Saturday, 19 April 2014

പ്രണയത്തിനായി ............

തേനൂറുമോർമ്മതൻ പൂക്കളെല്ലാം
പകലിനോടൊപ്പം കൊഴിഞ്ഞുപോയി
കടുകാഞ്ഞിരത്തിന്റെ കയ്പുമാത്രം
കരളിന്റെ ചില്ലയിൽ ബാക്കിയായി.

ജീവനിൽ നീ പെയ്ത സൗരഭ്യവും
കാറ്റടിച്ചമ്പേ പൊലിഞ്ഞുപോയി
മജ്ജ തുളയ്ക്കുന്ന നൊമ്പരത്തിന്‍
നീറും വ്രണങ്ങളോ വിങ്ങിനിന്നു.

അല്ലിന്റെ കട്ടിക്കരിമ്പടത്താൽ
ചില്ലുജനാലകൾ മൂടിഞാനും
നേരിൻ മയൂഖങ്ങളൊന്നുപോലും
പോരുകില്ലെൻ കിളിവാതിലൂടെ.

കൂരിരുൾകോട്ടയായ് തീർന്ന നെഞ്ചിൽ
പ്രണയം കിടന്നു പിടയ്ക്കയാവാം
നെറിവെഴാനീതിതൻ ക്രൂരഹസ്തം
നിണമുദ്രചേർക്കെയതിൻ ഗളത്തിൽ.

ഞാനെന്റെ കൺകൾ തുറന്നുവയ്ക്കാം
ആദിത്യമന്ത്രം ജപിച്ചുനിൽക്കാം
ഈവഴിപോകുന്ന കാറ്റിലെന്റെ
ആത്മാനുരാഗം പരക്കുമെങ്കിൽ

ഞാനെന്റെ നെഞ്ചം തുറന്നു വയ്ക്കാം
ചോരച്ച ചങ്കും പറിച്ചുവയ്ക്കാം
ഈവഴിത്താരയിലെൻ പ്രണയം
എന്നങ്കിലും പൂത്തു നിൽക്കുമെങ്കിൽ.

               (ഏപ്രില്‍ 2014)

4 comments:

  1. ഗീതയുടെ കവിത എല്ലാ മുഗ്ധ ഭാവങ്ങളും കൈവരിക്കുന്നു ഈയ്യിടെ...വള രെ സ ന്തോഷം.....നന്നായി...

    ReplyDelete
  2. അതിമ നോഹരം.....എന്നല്ലാതെ എന്തുപറയാൻ.....ഗീതയുടെ കവിത എല്ലാ മുഗ്ധ ഭാവങ്ങളും കൈവരിക്കുന്നു ഈയ്യിടെ....

    ReplyDelete
  3. നല്ല വരികൾ അവസാന എട്ടു വരികളിലെ സൗമ്യ നൈർമല്യം മനോഹരമായി

    ReplyDelete