Monday 10 March 2014

കുതിരജന്മം*

കുതിരജന്മം

കാറ്റുപോലെ കുതിച്ചുപായുന്നു ഞാൻ
മുന്നിൽ നീണ്ടേ കിടക്കുന്നു പാതകൾ
എയ്ത ബാണം കണക്കെയൻ കണ്ണുകൾ
മുന്നിലേക്കായി മാത്രം തുറന്നു ഞാൻ
പാതയോരത്തു പൂചൂടി നിൽക്കുന്ന
വർണ്ണലോകമെനിക്കന്യമാണുപോൽ

ഇത്രമേൽ പരന്നേ കിടക്കുന്നൊരീ
പച്ചയാം കർമ്മ ഭൂമിയെക്കേവലം
നേർവരമാത്രമാക്കിച്ചുരുക്കിയെൻ
കണ്ണു ബന്ധിച്ചു ബാല്യത്തിലേയവർ

ദൂരമെന്നതെൻ കാൽക്കുളമ്പിൽ ക്ഷണ-
മാത്രകൾ കൊണ്ടു ചിന്നിച്ചിതറവേ
കാട്ടുകോട്ടകളാം കരിമ്പാറകൾ
കേവലം ചിതൽ പുറ്റുകളാകവേ
ബാല്യകൗമാര നിംനഗാസംഗമ
വേദിയായന്റെ മസ്തിഷ്കമണ്ഡലം

തൈമരക്കുളിർചില്ലയിൽ തെന്നലായ്
കാലമെന്നെക്കടന്നുപോയീടവേ
യൗവ്വനത്തിന്റെ രോമഹര്‍ഷങ്ങളെൻ
അംഗകങ്ങളിൽ പൂത്തുവിടർന്നുവോ!

 കീഴടക്കുവാൻ വെറ്റിനേടീടുവാൻ
കാൽച്ചുവട്ടിലീ ലോകം തളയ്ക്കുവാൻ
സാഗരക്കൊടുംകാറ്റുപോലെന്മദം
സംഗരങ്ങൾ തിരഞ്ഞുപോയീടവേ
ചുട്ടുനീറും മനസ്സിന്റെ തൃഷ്ണകൾ
മണ്ണിതിൽ ചുര മാന്തുന്ന കാമങ്ങൾ

കണ്ണിനാലറിയാത്തവ കാൽക്കുള-
മ്പോടിയെത്തുന്ന വേഗാലറിയവേ
കാലു ബന്ധിച്ചു കാരിരുമ്പിൻ കനം
 ചേർന്ന ലാടവും ചേർത്തു തറച്ചതിൽ
മണ്ണുമായുള്ള ബന്ധം പുലർത്തുവാൻ
പച്ച മണ്ണീൽ തൊടില്ലീക്കുളമ്പുകൾ

പാലപൂക്കുന്ന മാദക ഗന്ധമെൻ
ബോധസീമയിൽ പൂക്കൾ പൊലിക്കവേ
പെൺകുതിര ചിനയ്ക്കും മധുകണം
തുള്ളിതുള്ളിയായ് കാതിൽ പതിക്കവേ
പായുകയാണു ചിന്തകള്‍  പിന്നിലേ-
ക്കെന്റെ  വായിൽ കടിഞാൺ മുറുകവേ
പാദുകങ്ങൾ ധരിച്ച പാദങ്ങളെൻ
വാരിയിൽ കുത്തി വേദനയേറ്റവേ
കാറ്റിനൊപ്പം പറന്നുവന്നെന്നിലേ
ചേരുകയാണു പെണ്ണിൻ പുതുമണം

വായുവിൽ പുളഞ്ഞീടുന്ന ചാട്ടവാർ
കൊള്ളിയാനായി മേനിയിൽ വീഴവേ
അർഥമില്ലാത്ത ശബ്ദങ്ങളാജ്ഞയായ്
കാതിലേയ്ക്കവർ കുത്തിനിറയ്ക്കവേ
പായുകയാണു മുന്നോട്ടു ഞാനിദം
പാവപോലെയെൻ കാമനകൾക്കു മേൽ

മറ്റൊരുത്തന്റെ, പെണ്ണിനെ മണ്ണിനെ
സ്വന്തമാക്കുവാനാർത്തികാട്ടുന്നവർ,
മറ്റൊരുത്തന്‍റെ പഞ്ചേന്ദ്രിയങ്ങളില്‍
സ്വന്തമാശയാല്‍ കോട്ടകെട്ടുന്നവര്‍
ആഗ്രഹങ്ങളെ ബന്ധിച്ചിടാത്തവര്‍
സ്വന്തമാക്കുമോ ജീവനെ,  ദേഹിയെ!

മെയ്ക്കരുത്തിനാൽ തെല്ലുശ്രമിക്കുകിൽ
കേട്ടുപൊട്ടിച്ചുപോയിടാമെങ്കിലും
അന്യജീവനെ മാനിച്ചിടുന്നതാം
കേവലജന്തുസ്വത്വമുണ്ടെന്നിലും
കെട്ടഴിച്ചു വിട്ടേക്കുക സ്വച്ഛമായ്
കർമ്മമാർഗ്ഗം നടന്നു തീർക്കട്ടെ ഞാൻ

                                                           (മാര്‍ച്ച്‌ 2014)

4 comments:

  1. അര്‍ത്ഥവും ആഴവും അഴകും ഒത്തിണങ്ങിയ കവിത

    അനുമോദനങ്ങള്‍

    ReplyDelete
  2. യാഗാശ്വം പോലെ സ്വതന്ത്രമായി വിഹരിക്കുവാൻ ജീവിതത്തിൽ ഒരിക്കലെങ്കിലും ലാടം കണ്ണ്‍ ബന്ധനങ്ങൾ ഇല്ലാതെ ഭൂമിയെ അറിയാൻ നല്ല കവിത

    ReplyDelete