Saturday 26 April 2014

ശിവം സുന്ദരം.......

കരിമുകിൽജടയൂർന്നുലഞ്ഞും,
ചാരുചന്ദ്രക്കലയഴിഞ്ഞും,
നടനവേഗതചേരുമുടലിൽ
നാഗമിന്നൽപ്പിണർ പുളഞ്ഞും,
ഗഗനകേളീവേദിയിൽ
രുദ്രാക്ഷമണികൾ ചിതറിവീണും,
അർക്കകാന്തികലർന്ന മിഴിയിൽ
നിന്നു ജീവനുദിച്ചുയർന്നും,
പൂർണ്ണചന്ദ്രനുദിച്ച കണ്ണിൽ
പ്രേമകൗമുദി കരകവിഞ്ഞും,
സൗരമണ്ഡലശതസഹസ്രം
മിന്നിമറയും ഫാലനേത്രേ
ദുഷ്ടനിഗ്രഹവ്യഗ്രകോപാൽ
തിരയിളക്കും തീ നിറച്ചും,
ചടുലതാണ്ഡവനടനവേഗാൽ
നയനവിസ്മയവർഷമാകൂ.

കെട്ടഴിഞ്ഞ പ്രചണ്ഡവാത-
ത്തേരിലേറി വരുന്ന നിന്നെ
നിർന്നിമേഷം നിത്യവിസ്മിത
നേത്രമോടെ നമിച്ചിടുന്നു

നീലകണ്ഠവിരാജിതം മണി
നാഗസീൽക്കാരങ്ങൾ തീർക്കും
ശബ്ദവിന്യാസോത്സവത്താൽ
അഷ്ടദിക്കുകൾ  മുഖരിതം.

നിന്റെ സ്വേദകണങ്ങൾ ചിന്നി-
ച്ചിതറി മഴനീർത്തുള്ളിയായി
വക്ഷദേശമണിഞ്ഞഭസ്മം
പാറി വെള്ളിമുകില്പരപ്പായ്
നിന്റെ ശ്വാസോച്ഛാസവേഗാൽ
സാഗരത്തിര താണുയർന്നു
നിൻ ത്രിശൂലത്തിന്റെ മുനയിൽ
നൃത്തമാടി നിരന്നു കാലം
ഭൂതമായ് സ്ഥിതികാലമായും
ഭാവിയായും സംക്രമിച്ചു.
മേഘഗർജ്ജന ഡമരുതാളം
ചക്രവാളപ്രകമ്പിതം,    പദ-
പാതതാളതരംഗമാലകള്‍
ഗിരികളായ്  താഴ്വരകളായി.

ഹേ,ജടാധര, നൃത്തലോലുപ,
നില്പു ഞാനവനമ്രശീർഷ
പരമപാദം ചേർക്കുകിവളുടെ
ശാപമുദ്രിത മൗലിയിൽ നീ.
രാഗനിര്‍ഭര   വ്യഥിതഹൃദയം
നടനവേദികയാക്കിമാറ്റൂ.

(ഏപ്രില്‍ 2014)



4 comments:

  1. വാക്കുകൾ കൊണ്ട് തന്നെ ഈ ദ്രുത താണ്ടവം
    വളരെ മനോഹരമായി താളവും പദങ്ങളും

    ReplyDelete
  2. നല്ല ക്രാഫ്റ്റ്‌......മികച്ച നടന വർണ്ണനാ വിസ്മയം......ഇഷ്ടായി.....

    ReplyDelete
  3. ശിവചൈതന്യം നിറഞ്ഞ വരികള്‍. ഇഷ്ടപ്പെട്ടു

    ReplyDelete