Follow by Email

Monday, 19 May 2014

ഉമ്മയുടെ ഭാഷ*

ഉമ്മയുടെ ഭാഷ

ഓരോ ഉമ്മയും ഓരോ പദം.
കോര്‍ത്തുവച്ചാല്‍    ഒരു കവിതയും .
നനുത്ത കുഞ്ഞിക്കാൽവെള്ള
ഉള്ളംകയ്യിൽ വച്ചോമനിച്ച്
നൽകുന്ന ഉമ്മ.
കൈവിരൽത്തുമ്പിൽ ഒട്ടിനിൽക്കുന്ന
 കുഞ്ഞുമ്മ.
വലംകൈകൊണ്ട് ചേർത്തണച്ച്
ഇടംകൈകൊണ്ട് തലോടി
നെറുകയിൽ അണിയിക്കുന്ന
ദീർഘമായ ഉമ്മ.
ഉറങ്ങുമ്പോൾ നെറ്റിയിൽ വീഴുന്ന പൂവുമ്മ.
കണ്ണുനീരൊപ്പുന്ന ചുണ്ടുകളിൽ
ഉമ്മയുടെ 'ലാവണ്യം'.
തുടുത്ത കവിൾത്തടത്തിൽ
അമർന്നു പതിക്കുന്ന
ചുവന്ന ഉമ്മകൾ.
പിൻകഴുത്തിൽ പാറിവീണ്
ചെവിയുടെ പിന്നിലേയ്ക്ക്
അരിച്ചു നീങ്ങുന്ന തൂവലുമ്മ.
കഴുത്തിലൂടെ പടർന്നു
മലമുകളിലേയ്ക്ക് കത്തിക്കയറുന്ന
തീപിടിച്ച ഉമ്മകൾ.
ഇഴഞ്ഞത്തി പുക്കിൾച്ചുഴിയിൽ വീണ്
നനഞ്ഞുപിടയുന്നവ.
കൊടുങ്കാറ്റിന്റെ സീൽക്കാരവുമായി
ആത്മാവിനെ കടപുഴുക്കുന്ന
വന്യമായ ഉമ്മ.
ചുണ്ടിലൂടെ പ്രാണൻ  വലിച്ചൂറ്റുന്ന
ഉമ്മയുടെ ചുഴലിക്കാറ്റ്.


ഒരോന്നും സ്വയം സംസാരിക്കുന്നവ
കാതുകൾകൊട്ടിയടച്ച്
കണ്ണുകൾ പൂട്ടിവച്ച്
നാസാരന്ധ്രങ്ങൾ അടച്ച്
ഹൃദയം മലർക്കെ തുറന്ന്
വിറയാർന്ന വിരൽത്തുമ്പുകൾ കൊണ്ട്
തൊട്ടറിയൂ
ഉമ്മയുടെ ഭാഷ അന്ധരുടേതാണ്.

                                                                  (മെയ് 2014)

4 comments:

 1. ഉറങ്ങുമ്പോൾ നെറ്റിയിൽ വീഴുന്ന പൂവുമ്മ

  ReplyDelete
 2. അന്ത്യം വരേയ്ക്കും ഉമ്മയുണ്ട്!!

  ReplyDelete
 3. Hoh....... manassu kathunnu......

  ReplyDelete
 4. രണ്ടക്ഷരങ്ങളുടെ രൂപലാവണ്യം. മനോഹരം

  ReplyDelete