പള്ളിക്കൂടത്തിലേയ്ക്കുള്ളവഴി
പെരുവഴിയേ പോയി,
ഇടവഴി കയറി,
പലവഴി മാറി,
തിണ്ടിൽ വലിഞ്ഞ്,
നെഞ്ചുരഞ്ഞിറങ്ങി,
കൈത്തോടു നീന്തി,
വരമ്പത്തുതെന്നി,
അങ്ങനെയങ്ങനെ.....
പേരില്ലാപ്പൂവിനെ കണ്ണിറക്കി
സ്വാദില്ലാക്കായിനെ പാറ്റിത്തുപ്പി
കുഞ്ഞിക്കിളിയൊത്തു കലപിലച്ച്
കുഞ്ഞാടിൻ കുടമണി കിലുകിലുക്കി
തുമ്പിച്ചിറകില്‍ തൊടാതെ തൊട്ട്
അങ്ങനെയേറെ നടനടന്ന്.......
ആ പോക്കിലല്ലേ
ജാതിത്തോട്ടത്തിന്റെ ഇരുളിൽ
ആരും കാണാതെ 'അവ'നു കൊടുത്ത ഉമ്മ
കവിളിലെ കുറ്റിരോമം കൊണ്ട് വേദനിച്ച്
തത്തിപ്പറന്ന്‍
കാളിപ്പനയുടെ മേളിലെത്തി
കാക്കനോട്ടത്തില്‍ തറഞ്ഞ്
കള്ളുമ്പാളയിൽ തുളുമ്പി
നാട്ടിലാകെ പതഞ്ഞ് പാട്ടായത്,
കാൽ വണ്ണയിൽ പതിഞ്ഞ പുളിവാറിൽ
അമ്മയുടെ ഹൃദയരക്തം പൊടിഞ്ഞ് നീറിയത്
പക്ഷെ പിറ്റേന്ന്
ആ നീറ്റലില്‍ 'അവ'ന്റെ കണ്ണീരും ഉമിനീരും
ഒരുമിച്ചു പതിഞ്ഞത്
എന്തേ കാക്കനോട്ടത്തില്‍ പതിഞ്ഞിട്ടും
കള്ളിൻപാളയിൽ തുള്ളിത്തുളുമ്പാതെ
ആരും കാണാതെ,
മുഖം കഴുകിയ കൈത്തോട്ടിൽ
ഒഴുകിമറഞ്ഞത്!!
മടക്കവഴിയില്‍
കാക്കക്കണ്ണില്‍നിന്നും
ക്ഷമാപണത്തിന്റെ ഒരു തുള്ളി
ഞങ്ങളുടെ നേര്‍ക്ക് പാറിവീണത്??
( ഒക്ടോബര്‍ 2014)
പ്രണയം മൊട്ടിട്ടപ്പോള്‍!
ReplyDeleteഎത്ര നിഷ്കളങ്കം പുളിവാറിന്റെ വേദന പകുക്കാനും മറ്റൊരു ഉമ്മ നാട്ടു വഴി വരമ്പിലെ വഴുക്കലും നെഞ്ചുരുമി ഇറങ്ങലും അതിന്റെ നീറ്റൽ നനവ് ഒക്കെ വരികൾ അനുഭവിപ്പിച്ചു മനോഹരം
ReplyDeleteനന്ദി അജിത്, ബൈജു. അഭിപ്രായങ്ങള്‍ വിലമതിക്കുന്നു
ReplyDelete