Tuesday, 3 June 2014

പാതി ...........*

പാതി

പാതിവിരിഞ്ഞൊരു രാത്രിപുഷ്പത്തിന്‍റെ
നീല നിലാവില്‍  തെളിഞ്ഞ ചിത്രം
പാതിയേ പാടി നിലച്ചൊരു പാതിരാ
ശോകഗാനത്തിന്‍  പതിഞ്ഞ താളം
പാതിവഴിയില്‍ തളര്‍ന്നിരിക്കും  താന്ത-
പാദങ്ങളോലുമജ്ഞാത പാന്ഥന്‍
പാതി പെയ്തിട്ടു നിലച്ച വര്‍ഷം പാതി -
ദൂരത്തില്‍ വീശി മരിച്ചകാറ്റ്
പാതി മുളച്ച വയല്‍പച്ച പാതിയില്‍
പാടെയൊഴുകി നിലച്ച നീര്‍ച്ചാല്‍
പാതിയടഞ്ഞ കണ്‍പോളകള്‍   ചുണ്ടിലെ
പാതി വിരിഞ്ഞതാം മന്ദസ്മിതം
പാതി ചുരന്ന നിറഞ്ഞ നെഞ്ചം,  മറു -
പാതിയില്‍ നീറുന്ന മാതൃഭാവം
പാതി കുറിച്ച പ്രണയപത്രം,  കിനാ-
ക്കാണുന്ന പാതിയടഞ്ഞ കണ്‍കള്‍
പാതിയില്‍ നീ കൈവെടിഞ്ഞ   പ്രേമം,  പാതി
മാത്രം നിറഞ്ഞൊരെന്‍  കണ്‍കോണുകള്‍
പാതിയെഴുതി മറന്ന കാവ്യം പാതി
മൂളാന്‍ മറന്ന പഴയൊരീണം
പാതി നിശൂന്യമാം ശയ്യാതലം  പാതി
ദൂരം കടന്നു തളര്‍ന്ന കാമം
ഒരുപാതിമാത്രം മിടിക്കുന്ന നെഞ്ചോടു-
മറുപാതി ചേരും നിറവു തേടല്‍
താനേനടക്കുന്നു പാതി ദൂരം  വന്നു
ചേരുന്നു പാതിയില്‍ കൂടെയാരോ
ഈശ്വരനാകാമിണയുമാകാം  സ്വന്ത-
മിഷ്ടങ്ങള്‍ തേടല്‍ ത്യജിക്കലാകാം
കേവലം പാതിയീ മര്‍ത്ത്യജന്മം  മറു -
പാതിതേടുന്നതതിന്‍റെയര്‍ത്ഥം

                                                              (ജൂണ്‍ 2014)

5 comments:

  1. വരികളോട് താളത്തിനോട്‌ ഈണത്തി നോട് ആശയങ്ങളോട് ഒരു പൂർണ ഇഷ്ടം

    ReplyDelete
  2. മനോഹരകവിത
    വളരെ ഇഷ്ടപ്പെട്ടു

    ReplyDelete
  3. മ നോഹരം.... നല്ല കവിത....ഗീതാ..

    ReplyDelete