുത്ത ശവവിരലുകള്‍ കൊണ്ടു പരതിയും
ഹൃദയമിടിപ്പളന്ന ഡോക്ടര്‍

എല്ലാവരേം വല്ലാതെ ഭയക്കുന്ന
പേടിദീനം മാറ്റാന്‍
ഇരുട്ടുമുറിയില്‍
കണ്ണുകള്‍ ഇറുകെ പൂട്ടിയിരുത്തി
മൊബൈല്‍ഫോണ്‍ വെളിച്ചത്തില്‍
മേലാകെ ഭസ്മമുഴിഞ്ഞ
നീണ്ടമുടിക്കാരന്‍ സ്വാമി

എല്ലാ പേടിയും ഉരുകിത്തീര്‍ന്നത് പക്ഷെ
കോടതിമുറിയില്‍.
വസ്ത്രാക്ഷേപ നാടകത്തിനു
തിരശ്ശീല ഉയരും മുന്‍പേ,
സ്വയം ദിഗംബരയായപ്പോള്‍ ..

(ആത്മാവില്‍  നഗ്നയായവളെ
ആര് ഭയപ്പെടുത്തും .....!!)

                                                         (നവംബര്‍  2014 )

5 comments:

  1. ഹോ ആത്മാവിൽ നഗ്ന എന്താ പ്രയോഗം ധൈര്യത്തിന്റെ അഗ്നികടഞ്ഞ രൂപം വരഞ്ഞു ആ വരികൾ

    ReplyDelete
  2. എല്ലായിടത്തും!!

    ReplyDelete
  3. ohh my!!
    thats mighty powerful

    ReplyDelete
  4. പൊള്ളുന്ന കവിത....

    ReplyDelete
  5. നന്ദി പ്രിയരേ ബൈജു, അജിത്‌, ദീപു,,ഉമ്മര്‍മാഷ്

    ReplyDelete