ജലശയ്യ
കൊന്നുതീര്‍ക്കുമോ ശാപഗ്രസ്തമീ പടുജന്മം
തിന്നുതീര്‍ക്കുവാന്‍ വയ്യീ വേദനകളെ വീണ്ടും.
പാപമോ? പാരാവാരം പോലെയെന്‍ ചുറ്റും കാണും
കൂരിരുള്‍, കേള്‍ക്കാകുമീയിരുളിന്‍ വിലാപങ്ങള്‍
ഭൂതകാലമോ തൂങ്ങിയാടുന്നു മുടിനാരില്‍
കാലഖഡ്ഗമായ് മാത്രയെണ്ണി ഞാന്‍ തികയ്ക്കുന്നു.
അറ്റുവീണിരുന്നെങ്കില്‍ മോക്ഷമായേനെ വെട്ടി-
ത്തിളയ്ക്കും നോവിന്‍ പാനപാത്രമൊന്നുടഞ്ഞേനെ
കണ്ണടയ്ക്കുകില്‍ മുന്നില്‍ വാപിളര്‍ക്കുന്നു നിണ-
ത്തുള്ളികളിറ്റും ദംഷ്ട്ര, നീള്‍നഖമുനകളും
ആഴ്ന്നിറങ്ങുന്നു പച്ചമാംസത്തിലല്ല പേടി-
പ്പനിയാല്‍ വിറയ്ക്കുമെന്‍ ചിന്തതന്‍ തായ് വേരിന്മേല്‍.
കണ്‍തുറക്കുകില്‍ മുന്നില്‍ പല്ലിളിക്കുന്നു ക്രൂരം
നരകത്തീവാതിലൂടെത്തിനോക്കീടും സത്യം
ആശ്രമമൃഗത്തിനെയാക്രമിച്ചീടും ചെന്നായ്
പറ്റമായ് രുധിരാര്‍ത്തി പൂണ്ടു പിന്‍തുടരുന്നു.
അവ മേഞ്ഞുപേക്ഷിച്ച ചുടുകാടല്ലീ മോഹ -
ച്ചിതകള്‍ ദഹിച്ചമര്‍ന്നവശേഷിക്കും ദേഹം
കൈവിരല്‍ത്തുമ്പൊന്നുയര്‍ത്തീടുവാന്‍ കണ്‍പോളകള്‍
ചിമ്മുവാന്‍ ചുണ്ടില്‍ നിനക്കായ് ചിരി നിറയ്ക്കുവാന്‍
ഒന്നിനുമാവാതെയീ ജലശയ്യ*യില്‍ ജഡ-
മായി ഞാന്‍ കിടക്കുന്നു പ്രജ്ഞയോ തിളയ്ക്കുന്നു.
രോമകൂപങ്ങള്‍ തോറും വേദനത്തീവിത്തുകള്‍
പാകിയെത്തുന്നു നിത്യം കൂരിരുള്‍ പ്രഭാതങ്ങള്‍
.
മാത്രകള്‍ തോറും നെഞ്ചില്‍ കനക്കും നോവിന്‍ കരിം-
പാറയില്‍ നിന്നും തുള്ളിക്കന്മദം തുളിയ്ക്കുംപോല്‍
നേരിന്‍റെയൊറ്റത്തുള്ളിമാത്രമായ് മിഴിക്കോണില്‍
ചാലുതീര്‍ക്കാതെ സ്വയം തിളച്ചേയടങ്ങുന്നു.

* ജലശയ്യ - (water bed) കോമാ അവസ്ഥയില്‍ ഉള്ളവരെയും ചലനശേഷി കുറഞ്ഞവരെയും ഒക്കെ കിടത്താന്‍, ശരീരത്തില്‍, വിശേഷിച്ച് പുറത്ത് വ്രണങ്ങള്‍ (ബെഡ് സോര്‍) ഉണ്ടാവാതിരിക്കാനായി ഉപയോഗിക്കാറുണ്ട്
ഡിസംബര്‍ 2014