Saturday, 27 July 2013

നീരൊഴുകുംവഴി





ഇങ്ങനെ കാറു കേറി
വിങ്ങി വിങ്ങി
നിൽക്കാതെ
ഒന്നു പെയ്യൂ.

ഇങ്ങനെ സ്നേഹിച്ചു കൊല്ലാതെ
എന്ന് മലനിരകളോട് പറയൂ .
ഇങ്ങനെ താലോലിക്കാതെ
എന്ന് കുഞ്ഞു
കാറ്റിനോടും.
എനിക്ക് വയ്യ ഇനിയും
സ്നേഹം താങ്ങാൻ .

കെട്ടിക്കിടന്നു മടുത്തു
ഒന്ന് കവിഞ്ഞൊഴുകിക്കോട്ടെ.
പാറക്കെട്ടിൽ അടിച്ചുതകർന്നു
ചിതറിത്തെറിച്ചോളാം,
പരാതിയില്ലാതെ.
വിള്ളലുകളിൽ വീണ്
അപ്രത്യക്ഷയായിക്കോട്ടെ;
വേദനയില്ല.

ചിറകെട്ടി എന്നെ
തടഞ്ഞുനിർത്താതിരിക്കൂ.
എന്നെ കൈക്കുമ്പിളിൽ
കോരിയെടുത്ത്
സ്പടിക പാത്രത്തിൽ അടച്ചു
ഭദ്രമാക്കി
കാത്തുകാത്തു വായ്ക്കരുതേ ....

ഒഴുകിക്കൊണ്ടേയിരിക്കട്ടെ.
സമതലങ്ങളിലൂടെ,
കയറ്റിറക്കങ്ങളിലൂടെ,
പുണ്യപാപങ്ങളിലൂടെ,
മുൾപടർപ്പുകളും
വള്ളിക്കുടിലുകളും കടന്ന്
കലങ്ങിമറിഞ്ഞ് ഒഴുകട്ടെ.
ഒടുക്കം താനേ തെളിഞ്ഞോളും !!

No comments:

Post a Comment